ശുദ്ധജലം മനുഷ്യന്റെ ജന്മാവകാശമാണ്. ഇക്കാര്യം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടാണ് എല്ലാവീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനു വേണ്ടിയുള്ള ജല്‍ ജീവന്‍ പദ്ധതിയുമായി മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ആഹാരം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം എന്നിവയോടൊപ്പം എല്ലാവര്‍ക്കും ശുദ്ധജലവും എത്തിച്ചുകൊടുക്കുക എന്നത് തന്റെ ദൗത്യമായി നമ്മുടെ പ്രധാനമന്ത്രി കരുതുന്നു. ശുചിത്വഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കില്‍ ശുദ്ധമായ വെള്ളവും വായുവും മാത്രമല്ല ശുദ്ധമായ മണ്ണും എല്ലാവര്‍ക്കും ഉറപ്പാക്കുക തന്നെവേണം.
ഓരോരുത്തര്‍ക്കും ന്യായമായും ആവശ്യമുള്ള ശുദ്ധജലം നമ്മുടെ ഗ്രാമീണ ജനതയ്ക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ, കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ, തദ്ദേശ ഭരണസംവിധാനം നടപ്പിലാക്കുന്ന പദ്ധതിയാണിത്. ജലവിനിയോഗത്തിലും നാം മിതവ്യയം പാലിക്കണം. എന്നാല്‍ മാത്രമെ എല്ലാവര്‍ക്കും ശുദ്ധജലം എത്തിച്ചുകൊടുക്കാന്‍ കഴിയൂ. ജീവജലം എത്തിച്ചു നാടിന്റെ ജൈവ സമൃദ്ധി സംരക്ഷിക്കുക എന്നത് ഭരണകര്‍ത്താവിന്റെ ദൗത്യമാണെന്ന വിശ്വാസം ഭാരതത്തില്‍ പണ്ടു മുതലേ ഉണ്ട്. തന്റെ രാജ്യം വരള്‍ച്ചയെ നേരിട്ടപ്പോള്‍ കഠിന തപസ്സിലൂടെ ദേവ ഗംഗയെ ഭൂമിയിലെത്തിച്ച ഭഗീരഥന്റെ കഥ ഓര്‍ക്കാവുന്നതാണ്. ഭഗീരഥനാണ് ദേവഗംഗയെ, അളകനന്ദയായും ഭാഗീരഥിയായും, ശിവഗംഗയായും ഭൂമിയില്‍ എത്തിച്ചത്. അതിനുവേണ്ടി ഒരു രാജാവ് ചെയ്ത കഠിനയത്‌നമാണ് ഭഗീരഥപ്രയത്‌നം.
ജലത്തിന്റെ മിതവിനിയോഗത്തെക്കുറിച്ച് വേവലാതിപ്പെട്ടത് മഹാത്മാഗാന്ധിയാണ്. 1946ല്‍ ആയിരുന്നു സംഭവം. യമുനാനദിക്കരയിലുള്ള ആശ്രമത്തില്‍ ഗാന്ധിജി വിശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിസഭാരൂപീകരണചര്‍ച്ചയുമായി നെഹ്‌റുവും പട്ടേലും ആസാദും എത്തിയത്. ഈ ചര്‍ച്ച തുടരുമ്പോഴാണ് ആടിനുസുഖമില്ലെന്ന് ഒരു ആശ്രമവാസി പെണ്‍കിടാവ് ഗാന്ധിജിയെ അറിയിച്ചത്. ചര്‍ച്ച പാതിവഴിയില്‍ നിര്‍ത്തി ഗാന്ധിജി ആടിനെ ശുശ്രൂഷിക്കാന്‍ പോയി. അതുകഴിഞ്ഞ് നിറഞ്ഞൊഴുകുന്ന യമുനയില്‍ അദ്ദേഹം കൈകഴുകിക്കൊണ്ടിരിക്കെയാണ് നെഹ്‌റുവും പട്ടേലും ആസാദും ചര്‍ച്ച തുടരാനായി നദിക്കരയിലെത്തിയത്. ഗാന്ധിജി കൈകഴുകിക്കൊണ്ട് ചര്‍ച്ച തുടര്‍ന്നു. സമയം പോയതറിയാതെ അദ്ദേഹം കൈകഴുകല്‍ തുടര്‍ന്നു. പെട്ടെന്നാണ് തനിക്ക് അനുവദിക്കപ്പെട്ടതിനേക്കാള്‍ കൂടുതല്‍ ജലം താന്‍ ഉപയോഗിച്ചെന്ന് ഒരു ഞെട്ടലോടെ അദ്ദേഹം ആത്മഗതം പറഞ്ഞത്.
ഗാന്ധിജി പറഞ്ഞതിന്റെ അര്‍ത്ഥം അന്ന് അധികം പേര്‍ക്കും മനസ്സിലായില്ല. നിറഞ്ഞു കവിഞ്ഞൊഴുകുന്ന യമുനയില്‍ നിന്ന് ആര്‍ക്കും എത്രവേണമെങ്കിലും ജലമെടുക്കാവുന്നതാണ്. എത്രയുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലല്ല തനിക്ക് എത്രവേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണം ഓരോരുത്തരുടേയും ഉപഭോഗം നിശ്ചയിക്കേണ്ടത് എന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ഓരോരുത്തരും അവനവന്റെ ആവശ്യം സ്വയം നിശ്ചയിക്കുകയും അങ്ങനെ നിശ്ചയിക്കുന്നതിനുവേണ്ടി ഓരോരുത്തരും അവനവനെ നിയന്ത്രിക്കുകയും വേണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഇതിനെയാണ് ആത്മനിയന്ത്രണം അഥവാ ഇന്ദ്രിയ നിഗ്രഹം എന്നു പറയുന്നത്.
ആത്മനിയന്ത്രണത്തിലൂടെ വെള്ളം, കാറ്റ്, അഗ്നി, ആകാശം, ഭൂമി എന്നിവയുടെ വിനിയോഗത്തെ ക്രമീകരിക്കുന്നതിനെയാണ് വിശാലമായ അര്‍ത്ഥത്തില്‍ അദ്ദേഹം സ്വരാജ് എന്നു വിശേഷിപ്പിച്ചത്. രാഷ്ട്രീയ സ്വാതന്ത്ര്യമോ സാമ്പത്തിക സ്വാതന്ത്ര്യമോ മാത്രമല്ല സ്വരാജ്. സ്വരാജിന്റെ ആത്മീയതലം പരമപ്രധാനമാണെന്നും ഗാന്ധിജി വിശ്വസിച്ചിരുന്നു. എന്നാല്‍ പാശ്ചാത്യ സെക്യൂലറിസത്തില്‍ വിശ്വസിച്ചിരുന്ന പണ്ഡിറ്റ് നെഹ്‌റുവിന് ആത്മീയതയില്‍ വിശ്വാസമുണ്ടായിരുന്നില്ല. അതുകൊണ്ട് സ്വാതന്ത്ര്യം നേടിയ ഇന്ത്യയില്‍ ഗാന്ധിജിയും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും ഭരണതലത്തില്‍ അവഗണിക്കപ്പെട്ടു.
ഗാന്ധിജിയുടെ വികസന സ്വപ്‌നമായിരുന്നില്ല നെഹ്‌റുവിന്റേത്. ഇന്ത്യയിലെ ഏറ്റവും ദരിദ്രനും നിരാലംബനും നിസ്സഹായനുമായ മനുഷ്യന്റെ ജീവിതത്തെ കൂടുതല്‍ ജീവിത യോഗ്യമാക്കിത്തീര്‍ക്കുന്ന മനുഷ്യകര്‍മ്മത്തെയാണ് അദ്ദേഹം വികസനം എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത്. എന്നാല്‍ പാശ്ചാത്യ സോഷ്യലിസത്തിന്റെ വക്താവായ നെഹ്‌റുവിന് ഇത് സ്വീകാര്യമായിരുന്നില്ല. സ്വാഭാവികമായും സ്വതന്ത്രഭാരതത്തില്‍ ദരിദ്രന്‍ അവഗണിക്കപ്പെട്ടു. അവന് ആഹാരവും വസ്ത്രവും പാര്‍പ്പിടവും വൈദ്യസഹായവും വിദ്യാഭ്യാസവും ഉറപ്പുവരുത്താനുള്ള ഭരണപരമായ കര്‍മ്മപരിപാടികള്‍ ആവിഷ്‌കരിക്കുന്നതില്‍ നെഹ്‌റുഭരണസമ്പ്രദായം പരാജയപ്പെട്ടതും അതുകൊണ്ടാണ്.
മഹാത്മാഗാന്ധിയുടെ ഈ വികസന സ്വപ്‌നത്തെയാണ് നരേന്ദ്രമോദി സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടാണ് ആഹാരം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവകാശം എല്ലാ ഭാരതീയര്‍ക്കും ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ഭരണപരമായ കര്‍മ്മപരിപാടികള്‍ മോദി ആവിഷ്‌കരിച്ചത്. ഓരോ മനുഷ്യനും അന്തസ്സോടെ, ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച്, ആത്മവിശ്വാസം പ്രസരിപ്പിച്ചുകൊണ്ട് ജീവിക്കാന്‍ അവകാശമുണ്ട്. അങ്ങനെ ജീവിക്കണമെങ്കില്‍ ശുചിത്വമുള്ള ജീവിതസാഹചര്യം ഉണ്ടാകണം. അതിനുവേണ്ടിയാണ് നമ്മുടെ പ്രധാനമന്ത്രി ശുചിത്വഭാരതമിഷന് തുടക്കമിട്ടത്.
മാലിന്യവിമുക്തമായ ഭാരതീയ അന്തരീക്ഷം ഉണ്ടാക്കേണ്ടത് ഭരണകര്‍ത്താവിന്റെ കടമയാണെന്നു വിശ്വസിച്ച ആദ്യത്തെ പ്രധാനമന്ത്രി മോദിയാണ്; ആദ്യത്തെ രാഷ്ട്രനേതാവ് മഹാത്മാഗാന്ധിയും. ഗാന്ധി പങ്കെടുത്ത ആദ്യത്തെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് മലമൂത്ര വിസര്‍ജ്ജനം നടത്താനുള്ള ശൗചാലയം നിര്‍മ്മിച്ചുകൊണ്ടാണ് ഗാന്ധി തന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയില്‍ ശൗചാലയം ഇല്ലാത്തവര്‍ക്ക് അത് നിര്‍മ്മിച്ചുകൊടുക്കാനുള്ള ഭരണപരമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മോദി ഭരണം ആരംഭിച്ചത്. ഇന്ത്യന്‍ ഗ്രാമീണര്‍ക്ക്, വിശേഷിച്ചും സ്ത്രീകള്‍ക്ക്, ശൗചാലയം ഒരു വിസര്‍ജ്ജ്യകേന്ദ്രം മാത്രമല്ല; അവരുടെ അന്തസ്സിന്റേയും ആത്മാഭിമാനത്തിന്റേയും പ്രതീകം കൂടിയാണ്. കക്കൂസു പണിയുന്നവന്‍ എന്നു പറഞ്ഞ് മോദിയെ പരിഹസിച്ചവര്‍ പക്ഷേ, ഇക്കാര്യം ഓര്‍ത്തില്ല.
നനഞ്ഞ വിറക് ഊതി കത്തിച്ചുകൊണ്ട് ഭക്ഷണം പാകം ചെയ്യുമ്പോഴുണ്ടാകുന്ന നീറുന്ന പുക ശ്വസിച്ചുകൊണ്ടും കല്‍ക്കരി കത്തിക്കുമ്പോള്‍ ഉയരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചുകൊണ്ടും അകാലത്തില്‍ രോഗവും വാര്‍ദ്ധക്യവും ഏറ്റുവാങ്ങിയിരുന്ന ഇന്ത്യന്‍ ഗ്രാമീണ സ്ത്രീകളുടെ ആത്മരക്ഷയ്ക്ക് വേണ്ടിയാണ് മോദി ഉജ്ജ്വല്‍ ഗ്യാസ് യോജന ആവിഷ്‌കരിച്ചത്. കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ദരിദ്രരായ വീട്ടമ്മമാര്‍ ഇന്ന് സൗജന്യ ഗ്യാസ് അടുപ്പുകള്‍ ഉപയോഗിക്കുന്നു. ഇതിനെ വികസനമായി കാണാന്‍ കഴിയാത്തവര്‍ അസൂയാര്‍ഹരല്ല. അവരെ സംബന്ധിച്ചിടത്തോളം വികസനം സാമ്പത്തികശാസ്ത്രം വിഭാവനം ചെയ്യുന്ന സ്ഥിതിവിവരകണക്ക് മാത്രമാണ്.
രോഗത്തിനുള്ള മരുന്ന് മരണമാണെന്നാണ് നമ്മുടെ നാട്ടിലെ ദരിദ്രര്‍ കരുതിയിരുന്നത്. കാരണം ലക്ഷങ്ങള്‍ ചിലവ് വരുന്ന ചികിത്സ അവര്‍ക്ക് അപ്രാപ്യമാണ്. അവര്‍ക്ക് വേണ്ടിയാണ് ആരോഗ്യ പരിരക്ഷാ ഇന്‍ഷൂറന്‍സ് പദ്ധതിയുമായി മോദി എത്തിയത്. ഇന്ന് അഞ്ചുലക്ഷം രൂപവരെയുള്ള ചികിത്സ ഏത് ഇന്ത്യാക്കാരനും ഉറപ്പായ കാര്യമാണ്. മരുന്നും ചികിത്സയുമില്ലാതെ ഒരാള്‍ക്കും ഇനി ഇന്ത്യയില്‍ മരിക്കേണ്ടിവരില്ല. ഏതൊരു രാജ്യത്തേയും പൗരന്റെ ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതും വികസനം തന്നെയാണെന്ന് പാശ്ചാത്യ സോഷ്യലിസത്തിന്റെ വക്താക്കള്‍ക്ക് മനസ്സിലാകണമെന്നില്ല.
ഇന്ത്യയുടെ സാമ്പത്തിക പ്രക്രിയയില്‍ ദരിദ്രരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് മോദി ‘പ്രധാനമന്ത്രി ജന്‍ധന്‍ യോജന’ തുടങ്ങിയത്. ഇക്കാലത്ത്, ബാങ്കിങ്ങ് മേഖലയിലെ പങ്കാളിത്തമില്ലാതെ ഒരാള്‍ക്കും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാകില്ല. നമ്മുടെ രാജ്യത്തെ ചെറിയ ശതമാനം അഭിജാതര്‍ക്ക് മാത്രമെ ബാങ്ക് ഇടപാടുകള്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ദിരാഗാന്ധി 14 ബാങ്കുകള്‍ ദേശസാത്കരിച്ചു എന്നത് ശരിയാണ്. പക്ഷേ, ബാങ്കിന്റെ കൗണ്ടറുകള്‍ ദരിദ്രര്‍ക്ക് മുന്നില്‍ തുറക്കപ്പെട്ടിരുന്നില്ല. അവര്‍ക്ക് വേണ്ടിയാണ് സീറോബാലന്‍സ് അക്കൗണ്ടുകള്‍ തുടങ്ങാനുള്ള അവസരം ഒരുക്കിയത്. ഇന്ന് മുപ്പത്തിയെട്ടു കോടിയിലേറെ അക്കൗണ്ടുകള്‍ ആ വിധത്തില്‍ തുടങ്ങിക്കഴിഞ്ഞു. ഇന്ത്യയുടെ ബാങ്കിംഗ് ചരിത്രത്തിലേയും സാമ്പത്തിക വികസനത്തിന്റേയും സുപ്രധാനമായ സംഭവമാണിത്.
കര്‍ഷകര്‍ക്ക് വേണ്ടി ധനസഹായപദ്ധതി ആവിഷ്‌കരിച്ച പ്രധാനമന്ത്രിയും മോദി തന്നെ. കര്‍ഷകര്‍ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും വേണ്ടിയുള്ള പെന്‍ഷന്‍ പദ്ധതി ആവിഷ്‌കരിച്ചതും മോദിഭരണം തന്നെ. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ അവഗണിക്കപ്പെട്ടിരുന്ന ജനവിഭാഗത്തിന് ലഭിച്ച അഭിമാനാര്‍ഹമായ പരിഗണനയാണ് മോദി ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന. പറയുന്നതു ചെയ്തു കാണിക്കുന്ന സര്‍ക്കാരാണ് മോദിയുടേത്. മുന്‍പ് സര്‍ക്കാരുകള്‍ പലതും പറയും പക്ഷേ, ഒന്നും ചെയ്യുമായിരുന്നില്ല. ഇന്ദിരാഗാന്ധി എഴുപതുകളില്‍ മുന്നോട്ടുവെച്ച മുദ്രാവാക്യമാണ് ‘ഗരീബി ഹഠാവോ’ – ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യും. വലിയ രീതിയില്‍ ജനങ്ങളില്‍ പ്രതീക്ഷ വളര്‍ത്താനും അവരെ ആകര്‍ഷിക്കാനും ഈ മുദ്രാവാക്യത്തിനു കഴിഞ്ഞു. അതിന്റെ രാഷ്ട്രീയ ഗുണം അവര്‍ക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ ദാരിദ്ര്യത്തെ മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല – എന്നതും ഒരു ദയനീയമായ വസ്തുതയാണ്. അവര്‍ ആകര്‍ഷകമായി സംസാരിച്ചു; പക്ഷേ, ഒന്നും ചെയ്തില്ല.
ഈ പശ്ചാത്തലത്തിലാണ് മോദി മുന്നോട്ടുവെച്ച ‘ആത്മനിര്‍ഭര ഭാരതം’ എന്ന സംജ്ഞയുടെ അര്‍ത്ഥം വെളിവാകുന്നത്. മഹാത്മാഗാന്ധിയാണ് സ്വരാജില്‍ സ്വാശ്രയത്വം അന്തര്‍ലീനമാണെന്നു പറഞ്ഞത്. സ്വാശ്രയത്വം എന്നാല്‍ ഓരോരുത്തരും അവരവരുടെ കഴിവിനെ ആശ്രയിക്കുക എന്നു മാത്രമല്ല. ഓരോരുത്തരും അവരവരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവിനെ പരമാവധി പരിപോഷിപ്പിച്ച് തനിക്കും മറ്റുള്ളവര്‍ക്കുമായി വിനിയോഗിക്കുക എന്ന അര്‍ത്ഥം കൂടിയുണ്ട്. ഒരു സമൂഹത്തിലെ ഏതാനും പേരുടെ കഴിവുകള്‍ മാത്രം പരമാവധി ഉപയുക്തമാക്കപ്പെടുന്ന ഒരു സമൂഹവും സമഗ്രപുരോഗതി കൈവരിക്കില്ല. സ്വാശ്രയത്വം എന്നാല്‍ സമഗ്രപുരോഗതി എന്ന അര്‍ത്ഥത്തില്‍ കൂടി അതിനെ മനസ്സിലാക്കണം. ശ്രീരാമന്‍ ലങ്കയിലേക്ക് സേതു പണിയുമ്പോള്‍ അണ്ണാറക്കണ്ണന്റെ കഴിവിനെ കൂടി ഉപയുക്തമാക്കിയതുപോലെ ചെറുതും വലതുമായ സര്‍വ്വതിന്റേയും സമഗ്രത ഉറപ്പുവരുത്തുന്ന സങ്കല്പം സ്വാശ്രയത്വത്തില്‍ അടങ്ങിയിരിക്കുന്നു. അതുപോലെ വൈവിദ്ധ്യമാര്‍ന്ന കഴിവുകളുള്ള വ്യക്തികളുടെയും സമൂഹത്തിന്റെയും സമഗ്രവികസനത്തെയാണ് ആത്മനിര്‍ഭര ഭാരതംകൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത്. ഗാന്ധിജി വിഭാവനം ചെയ്ത സര്‍വ്വോദയത്തിന്റേയും അന്ത്യോദയത്തിന്റേയും സമഗ്രസമന്വയം ഇതില്‍ കാണാന്‍ കഴിയും. കൊറോണക്കാലത്ത് വൈദ്യശാസ്ത്രരംഗത്ത് നാം കൈവരിച്ച അദ്ഭുതകരമായ നേട്ടങ്ങള്‍ ഇക്കാര്യത്തെ ഉദാഹരിക്കുകയും ചെയ്യുന്നു.
ശുദ്ധമായ വെള്ളം, വായു, അഗ്‌നി, ആകാശം, ഭൂമി എന്നിവ ലഭിക്കാനുള്ള മനുഷ്യാവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഭാഗമാണെന്ന് തിരിച്ചറിവുള്ള ഭരണാധികാരിയാണ് മോദി. ഈ പഞ്ചഭൂതങ്ങളെ ദേവതകളായിട്ടാണ് ഭാരതീയ സംസ്‌കാരം പരികല്പന ചെയ്തിട്ടുള്ളത്. ഭൂമി നമുക്ക് ദേവിയാണ്. എല്ലാ ജീവികളുടേയും ആശ്രയസ്ഥാനമാണ്. വറ്റാത്ത മാതൃവാത്സല്യത്തിന്റെ നിത്യമായ ഉദാഹരണമാണ് ഭൂമി. അതുകൊണ്ടാണ് ഇതിഹാസ നായികയായ സീതയെ ഭൂമിദേവി കൈക്കൊണ്ടത്. എല്ലാത്തിനേയും ഉള്‍ക്കൊണ്ടുകൊണ്ടും കൊടുക്കാവുന്നതിന്റെ പരമാവധി എല്ലാവര്‍ക്കും കൊടുത്തുകൊണ്ടും എല്ലാത്തിനേയും സഹിക്കുന്നതുകൊണ്ടാണ് ആര്‍ഷ മനസ്സ് ഭൂമിയെ സര്‍വ്വം സഹ എന്നു വിശേഷിപ്പിച്ചത്. ഇക്കാര്യം ബോദ്ധ്യമുണ്ടായിരുന്നതുകൊണ്ടാണ് തന്റെ പാദസ്പര്‍ശത്തെ ക്ഷമിക്കണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഭൂമിയില്‍ നാം ചവിട്ടി നടക്കുന്നതും.
മഹാത്മാഗാന്ധി ഭാരതഭൂമിയെ ഭാരതമാതാവ് എന്നാണ് വിശേഷിപ്പിച്ചത്. മാതൃഭക്തിയോടെയാണ് ഭാരതമണ്ണിന്റെ വിമോചനത്തിനുവേണ്ടി ഗാന്ധിജി നേതൃത്വം നല്‍കിയതും. ഗാന്ധിജി വിളിച്ച ഏക മുദ്രാവാക്യം ‘ഭാരത മാതാകീ ജയ്’ എന്നാണ്. അതുകേട്ട ഭാരതീയര്‍ അതേറ്റുപിടിച്ചതോടൊപ്പം ‘മഹാത്മാഗാന്ധി കീ ജയ്’ എന്നു തിരിച്ചു പറയുകയും ചെയ്തു. ഭൂമി മാത്രമല്ല മറ്റെല്ലാ ഭൂതങ്ങളും ദേവതകളാണ്. ദേവതകള്‍ പൂജാര്‍ഹരാണ്. കാരണം പഞ്ചഭൂതങ്ങളായ ദേവതകളുടെ വറ്റാത്ത വാത്സല്യം കൊണ്ടാണ് ജീവജാലങ്ങള്‍ പ്രപഞ്ചത്തില്‍ നിലനില്‍ക്കുന്നത്. ആ ഔദാര്യത്തിന് നാം, മനുഷ്യര്‍, കൊടുത്തുതീര്‍ക്കുന്ന വീട്ടാകടത്തിന്റെ ഭാഗമാണ് ആരാധന. നാം ആരാധിക്കുന്നവയെ അശുദ്ധമാക്കാതിരിക്കാന്‍ എപ്പോഴും ശ്രമിക്കണം. അതുകൊണ്ട് പരിസ്ഥിതിയുടെ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്നത് ഇന്ത്യാക്കാരന്റെ സ്വാഭാവിക സംസ്‌കാരത്തിന്റെ ഭാഗമാണ്. ഇക്കാര്യങ്ങള്‍ അറിയുമായിരുന്നതുകൊണ്ടാണ് ലോകപരിസ്ഥിതി സംരക്ഷണത്തിന്റെ നായകത്വം വഹിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും മോദി പറയുന്നത്.
പാശ്ചാത്യ സംസ്‌കാരത്തിന്റെ കാഴ്ചപ്പാട് ഇതില്‍ നിന്നും വ്യത്യസ്തമാണ്. അവരെ സംബന്ധിച്ചിടത്തോളം പ്രകൃതി ആക്രമിച്ചു കീഴടക്കപ്പെടേണ്ട ശത്രുവാണ്. പ്രകൃതിയെ ആക്രമിച്ചു വരുതിയില്‍ നിര്‍ത്താന്‍ അവര്‍ പരമാവധി പരിശ്രമിച്ചു. ഭൂമിയും വെള്ളവും കാറ്റുമെല്ലാം മലിനമാക്കപ്പെടുന്നതില്‍ അവര്‍ യാതൊരു വിധത്തിലുള്ള തെറ്റും കണ്ടിരുന്നില്ല. റേച്ചല്‍ കാര്‍ബണ്‍ 1962 സപ്തംബര്‍ 27ന് സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് അമേരിക്കയിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും പരിമിതിയെ കുറിച്ചുള്ള അവബോധം ഉണ്ടായത്. രാസവളങ്ങളും കീടനാശിനികളും അമിതമായി ഉപയോഗിക്കുന്നതുകൊണ്ട് ഭൂമിയും വായുവും വെള്ളവും മലിനമാക്കപ്പെട്ടിരിക്കുന്നു എന്നും അതുമൂലം ജൈവസമൂഹത്തിന് നാശം സംഭവിക്കുന്നുണ്ട് എന്നും അവര്‍ ആ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടി. അന്നു മുതലാണ് മണ്ണും വെള്ളവും കാറ്റും മലിനപ്പെടുന്നതിനെതിരെയുള്ള ജാഗ്രത പടിഞ്ഞാറ് തുടങ്ങിയത്. എന്നാല്‍ പഞ്ചഭൂതങ്ങളെ ദേവതകളായി കരുതി ആരാധിച്ചിരുന്ന ഭാരതത്തില്‍ അനാദികാലം മുതലേ അവയുടെ വിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്ന കാഴ്ചപ്പാടുണ്ടായിരുന്നു.
ഭൂമിയുടെ വിശുദ്ധി പോലെ പരമ പ്രധാനമാണ് ജലവിശുദ്ധിയും. മലിനീകൃതമാക്കപ്പെട്ട നദികളുടെ വിശുദ്ധീകരണം മോദി തുടങ്ങുന്നത് സബര്‍മതി നദി വിശുദ്ധീകരിച്ചു കൊണ്ടാണ്. സബര്‍മതി നദി മലിനമാക്കപ്പെട്ടിരുന്നപ്പോഴും അതു ശുദ്ധീകരിക്കപ്പെട്ടതിനുശേഷവും ഞാന്‍ ആ നദി കണ്ടിട്ടുണ്ട്. സബര്‍മതി ആശ്രമത്തിന്റെ ആദ്യത്തെ പേര് സത്യഗ്രഹാശ്രമം എന്നായിരുന്നു. ജീവന്‍ലാല്‍ ദേശായിയുടെ ബംഗ്ലാവില്‍ 1915 മെയ് 25നാണ് ആശ്രമം തുടങ്ങിയത്. 1917 ജൂണ്‍ 17ന് 31 ഏക്കര്‍ ഭൂമിയിലാണ് സബര്‍മതി നദിക്കരയിലേക്ക് ആശ്രമം മാറ്റിസ്ഥാപിച്ചത്. 1930 മാര്‍ച്ച് 12ന് ദണ്ഡിയാത്രയ്ക്ക് വേണ്ടി ഇറങ്ങിയതിനുശേഷം ഗാന്ധിജി ആശ്രമത്തില്‍ എത്തിയിരുന്നില്ല. 1963ല്‍ ചാള്‍സ് കൊറിയ എന്ന വാസ്തുശില്പി രൂപകല്പന ചെയ്തു പണിയിച്ചതും 1963 മാര്‍ച്ച് 10ന് ജവഹര്‍ലാല്‍ നെഹ്‌റു ഉദ്ഘാടനം ചെയ്തതുമായ ആശ്രമമാണ് ഇന്നു നാം കാണുന്നത്. നരേന്ദ്രമോദി ആശ്രമത്തിന്റെ വിപുലമായ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. സബര്‍മതി ആശ്രമം ഗാന്ധിജി വിഭാവനം ചെയ്തതില്‍ നിന്നും മാറ്റിയത് നെഹ്‌റുവാണ്. അതില്‍ തെറ്റുമില്ല. അതില്‍ ഒരു തെറ്റും കാണാത്ത പണ്ഡിതന്മാരാണ് മോദി അതേകാര്യം ചെയ്യുമ്പോള്‍ തെറ്റുമാത്രം കാണുന്നത്. അതു ഒരു മനോരോഗമാണ്. അതിനു മരുന്നുണ്ട് എന്നു തോന്നുന്നില്ല.
ഭാരതത്തിന്റെ ജലസ്രോതസ്സുകളുടെ വിമലീകരണം സബര്‍മതി നദിയില്‍ നിന്നാണ് മോദി തുടങ്ങിയത്. സബര്‍മതിയേക്കാള്‍ ഗംഗ മലിനമായിരുന്നു. വാരാണസിയിലെ ഗംഗയില്‍ കാല്‍കുത്താന്‍ പോലും കഴിയുമായിരുന്നില്ല. ആ അവസ്ഥയിലാണ് ‘നമാമി ഗംഗാപദ്ധതി’ മോദി ആവിഷ്‌കരിച്ചത്. 2014 ജൂണില്‍ തുടങ്ങിയ പദ്ധതിയുടെ ലക്ഷ്യം ഗംഗാനദിയെ ശുദ്ധീകരിച്ചു സംരക്ഷിക്കുക എന്നതാണ്. 346 പദ്ധതികളായിട്ടാണ് നമാമി ഗംഗാ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. അതില്‍ 158 പദ്ധതികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഗംഗാനദിയെ ശുദ്ധീകരിക്കുക എന്നു പറഞ്ഞാല്‍ ഇന്ത്യയിലെ ജലസ്രോതസ്സുകളെ വിശുദ്ധമാക്കുക എന്നു തന്നെയാണര്‍ത്ഥം. 2020 ഒക്‌ടോബറില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് ഇതിനകം തന്നെ ഗംഗാജലശുദ്ധീകരണയജ്ഞം ഫലപ്രാപ്തിയിലെത്തിയതായി തെളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗംഗാജലം കുടിക്കാന്‍ കഴിയാത്തവിധം മാലിന്യം കലര്‍ന്നിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയായി വരുമ്പോള്‍ തീര്‍ച്ചയായും ഗംഗാജലം കുടിനീരായി മാറും.
ഈ പശ്ചാത്തലത്തിലാണ് 2019ല്‍ ‘ജല്‍ജീവന്‍ മിഷന്‍’ എന്ന ജീവജല ദൗത്യം ആരംഭിക്കുന്നത്. ഈ ഗാന്ധി ജയന്തി ദിവസം അതിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2024ല്‍ എല്ലാ കുടുംബങ്ങള്‍ക്കും അവരുടെ വീടുകളില്‍ ശുദ്ധജലം കിട്ടിത്തുടങ്ങുമെന്നും മൂന്നുലക്ഷത്തിമുപ്പതിനായിരം ജലസമിതി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഗാന്ധി ജയന്തി ദിവസം അദ്ദേഹം പറയുകയും ചെയ്തു. ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുവാനുള്ള സംവിധാനം ഉണ്ട് എന്നതാണ്. ഏഴ് ലക്ഷത്തി എഴുപത്തീരായിരം വിദ്യാലയങ്ങളിലും ഏഴുലക്ഷത്തി നാല്പത്തി എട്ടായിരം അംഗന്‍വാടികളിലും ഇതിനോടകം തന്നെ ശുദ്ധജലവിതരണം പൂര്‍ത്തിയായി കഴിഞ്ഞു എന്നതും പ്രശംസനീയമാണ്.
ഈ പദ്ധതിയുടേയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ സ്ത്രീകളാണ് എന്നതു മറക്കരുത്. പല ഗ്രാമങ്ങളിലും സ്ത്രീകള്‍, കിലോമീറ്ററുകള്‍ താണ്ടി തലച്ചുമടായി വെള്ളംകൊണ്ടുവന്നിട്ടാണ് ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യം നേടി എഴുപത്തഞ്ചു വര്‍ഷമായിട്ടും ഈ അടിസ്ഥാന ആവശ്യം നിറവേറ്റാന്‍ നമ്മുടെ ഭരണാധികാരികള്‍ക്കായില്ല. അക്കാര്യം കണ്ടറിഞ്ഞ് മുന്‍ഗണനാക്രമ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും ചെയ്തു എന്നതാണ് മോദിയുടെ സവിശേഷത. ഇതിനു മുമ്പ് നമ്മുടെ ഗ്രാമീണ സ്ത്രീകള്‍ നേരിടുന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ പരിശ്രമിക്കണമെന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തത് ഗാന്ധിജി മാത്രമായിരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത കാര്യങ്ങള്‍ കണ്ടറിഞ്ഞ് നടപ്പിലാക്കിയ പ്രധാനമന്ത്രി എന്ന മഹിമ മോദിക്ക് അവകാശപ്പെട്ടതാണ്. ആശയപരമായി നെഹ്‌റു ഗാന്ധിയനായിരുന്നില്ല. തനിക്ക് അഹിംസയിലും ഖാദിയിലും ചര്‍ക്കയിലും വിശ്വാസമില്ലെന്ന് ഗാന്ധിയെ നെഹ്‌റു എഴുതി അറിയിച്ചിരുന്നതും ഓര്‍ക്കുക. അതുകൊണ്ട് തന്നെ ഗാന്ധിയുടെ വികസനമാതൃക നെഹ്‌റുവിയന്‍ പാരമ്പര്യത്തിന് അന്യമായിരുന്നു. അതില്‍ നിന്നും വ്യത്യസ്തമായി ഗാന്ധിയന്‍ ഭരണരീതി നടപ്പിലാക്കുന്നു എന്നതാണ് മോദി ഭരണത്തിന്റെ സവിശേഷത. ഗാന്ധിജിയുടെ വികസനമാതൃക നടപ്പിലാക്കിയ ഭരണാധികാരി എന്ന പേരിലായിരിക്കും ഭാവി ചരിത്രം അദ്ദേഹത്തെ വിലയിരുത്തുക എന്നു തോന്നുന്നു.