‘കടക്ക് പുറത്ത്..’
സോജനും ദിലീപനും ഒരുമിച്ച് ബ്രെയ്ക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണതു കേട്ടത്. ഫോര്‍ക്കില്‍ കുത്തിയെടുത്ത ബണ്ണിന്റെ വയറില്‍ നൈഫ് കൊണ്ട് വരച്ച് അതില്‍ ചുവന്ന നിറമുള്ള ജാം തേച്ച് വെക്കുകയായിരുന്നു സോജന്‍ അപ്പോള്‍.
കാര്‍ക്കശ്യം മെഴുകി വെച്ച മുഖത്ത് ധാര്‍ഷ്ട്യത്തിന്റെ ചുട്ടികുത്തലുകളെ അടയാളപ്പെടുത്തിയ ഭാവവുമായി ടി.വി സ്‌ക്രീനില്‍ നിന്നും മന്ത്രി ആരുടെയോ നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്നത് സോജനും ദിലീപനും കണ്ടു.
സോജനാവട്ടെ, പെരുവിരലും ചുണ്ടുവിരലും യോജിപ്പിച്ചു വെച്ച് ഗംഭീരം എന്ന അര്‍ത്ഥത്തില്‍ ദിലീപനു നേരേ ഒരു മുദ്ര കാണിച്ചു.
ദിലീപനാവട്ടെ അതു ഗൗനിക്കാതെയെന്ന പോലെ പറഞ്ഞതിങ്ങനെയായിരുന്നു.
‘..കൊള്ളാം പക്ഷേ ഉത്തരവാദിത്വപ്പെട്ട ഒരു ഭരണാധികാരിയെന്ന നിലയില്‍ അല്‍പ്പം കാര്‍ക്കശ്യം അധികാരത്തിന്റെ ഇടനാഴിയിലൂടെ കപട യോഗ്യതയുടെ മേലങ്കിയുമണിഞ്ഞ് മേഞ്ഞ് നടക്കുന്ന വൈതാളികന്‍മാരോടും കാണിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു..?’
തന്റെ പെട്ടെന്നുള്ള അഭിപ്രായം സോജന് അത്ര രുചിച്ചില്ല എന്ന് ദിലീപന് മനസ്സിലായി. അതത്ര ഗൗനിക്കാതെ ദിലീപന്‍ വീണ്ടും പറഞ്ഞു, അതിന്റെ തുടര്‍ച്ചയായി.
‘സോജാ.. എനിക്കിപ്പോ പഴയ പോലെ രാഷ്ട്രീയം ഒന്നുമില്ല, അല്ലെങ്കിലും ഈ രാഷ്ടീയക്കാരൊക്കെ എന്താ ചെയ്യുന്നത്? ഇപ്പോത്തന്നെ കണ്ടില്ലേ ഈ കോവിഡ് അവസ്ഥകള്‍ ഇത്രത്തോളം മോശമാക്കിയത് അവരല്ലേ.. താന്താങ്ങളുടെ അധികാരപര്‍വ്വം വീണ്ടുമൊന്ന് പുതുക്കിയെടുക്കാനായി തെരഞ്ഞെടുപ്പ് പ്രചരണമെന്ന പേരില്‍ തേരോട്ടം നടത്തിയതല്ലേ രോഗം ഇങ്ങനെ പടരാന്‍ കാരണം? എത് പാര്‍ട്ടിയാണ് ഇക്കാര്യത്തില്‍ വ്യത്യസ്തമായിട്ടുള്ളത്? നോക്കുകുത്തിയായൊരു ഇലക്ഷന്‍ കമ്മീഷനും. മാതൃകാപരമായിട്ടുള്ള പ്രചരണ ചട്ടങ്ങള്‍ പോലും എര്‍പ്പെടുത്താന്‍ അവര്‍ക്കും ആയില്ലല്ലോ..? ആ ടി.എന്‍ ശേഷന്‍ സാറിന്റെ പത്തിലൊന്ന് ശേഷി പോലും കമ്മീഷന് ഇല്ല എന്ന് കോടതിയല്ലേ അഭിപ്രായപ്പെട്ടത്?’
സോജന്‍ ടി.വിയില്‍ നിന്നും കണ്ണെടുക്കാതെ തന്നെയിരുന്നു. പിന്നെ തലയൊന്നു തിരിച്ച് കണ്ണടയ്ക്ക് മുകളിലൂടെ തുളച്ചുകയറുന്ന ഒരു നോട്ടം ദിലീപനു നേരെ എയ്ത് വിട്ടു. പിന്നീട് ഒരുമിച്ച് ഒരു പാട് പുറകോട്ട് കൂപ്പു കുത്തിയ അവരുടെ മനസ്സുകള്‍ പഴയ കാലത്തിലെ ഒരു ഓര്‍മയുടെ മൂര്‍ച്ചയില്‍ തട്ടി ഒന്നു വ്രണിതമായി.
ദിലീപന്‍ ഓര്‍ത്തു, പണ്ടുമുതലേ തങ്ങള്‍ അങ്ങനെയായിരുന്നു, രാഷ്ട്രീയമായി വിരുദ്ധ ചേരികളില്‍. ചെറുപ്പത്തിന്റെ തിളപ്പില്‍ വെന്ത ആശയ വൈരുദ്ധ്യങ്ങള്‍. അത് ചെന്നവസാനിച്ചത്, കലാലയാങ്കണത്തില്‍ വെച്ചു നടന്ന ഒരു കത്തിക്കുത്തിലും!
ഓര്‍മകളില്‍ നിന്നും ഒരു കൂട്ടായ തിരിച്ചുവരവ് നടത്താനെന്ന പോലെ സോജനാണ് പെട്ടെന്ന് പറഞ്ഞത്. അപ്പോഴേക്കും അവന്‍ കണ്ണട ഊരി ഡൈനിംഗ് ടേബിളില്‍ ജാമിന്റെ കുപ്പിക്കും വെള്ളം നിറച്ച് വെച്ച ജാറിനും ഇടയിലായി വെച്ചിരുന്നു.
‘.. ദിലീപാ.. അതൊക്കെ കഴിഞ്ഞ കാലം.. നമ്മള്‍ വീണ്ടും എന്തിനാ അതൊക്കെ.. നീ ഇപ്പോഴും കാര്യങ്ങള്‍ എന്നില്‍ നിന്നും ഒളിപ്പിക്കുന്നു.. ഫേസ് ബുക്കില്‍ നിന്നാണ് ഞാനറിഞ്ഞത് ഇന്ന് നിന്റെ ബെര്‍ത്ത് ഡേ ആണെന്ന്. കള്ളന്‍..’
ടി.വി സ്റ്റാന്റിന് കീഴേ നിന്നും ഒരു ഗിഫ്റ്റ് ബോക്‌സ് കുനിഞ്ഞെടുത്തു കൊണ്ട് ദിലീപന് നേരേ നീട്ടിയ ശേഷം സോജന്‍ ദിലീപനെ ഒന്ന് ഹഗ്ഗ് ചെയ്തു.
‘മെനി…മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് ദ ഡേ ഡിയര്‍.. നിന്റെ സൈസിലുള്ള ജീന്‍സാണ്. നിനക്കത് പാകമാവും. ഇഷ്ടമാവും’
പിന്നെ മേശയില്‍ നിന്നും രണ്ട് ഗ്ലാസ് എടുത്ത് തലേന്ന് രാത്രി ഫിനിഷ് ചെയ്യാതിരുന്ന മദ്യക്കുപ്പിയുടെ കഴുത്ത് അതിലേക്കു ചരിച്ചുവെച്ചു. മദ്യത്തിന്റെ ചൊരുക്ക് വയറ്റില്‍ താങ്ങാനാവാത്ത ഒരുവനെപ്പോല മദ്യക്കുപ്പി രണ്ട് ഗ്ലാസിലേക്കും മാറി മാറി ‘വാള്’ വെച്ചു.
ഗ്ലാസിലേക്ക് കുറച്ച് തണുത്ത വെള്ളം കൂടെ ഒഴിച്ച് ഐസ് ക്യൂബുകളും ഇട്ട ശേഷം ദിലീപന് നേരേ നീട്ടി.
ഇന്നലെ രാത്രിയേ അല്‍പം അധികമായിരുന്നെന്ന് ദിലീപന്‍ മനസ്സില്‍ ചിന്തിച്ചെങ്കിലും പിന്നീട് സോജന്റെ ഗ്ലാസില്‍ മുട്ടിക്കൊണ്ട് പറഞ്ഞു
‘ ചിയേഴ്‌സ്.. ‘
സോജന്‍ പറഞ്ഞു
‘ഇന്നലെ രാത്രി ട്രെയിന്‍ ബുക്ക് ചെയ്യുമ്പോഴേക്കും നീ പൂസായിപ്പോയിരുന്നു.. വൈകീട്ട് 6:50 ന്റെ ട്രെയിന്‍ ആണ് കിട്ടിയത്.കോവിഡ് കാലം അല്ലേ മിസ് ആയിപ്പോവണ്ട..
ഉച്ചഭക്ഷണം നമുക്ക് പുറത്ത് നിന്ന് വരുത്താം..’
കുറച്ച് കൂടെ സംസാരിച്ചിരുന്ന ശേഷം സോജന്‍ അല്‍പമൊന്ന് കിടക്കാനായി അകത്തേക്ക് പോയി.
ഡൈനിംഗ് ഹാളിലെ സോഫയില്‍ തന്നെ ഇരുന്ന് മയങ്ങിപ്പോയ ദിലീപന്‍ പിന്നീട് സ്വബോധം വീണ്ടെടുക്കുന്നത് സോജന്‍ വീണ്ടും വന്ന് തട്ടി വിളിച്ചപ്പോഴാണ്.
‘.. നീയെന്ത് പണിയാ കാണിച്ചേ.. എന്താ വിളിക്കാതിരുന്നേ.. സമയം നോക്ക്.. നാല് മണി കഴിഞ്ഞിരിക്കുന്നു.. ഞാന്‍ ഫുഡ് എന്തെങ്കിലും ഇവിടെ നിന്ന് വരുത്താം.. ഞാനൊന്ന് വേഗം കുളിച്ചിട്ട് വരാം .. നീയും ശരിയായിക്കോ.. റെയില്‍വേ സ്റ്റേഷന്‍ വരെ ഞാന്‍ വരാം..’
സോജന്‍ ബാത്ത്‌റൂമിലേക്കു കയറാന്‍ തയ്യാറെടുത്തപ്പോഴാണ് ഒന്ന് പുറത്തിറങ്ങിവരാന്‍ ദിലീപന്‍ തീരുമാനിച്ചത്.
പുറത്തേക്കിറങ്ങുമ്പോള്‍ ചവിട്ടുപടിയില്‍ ഊരിയിട്ട ചെരിപ്പുകളിലൊന്ന് കാലുകൊണ്ട് തൊട്ടെടുക്കാനായി ശ്രമിച്ചപ്പോള്‍ അത് ഒരു തവളയെപ്പോലെ മുറ്റത്തേക്ക് ചാടിയിറങ്ങി, അല്‍പ്പം മുമ്പ് ചെയ്ത മഴയുടെ ഒലിപ്പിലേക്ക് തെന്നിപ്പോയപ്പോള്‍ രാത്രിയുടെ ‘ഹാങ്ങ് ഓവര്‍’ തന്റെ സിരാപടലങ്ങള്‍ക്കിടയില്‍ അപ്പോഴും തങ്ങി നില്‍ക്കുന്നതായി ദിലീപന് മനസ്സിലായി.
സമയം നാലരയായി, ആറ് അമ്പതിനാണ് ട്രെയിന്‍, സോജന്‍ കുളിച്ചു വരുമ്പോഴേക്കും പുറത്തിറങ്ങി അഞ്ച് മിനിട്ടിന്റെ നടപ്പ് ദൂരത്തിലുള്ള കടയില്‍ ചെന്ന് ഒരു സിഗരറ്റ് വാങ്ങിയൊന്ന് പുകയ്ക്കണം. എന്നാലേ ആന്തരാവയവങ്ങള്‍ക്കും ഉള്ളില്‍ അപ്പോഴും ചുരുണ്ടു കിടന്നുറങ്ങുന്ന കുടലിനുമൊക്കെ ഒരു ഉണര്‍വ് ലഭിക്കുകയുള്ളൂ എന്ന ചിന്തയിലായിരുന്നു ദിലീപന്‍.
ഗ്രാമത്തിന്റെ ഒരു ചെറു ധമനി പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാട്ടിടവഴിയിലൂടെ റോഡിലേക്കെത്തിയ അയാള്‍ മഴയില്‍ നനഞ്ഞു കിടന്ന പുല്‍ത്തലപ്പുകളെ കണ്ടു.
പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കോളേജില്‍ നിന്നും സോജനും താനും ഒരുമിച്ചായിരുന്നു പുറത്താക്കപ്പെട്ടത്. കോളേജിലെ രാഷ്ട്രീയ സംഘട്ടനങ്ങളും അതുമായി ബന്ധപ്പെട്ട് നടന്ന ഒരു കത്തിക്കുത്തുമായിരുന്നു വിഷയം. അന്ന് തങ്ങള്‍ രണ്ടും എതിര്‍ ചേരികളിലായിരുന്നു. ഒടുവില്‍ അന്ന് ടി.സി വാങ്ങിപ്പോകുമ്പോള്‍ നിന്നെ ഞാനെടുത്തോളം എന്ന് ദൃഷ്ടി മുനകള്‍ കൊണ്ട് തന്നെയൊന്ന് ആഞ്ഞു കുത്തിയ ശേഷമാണവന്‍ പോയത്.
പതിനെട്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണവനെ വീണ്ടും കണ്ടുമുട്ടുന്നത്, അതും ഒരു ഫേസ് ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെ. കമ്പനിയുടെ ഓഫ് സീസണ്‍ ബ്രേയ്ക്കില്‍ നാട്ടിലേക്ക് വരുന്നതിനു മുമ്പായി കിട്ടിയ കുറച്ച് ദിവസങ്ങളുടെ ആലസ്യത്തിന്റെ ലഹരിയില്‍ സൈബര്‍ ലോകത്തില്‍ ആമോദിച്ചു നടക്കുമ്പോഴായിരുന്നു, സോജന്‍ ഒല്ലിക്കര സൗഹൃദത്തിന്റെ ചുണ്ടക്കൊളുത്ത് തനിക്കായെറിഞ്ഞു തന്നതെന്ന് ദിലീപന്‍ ഓര്‍ത്തു. രണ്ട് ദിവസത്തോളം ആ റിക്വസ്റ്റ് സ്വീകരിക്കാതെ തന്നെ വെച്ചു. സത്യത്തില്‍ അവന്റെ റിക്വസ്റ്റ് തന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞിരുന്നുവല്ലോ.. അന്ന് കോളേജില്‍ വെച്ച് തന്നെ കുത്തി വീഴ്ത്താനായ് വന്നവരില്‍ നിന്നും കത്തി തട്ടിപ്പറിച്ച് ഓടിയൊളിച്ചത് കെമിസ്ട്രി ലാബിന് പിന്നിലെ ഗ്യാസ് സിലിണ്ടറുകള്‍ വെച്ചിരുന്ന ഇടുങ്ങിയ സ്റ്റോര്‍ റൂമിലേക്കായിരുന്നു. ഒടുവില്‍ അവിടെയും തന്നെത്തേടി അവരുടെ പാദപതന ശബ്ദങ്ങളെത്തി. പ്രാണരക്ഷാര്‍ത്ഥം ഇരുളില്‍ നിന്നും വായു ശ്വാസകോശത്തിലേക്ക് വലിച്ചെടുത്തു കൊണ്ട് വാതില്‍ തുറന്ന താന്‍ കത്തി ആഞ്ഞുവീശി ഓടിയപ്പോള്‍ കുടല്‍മാല പുറത്തുവന്ന് പിടഞ്ഞു വീണത് തന്റെ എതിര്‍ പാര്‍ട്ടിക്കാരനും യുവനേതാവുമായിരുന്ന സോജന്‍ ഒല്ലിക്കരയായിരുന്നു. തുടര്‍ന്ന് രണ്ടാഴ്ചയോളം കോളേജ് വിദ്യാര്‍ത്ഥി സംഘട്ടനങ്ങള്‍ കൊണ്ട് അടഞ്ഞുകിടന്നു. തന്നെയും സോജനെയും ടി.സി തന്നു വിട്ടു കൊണ്ട് തുടര്‍ന്ന് അധ്യയനം ആരംഭിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സോജന്റെ ഫ്രണ്ട് റിക്വസ്റ്റ് അപ്രതീക്ഷിതമായി കുത്തിയെടുത്ത് പുറത്തേക്കിട്ടത് ആ ഓര്‍മകളെയാണ്. ഒടുവില്‍ രണ്ടു ദിവസത്തെ കാത്തിരിപ്പിനു ശേഷം ഒഴിവാക്കാനാവാത്ത ഒരു പ്രലോഭനമെന്ന പോലെ റിക്വസ്റ്റ് അപ്രൂവ് ചെയ്യുകയായിരുന്നു.
കുശലാന്വേഷണങ്ങള്‍ക്കു ശേഷം താനാണ് ആദ്യം അഭിപ്രായപ്പെട്ടത്, ‘അന്ന് പ്രായത്തിന്റെ തിളപ്പില്‍ ആരുടെയൊക്കെയോ ചട്ടുകങ്ങളായി മാറുകയായിരുന്നു നമ്മളെന്ന്’.
‘ശരിയാണ്, നഷ്ടം നമുക്ക് മാത്രം’. സോജനും അഭിപ്രായപ്പെട്ടിരുന്നു.
പരിചയം പുതുക്കപ്പെട്ടതിനു ശേഷം ഇത് രണ്ടാം തവണയാണ് ദിലീപനും സോജനും ഒത്തുകൂടുന്നത്. അവധിക്ക് നാട്ടില്‍ വരുമ്പോഴൊക്കെ സോജന്റെ ഭാര്യയും മക്കളും അവിടെയില്ലാത്തപ്പോഴൊക്കെ അവര്‍ ഒരുമിക്കാറുണ്ട്.
കടയുടെ മുന്നിലെത്താറായപ്പോഴാണ് അങ്ങോട്ട് ഉണ്ടായിരുന്ന നടവരമ്പൊക്കെയും ചെളിയും പുല്ലും പുതഞ്ഞ് കാണാതായത് .
‘ഇങ്ങോട്ടൊന്നും ആരും നടന്നു വരാറില്ലാവോ? ‘
അയാള്‍ മനസ്സില്‍ ചോദിച്ചു.
നാലഞ്ച് ചുവടുകള്‍ കൂടെ മുന്നോട്ട് വെച്ചപ്പോള്‍ അയാള്‍ കണ്ടു, കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ സിഗററ്റ് വാങ്ങിയ വിജേഷിന്റെ കട അഞ്ചെട്ട് മാസത്തോളമായി തുറക്കാത്ത പാടുണ്ട്. അങ്ങോട്ടൊന്നും കാലെടുത്ത് വെക്കാനേ ആവില്ല.
ഉപേക്ഷിക്കപ്പെട്ടതു പോലെ പരിസരം മുഴുവന്‍ കാടേറിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ രാത്രി വരുമ്പോള്‍ ഇതൊന്നും ശ്രദ്ധയില്‍ പെട്ടിരുന്നുമില്ല. തിരിച്ച് നടക്കാനൊരുങ്ങിയപ്പോള്‍ കാല്‍ വഴുതി ചെളിയില്‍ ഏകദേശം മുട്ടോളം പൂണ്ട് പോയി. നടവരമ്പിലേക്ക് ആഞ്ഞ് കയറാന്‍ നോക്കുന്നതിനിടയില്‍ ഷര്‍ട്ടിലും ചെളി പറ്റി.
‘തിരിച്ച് പോകാനായി കരുതിയ ഡ്രസ് ആണ്, ഇനിയിതിങ്ങനെ ഇടാനും പറ്റില്ല, അഴിച്ച് കഴുകാനും ഉണക്കാനും സമയമില്ല’
വൈക്ലബ്യത്തോടെ തിരിച്ചു നടക്കുമ്പോള്‍ ദിലീപന് ഓര്‍മ വന്നു, കഴിഞ്ഞ തവണ ഇങ്ങനെ വന്ന് വിജേഷിന്റെ കടയില്‍ നിന്നും ഒരു സിഗററ്റ് വലിച്ചു തീര്‍ത്ത ശേഷം വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ സോജന്‍ കമ്പ്യൂട്ടറില്‍ ശ്രദ്ധയോടെ എന്തോ ചെയ്യുകയായിരുന്നു. ട്രെയിന്‍ ടിക്കറ്റ് കണ്‍ഫേം ആയത് നോക്കുകയാണെന്ന് കരുതി താന്‍ അടുത്തേക്ക് ചെന്നതൊന്നും സോജന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് തന്റെ സാമീപ്യം അറിഞ്ഞ അവന്‍ ഒരു പകപ്പോടെയായിരുന്നു തന്റെ നേരെ അന്ന് വെട്ടിത്തിരിഞ്ഞു നോക്കിയത്.
കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ശിവരാജന്‍ ആര്‍മിയെന്ന ഫേസ്ബുക്ക് പേജ്! ആശ്ചര്യത്തോടെയായിരുന്നു അന്ന് താനറിഞ്ഞത്, ചോര ആവിയായിപ്പോകുന്ന ചൂടും ബോംബിന്റെ വീര്യവുമുള്ള ശിവരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക് പോസ്റ്റുകള്‍ സൃഷ്ടിക്കുന്നതും എഡിറ്റ് ചെയ്ത് വിടുന്നതും സോജന്റെ മസ്തിഷ്‌കമാണെന്ന്. നാട്ടില്‍ രാഷ്ട്രീയക്കൊലകള്‍ നടക്കുമ്പോള്‍ അതിനെ ന്യായീകരിച്ചും ചിലപ്പോഴൊക്കെ അതിനു മുന്നോടിയായും പ്രത്യക്ഷപ്പെടുന്ന അത്തരം പോസ്റ്റുകള്‍ വല്ലാതെ ഭയം വാരി വിതറുന്നവയായിരുന്നു.
ഏറെക്കാലത്തിനു ശേഷം ആദ്യമായി ഫേസ് ബുക്ക് ചാറ്റിംഗില്‍ അവന്‍ വന്നപ്പോള്‍ ഇപ്പോള്‍ പഴയ രാഷ്ട്രീയം ഒക്കെ ഉണ്ടോ എന്ന തന്റെ ചോദ്യത്തിന് ഒരു സ്‌മൈലി മാത്രമായിരുന്നുവല്ലോ അവന്റെ മറുപടി..
‘ദിലീപാ.. ചിലര്‍ക്ക് അങ്ങനെയാ ചില ഹാങ്ങ് – ഓവര്‍ ഒന്നും അങ്ങനെയെളുപ്പത്തില്‍ വിട്ടു പോകത്തില്ലല്ലോ.. ഇതാണ് ഇപ്പോ എനിക്ക് ആകെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം.. നീയന്ന് ചാറ്റില്‍ ചോദിച്ചത് എനിക്കോര്‍മയുണ്ട്..’
ചെറുചിരിയോടെയായിരുന്നു അന്ന് സോജന്‍ പറഞ്ഞതെന്ന് വീട്ടുമുറ്റത്തെത്തിയ ദിലീപന്‍ ഓര്‍ത്തു.
‘സോജന്‍ ഇപ്പോള്‍ കുളി കഴിഞ്ഞിരിക്കും, തനിക്കും പെട്ടെന്ന് ഒന്ന് റെഡിയാവണം’ ദിലീപന്‍ കണക്ക് കൂട്ടി.
ചെരുപ്പില്‍ പുരണ്ട ചെളി മുറ്റത്തെ ടാപ്പില്‍ നിന്ന് കഴുകിയ ശേഷമാണ് ഇത്തവണ ദിലീപന്‍ കോലായിലേക്കു കയറിയത്. അകത്ത് ഇസ്തിരിയിടുകയായിരുന്ന സോജന്‍ ‘ഇതെവിടെപ്പോയതായിരുന്നുവെന്ന’ ചോദ്യഭാവത്തോടെ ദിലീപനെ നോക്കി.
‘വിജേഷിന്റെ കടയില്‍..’
‘ഓ.. ഞാനതു പറയാന്‍ മറന്നു. കഴിഞ്ഞ നവമ്പറില്‍ ആയിരുന്നു അത്. അവനെ ആരോ ആളുമാറി വെട്ടിപ്പോയി, പാവം തല്‍ക്ഷണം പോയി. രക്ഷപ്പെട്ടത് സന്തോഷ് ആണ്. സന്തോഷിന് കുറച്ച് ഭീഷണികള്‍ ഉണ്ടായിരുന്നു. അവനെ വീട്ടുകാര്‍ നിര്‍ബന്ധിച്ച് ഖത്തറിലേക്ക് പറഞ്ഞു വിടുകയായിരുന്നു. രണ്ട് ദിവസം ആരുമറിയാതെ എന്റെടുത്ത് താമസിച്ച് ഒരു നീല ജീന്‍സും ഇട്ട് കൊണ്ട് അവന്‍ പുറത്തേക്ക് പോയ അന്നാണ് വിജേഷിന് വെട്ടേല്‍ക്കുന്നത്. സന്തോഷിന്റെ അതേ ഫീച്ചേഴ്‌സ് ആയിരുന്നു വിജേഷിനും. വിജേഷും അന്ന് ഇട്ടിരുന്നത്…”
ദിലീപനു നേരേ തിരിഞ്ഞ സോജന്‍ ദിലീപനായി അത്രയും പറഞ്ഞതിന്റെ കൂടെ ഒരു ചോദ്യം കൂടെ വിളക്കിച്ചേര്‍ത്തുവെച്ചു.
‘.. അല്ലാ.. നീ പാന്റ്‌സ് ഒക്കെ നനച്ചു കുതിര്‍ത്തുവല്ലേ.. നിനക്ക് കുളിക്കേണ്ടേ.. വേഗം നോക്ക് ഭക്ഷണം വന്നിട്ടുണ്ട്’.
ഭക്ഷണം കഴിഞ്ഞ് റെയില്‍വേ സ്റ്റേഷനിലേക്ക് സോജനുമൊന്നിച്ചാണ് ദിലീപന്‍ ഇറങ്ങിയത്. സ്റ്റേഷന്റെ എതിര്‍വശത്തെ ചെറുറോഡില്‍ ബൈക്ക് നിര്‍ത്തിയ ശേഷം സോജന്‍ പറഞ്ഞു.
‘ഇവിടെ നിന്ന് ആ ഓവര്‍ ബ്രിഡ്ജ് വഴി അഞ്ച് മിനിട്ടിനുള്ളില്‍ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെത്താം. ഇനി അതാ നല്ലത്. ടെര്‍മിനലിലേക്കുള്ള റോഡ് ബ്ലോക്കാണ് ട്രെയിന്‍ റൈറ്റ് ടൈമിലാണെന്നാണ് കണ്ടത്. അതാ ആ സ്‌കൈലൈന്‍ ഫ്‌ളാറ്റിനടുത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ ഓവര്‍ ബ്രിഡ്ജ് ആയി’.
ബൈക്കില്‍ നിന്നിറങ്ങിയ ദിലീപന്‍ സോജന് ഷേക്ക് ഹാന്‍ഡ് കൊടുത്ത ശേഷം പിരിയുമ്പോള്‍ സോജന്‍ പറഞ്ഞു
‘വീട്ടിലെത്തീട്ട് വിളിക്കണേ..’
ഫ്‌ളാറ്റിനടുത്തെത്തിയപ്പോള്‍ അതിനപ്പുറത്തെ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ നിന്നും ലേസര്‍ ലൈറ്റുകള്‍ സന്ധ്യയുടെ ഇരുള്‍ പരക്കാന്‍ തുടങ്ങിയ ആകാശത്ത് വര്‍ണവിതാനങ്ങള്‍ തീര്‍ക്കുന്നത് ദിലീപന്‍ കണ്ടു.
കോറോണയുടെ രണ്ടാം തരംഗവും ഒന്നടങ്ങിത്തുടങ്ങിയതോടെ ജനജീവിതം ഒന്ന് ചലനാത്മകമായതായി അയാള്‍ കണ്ടു.
ഫ്‌ളാറ്റിന് താഴേയുള്ള ചെറുനിരത്ത് വിജനവും അല്‍പ്പം വിസ്താരം കുറഞ്ഞതും ആയിരുന്നു. ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍ നിന്ന് കുട്ടികളുടെ കലപില ശബ്ദം ദിലീപന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. ബ്രിഡ്ജിന് താഴേ എത്താറാവുമ്പോഴാണ് ലേസര്‍ ലൈറ്റിന്റെ ചില ചീളുകള്‍ ജീന്‍സില്‍, തന്റെ കാലിന്റെ മുട്ടിനു മീതെ തുടയുടെ സ്ഥാനത്ത് വീഴുന്നത് അയാള്‍ കണ്ടത്. ഫ്‌ളാറ്റില്‍ നിന്ന് വികൃതി പിള്ളേര്‍ അടിക്കുന്നതാവാം. അയാള്‍ വേഗത്തിലായിരുന്നു നടന്നത്.
ചെറുനിരത്ത് തീര്‍ന്നശേഷം ഇടയുടെ വീതിയുള്ള ഒന്ന് രണ്ട് വളവുകള്‍ കഴിഞ്ഞപ്പോഴും തന്റെ തുടയില്‍ വീഴുന്ന ലൈറ്റിന്റെ സ്ഥാനം, അതിന്റെ കൃത്യത അയാളെ അത്ഭുതപ്പെടുത്തി.
തലേന്നത്തെ ഹാങ്ങ് – ഓവറില്‍ ഉച്ചകഴിഞ്ഞും ഉറങ്ങിപ്പോയതിന്റെ മന്ദിപ്പ് ഇനിയും തന്നെ വിട്ട് പോയില്ലേ എന്ന് അയാള്‍ക്കു തോന്നുന്നുണ്ടായിരുന്നു.
ഓവര്‍ ബ്രിഡ്ജിന്റെ പടികളിലെത്തിയപ്പോഴും ദിലീപന്‍ കണ്ടു, ലേസര്‍ സ്‌പോട്ട് സ്ഥാനം തെറ്റാതെ അവിടെത്തന്നെ, അയാളത് കുടഞ്ഞു കളയാന്‍ നോക്കി. ജീന്‍സില്‍ അത് അവിടെ മാത്രം കൃത്യതയുള്ള ഒരു നീലസ്‌പോട്ട് തീര്‍ത്തിരിക്കുന്നു. പെട്ടെന്ന് ബ്രിഡ്ജിന്റെ കൈവരി തുടങ്ങുന്നതിന് കീഴേ ഇരുളിലേക്ക് ചാടിയിറങ്ങിയ അയാള്‍ അവിടെയുള്ള കോണ്‍ക്രീറ്റ് ബെഞ്ചിലേക്ക് പതുങ്ങിയിരുന്നു. തന്റെ ഹാന്റ് ബാഗ് തുറന്ന് അതിലെ പോളിത്തീന്‍ കവറില്‍ ചുരുട്ടി വെച്ചിരുന്ന തന്റെ നനഞ്ഞ് കുതിര്‍ന്ന പാന്റ്‌സ് എടുക്കാന്‍ തുനിഞ്ഞു.
അയാളുടെ വിരല്‍ത്തുമ്പുകള്‍ക്ക് അപ്പോള്‍ എതിരാളിയുടെ അടിവയറിനെ കീറി മുറിയ്ക്കാനായി വായുവില്‍ ചലിക്കുന്ന കഠാരയുടെ വേഗതയുണ്ടായിരുന്നു. ബാഗിന്റെ സിബ് വലിച്ചു തുറന്ന്, ഈര്‍പ്പം നിറഞ്ഞ പോളിത്തീന്‍ കവറിനുള്ളിലെത്തിയ അയാളുടെ നഖമൂര്‍ച്ചകള്‍ ആരുടെയോ ആമാശയസ്തരം ഛേദിച്ചെത്തിയ കത്തിമുന ആന്തരായവങ്ങളുടെയും കുടല്‍മാലകളുടെയും ഇടയിലെ നനുത്ത ഊഷ്മാവിലേക്കെന്ന പോലെ ആഴ്ന്നിറങ്ങി നിന്നു.