പടിപ്പുര കയറിയതും തെങ്ങുകയറ്റക്കാരന്‍ രാമനെയാണ് ആദ്യം കണ്ടത്. അയാള്‍ മൂര്‍ച്ചയുള്ള അരിവാളുമായി പറമ്പിലേയ്ക്കു പോകുമ്പോള്‍ കണ്ണനെ നോക്കി ചിരിച്ചു. അയാള്‍ക്ക് സ്ത്രീകളുടെ ശബ്ദമാണ്. സ്ത്രീകളുടെ ശബ്ദം കൃത്രിമമായി ഉണ്ടാക്കുന്നതാവും എന്നാണ് കണ്ണന്‍ ആദ്യം കരുതിയത്. വല്യമ്മാമയോടു സംസാരിക്കുമ്പോഴാണ് അയാളുടെ ശബ്ദം അങ്ങനെതന്നെ ആണെന്ന് മനസ്സിലായത്.
വല്യമ്മാമയുടെ വീട്ടില്‍ എപ്പോഴും നാലഞ്ചു പണിക്കാരുണ്ടാവും. കൊയ്ത്തായാല്‍ അവിടെ ഒരു കല്യാണവീടുപോലെ ബഹളമാണ്. വൈക്കോല്‍ ഉണക്കാനും നെല്ലുണക്കാനും നെല്ലുകുത്താനുമൊക്കെ വേലക്കാരുണ്ടാവും.
കണ്ണന്‍ പാല്‍പാത്രവുമായി അടുക്കളയുടെ ഭാഗത്തേയ്ക്കു ചെന്നപ്പോള്‍ അവനെ കണ്ടുകൊണ്ട് വല്യമ്മായി പുറത്തേയ്ക്കുവന്നതും കണ്ണന്‍ പാല്‍പാത്രം അവരുടെ നേരെ നീട്ടി.
”പാലാവും അല്ലേ? ഇവിടെ പശുവിനെ കറക്കാനുണ്ടല്ലോ. പിന്നെ എന്തിനാ പാലു കൊണ്ടുവന്നത്.? പാല് വേണ്ടന്ന് അച്ഛനോട് പറയണം.” വല്യമ്മായി ചിരിച്ചമുഖവുമായി പാത്രം വാങ്ങുമ്പോള്‍ സ്‌നേഹത്തോടെ പറഞ്ഞു.
കണ്ണന്‍ അതുകേട്ട് ഒന്നും പറഞ്ഞില്ല.
”കാപ്പി ആയിട്ടില്ല. കാപ്പിയൊക്കെ കഴിച്ചിട്ട് പതുക്കെ പോകാം. എന്താ..” ദേഹത്തു തട്ടിക്കൊണ്ട് വല്യമ്മായി പറഞ്ഞു.
രാവിലെ പലഹാരത്തോടൊപ്പം ചായകുടിക്കുന്നതിന് ‘കാപ്പികുടിക്കുക’ എന്നു പറയുന്നത് എന്തിനെന്ന് കണ്ണന് മനസ്സിലായില്ല. വീട്ടിലും അങ്ങനെയാണ് പറയുന്നത്. അടുക്കളയില്‍നിന്ന് ദോശയുടെ മണം വന്നില്ല. പുട്ടാണെങ്കില്‍ അതിനോടൊപ്പം ചെറുപയറു പുഴുങ്ങിയതില്‍ തേങ്ങയിട്ടത് കണ്ണന് ഇഷ്ടമാണ്. കാപ്പിക്ക് പലഹാരം എന്തായിരിക്കും എന്ന് ആലോചിച്ചുകൊണ്ട് അടുക്കളയുടെ വടക്കുവശത്തുള്ള വരാന്തയുടെ തിണ്ണയിലിരുന്നു. അവിടെ ഇരുന്നാലും മുന്‍വശത്തെ പടിപ്പുരയിലൂടെ കയറി വരുന്നവരെ കാണാം. വീടും പരിസരവും ശ്രദ്ധയോടെ നോക്കി.
വിശാലമായ മുറ്റവും കിഴക്കുവശത്തെ വലിയ കളപ്പുരയും കണ്ണന്‍ അവിടെയിരുന്നു നോക്കി. കളപ്പുരയില്‍ നാലു കാളകളെയും നാലഞ്ചു പശുക്കളെയും കെട്ടാനുള്ള ഇടമുണ്ട്. കളപ്പുരയുടെ നെടുനീളത്തിലുള്ള വലിയ വരാന്തയിലാണ് പത്തുപറനിലത്തില്‍നിന്നു ചിങ്ങത്തില്‍ കൊയ്യുന്ന കതിര്‍ക്കറ്റ, അട്ടിയിട്ട് വയ്ക്കുന്നതും ചവിട്ടി മെതിക്കുന്നതും. എന്നാല്‍ മകരത്തില്‍ മഴ ഇല്ലാത്തതിനാല്‍ മുറ്റത്താണ് കറ്റ മെതിക്കുന്നതും മറ്റും. വയ്‌ക്കോലും നെല്ലും കൂടുതല്‍ കിട്ടുന്നതും മകരത്തിലാണെന്ന് അച്ഛന്‍ പറഞ്ഞ് കണ്ണനറിയാം.
തറവാട് ഭാഗംവച്ചപ്പോള്‍ അച്ഛന്റെ തറവാട്ടിലെ മറ്റുള്ളവരുടെ സ്വത്തെല്ലാം വല്യമ്മാമയാണ് വാങ്ങിയതെന്ന് അച്ഛന്‍ ഒരിക്കല്‍ അമ്മയോടു പറഞ്ഞത് കണ്ണന്‍ കേട്ടിട്ടുണ്ട്. വലിയ വീടിന്റെ തെക്കുവശത്തും വലിയ പത്തായവും വരാന്തയും രണ്ടുമുറിയുമുള്ള ഒരു വീടുണ്ട്. നാലഞ്ച് അറകളുള്ള പത്തായത്തിന്റെ അറകളിലെ നെല്ല് തീരാറായാല്‍ അതിനകത്ത് ഇറങ്ങിയാണ് നെല്ല് വാരുന്നതെന്നും അത്ര വലിപ്പം പത്തായത്തിന് ഉണ്ടെന്നും ചേച്ചി പറഞ്ഞത് കണ്ണന്‍ ഓര്‍ത്തു.
”കണ്ണന്‍ അകത്തേയ്ക്കു വരൂ..” വല്യമ്മായി കണ്ണനെ വിളിച്ചപ്പോഴാണ് അവന്‍ ആലോചനയില്‍നിന്ന് ഉണര്‍ന്നത്.
”ഉപ്പുമാവാ. ഇന്നലെ അരി അരയ്ക്കാന്‍ ആരേയും കിട്ടിയില്ല. ഉപ്പുമാവ് ഇഷ്ടമല്ലേ?” വല്യമ്മായി ചോദിച്ചു.
അവന്‍ ഒന്നും പറഞ്ഞില്ല. പൊടിയരികൊണ്ടുള്ള ഉപ്പുമാവ് കണ്ണന് അത്ര ഇഷ്ടമല്ല. എങ്കിലും കഴിച്ചപ്പോള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ഉപ്പുമാവിനെക്കാള്‍ രുചി തോന്നി. ഉപ്പുമാവ് കഴിച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മായി പാലുകൊണ്ടുവന്ന പാത്രം കണ്ണനെ ഏല്‍പിച്ചു.
”സൂക്ഷിച്ച് പിടിക്കണേ. കുറച്ച് കഞ്ഞിക്കുള്ള പൊടി അരിയാ. ഇവിടുത്തെ പൊടിയരി ഗോവന്ദന് വലിയ ഇഷ്ടാ…” വല്യമ്മായി പറഞ്ഞു.
പടിപ്പുര കടന്നപ്പോഴാണ് ചേച്ചി പറഞ്ഞ കാര്യം അവന്‍ ഓര്‍ത്തത്. വടക്കുവശത്തെ പുളിമരത്തിന്റെ ചുവട്ടിലേയ്ക്ക് നടന്നപ്പോള്‍ തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് കണ്ണന്‍ നോക്കി. പുളിമരത്തിന്റെ ചുവട് അരിച്ചു പെറുക്കി നോക്കിയിട്ടും നാലഞ്ചു പുളിങ്ങമാത്രമേ കിട്ടിയുള്ളു.
വീട്ടിലെത്തിയപ്പോള്‍ അച്ഛന്‍ രാവിലത്തെ ജോലി മതിയാക്കി ക്ഷീണിച്ച് വരാന്തയില്‍ കഞ്ഞികുടിക്കാന്‍ ഇരിക്കുന്നുണ്ടായിരുന്നു.
”പാത്രത്തില്‍ എന്തോ ഉണ്ടല്ലോ.?” അച്ഛന്‍ ചിരിച്ച മുഖത്തോടെ ചോദിച്ചു.
അമ്മയുടെ കയ്യില്‍ പാത്രം കൊടുത്തപ്പോള്‍ അമ്മ പാത്രം തുറന്ന് അച്ഛനെ കാണിച്ചു. അതുകണ്ടപ്പോള്‍ അച്ഛന്റെ മുഖത്തെ സന്തോഷം കണ്ണന്‍ ശ്രദ്ധിച്ചു.
പാടത്ത് പണിയില്ലെങ്കില്‍ പറമ്പില്‍ എന്തെങ്കിലും പണി അച്ഛനുണ്ടാവും. കൂലിക്ക് ആളെ വിളിച്ചാല്‍ അവര്‍ എത്തുമ്പോഴേയ്ക്കും അച്ഛന്റെ അന്നത്തെ പണി ഏതാണ്ട് പകുതിയായിട്ടുണ്ടാവും. പത്തുമണിക്ക് കഞ്ഞിയും, കപ്പ പുഴുക്കോ കാച്ചില്‍പുഴുക്കോ അല്ലെങ്കില്‍ കോരിക്കൂട്ടാന്‍ എന്തെങ്കിലുമോ ഉണ്ടാവും.
”എന്താ അവിടുന്ന് കഴിച്ചത്?” അച്ഛന്‍ ചോദിച്ചു.
”ഉപ്പുമാവ്.” അവന്‍ പറഞ്ഞു.
”കഞ്ഞിവേണ്ടേ..?” അമ്മ കൊണ്ടുവച്ച കഞ്ഞിയും കൂട്ടാനും കഴിക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ ചോദിച്ചു.
പഴുത്തപ്ലാവില കുമ്പിളില്‍ അച്ഛന്‍ കഞ്ഞി കോരികുടിക്കുന്നതു കണ്ടപ്പോള്‍ വിശപ്പില്ലെങ്കിലും അല്പം കഞ്ഞികുടിക്കാനായി അമ്മ കോട്ടിവച്ച കുഞ്ഞിപ്ലാവില എടുത്ത് അവനും അച്ഛന്റെ അടുത്തിരുന്നു.
”ഒരു തവി കഞ്ഞി മതി..” അമ്മ കണ്ണന്റെ പാത്രത്തിലേയ്ക്ക് കഞ്ഞി വിളമ്പിയപ്പോള്‍ അവന്‍ പറഞ്ഞു.
(തുടരും)