തിരിച്ചുള്ള യാത്രയില്‍ വേലായുധന്‍ പറഞ്ഞു. ‘ബലൂചിസ്ഥാനില്‍ പിറന്ന ഭുവീന്ദ്രയെ കണ്ടു. എന്നിട്ടും കുറുമ്പ്രനാട്ട് പിറന്ന കേളപ്പജീനെ കാണാന്‍ പറ്റിയില്ല’.
‘രണ്ടും സന്യാസിമാര്‍… അല്ലേ?’ വേലായുധന്‍ ശരിയാണെന്ന അര്‍ത്ഥത്തില്‍ തലയാട്ടി.
‘അറിഞ്ഞോ, കേളപ്പജി മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ടായ കാര്യം’
വേലായുധനതു പറഞ്ഞപ്പോള്‍ മാധവി സന്തോഷംകൊണ്ട് കയ്യടിച്ചു.
‘കൊയിലാണ്ടീന്ന് ബോര്‍ഡ് മെമ്പറായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട കാര്യം പത്രത്തില്‍ ഉണ്ടായിരുന്നല്ലോ. ഇതിപ്പൊ ആരു പറഞ്ഞതാ?’
മാധവി പുറത്തേക്ക് നോക്കി.
‘ ഇപ്പോ ഭുവീന്ദ്രജി പറഞ്ഞതാ. അദ്ദേഹം ഇന്നലെ കോഴിക്കോട്ടുണ്ടായിരുന്നൂന്ന്. അവിടെ മൊത്തം ആഘോഷാത്രേ’. വേലായുധന്‍ പിറകോട്ടോടുന്ന പാതയെ നോക്കിക്കൊണ്ട് പറഞ്ഞു.
‘ഇതായിരുന്നു കേളപ്പജീടെ രാഷ്ട്രീയയാത്രയുടെ ആദ്യപാത’.
അത് പറഞ്ഞു കഴിഞ്ഞപ്പോഴാണ് താനിരിക്കുന്നത് ജീപ്പിനകത്താണെന്നത് വേലായുധന്റെ ഉണര്‍വിലെത്തിയത്. മുമ്പ് പൊലീസ് ജീപ്പില്‍ കയറിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍. അതിനിപ്പുറം ഇത് ആദ്യത്തെ വാഹനയാത്രയാണ്.
‘നീ ആദ്യമായിട്ടല്ലേ മോട്ടോര്‍ വാഹനത്തില്?’. വേലായുധന്‍ മാധവിയോട് ചോദിച്ചു.
പൊടിയുയര്‍ന്ന് പൊതിഞ്ഞ പിന്‍വഴിയിലേക്ക് കണ്ണോടിച്ചുകൊണ്ട് മാധവി മറുപടി നല്‍കി.
‘അല്ല… ഗുരുവായൂര്‍ സത്യഗ്രഹശേഷം കേളപ്പജീടെ കൂടെ ഒരിക്കല്‍. ഭുവീന്ദ്രജിയുടെ കൂടെ പിന്നൊരിക്കല്‍’.
കേളപ്പജീടെ കൂടെ ഒരു വാഹനയാത്ര. ആ മോഹം ഉയര്‍ന്നുപൊങ്ങിയ മനസ്സിനെ ശാന്തമാക്കി വേലായുധന്‍ ചിന്തകളെ പാക്കനാര്‍പുരത്തിന് ചുറ്റും വട്ടംചുറ്റിച്ചു. കറുത്തതൊലിയുള്ള കുട്ടികള്‍ക്ക് മുന്നില്‍ നടന്ന് കുന്ന്കയറ്റുന്ന വെളുത്ത ഖദറണിഞ്ഞ കേളപ്പന്‍. നമ്പ്യാരുടെ സ്‌കൂളിലേക്ക് ഹരിജന്‍ കുട്ടികളെ കയറ്റുന്നതിന് വാശിപിടിക്കുന്ന കേളപ്പന്‍. കീഴൂര്‍ ക്ഷേത്രത്തിലേക്ക് മുഴുവന്‍ ജാതിക്കാര്‍ക്കും പ്രവേശനം നേടുന്നതിനായി അധ്വാനിക്കുന്ന കേളപ്പന്‍.
ഗുരുവായൂരില്‍ പാതിവഴിയില്‍ അദ്ദേഹത്തെക്കൊണ്ട് സത്യഗ്രഹം അവസാനിപ്പിച്ചതെന്തിന്? തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കാമെന്ന വിളംബരം വന്നുകഴിഞ്ഞു. എന്നിട്ടും ഗുരുവായൂരില്‍ നടക്കാത്തതില്‍ ആ ഹൃദയം വേവലാതിപ്പെടുന്നുണ്ടാവും തീര്‍ച്ച.
സവര്‍ണ്ണരാണോ കുഴപ്പം. വൈക്കം സത്യഗ്രഹത്തോടനുബന്ധിച്ച് സവര്‍ണ്ണരാണ് ജാഥ നടത്തിയത്. ഗുരുവായൂരിലും നായകര്‍ സവര്‍ണ്ണര്‍ തന്നെ. മെമ്മോറാണ്ടം നടത്തിയപ്പോള്‍ എഴുപത്തഞ്ചു ശതമാനം സവര്‍ണ്ണരും അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ച് കഴിഞ്ഞു. മുകളില്‍ നിന്ന് താഴേക്കുള്ള പരിവര്‍ത്തനമെന്ന ഗാന്ധിയന്‍ ആശയം സാക്ഷാത്കാരത്തിലേക്ക് അടുക്കുകയാണോ? അത് അങ്ങനെതന്നെയാവണം. കാരണം ഗാന്ധിയും കേളപ്പനും സത്യത്തിന്റെ പാതയിലാണ്.
സത്യം പരാജയപ്പെടുകയില്ല.
മുകളില്‍ കാര്‍മേഘത്തിന്റെ കറുപ്പ്. താഴെ നിരത്തു മൂടിക്കിടക്കുന്ന പൊടിമണ്ണിന്റെ വെളുപ്പ്. ജീപ്പ് മുന്നോട്ട് കുതിച്ചു.
ഒരു പ്രഭാതത്തില്‍ തോട്ടിലിറക്കി ഹൈദറിനെ കുളിപ്പിക്കുന്നതിനിടെയാണ് ലോകയുദ്ധം തുടങ്ങിയതിനെക്കുറിച്ച് രാമുണ്ണി പറഞ്ഞത്. അല്പസ്വല്പം വായനയൊക്കെയുള്ള ആളാണെന്ന് പരിചയപ്പെട്ടതിന്റെ ഏതാനും നാളുകള്‍ കൊണ്ട് തന്നെ മനസ്സിലാക്കിയിരുന്നു.
ഹൈദറിന്റെ വലുപ്പമുള്ള ബോംബുകളാണ് രാജ്യങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും എറിയുന്നതെന്ന് രാമുണ്ണി പറഞ്ഞപ്പോള്‍ വേലായുധന്‍ അതിന്റെ വിശ്വാസയോഗ്യതയെക്കുറിച്ച് സംശയിച്ചു.
യുദ്ധം കാര്യങ്ങള്‍ കുഴച്ചുമറിച്ചിരിക്കുന്നു. കോണ്‍ഗ്രസില്‍ സോഷ്യലിസ്റ്റുകളുടെ എണ്ണം കൂടിവരുന്നു. കമ്മ്യൂണിസ്റ്റുകള്‍ കോണ്‍ഗ്രസുകാരേയും സോഷ്യലിസ്റ്റുകാരേയും ദ്രോഹിക്കാന്‍ തുടങ്ങീട്ടുണ്ട്. കേളപ്പജി മാതൃഭൂമി വിട്ട് രാഷ്ട്രീയം പൂര്‍ണസമയമേറ്റെടുത്തുകഴിഞ്ഞു.
താമരശ്ശേരിയില്‍ മരം പിടിക്കാന്‍ ഹൈദറിനെ കൊണ്ടുപോകുംവഴി ആനപ്പുറത്തിരുന്ന് രാമുണ്ണിയും വേലായുധനും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്തു.
കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയരംഗത്ത് തളര്‍ച്ചയില്ലാതെ കേളപ്പജി കേരളം നിറഞ്ഞു. ഒരന്തിമസമരം പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദമേറി. റഷ്യയെ ആക്രമിക്കില്ലെന്ന ഉടമ്പടി ലംഘിച്ച് ഹിറ്റ്‌ലര്‍ റഷ്യയ്ക്ക് നേരെ തിരിഞ്ഞു. യുദ്ധത്തില്‍ പക്ഷം പിടിക്കില്ലെന്ന നിലപാടിലായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ റഷ്യയെ സംരക്ഷിക്കാനുള്ള ബാധ്യതയെക്കരുതി സഖ്യകക്ഷികള്‍ക്കനുകൂലമായി.
ഗാന്ധിജി ക്വിറ്റിന്ത്യാസമരം പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനകത്ത് സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ചേരികള്‍ തീര്‍ത്തു.
സോഷ്യലിസ്റ്റ് നേതാവ് കെ.ബി. മേനോന്റെ നേതൃത്വത്തില്‍ കീഴരിയൂരില്‍ വെച്ച് ബോംബ് ഉണ്ടാക്കി. ഫറോക്ക് പാലം തകര്‍ക്കാന്‍ നിയോഗിക്കപ്പെട്ടത് കേളപ്പന്റെ മകന്‍ കുഞ്ഞിരാമന്‍ കിടാവ്.
സമരങ്ങള്‍ അഹിംസയുടെ പാതയില്‍ നിന്ന് തെന്നിമാറുകയാണോ? അതിവിപ്ലവത്തിന്റെ നശീകരണാത്മകതയില്‍ ഭാരതസമരചരിത്രം മുങ്ങിപ്പോകുമോ? കേളപ്പന്‍ ആശങ്കാഭരിതനായി.
‘കൊലീമ എന്ന് കേട്ടിട്ടുണ്ടോ?’മുചുകുന്നിലെ ഖാദികേന്ദ്രത്തില്‍ പതാകകള്‍ തുന്നുന്നവരോട് അദ്ദേഹം ചോദിച്ചു. ആരും കേട്ടിട്ടുണ്ടായിരുന്നില്ല. കേളപ്പന്‍ പറഞ്ഞുകൊടുത്തു. ചരിത്രകാരന്റെ വ്യക്തതയോടെ, അധ്യാപകന്റെ ഗൗരവത്തോടെ.
വടക്കന്‍ സൈബീരിയയിലെ മലനിരയായ കൊലീമ. അതില്‍ നിന്നുണ്ടാകുന്ന, അതേ പേരിലുള്ള, രണ്ടായിരത്തില്‍പരം കിലോമീറ്ററുകള്‍ നിറഞ്ഞൊഴുകുന്ന നദി. മാനവകുലത്തിന്റെ ഇത:പര്യന്തമുള്ള ചരിത്രത്തിലെ കൊടുംക്രൂരതകളിലൊന്നായ ആര്‍ക്ടിക്ക് അരങ്ങാണ് കൊലീമ. കുറഞ്ഞത് മുപ്പത് ലക്ഷം പേരുടെ അരുംകൊലയുടെ കണ്ണീരൊഴുകുന്ന ചരിത്രസ്ഥലി. ഭൂമുഖത്തെ ഏറ്റവും നീളമുള്ള സെമിത്തേരി.
മൂവര്‍ണ്ണക്കൊടി തുന്നുന്നവര്‍ ഭയത്തോടെ കേളപ്പജിയെ നോക്കി. അദ്ദേഹം തുടര്‍ന്നു.
എസ്‌കിമോകളുടെ, ചക്ചികളുടെ, യൂകാഗിറുകളുടെ, കൊര്യാക്കുകളുടെ സുവര്‍ണ്ണ ഖനിയായ കൊലീമയെ ഭയപ്പാടിന്റെ കോടകൊണ്ട് മൂടിയതിന്റെ കാരണമറിയാമോ. അതാണ് ഇവിടെ റഷ്യന്‍ വിപ്ലവമെന്ന് പാടിപ്പുകഴ്ത്തപ്പെട്ടിരിക്കുന്നത്. മോസ്‌കോ കല്പ്പിച്ചു കൂട്ടി എടുത്ത ചില തീരുമാനങ്ങളൊഴുക്കിയ രക്തച്ചാലുകള്‍. ലെനിന്റെ, സ്റ്റാലിന്റെ, ക്രൂഷ്‌ചേവിന്റെ, ബ്രഷ്‌നേവിന്റെ ചുവപ്പന്‍ ഭീകരതയുടെ മോസ്‌കോ.
അറിയുമോ വിപ്ലവം നടന്നത് മോസ്‌കോയില്‍ അല്ല. സാറിസ്റ്റ് റഷ്യയുടെ തലസ്ഥാനം സെന്‍ പീറ്റേഴ്‌സ്ബര്‍ഗില്‍. വെറുമൊരു പട്ടാള അട്ടിമറി. തൊട്ടടുത്ത മാസം നടന്ന തെരഞ്ഞെടുപ്പില്‍ ബോള്‍ഷെവിക്കുകള്‍ വിജയിച്ചില്ല. ഗ്രാമീണജനത അത്രമാത്രം ഈ വിപ്ലവത്തെ വെറുത്തു. പക്ഷേ വിജയികളായ സോഷ്യലിസ്റ്റ് പാര്‍ട്ടിയെ ഭരിക്കാന്‍ അനുവദിക്കാതെ ലെനിന്‍ എന്ന സ്വേച്ഛാധിപതി കുടിലമാര്‍ഗത്തില്‍കൂടി ഭരണാധിപനായി.
ലൂസിഫറിന്റെ ചിറകുകളുടെ കനത്ത നിഴല്‍വീണ, അടഞ്ഞവാതിലുകളുടെയും വലിച്ചിടപ്പെട്ട കര്‍ട്ടനുകളുടെയും മങ്ങിയ ഇരുട്ടില്‍ റഷ്യന്‍ ജനത പീഡിപ്പിക്കപ്പെട്ട കാലം തുടങ്ങി യിട്ട് രണ്ട് ദശകങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഏതുവിധേനയും അധികാരം നിലനിര്‍ത്തുക എന്നതാണ് വിപ്ലവത്തിന്റെ രീതിശാസ്ത്രം.
കൊലീമ മാത്രമല്ല യമശാലകള്‍ ഏറെയാണ്. സൈബീരിയയില്‍ത്തന്നെ വോര്‍ക്കുട, നോറില്‌സ്‌ക് എന്നീ രണ്ട് കേന്ദ്രങ്ങള്‍ കൂടിയുണ്ട്. റഷ്യ ഒട്ടാകെ അഞ്ഞൂറോളം കേന്ദ്രങ്ങള്‍. കൊലീമയെപ്പോലുള്ള നിര്‍ബന്ധിത സേവനവും അല്പഭക്ഷണവും കൊണ്ട് തൊഴിലാളികളെ പീഡിപ്പിച്ചുകൊന്ന കേന്ദ്രങ്ങളാണ് ഗുലാഗുകള്‍. ഈ ഗുലാഗുകളില്‍ എല്ലുരുക്കി പത്ത് മൈക്രോഗ്രാം ഭക്ഷണത്തിനുവേണ്ടി സ്വര്‍ണ്ണവും പ്ലാറ്റിനവും ഖനനം ചെയ്ത് ഘനീഭവിച്ചുപോയത് കോടിക്കണക്കിന് ജീവിതങ്ങളാണ്. കമ്മ്യൂണിസ്റ്റ് ചുടലക്കളമായ രണ്ടായിരം മൈല്‍ നീളമുള്ള കൊലീമാ ഹൈവേ മഗദാന്‍ വരെ പണിത് ഹതഭാഗ്യരായ ഇരകള്‍ അസ്ഥികൂടങ്ങളായി ആ മണ്ണിനടിയില്‍ തണുപ്പു പുതച്ചു കിടക്കുന്നു.
‘അറിയാമോ മുതലാളിത്തവും കമ്മ്യൂണിസവും ജിഹാദും ഒക്കെ ഒന്നുതന്നെയാണ്. ഏറനാട്ടിലെ കലാപത്തില്‍ ജിഹാദികള്‍ ചുവന്ന ഉറുമാല്‍ തലയില്‍ ധരിച്ചിരുന്നു. ഒരു ഖിലാഫത്ത് കമ്മിറ്റി ഓഫീസില്‍ മലബാര്‍ പോലീസ് പരിശോധിച്ചപ്പോള്‍ ധാരാളം ബോള്‍ഷെവിക് ലഘുലേഖകള്‍ കിട്ടിയിരുന്നു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് എവിടെ എന്നറിയാമോ. താഷ്‌ക്കണ്ടില്‍. ആരൊക്കെയാണെന്നറിയാമോ?’
ഇല്ലെന്ന് തലയാട്ടിയ കേള്‍വിക്കാര്‍ക്ക് മുമ്പില്‍ കേളപ്പന്‍ ബാക്കി പറഞ്ഞില്ല.
കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പ്രവാസജീവിതം, യാത്ര, പ്രചാരണം, പത്രം അച്ചടി ഇതിനൊക്കെ വേണ്ട ധനം ലെനിനും ട്രോട്‌സ്‌കിയും അമേരിക്കന്‍, ജര്‍മ്മന്‍, ഇംഗ്ലീഷ് വ്യവസായ മുതലാളിമാരില്‍ നിന്നാണ് ശേഖരിച്ചത്.
ഒക്കെ കേട്ടപ്പോള്‍ തുന്നല്‍ നിര്‍ത്തി ഒരാള്‍ ചോദിച്ചു.
‘ഇവര്‍ക്ക് ഗാന്ധിജി കണ്ണിലെ കരടാവുന്നത് വെറുതെയല്ല, ല്ലേ?’
‘ശ്രദ്ധിക്കണം’ കേളപ്പന്‍ അതോടൊപ്പം കൂട്ടിച്ചേര്‍ത്തു.
‘അവര്‍ നമുക്കിടയില്‍ എത്തി’.
ആനപ്പുറത്തിരുന്ന് വേലായുധന്‍ താഴെ നടക്കുന്ന രാമുണ്ണിയോട് പറഞ്ഞു. കോണ്‍ഗ്രസ്സുകാര്‍ക്കും സോഷ്യലിസ്റ്റുകാര്‍ക്കും എതിരായി കമ്മ്യൂണിസ്റ്റുകള്‍ ബ്രിട്ടീഷുകാരെ സഹായിച്ചു കൊണ്ട് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെക്കാള്‍ ഹിറ്റ്‌ലര്‍ മുസ്സോളിനി ജപ്പാന്‍ കൂട്ടുകെട്ടായിരുന്നു അവര്‍ക്ക് വര്‍ജ്യം.
നടുവണ്ണൂര്‍ കവലയില്‍ ഒരാള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിനു നടുവില്‍ എന്തോ കലാപരിപാടിയാണ്. ഹൈദര്‍കുട്ടിയെ റോഡരികിലേക്ക് നിര്‍ത്തി രാമുണ്ണി അങ്ങോട്ട് നടന്നു. വേലായുധന്‍ ആനപ്പുറത്ത് തന്നെയിരുന്നു അങ്ങോട്ട് നോക്കി. ആള്‍ക്കൂട്ടത്തിലെ കുട്ടികള്‍ ആനയെ കണ്ടപ്പോള്‍ കലാപരിപാടി ഉപേക്ഷിച്ച് അതിന് അടുത്തേക്കോടി.
‘കൂട്ടമിട്ടു കൈ ചുരുട്ടി കുത്തനെ പൊക്കിക്കുലുക്കി
കുക്കിയാര്‍പ്പിന്‍ ജപ്പാന്‍കാര്‍ പോയ് നശിച്ചീടട്ടെ
അപ്പെരും ഗര്‍ജ്ജിതം ചെന്നു ഗര്‍ഭമലസിച്ചീടട്ടെ
ജപ്പാന്‍ നാട്ടിലുള്ള പൊട്ടപ്പെണ്ണുങ്ങള്‍ക്കെല്ലാം’
ജാപ്പ് വിരുദ്ധ ഓട്ടന്‍തുള്ളലാണ്.
‘കര്‍ഷകരെ പലമുദ്രാവാക്യങ്ങളും കൊടുത്ത് കൂടെനിര്‍ത്തിയിട്ടുണ്ടവര്‍’. ആനയെ തെളിച്ചുകൊണ്ട് രാമുണ്ണി വേലായുധനോട് പറഞ്ഞു. ഇപ്പോള്‍ രാമുണ്ണിയാണ് ആനപ്പുറത്ത്. വേലായുധന്‍ കീഴെ നടക്കുന്നു. ‘ഗുരുവായൂര്‍ സമരത്തില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന എ.കെ.ഗോപാലനും കൃഷ്ണപിള്ളയും അവര്‍ക്കൊപ്പമാണ്’.
ജര്‍മനി റഷ്യയെ ആക്രമിച്ചതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേലുള്ള നിരോധനം എടുത്തുകളഞ്ഞു.
ക്വിറ്റിന്ത്യാ പ്രക്ഷോഭത്തെ തുടര്‍ന്ന് കേളപ്പന്‍ ജയിലിലാണ്. താമരശ്ശേരിയിലെ കിനാത്തി നാരായണന്‍ വീട്ടില്‍ വെച്ചാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഗാന്ധിജിയുടെ അനുയായികളെന്ന് നടിക്കുന്നവര്‍ തന്നെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കെ.മാധവമേനോന്‍, കെ.എ. ദാമോദരമേനോന്‍, എ.വി.കുട്ടിമാളുഅമ്മ, എം.പി.ദാമോദരമേനോന്‍ തുടങ്ങിയ നേതാക്കളൊക്കെ തടവിലാണ്.
കാറ്റ് കുന്നിനെ വലംവെക്കുന്ന ഒരു സായാഹ്നത്തില്‍ മാധവിയും വേലായുധനും ശങ്കരനാരായണ ക്ഷേത്രത്തിലേക്കുള്ള കയറ്റം കയറി. കാട്ടുവഴികളില്‍ അണ്ണാരക്കണ്ണന്‍മാരും പക്ഷികളും ചിലച്ചു. കൂട്ടിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണവുമായി അമ്മപ്പക്ഷികള്‍ മരങ്ങളിലേക്ക് പറന്നടുക്കുന്നത് നോക്കി മാധവി നടന്നു. അകലെ അറബിക്കടല്‍ അലറിക്കരഞ്ഞുകൊണ്ട് അലയടിക്കുന്നത് കുന്നിന്‍ മുകളിലെത്തിയ അവര്‍ക്ക് മുമ്പില്‍ വിദൂരക്കാഴ്ചയായി അവതരിപ്പിച്ചു.
ക്ഷേത്രത്തിനു മുന്നില്‍ കുഞ്ഞുമരത്തൊട്ടില്‍ തൂക്കി മാധവി പ്രാര്‍ത്ഥിച്ചു. കുറേ തൊട്ടിലുകള്‍ പ്രാര്‍ത്ഥനകളുടെ തിടം കെട്ടിയ മൗനത്തില്‍ മാധവിയുടെ തൊട്ടിലിന് കൂട്ടുകാരായി. പ്രദക്ഷിണശേഷം വേലായുധന്‍ പറഞ്ഞു.
‘അല്പംകൂടി മുകളില്‍ അയ്യപ്പക്ഷേത്രം ഉണ്ട്. അവിടം കൂടി പ്രാര്‍ത്ഥിക്കാം’. മാധവി മൗനത്തിനൊരു മൂളലിന്റെ ഇടവേള നല്‍കി.
‘യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഈ ലോകത്തേക്ക് അവന്‍ അഥവാ അവള്‍ പിറക്കാതിരിക്കുന്നതല്ലേ നല്ലത്?’ കാടുകള്‍ വകഞ്ഞുമാറ്റിക്കൊണ്ട് വേലായുധന്‍ പറഞ്ഞു. മാധവി ഒന്നും മിണ്ടിയില്ല. കലങ്ങിയ കണ്ണുകളില്‍ നിന്ന് തുള്ളികള്‍ തുടര്‍ച്ചയായി മാധവിയുടെ കവിളുകളെ നനച്ചുകൊണ്ടിരുന്നു.
തിരിച്ചിറക്കത്തില്‍ വേലായുധന്‍ ഒരു പാട്ട് മൂളി. ആ പാട്ട് കിഴക്കു ഭാഗത്തെ അരിമ്പ്ര മലയിലേക്ക് പറന്നിറങ്ങി.
ഗീതയിലെ ഒരു ശ്ലോകം മൂളിക്കൊണ്ടാണ് ജയിലിനകത്തേക്ക് കേളപ്പന്‍ അതേ സന്ധ്യയെ വരവേറ്റത്. പാക്കനാര്‍പുരത്തെ വിദ്യാലയത്തിലെ ഗീതയും ദൈവദശകവും ഹരിനാമകീര്‍ത്തനവും കൊണ്ട് നിറഞ്ഞ സന്ധ്യകളെ അദ്ദേഹം അപ്പോള്‍ ഓര്‍ത്തു.
നാല്‍പ്പതില്‍ വ്യക്തിസത്യഗ്രഹം നടത്തി കൊയിലാണ്ടിയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ ജയില്‍ ഇതുതന്നെയായിരുന്നു എങ്കിലും സെല്‍ മാറിയിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ സത്യഗ്രഹിയായി ജയിലിലെത്തിയപ്പോള്‍ തന്നെ സ്വീകരിച്ച കുറച്ചു പേര്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്.
പ്രാര്‍ത്ഥനയ്ക്കുശേഷം പുസ്തകം കയ്യിലെടുത്തു. പുറത്തു നിന്ന് അഴികള്‍ക്കിടയിലൂടെ അരിച്ചെത്തിയ വെട്ടത്തിലേക്ക് അത് തുറന്നു പിടിച്ചു. തിലകന് ഗീതാരഹസ്യം എഴുതാന്‍ കനിഞ്ഞിറങ്ങിയ വെളിച്ചം, ഗാന്ധിക്കും സവര്‍ക്കര്‍ക്കും ആശയങ്ങള്‍ പരുവപ്പെടുത്തിക്കൊടുത്ത വെളിച്ചം, ഭഗത്‌സിംഗും ആസാദും മുഷ്ടിചുരുട്ടി മുദ്രാവാക്യം കലര്‍ത്തിയ വെളിച്ചം. ആ വെളിച്ചം ഇരുമ്പഴികളുടെ നിഴല്‍രേഖകള്‍ പുസ്തകത്താളില്‍ സമാന്തരങ്ങളായി വരച്ചു.
കേളപ്പന്‍ അഴികള്‍ ചാരിയിരുന്ന് വായനയില്‍ മുഴുകി.
ബിസ്മാര്‍ക്ക് രൂപപ്പെടുത്തി, കൈസര്‍മാര്‍ അഞ്ചു ദശകങ്ങള്‍ ഭരിച്ച ജര്‍മന്‍ സാമ്രാജ്യം, പഴയ പ്രഷ്യ കേന്ദ്രീകരിച്ച് സ്ഥാപിച്ച സാമ്രാജ്യം ഒന്നാം ലോകമഹായുദ്ധത്തില്‍ തകരുംവരെ നടത്തിയ രാഷ്ട്രീയ ഉപജാപങ്ങളുടെ താളുകള്‍. ജര്‍മന്‍ നയതന്ത്രജ്ഞനും വക്കീലും ആയിരുന്ന മാക്‌സ് വോണ്‍ ഓപ്പണ്‍ഹീമിന്റെ വിപുലമായ കിഴക്കന്‍ യാത്രകളുടെ വിവരണങ്ങള്‍. ജര്‍മനിയുടെ ശത്രുരാജ്യങ്ങളുടെ കോളനികളിലെ മുസ്ലീങ്ങളെ മതവികാരത്താല്‍ ഭൂതാവിഷ്ടരാക്കി അവരുടെ സാമ്രാജ്യനേതൃത്വത്തിന് എതിരാക്കിനിര്‍ത്തുന്ന അജണ്ട അദ്ദേഹം കൈസറുടെ മുന്നില്‍ വയ്ക്കുന്നു. കൈസര്‍ തുര്‍ക്കിയിലെത്തി ഖലീഫയെ സന്ദര്‍ശിക്കുകയും ലോകമുസ്‌ലീങ്ങള്‍ ഖലീഫയുടെ കീഴില്‍ ഒന്നിക്കണമെന്ന തീവ്രചിന്തകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ജര്‍മ്മനി ആഗോള മുസ്‌ലിം സമൂഹത്തിന് ഒപ്പമുണ്ടാകുമെന്ന് ഉറപ്പും നല്‍കി.
ജര്‍മ്മന്‍ ഉദ്യോഗസ്ഥര്‍ തുര്‍ക്കിയില്‍ തീവ്രമതവികാരം ഉണ്ടാക്കുന്ന വിധം പ്രചാരണങ്ങള്‍ നടത്തി. മുസ്ലീങ്ങളുടെ വേഷഭൂഷാദികള്‍ ധരിച്ചാണ് ഇതൊക്കെ. അര്‍മീനിയന്‍ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കെതിരെ നീക്കം നടത്താന്‍ ഓട്ടോമന്‍ തുര്‍ക്കിയെ പ്രേരിപ്പിച്ചു. പതിനഞ്ച് ലക്ഷം മനുഷ്യജീവനുകളാണ് ഇല്ലായ്മ ചെയ്യപ്പെട്ടത്.