ഇത് രണ്ടാമത്തെ വര്‍ഷമാണ് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാം നവരാത്രി മഹോത്സവം ആഘോഷിക്കേണ്ടി വരുന്നത്. മൊത്തം ഭാരതത്തിലെ നാല്പ്പതിനായിരം കോവിഡ് രോഗികളില്‍ മുപ്പതിനായിരവും കേരളത്തിലാണ് എന്നത് ആശങ്കയുളവാക്കുന്നു. സ്ത്രീ സമത്വവും സ്ത്രീ ശാക്തീകരണവും മുദ്രാവാക്യമായി സ്വീകരിച്ച കേരളത്തില്‍ കോവിഡ് മൂലമുണ്ടാകുന്ന ദുരിതങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് സ്ത്രീകളെയും കുട്ടികളെയുമാണെന്നു കാണാം. അതിനും പുറമെയാണ് ഈ അടുത്ത കാലത്ത് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടിവരുന്ന ക്രൂരതകള്‍. ഒമ്പത് ദിവസവും സ്ത്രീജന്മത്തെ ദേവീഭാവത്തില്‍ ആരാധിക്കുന്ന നവരാത്രി ആഘോഷ വേളയില്‍ സ്ത്രീകളോടുള്ള വര്‍ദ്ധിച്ചുവരുന്ന ക്രൂരതകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്. സ്വര്‍ഗ്ഗലോകത്തെ പോലും വെല്ലുവിളിച്ച, ബ്രഹ്മാവിന്റെ തന്നെ വരം ലഭിച്ച, അധര്‍മ്മിയായ മഹിഷാസുരനെ വധിച്ച ദുര്‍ഗ്ഗാദേവിയുടെ കഥയാണ് നവരാത്രിയുടെ ഐതിഹ്യം. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും മഹേശ്വരിയുടെയും ചൈതന്യം ഒരുമിപ്പിച്ചാണ് ദേവി ദുര്‍ഗ്ഗയുടെ സൃഷ്ടി നടക്കുന്നത്. അധര്‍മ്മത്തിനെതിരെ ധര്‍മ്മം വിജയിക്കാന്‍ ദേവീഭാവത്തില്‍ അങ്ങിനെ ഒരു അവതാരം ആവശ്യമായി തീര്‍ന്നു.
സ്ത്രീ സുരക്ഷയും സ്ത്രീ ശാക്തീകരണവും
സ്ത്രീ സമത്വം സ്ത്രീസുരക്ഷ സ്ത്രീ ശാക്തീകരണം എന്നിവ ഭാരതത്തെ സംബന്ധിച്ചിടത്തോളം ചിരപുരാതനവും നിത്യനൂതനവുമായ വിഷയങ്ങളാണ്. സ്ത്രീയെ മാതാവായും മഹാദേവിയായും പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ദേവീ മാഹാത്മ്യമായാലും മറ്റ് നിരവധി ഗ്രന്ഥങ്ങളായാലും സ്ത്രീയുടെ മഹത്വം വെളിവാക്കുന്നു. നവരാത്രി ആഘോഷങ്ങളില്‍ മഹാദേവിയുടെ വിവിധഭാവങ്ങളാണ് നാം ഒമ്പത് ദിവസങ്ങളിലായി ആഘോഷിക്കുന്നത്. ഒന്നാമത്തെ ദിവസം ശൈലപുത്രിയായും, രണ്ടാമത്തെ ദിവസം ബ്രഹ്മചാരിണിയായും, മൂന്നാം നാള്‍ ചന്ദ്രഗന്ധയായും നാലാം നാള്‍ കൂശ്മാണ്ഡയായും, അഞ്ചാം ദിവസം സ്‌കന്ദമാതയായും ആറാം ദിവസം കാത്യായനിയായും ഏഴാം ദിവസം കാളരാത്രിയായും അഷ്ടമി ദിവസം മഹാഗൗരിയായും നവരാത്രി ദിവസം സിദ്ധിധാത്രിയായും ദേവിയെ പൂജിച്ച് ആരാധിക്കുന്നു.
ഭാരതത്തില്‍ സ്ത്രീ വിവിധ ഭാവത്തില്‍ ആരാധിക്കപ്പെടുന്നു. കാരണം സ്ത്രീകള്‍ പൂജിക്കപ്പെടുന്ന ഇടത്ത് മാത്രമാണ് സന്തോഷവും ഐശ്വര്യവും ഉണ്ടാവുകയുള്ളു എന്നാണ് വിശ്വാസം. അത് കാരണം സ്ത്രീ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും ഭാരതത്തില്‍ പൂജിക്കപ്പെടുന്നു. അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവുമാണ് സാമൂഹിക സുരക്ഷാപദ്ധതികളിലൂടെ മോദിസര്‍ക്കാര്‍ നടപ്പിലാക്കിയത്. അടുക്കളയിലെ കരിപുരണ്ട ജീവിതങ്ങളെ വികസനത്തിന്റെ വെള്ളിവെളിച്ചത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ബോധപൂര്‍വമായ നടപടികളാണ് സീറോ ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ട് മുതല്‍ ആത്മനിര്‍ഭര്‍ പദ്ധതി വരെ നമുക്ക് കാണാന്‍ സാധിക്കുന്നത്. ബഹുമുഖ പ്രതിഭകളുടെ ഉടമകളായ സ്ത്രീ സമൂഹത്തെ അവരുടെ കഴിവുകള്‍ക്കനുസൃതമായി വികസനത്തിന്റെ അനന്ത വിഹായസ്സിലേയ്ക്ക് ഉയര്‍ത്തുക എന്നതാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രധാനമന്ത്രി മുദ്രായോജനയും പ്രധാനമന്ത്രി ഉജ്വല്‍ യോജനയും സ്ത്രീകളുടെ ഗാര്‍ഹിക ക്ഷേമം ഉദ്ദേശിച്ചുള്ള സാമൂഹ്യസുരക്ഷാ പദ്ധതികളില്‍ പെടുന്നു. പെണ്‍കുട്ടികളുടെ പഠനത്തിനു സഹായകമാകുന്ന ബേഠി പഠാവോ ബേഠി ബഢാവോ പദ്ധതിയും പ്രധാനമന്ത്രി സുകന്യാ സമൃദ്ധി യോജനയും മറ്റനേകം സ്‌കോളര്‍ഷിപ്പുകളും പെണ്‍കുട്ടികള്‍ക്ക് സുരക്ഷയും പഠന സഹായവും ഉറപ്പ് നല്‍കുന്നു. കര്‍ഷകകുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് കാര്‍ഷിക വിപണന സാധ്യത ഉറപ്പു വരുത്തുന്ന മഹിളാ ഇ-ഹാത് പദ്ധതിയും അഭ്യസ്തവിദ്യരായ കര്‍ഷക കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് കാര്‍ഷിക വ്യവസായത്തിലും അഗ്രി എന്‍ട്രപ്രണര്‍ഷിപ്പിനും പ്രാവീണ്യം വര്‍ദ്ധിപ്പിക്കാനുദ്ദേശിച്ചുള്ള പദ്ധതിയും ശ്രദ്ധേയമാണ്.
ഭാരതത്തിന്റെ സ്ത്രീരത്‌നങ്ങള്‍
ത്രിമൂര്‍ത്തികളായ ബ്രഹ്മാ വിഷ്ണു മഹേശ്വര്‍ന്മാര്‍ക്ക് ഇണപിരിയാനാവാത്ത കൂട്ടാണ് വിദ്യയുടെ അവതാരമായ സരസ്വതിയും സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയും ശക്തിസ്വരൂപിണിയായ ശ്രീപാര്‍വ്വതിയും. ജനകന്റെ പണ്ഡിത സദസ്സില്‍ ബ്രഹ്മജ്ഞാനിയായ യാജ്ഞവല്‍ക്ക്യനുമായി താത്വിക വാഗ്വാദത്തില്‍ ഏര്‍പ്പെടാന്‍ ധൈര്യം കാണിച്ച ഗാര്‍ഗിയും, മൈത്രേയിയും സ്ത്രീ സങ്കല്പത്തിനു തന്നെ സ്വര്‍ണത്തിളക്കം സമ്മാനിക്കുന്നു. നിരവധി പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശവിധേയയാകുന്ന മൈത്രേയി പണ്ഡിതയും കുലീനയും പരിണിത പ്രജ്ഞയുമായ വനിതാരത്‌നമായാണ് അറിയപ്പെടുന്നത്. സ്വന്തം ഭര്‍ത്താക്കന്മാര്‍ക്ക് ഗുരുവായി തീര്‍ന്ന ത്രിപുരരഹസ്യത്തില്‍ പരാമര്‍ശിക്കുന്ന ഹേമലേഖയും യോഗവാസിഷ്ഠത്തില്‍ പരാമര്‍ശിക്കുന്ന ശിഖിധ്വജ എന്ന രാജാവിന്റെ പത്‌നിയായ ചൂഢാലയും നമ്മുടെ ഗുരുപരമ്പരയുടെ കണ്ണികളാണ്. ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രിയപത്‌നി ശാരദാദേവി അറിവിന്റെയും ഭര്‍തൃസ്‌നേഹത്തിന്റേയും ദേവരൂപമായാണ് കണക്കാക്കപ്പെടുന്നത്. ശ്രീശങ്കരനുമായി താത്വിക സംവാദത്തിലേര്‍പ്പെട്ട മണ്ഡനമിശ്രന്റെ പത്‌നി ഉഭയഭാരതി മാറ്റുരക്കാനാവാത്ത പാണ്ഡിത്യത്തിന്റെ നിറകുടമായിരുന്നു. തമിഴ് സാഹിത്യത്തെ സംപുഷ്ടമാക്കുന്നതില്‍ അവ്വയാറിന്റെയും ആണ്ടാളിന്റെയുംപങ്ക് ഇവിടെ പ്രത്യേകം പരാമര്‍ശിക്കാവുന്നതാണ്. കൃഷ്ണഭക്തയായ മീരാഭായിയും അരവിന്ദ മഹര്‍ഷിക്ക് ഒപ്പം നിന്ന, അമ്മ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന, മിറാ അല്ഫാസ്സ എന്ന ജര്‍മ്മന്‍ വനിതയും, കന്നഡ സാഹിത്യത്തിന് സ്വര്‍ണസുഗന്ധം ചാര്‍ത്തിയ അക്കാമഹാദേവിയും വൈജ്ഞാനികരംഗത്തെ നമ്മുടെ മഹിതമായ സ്ത്രീസാന്നിധ്യം വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്ക് ഓരോ പ്രാവശ്യം പ്രധാനമന്ത്രിയും പ്രസിഡണ്ടുമാകാന്‍ ഭാഗ്യം സിദ്ധിച്ച നാടാണ് നമ്മുടേത്. ഒരു മറാത്ത വനിത ആദ്യമായി ഭാരതത്തിന്റെ പ്രഥമ വനിതയായി എന്നത് ഏറെ അഭിമാനം തരുന്ന കാര്യമായാണ് വിലയിരുത്തപ്പെട്ടത്. ഒരിക്കല്‍ പോലും ഒരു വനിത ഭാരതത്തിന്റെ ചീഫ് ജസ്റ്റിസ് പദം അലങ്കരിച്ചില്ല എന്ന കെ.കെ.വേണുഗോപാലിന്റെ പരാമര്‍ശം പ്രാധാന്യമര്‍ഹിക്കുന്നു. ബിസിനസ്സ് രംഗത്തും സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമാണ് എച്ച്.സി.എല്‍ ടെക്‌നോളജിയുടെ ചെയര്‍ പേഴ്‌സനായ രശ്മിനാടാര്‍ മല്‍ഹോത്രയാണ് 2020 ലെ ഏറ്റവും ധനികയായ ഇന്ത്യന്‍ ബിസിനസ്സ് വനിത, ബയോകോണിന്റെ കിരണ്‍ മജുംദാര്‍ രണ്ടാമത്തെയും യുഎസ്.വി.ഫാര്‍മസ്യൂട്ടിക്കലിന്റെ ചെയര്‍ പേഴ്‌സന്‍ ലീലാ ഗാന്ധി തിവാരി മൂന്നാമത്തെയും സ്ഥാനം കരസ്ഥമാക്കിയതും കോവിഡ് കാലത്താണ്. ബിസിനസ്സ് രംഗത്ത് ശ്രീറാം ഇന്‍വെസ്റ്റിലെ അഖില ശ്രീനിവാസനും ഐസിഐസിഐയിലെ ചന്ദാ കോച്ചാറും ബാലാജി ടെലിഫിലിംസിലെ ഏകതാ കപൂറും ലിജ്ജത് പപ്പടത്തിന്റെ ജ്യോതി നായ്ക്കും ബയോക്കൊണിലെ കിരണ്‍ മജുംദാറും എച്ച്.എസ്.ബി.സിയിലെ നൈനാ ലാല്‍ കിദ്വായിയും അപ്പോളൊ ഹോസ്പിറ്റലിലെ പ്രീതാ റെഡ്ഡിയും എപിജെ പാര്‍ക്ക് ഹോട്ടലിലെ പ്രിയാ പോളും മിക്കപ്പോഴും മുന്‍ നിരയിലായിരുന്നു
ഭാരതീയ ഗുരുശിഷ്യബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തില്‍ സല്‍മ ഖുറേഷി എന്ന മുസ്ലീം പെണ്‍കുട്ടിക്ക് പി.എച്ച്.ഡി ലഭിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റിയ ഒരു സംഭവമായിരുന്നു. സൗരാഷ്ട്ര സര്‍വകലാശാലയില്‍ നിന്നും ബിരുദവും ഭാവ് നഗര്‍ സര്‍വകലാശാലയില്‍ നിന്നും സ്വര്‍ണമെഡലോടെ എം.എയും നേടിയ ഈ പെണ്‍കുട്ടി ചെറുപ്പം മുതലെ സംസ്‌കൃതം പഠിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയമായ സാന്നിധ്യം ഉറപ്പാക്കിയ കമലാഹാരിസിന്റ ഈ കോവിഡ് കാലത്തെ വൈസ് പ്രസിഡന്റ് പദത്തിലേയ്ക്കുള്ള പ്രയാണം ഭാരത സ്ത്രീകള്‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒരു സംഭവമാണ്. കാലിഫോര്‍ണിയയില്‍ നിന്നും അമേരിക്കന്‍ സെനറ്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസ് മുത്തച്ഛന്‍ പി.വി.ഗോപാലന്റെയും മുത്തശ്ശി രാജം ഗോപാലന്റെയും കൊച്ചുമകളും ഡൊണാള്‍ഡ് ഹാരിസിന്റെയും ശ്യാമള ഗോപാലന്‍ ഹാരിസിന്റെയും മകളുമാണ്.
സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീ സാന്നിദ്ധ്യം
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വര്‍ഷം, പ്രസ്തുത സമരത്തിന്റെ തീജ്വാലയില്‍ ജീവിതം ഹോമിച്ച നിരവധി ധീരവനിതകള്‍ നമ്മുടെ സ്മൃതി പഥത്തില്‍ പൊങ്ങിവരുന്നു. കേണല്‍ മാല്‍ക്കത്തെ ഒളിയുദ്ധത്തില്‍ മുട്ടുകുത്തിച്ച ഭീമാഭായ് ഹോള്‍ക്കര്‍ സ്വാതന്ത്ര്യസമരത്തിലെ തിളങ്ങുന്ന നക്ഷത്രമാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ മൂന്ന് പതിറ്റാണ്ട് മുമ്പ് തന്നെ സമരവീര്യം തെളിയിച്ച വനിതകളായിരുന്നു റാണി ചന്നമ്മയും റാണി ഹസറത്ത മഹല്‍ ബീഗവും. സ്വാതന്ത്ര്യസമരത്തിലെ സുവര്‍ണ നക്ഷത്രമായിരുന്നു ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ്. രാഷ്ട്രപ്രേമത്തിന്റെ ജ്വലിക്കുന്ന മാതൃകയായി മാറി ഈ വനിതാരത്‌നം. ഒരു കൊച്ചു നാട്ടുരാജ്യത്തിന്റെ റാണിയാണെങ്കിലും സ്വാതന്ത്ര്യ പ്രേമത്തിന്റെ ഒരു വലിയ സാമ്രാജ്യമാണ് അവര്‍ ഭാരതത്തില്‍ കെട്ടിപ്പടുത്തത്. ഗാന്ധിജിയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന നിരവധി വനിതാ നേതാക്കള്‍ സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ഉദയ0 ചെയ്യുകയുണ്ടായി. അവരില്‍ പ്രമുഖരായിരുന്നു കസ്തൂര്‍ബ ഗാന്ധി, സരളാ ദേവി, മുത്തുലക്ഷ്മി റെഡ്ഡി, സുശീല നായര്‍, രാജകുമാരി അമൃത് കൗര്‍, സുചേത കൃപലാനി, അന്ന ആസഫലി തുടങ്ങിയവര്‍. എന്നാല്‍ വിഭജനത്തിന്റെ ദുരന്തങ്ങളും സ്വാതന്ത്ര്യ സമരങ്ങളുടെ മറവില്‍ നടന്ന മാപ്പിള ലഹള പോലുള്ള അക്രമണങ്ങളിലും ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവന്നതും സ്ത്രീകളാണെന്നതാണ് സത്യം.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികളെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ സാധിച്ചുവെന്നതാണ് പതിനേഴാം ലോകസഭയുടെ പ്രത്യേകത. മൊത്തം എഴുപത്തിയെട്ടു പേര്‍. ഇതില്‍ മുപ്പത്തിനാലു പേര്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ടിക്കറ്റില്‍ വിജയിച്ചു വന്നു എന്നത് എടുത്തു പറയാവുന്ന നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷത്തില്‍ ആദ്യമായാണ് പതിനൊന്നു വനിതാ മന്തിമാര്‍ക്ക് അവസരം നല്‍കി മോദി സര്‍ക്കാര്‍ ചരിത്രത്തില്‍ ഇടം പിടിച്ചത്. എഴുപത്തിയെട്ടു മന്ത്രിമാരില്‍ പതിനൊന്നു വനിതാ മന്ത്രിമാര്‍ എന്നത് സ്ത്രീശക്തിക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കെല്പ്പുള്ള നിര്‍മ്മലാ സീതാരാമന്‍ എന്ന കഴിവുള്ള ധനമന്ത്രിയുടെ പ്രകടനം മന്ത്രിസഭയ്ക്ക് മാതൃകയായിട്ടുണ്ടാകാം. മഹാമാരിയുടെ തുടക്കത്തില്‍ 24 ശതമാനത്തോളം ഇടിഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കിനെ അതി സൂക്ഷ്മതയോടെ രണ്ടു വര്‍ഷം കൊണ്ട് 22 ശതമാനത്തിന്റെ കുതിപ്പിലെത്തിക്കാന്‍ ഈ വനിതാ ധനമന്ത്രിക്ക് സാധിച്ചുവെന്നത് ഏറെ ശ്ലാഘനീയമാണ്. ഉത്പാദനത്തിലും, കയറ്റുമതിയിലും, വിദേശനിക്ഷേപത്തിലും ജിഎസ്ടി അടക്കമുള്ള ആഭ്യന്തര വരുമാനത്തിലും വര്‍ദ്ധനവുണ്ടായി. ഓഹരി വിപണി സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചത് ഈ മഹാമാരിയുടെ താണ്ഡവ കാലത്താണ് എന്നതും ഓര്‍മ്മിക്കാവുന്നതാണ്. സ്മൃതി ഇറാനിയുടെ പ്രവര്‍ത്തനവും മികവുറ്റതായിരുന്നു.
കോവിഡ് കാലത്തെ പെണ്‍കരുത്ത്
എയര്‍ ഇന്ത്യയുടെ വിമാനം സാന്‍ഫ്രാന്‍സിസ്‌കോവില്‍ നിന്നും ബംഗളൂരു വരെ പതിനേഴ് മണിക്കൂര്‍ നിര്‍ത്താതെ പറത്തി പെണ്‍കരുത്തിന്റെ മികവ് തെളിയിച്ചതും ഈ കോവിഡ് കാലത്തായിരുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിമാന സഞ്ചാരം നിയന്ത്രിച്ചവരില്‍ എല്ലാവരും വനിതകളായിരുന്നു. ഈ കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവരിലും മെഡല്‍ കരസ്ഥമാക്കിയവരിലും മിടുക്കികളായ പെണ്‍കുട്ടികള്‍ ഭാരതത്തിന്റെ അഭിമാനമായി മാറി. നാല്പ്പത്തൊമ്പത് ശതമാനം പെണ്‍കുട്ടികള്‍ പങ്കെടുത്ത ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നിരയിലും മിടുക്കികളായിരുന്നു മുന്നില്‍. രണ്ടായിരത്തിലെ സിഡ്‌നി ഒളിമ്പിക്‌സ് മുതല്‍ 15 മെഡലുകളാണ് ഒളിമ്പിക്‌സില്‍ ഭാരതത്തിന് നേടാനായത്. അതില്‍ ഏഴ് മെഡലുകളും നേടിയത് പെണ്‍ കരുത്തിലായിരുന്നു. മല്ലം കര്‍ണേശ്വരിയും മീരാബായ് ചാനുവും പി.വി.സിന്ധുവും സൈന നേഹ്‌വാളും സാക്ഷി മാലിക്കും ഇവരില്‍ ഉള്‍പ്പെടുന്നു. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ലഭിച്ചത് ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാല് വെങ്കലവുമാണ്. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ ആ പഴയ ആറില്‍ നിന്നു ഭാരതം മെഡല്‍ നില ഏഴായി മെച്ചപ്പെടുത്തിയെന്നത് നേട്ടം തന്നെ. ഈ നേട്ടത്തിന് പിന്നിലെ സ്ത്രീശക്തി ഈ കോവിഡ് കാലത്ത് അഭിനന്ദനമര്‍ഹിക്കുന്നു. സ്‌പോര്‍ട്‌സ് രംഗത്ത് പൊതുവെ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ ഒട്ടും പതറാതെ നേരിട്ടു കൊണ്ടാണ് ഈ വിജയമെന്നത് വിജയത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.
ആരാധനക്കപ്പുറത്ത് സ്ത്രീകളുടെ വ്യത്യസ്തമായ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് അര്‍ഹമായ അവസരങ്ങളും അംഗീകാരവും നല്‍കുകയാണ് നാം ചെയ്യേണ്ടത്. ഈ കോവിഡ് കാലത്തും കേന്ദ്ര സര്‍ക്കാര്‍ സ്ത്രീ സുരക്ഷ ഉറപ്പുവരുത്തി സ്ത്രീ സൗഹൃദവും സുതാര്യവുമായ ഒരു ഭരണം കാഴ്ചവെക്കുന്നു എന്നതില്‍ നമുക്ക് ആശ്വസിക്കാം. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ചരിത്രപരമായ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന്റെ നടപടി സുപ്രീം കോടതിയുടെ കൂടി പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. മൂന്നു സേനാ വിഭാഗങ്ങളിലേക്കുമുള്ളവര്‍ക്ക് പരിശീലനം നല്‍കുന്ന് സ്ഥാപനമാണ് എന്‍ഡിഎ. ഇങ്ങേയറ്റത്ത് ഈ കൊച്ചു കേരളത്തിലുംഏക സൈനിക സ്‌ക്കൂളായ കഴക്കൂട്ടം സൈനിക സ്‌കൂളിലും ആദ്യമായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതും സ്ത്രീകളെ വിവിധ ഭാവങ്ങളില്‍ ആരാധിക്കുന്ന നവരാത്രികളുടെ നാളുകളിലാവുന്നത് ആകസ്മികമാകാം.
(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും കേരളസര്‍വകലാശാല മുന്‍ ഫിനാന്‍സ് ഓഫീസറുമാണ് ലേഖകന്‍)