സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം അമൃ തോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി കേസരി വാരികയുടെ ആഭിമുഖ്യത്തില്‍ കന്യാകുമാരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് നടത്തിയ അക്ഷര രഥയാത്ര സാക്ഷര കേരളത്തിന് പുതിയ ഒരു ദിശാബോധം പകര്‍ന്നു നല്‍കുന്നതായിരുന്നു. 1947 ആഗസ്റ്റ് 15-ന് ദീര്‍ഘകാലത്തെ വിദേശ അടിമത്തത്തില്‍ നിന്ന് ഭാരതം സ്വതന്ത്രയാകുമ്പോള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ഉഴിഞ്ഞുവെച്ച് പ്രവര്‍ത്തിച്ചവരുടെ മുന്നില്‍ ഒരു വലിയ സ്വപ്‌നമുണ്ടായിരുന്നു. വിഭജനത്തിന്റെ ദുരന്തപൂര്‍ണ്ണമായ നാളുകളിലൂടെ കടന്നുപോകേണ്ടിവന്നെങ്കിലും നമ്മുടെ മാതൃഭൂമിയെ വികസനത്തിന്റെയും ആത്മീയതയുടെയും പന്ഥാവിലൂടെ നയിച്ച് ലോകത്തിന് വെളിച്ചമേകാന്‍ പ്രാപ്തയാക്കുക എന്നതായിരുന്നു ആ സ്വപ്‌നം. വിജയപരാജയങ്ങളുടെ പല ഘട്ടങ്ങളിലൂടെ കടന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ആ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കപ്പെടുന്നത്. 1956 നവംബര്‍ 1ന് നിലവില്‍ വന്ന ഐക്യകേരളത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികള്‍ക്കും നമ്മുടെ കൊച്ചു സംസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് മനോഹരമായ ഒരു സ്വപ്‌നമുണ്ടായിരുന്നു. എല്ലാംകൊണ്ടും കേരളത്തെ മുന്‍നിരയിലെത്തിക്കാനുള്ള അവരുടെ ആഗ്രഹം സാദ്ധ്യമായില്ല എന്നുമാത്രമല്ല കേരളം പലപ്പോഴും നേരെ വിപരീത ദിശയിലേക്ക് നീങ്ങുന്ന ഒരു കാഴ്ചയും നമുക്കു കാണേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ നവോത്ഥാന നായകര്‍ മുന്നോട്ടുവെച്ച സാംസ്‌കാരിക മൂല്യങ്ങളില്‍ അടിയുറച്ചു നിന്നുകൊണ്ട് കേരളം മുന്നോട്ടു പോകണമെന്ന കേസരിയുടെ സന്ദേശത്തിന് വളരെയധികം പ്രസക്തിയുണ്ട്.
കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ പുതിയ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 2020 ഡിസംബര്‍ 29-ന് കോഴിക്കോട്ടെ കേസരി മാധ്യമ പഠനഗവേഷണ കേന്ദ്രം ആര്‍. എസ്.എസ്. സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്തത്. കേസരിഭവന്റെ പൂമുഖത്ത് ഈ നവരാത്രിക്കാലത്ത് സ്ഥാപിക്കുന്നതിനുള്ള കൃഷ്ണശിലാനിര്‍മ്മിതമായ ഹംസവാഹിനി സരസ്വതീദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള അക്ഷര രഥയാത്രയാണ് 108 സാംസ്‌കാരിക കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ഒക്‌ടോബര്‍ 3ന് കോഴിക്കോട്ട് പര്യവസാനിച്ചത്. ഇതോടൊപ്പം കേസരിയുടെ ഗവേഷണ ഗ്രന്ഥാലയത്തിലേക്കുള്ള അനേകം പുസ്തകങ്ങളും പുസ്തകങ്ങള്‍ വാങ്ങുന്നതിനുള്ള അക്ഷരദക്ഷിണയും സമര്‍പ്പിക്കപ്പെട്ടു. നവരാത്രിക്കാലം കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിധേയമായി കേസരിയില്‍ ആഘോഷിക്കപ്പെട്ടുവരികയാണ്. ഇതിന്റെ ഭാഗമായി ഒന്‍പതു ദിവസവും ‘സര്‍ഗ്ഗസംവാദം’ എന്ന പേരില്‍ പ്രമുഖ വ്യക്തികളുടെ പ്രഭാഷണങ്ങളും ‘സര്‍ഗ്ഗോത്സവം – 21’ എന്ന പേരില്‍ വിവിധ കലാപരിപാടികളും നടന്നുവരുന്നു. വിജയദശമി നാളില്‍ സരസ്വതീ മണ്ഡപത്തില്‍ ആചാരവിശുദ്ധികള്‍ പാലിച്ചുകൊണ്ട് പ്രഗത്ഭരായ സാംസ്‌കാരിക നായകന്മാരുടെ നേതൃത്വത്തില്‍ ‘അക്ഷരദീക്ഷ’ എന്ന പേരില്‍ കുട്ടികളെ എഴുത്തിനിരുത്താനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാദേവതയെ പൂജിക്കുന്ന കേരളത്തിന്റെ സംസ്‌കാരത്തെ തകര്‍ക്കാനും എഴുത്തിനിരുത്തിനെ കച്ചവടവല്‍ക്കരിക്കാനും ചില നിക്ഷിപ്ത താല്പര്യക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്പുകൂടിയാണ് കേസരിയില്‍ നടക്കുന്ന അക്ഷരദീക്ഷ. മലയാളിയുടെ ആദ്ധ്യാത്മിക സംസ്‌കാരത്തെ വീണ്ടെടുക്കാന്‍ കേസരി നടത്തുന്ന ശ്രമങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ പിന്തുണയാണ് പൊതുസമൂഹത്തിന്റെ ഭാഗത്തുനിന്നു ലഭിക്കുന്നത് എന്നത് സന്തോഷകരമായ കാര്യമാണ്.
കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ ക്രിയാത്മകമായ പങ്കാണ് കേസരി വഹിച്ചുവരുന്നത്. 1951 നവംബര്‍ 27ന് ചെറിയ രൂപത്തില്‍ ആരംഭിച്ച കേസരിക്ക് തുടക്കത്തില്‍ തന്നെ ഏറ്റെടുക്കാന്‍ പോകുന്ന വലിയ ദൗത്യത്തെ കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു. ‘ഞങ്ങള്‍’ എന്ന ആദ്യമുഖപ്രസംഗത്തില്‍ തന്നെ ഇക്കാര്യം കേസരി വ്യക്തമാക്കി. ”സത്യത്തിനും നീതിക്കും വേണ്ടിയാണ് കേസരി നിലകൊള്ളുന്നത്. അസത്യവും അനീതിയും നിറഞ്ഞ ചുറ്റുപാടില്‍, സത്യവും നീതിയും എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഞങ്ങളുടെ ഉദ്ദേശ്യം. തെറ്റായ ധാരണകളും ആശയക്കുഴപ്പങ്ങളും നീക്കി വാസ്തവങ്ങളെ അവയുടെ ശരിയായ വെളിച്ചത്തില്‍ കാണിക്കുവാനാണ് ഞങ്ങളുടെ പരിശ്രമം.” വളര്‍ച്ചയുടെ ഏഴു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കുന്ന കേസരിയെ ഇന്നും മുന്നോട്ടു നയിക്കുന്നത് മേല്‍പ്പറഞ്ഞ വാക്കുകള്‍ തന്നെയാണ്. കേരളത്തിന്റെ സാമൂഹ്യ രംഗങ്ങളിലെ എല്ലാ അപചയങ്ങള്‍ക്കുമെതിരെ ആദ്യം മുന്നറിയിപ്പ് നല്‍കുന്നത് കേസരിയാണെന്ന് മാധ്യമചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും. മലയാളിയുടെ പരിസ്ഥിതി സംരക്ഷണ ബോധം ഉണരുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ നിളയുടെ ആസന്നമരണാവസ്ഥയെ കുറിച്ച് 1970-കളില്‍ ഒരു ഓണപ്പതിപ്പിലൂടെ കേസരി മുന്നറിയിപ്പ് നല്‍കുകയും നിളയുടെ പ്രാധാന്യം മലയാളികളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്തു. കേരളത്തെ ബാധിച്ച മതഭീകരവാദത്തെക്കുറിച്ചും സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും മയക്കുമരുന്ന് കടത്തിനെക്കുറിച്ചുമെല്ലാം കേസരി നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക രംഗത്തെ കേസരിയുടെ ദൗത്യനിര്‍വ്വഹണത്തിന്റെ തുടര്‍ച്ചയായാണ് മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിന്റെ സമാരംഭവും ഇപ്പോള്‍ കന്യാകുമാരിയില്‍ നിന്നുള്ള അക്ഷര രഥയാത്രയും നടന്നിട്ടുള്ളത്. കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കി ഇനിയും ഒട്ടനവധി കര്‍മ്മപദ്ധതികളുമായി മുന്നോട്ടുപോകാനാണ് കേസരി ഉദ്ദേശിക്കുന്നത്.
ഗോകര്‍ണ്ണത്തിനും കന്യാകുമാരിക്കുമിടയില്‍, സഹ്യപര്‍വ്വതത്തിനും സിന്ധുസാഗരത്തിനുമിടയില്‍ സ്ഥിതിചെയ്യുന്ന പരശുരാമക്ഷേത്രമായ കേരളത്തിന് സമ്പന്നമായ ഒരു സാംസ്‌കാരിക പൈതൃകമാണുള്ളത്. ഭാരതീയ സംസ്‌കാരത്തിന്റെ അവിഭാജ്യഭാഗമായി നിന്നും അതില്‍ നിന്ന് ജീവചൈതന്യത്തെ ആവാഹിച്ചും അതിനെ പോഷിപ്പിച്ചുമാണ് കേരളം എക്കാലവും നിലനിന്നിട്ടുള്ളത്. ഭാരതീയ ചിന്താധാരയുടെ അടിത്തറയില്‍ നിന്നുകൊണ്ടാണ് നവോത്ഥാന നായകരും കവികളും കലാകാരന്മാരുമെല്ലാം കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തെ സമ്പന്നമാക്കിയിട്ടുള്ളത്. പൊതുവെ ‘ഹൈന്ദവം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ സാംസ്‌കാരിക പാരമ്പര്യമാകട്ടെ ഭേദഭാവനകള്‍ക്കതീതമായി എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമാണ്. കേരളത്തെ ദേശീയ മുഖ്യധാരയില്‍ നിന്നടര്‍ത്തി മാറ്റാനും ഇവിടെ നിലനില്‍ക്കുന്ന സാംസ്‌കാരിക ബോധത്തെ ഇല്ലാതാക്കാനുമുള്ള ശ്രമങ്ങള്‍ പല ശക്തികളും നടത്തിവരുന്നുണ്ട്. രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും സാംസ്‌കാരിക നായകന്മാരുമെല്ലാം പലപ്പോഴും ഇവരുടെ കൈയിലെ കളിപ്പാവകളായി മാറാറുമുണ്ട്. സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍ ജനങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ അത് സാംസ്‌കാരിക സ്വാതന്ത്ര്യം കൂടി ഉള്‍പ്പെടുന്നതാകണം. ഭാരതീയ സംസ്‌കാരത്തില്‍ നിന്ന് അന്യമല്ലാത്ത കേരളത്തിന്റെ പൈതൃകത്തെയും സനാതനമൂല്യങ്ങളെയും വീണ്ടെടുത്ത് സംസ്‌കാരധിഷ്ഠിതമായ ഒരു ‘ഹൈന്ദവകേരളം’ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേസരി വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. കേരളത്തിന്റെ അകത്തും പുറത്തുമുള്ള ദേശസ്‌നേഹികളായ മലയാളികള്‍ സ്വപ്നം കാണുന്ന സ്വാശ്രയത്വത്തിലും സാംസ്‌കാരിക സ്വാഭിമാനത്തിലും ഉറച്ചുനില്‍ക്കുന്ന ഒരു കേരളത്തിന്റെ പുനഃസൃഷ്ടിക്കായി നമുക്ക് കൈകോര്‍ക്കാം. ഒന്നിച്ച്, ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറാം.