1921-ലെ മാപ്പിളക്കലാപത്തിന്റെ ഭാഗമായി നടന്ന ഹിന്ദു വംശഹത്യയില്‍ തുവ്വൂരിലെ കിണറില്‍ കഴുത്തറത്ത് തള്ളപ്പെട്ട രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് സപ്തംബര്‍ 25ന് ദേശവ്യാപകമായി നടന്ന പരിപാടികള്‍ കുഴിച്ചുമൂടപ്പെട്ട ഒരു ചരിത്ര യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടിയത്. തുവ്വൂര്‍ കിണറിന്റെ മാതൃകയില്‍ നിര്‍മ്മിച്ച സ്മാരകത്തില്‍ പൂമാല ചാര്‍ത്തിയും ദീപം തെളിയിച്ചും നടന്ന സ്മൃതിസന്ധ്യകള്‍ നൂറുവര്‍ഷം മുമ്പു നടന്ന പൈശാചികമായ കൂട്ടക്കുരുതിയുടെ ദുഃഖകരമായ ഓര്‍മ്മകള്‍ ചരിത്രത്തിന്റെ ഇരുളടഞ്ഞ അടരുകളില്‍ നിന്ന് വര്‍ത്തമാനകാലത്തിലേക്ക് ആവാഹിക്കുകയായിരുന്നു. നാടിനെ നടുക്കിയ ഓര്‍മ്മകള്‍ക്കും അവയുടെ വിവരണങ്ങള്‍ക്കും മുന്നില്‍ മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമാക്കാനും കര്‍ഷകലഹളയാക്കാനും തുനിഞ്ഞിറങ്ങിയ ചരിത്രവഞ്ചകരുടെ മുഖംമൂടിയാണ് അഴിഞ്ഞുവീണത്. 1921-ല്‍ മലബാറില്‍ നടന്നത് ഹിന്ദു വംശഹത്യയാണെന്നതിന് തുവ്വൂരിലെ കിണറിനേക്കാള്‍ വലിയൊരു തെളിവിന്റെ ആവശ്യമില്ല. അവിടെ കഴുത്തറത്ത് കിണറ്റില്‍ തള്ളപ്പെട്ടവരുടെ ദീനരോദനങ്ങള്‍ കേരളമുള്ളിടത്തോളം ഇവിടെ മുഴങ്ങിക്കൊണ്ടിരിക്കും. മലബാറില്‍ താലിബാന്‍ മാതൃക സൃഷ്ടിച്ചവരെ വെള്ളപൂശാനുള്ള ശ്രമം നടത്തുന്ന വിധ്വംസകശക്തികളെ പൈശാചികതയുടെ ഈ ചരിത്രം വേട്ടയാടാതിരിക്കില്ല.
മലപ്പുറം ജില്ലയിലെ തുവ്വൂരിനും കരുവാരക്കുണ്ടിനും ഇടയിലുള്ള മൊട്ടക്കുന്നിന്റെ ചരിവിലെ കിണറിലാണ് 1921 സപ്തംബര്‍ 25-ന് നാല്പതോളം ഹിന്ദുക്കളെ ചെമ്പ്രശ്ശേരി ഇമ്പിച്ചിക്കോയ തങ്ങളും നാലായിരത്തോളം അനുയായികളും ചേര്‍ന്ന് അരിഞ്ഞുതള്ളിയത്. ഇസ്ലാംമതം സ്വീകരിച്ച് കലാപകാരികള്‍ക്കൊപ്പം ചേരാന്‍ വിസമ്മതിച്ചു എന്നതായിരുന്നു അവര്‍ ചെയ്ത കുറ്റം. ഓരോരുത്തരെയായി കിണറ്റിന്‍ കരയിലേക്ക് കൊണ്ടുവന്ന് കഴുത്തറുത്ത് കിണറ്റിലേക്ക് തള്ളുകയായിരുന്നു. പലരും പാതി ജീവനോടെയാണ് എറിയപ്പെട്ടത്. അവരുടെ ഞരക്കങ്ങളും ദീനരോദനങ്ങളും മണിക്കൂറുകളോളം അവിടെ നിന്ന് മുഴങ്ങിയതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കഴുത്തറുത്തു കൊല്ലുന്ന ഇസ്ലാമിക് സ്റ്റേറ്റിന്റെയും താലിബാന്റെയും തനതു മാതൃക നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന സംഭവമാണ് തുവ്വൂരില്‍ നടന്നത്. നാഴികയ്ക്ക് നാല്പതുവട്ടം ‘ഇത് കേരളമാണ്, മതേതരത്വത്തിന്റെ പറുദീസയാണ്’ എന്നൊക്കെ വീമ്പിളിക്കുന്ന രാഷ്ട്രീയക്കാരും മാധ്യമങ്ങളും മലബാറില്‍ നടന്ന ഇത്തരം കൊടും ക്രൂരതകള്‍ക്കു നേരെ മനഃപൂര്‍വ്വം കണ്ണടക്കുകയാണ്. ഇരകളേക്കാള്‍ അവര്‍ക്കാവശ്യം വേട്ടക്കാരെയാണ്. അവരുടെ നാല് വോട്ടിനുവേണ്ടി ചരിത്ര വസ്തുതകളെ തമസ്‌കരിക്കാനും ദേശദ്രോഹികളെ വീരനായകരാക്കാനും ശ്രമിക്കുമ്പോള്‍ ഈ മണ്ണിലും താലിബാന്‍ മാനോഭാവമുള്ളവരുടെ കറുത്ത കൈകളെ ശക്തിപ്പെടുത്തുന്ന പ്രവൃത്തിയാണ് അവര്‍ ചെയ്യുന്നത്. യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങള്‍ മനസ്സിലാക്കേണ്ടതും പാഠങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതും നാട്ടില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്.
നൂറുവര്‍ഷം മുമ്പ് 1921 സപ്തംബര്‍ 21-ലെ ഒരു വാര്‍ത്ത ഹിന്ദു പത്രം ഈയിടെ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നു. മലബാറില്‍ മാപ്പിളമാര്‍ ഭ്രാന്തുപിടിച്ച് കാട്ടിക്കൂട്ടിയ മതപരിവര്‍ത്തനങ്ങളും കൊലപാതകങ്ങളും അനിസ്ലാമികമെന്നു പറഞ്ഞ് ബോംബെയിലെ മുസ്ലീങ്ങള്‍ തള്ളിക്കളഞ്ഞ ഒരു വാര്‍ത്തയായിരുന്നു അത്. മാപ്പിള കലാപത്തെ സ്വാതന്ത്ര്യസമരമാക്കാന്‍ അധരവ്യായാമം നടത്തുന്നവര്‍ ഇത്തരം വാര്‍ത്തകളും വായിക്കണം. ആ വര്‍ഷം ഡിസംബര്‍ 16ന് ബോംബെയില്‍ നിന്ന് അബ്ദുള്‍ ഘാനി അയച്ച കമ്പി സന്ദേശത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു. ”ഹസ്രത് മൗലാനാ അബ്ദുള്‍ ബാരിയും മൗലാനാ ആസാദ് സുബാനിയും തയ്യാറാക്കിയ സംയുക്ത പത്രികയില്‍ പറയുന്നത് ശരിയത്തിലെ അംഗീകൃത തത്വപ്രകാരം മതപ്രചരണവും നിര്‍ബ്ബന്ധിത മതപരിവര്‍ത്തനവും അനുവദനീയമല്ലെന്നും അതുകൊണ്ട് യാതൊരു ഫലവുമില്ലെന്നുമാണ്. ഒരാളെയും ബലപ്രയോഗത്തിലൂടെ ഇസ്ലാമിലേക്കു കൊണ്ടുവരാന്‍ കഴിയില്ല. ഇസ്ലാം സ്വീകരിക്കാനോ മതപരിവര്‍ത്തന ചടങ്ങുകള്‍ ചെയ്യാനോ നിര്‍ബ്ബന്ധിതമായി പ്രേരിപ്പിക്കപ്പെടുന്ന ഏതൊരാളും മനസ്സുകൊണ്ട് പൂര്‍വ്വമതത്തില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടും. അങ്ങനെയുള്ളവര്‍ ശരിയത്തിന്റെ കാഴ്ചപ്പാടിലെ മുസല്‍മാന്‍ ആയിരിക്കില്ല. ഈ തത്വത്തെ ആധാരമാക്കി ഹിന്ദുക്കളെ ഇസ്ലാംമതം സ്വീകരിക്കാന്‍ ബലപ്രയോഗം നടത്തുന്ന മാപ്പിളമാരുടെ വെറുപ്പുളവാക്കുന്ന പ്രവൃത്തികളെ കുറിച്ചുള്ള വാര്‍ത്തകളോടുള്ള പ്രതികരണം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സുവ്യക്തമായി ഞങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു-ഭ്രാന്തുപിടിച്ച ഇത്തരം മാപ്പിളമാര്‍ മതത്തിന്റെ പേരില്‍ ഹിന്ദു സഹോദരങ്ങളോട് കാട്ടുന്ന തെറ്റായ നടപടികള്‍ പരസ്യമായ ക്രൂരതയും അനിസ്ലാമികവുമാണ്. മതത്തിന്റെ പേരില്‍ ഇത്തരം ക്രൂരതകള്‍ക്ക് വിധേയരാക്കപ്പെട്ട ഹിന്ദു സഹോദരങ്ങളോട് ഞങ്ങളുടെ അകമഴിഞ്ഞ അനുകമ്പ ഞങ്ങള്‍ പ്രകടിപ്പിക്കുന്നു”.
1921-ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്നും മാപ്പിളമാരുടെ ഹാലിളക്കവും ഹിന്ദുക്കള്‍ക്കു നേരെ നടന്ന കൊടും ക്രൂരതയുമാണെന്നും തെളിയിക്കുന്ന മുസ്ലീം പക്ഷത്തുനിന്നുള്ള ഒരു ചരിത്രരേഖ തന്നെയാണ് മേലുദ്ധരിച്ച ‘ഹിന്ദു’ വാര്‍ത്ത. ഗാന്ധിജി, അംബേദ്കര്‍, ആനിബസന്റ് തുടങ്ങിയ ദേശീയ നേതാക്കളെല്ലാം മാപ്പിളലഹളയുടെ തനി സ്വഭാവം മനസ്സിലാക്കിയവരാണ്. അവരുടെ വാക്കുകളും അതിനു തെളിവാണ്. അക്കാലത്തെ ചരിത്രരേഖകളെ മറച്ചുവെച്ചുകൊണ്ട് മാപ്പിളമാര്‍ നടത്തിയ കൊടുംക്രൂരതകളെ വെള്ളപൂശാമെന്നു കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നു പറയേണ്ടിവരും. 1921 നെ വെളുപ്പിച്ചെടുക്കാന്‍ നിരവധി സംഘടനകള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കളിക്കുന്നത് തീകൊണ്ടുള്ള കളിയാണ്. ചരിത്രസത്യത്തെ അതിന്റെ ശരിയായ രൂപത്തില്‍ മനസ്സിലാക്കുകയും ക്രൂരത നടത്തിയവരെ അംഗീകരിക്കാതിരിക്കുകയും ബലിയാടുകളായിത്തീര്‍ന്ന പാവങ്ങളോട് അനുകമ്പ കാണിക്കുകയും ചെയ്യേണ്ടത് യഥാര്‍ത്ഥ മനുഷ്യരുടെ കടമയാണ്. വര്‍ഗ്ഗീയതയ്ക്കുപരി മനുഷ്യ സ്‌നേഹത്തിന്റെ മഹനീയ മാതൃകകള്‍ കേരളത്തിന്റെ മണ്ണില്‍ ഉയര്‍ന്നുവരാന്‍ അതു സഹായിക്കും. തുവ്വൂര്‍ കിണറിനെ ഒരു ചരിത്ര സ്മാരകമാക്കിക്കൊണ്ടു മാത്രമേ കേരളത്തിന് ചരിത്രത്തോട് നീതിപുലര്‍ത്താന്‍ കഴിയുകയുള്ളൂ.
Comments