കമ്മ്യൂണിസ്റ്റ്-ഇസ്ലാമിക ചരിത്രകാരന്മാര്‍ വേട്ടക്കാരനെ വിപ്ലവകാരിയാക്കുന്ന വികലചരിത്ര നിര്‍മ്മിതികളാല്‍ 1921ല്‍ ഹിന്ദുക്കളുടെ മേല്‍ ജിഹാദികള്‍ നടത്തിയ കൊടും ക്രൂരതകള്‍, ന്യായീകരിക്കുന്നതും യഥാര്‍ത്ഥ വസ്തുതകള്‍ കുഴിച്ചു മൂടുന്നതും ഇന്നും ആവര്‍ത്തിക്കുകയാണ്. അവിടെയാണ്, മടിയും ഭയവുമില്ലാതെ, വെറുപ്പും വിദ്വേഷവുമില്ലാതെ, മമതയും പക്ഷപാതവുമില്ലാതെ, രേഖപ്പെടുത്തിയിട്ടുള്ള ചരിത്ര വസ്തുതകളെ ശാസ്ത്രീയമായ സത്യാന്വേഷണ രീതികളിലൂടെ കണ്ടെത്തി ക്രോഡീകരിച്ച്, യുക്തിഭദ്രമായി വിലയിരുത്തി ഡോ. ഹരിശങ്കര്‍ നടത്തിയ സത്യസന്ധമായ ചരിത്ര രചന, ‘Beyond Rampage’, എന്ന പുസ്തകം വേറിട്ടു നില്‍ക്കുന്നത്. കാത്തിരുന്ന കാലത്തിനു മുമ്പിലേക്ക് ഹരിശങ്കര്‍ തുറന്നു കാട്ടുന്നത് വികല ചരിത്രനിര്‍മ്മിതികള്‍ അടിമുടി തിരുത്തിക്കുറിക്കുന്ന യഥാര്‍ത്ഥ വസ്തുതകളാണ്.
ചരിത്രത്തില്‍ ക്രോസ്സും ക്രസന്റും (കുരിശും ചന്ദ്രക്കലയും) പരസ്പരം വെട്ടിയരിഞ്ഞ് ലോകം പിടിച്ചെടുക്കാന്‍ പടയോട്ടങ്ങള്‍ പലതും നടത്തിയിട്ടുണ്ട്. അവസാനം ആരോടും പോരടിക്കാനോ എവിടെയെങ്കിലും വെട്ടിപ്പിടിക്കാനോ പോയിട്ടില്ലാത്ത ഭാരതീയരുടെ (ഹൈന്ദവരുടെ) കര്‍മ്മഭൂമിയായി അവരുടെ പോരിടം. പക്ഷേ ഇവിടം പൂര്‍ണ്ണമായും ബ്രിട്ടീഷ് കോളനിയായി മാറിക്കഴിഞ്ഞതോടെ കാലക്രമേണ ഇസ്ലാമിക പൊതുസമൂഹം പൊതുവെ ഇംഗ്ലീഷുകാരോട് അടുക്കുന്നതും കണ്ടു. അന്താരാഷ്ട്ര ഇസ്ലാമിക നേതൃത്വം അവകാശപ്പെട്ടിരുന്ന ഒട്ടോമന്‍ ഭരണകൂടം 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ മുസ്ലീങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി പോലും ചരിത്രം സൂചിപ്പിക്കുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വിവേകാനന്ദന്റെ പ്രഭാവത്താല്‍ ഭാരതീയ ദേശീയത ബാലഗംഗാധര തിലകന്റെയും അരവിന്ദ മഹര്‍ഷിയുടെയും വീര സാവര്‍ക്കറുടെയുമൊക്കെ സാന്നിദ്ധ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ വഴി തേടാന്‍ തുടങ്ങിയപ്പോള്‍ ഇസ്ലാമിക സമൂഹം 1905ല്‍ മുസ്ലീം ലീഗുണ്ടാക്കി ഇംഗ്ലീഷുകാര്‍ക്ക് അവസരവാദപരമായ പിന്തുണ നല്‍കി സ്വന്തം കാര്യം നേടുന്നതിനുള്ള വ്യഗ്രതയിലായിരുന്നു. ചുരുക്കത്തില്‍, ഒന്നാം ലോക മഹായുദ്ധം തുടങ്ങുന്നതിനു മുമ്പ് ബ്രിട്ടീഷുകാര്‍ പ്രതിനിധീകരിച്ച ക്രിസ്ത്യന്‍ സാമ്രാജ്യത്വ ശക്തികളും അവരുടെ കടന്നാക്രമണങ്ങള്‍ കഴിഞ്ഞ് ഇവിടെ ബാക്കിയായ മുസ്ലീം പക്ഷവും തന്ത്രപരമായ വെടി നിര്‍ത്തലിലായിരുന്നു. ഭാരതത്തിലെ തദ്ദേശീയരായ ഹൈന്ദവ ജനത മുന്നോട്ടുവെച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സാദ്ധ്യമായാല്‍ ഭൂരിപക്ഷഹിന്ദുവിന്റെ ഭരണമാകുന്നത് തങ്ങള്‍ക്ക് ദോഷമാകുമെന്ന ഭയം മുസ്ലീം സമൂഹത്തില്‍ ജനിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചു. തങ്ങളെ ബ്രിട്ടീഷ് ഭരണത്തിനുള്ളില്‍ ശരീയത്ത് നിയമപ്രകാരം ജീവിക്കാനനുവദിക്കുന്നതുകൊണ്ട് ഇവിടം ദാരുള്‍ ഹരാബല്ലെന്നും ദാരുള്‍ ഇസ്ലാമായി തന്നെ കണക്കാക്കാമെന്നും പല ഫത്വകളും പുറപ്പെടുവിച്ചിട്ടുണ്ടെന്നതും ഡോ.ഹരിശങ്കര്‍ പല രേഖകളും ചൂണ്ടിക്കാട്ടി സമര്‍ത്ഥിക്കുന്നു.
ലോകം പിടിച്ചടക്കാന്‍ ക്രിസ്ത്യന്‍ ശക്തികളും മുസ്ലീം ശക്തികളും പോരടിച്ചിരുന്നിടത്തേക്ക് രണ്ടുകൂട്ടരെയും തച്ചുടച്ച് കളം പിടിക്കാനുള്ള മോഹവുമായി കമ്മ്യൂണിസ്റ്റുകളും അവസരം തേടി. അവസരവാദവും അടവുകളും കുതന്ത്രങ്ങളും അടങ്ങുന്ന കമ്മ്യൂണിസ്റ്റ് രണതന്ത്രത്തില്‍ ലെനിനും സ്റ്റാലിനും അന്നൊരുക്കിയ കുതന്ത്രം മുസ്ലീം പക്ഷത്തെ ക്രിസ്ത്യന്‍ പക്ഷത്തിനെതിരെ പോരിനിറക്കുകയെന്നതായിരുന്നു. കൂട്ടുപിടിച്ച ഖിലാഫത്തുകാരുടെ എതിര്‍പക്ഷമായ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന ഭാരതത്തിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ഖിലാഫത്തിനൊപ്പം ചേര്‍ക്കാന്‍ കൂടിയാണ് എം.എന്‍. റോയിയെ മുന്‍നിര്‍ത്തി താഷ്‌കന്റ് കേന്ദ്രമാക്കി ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമിച്ചതെന്നതിന്റെ സൂചനകള്‍ ‘ബിയോണ്ട് റാമ്പേജിലെ’ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാവുന്നതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ കമ്മ്യൂണിസ്റ്റുകളുടെ ആദ്യ വിപ്ലവത്തിന്റെ സൃഷ്ടിയായ സോവിയറ്റ് യൂണിയനില്‍ ഇസ്ലാമിനു കൊടുത്ത വിപുലമായ വിശേഷാല്‍ പരിഗണനകള്‍ ഗ്രന്ഥകാരന്‍ വിശദമായി വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്നു. പക്ഷേ അത് ഇസ്ലാമിനെ ചതിച്ചില്ലാതാക്കാനും ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കാനുമുള്ള കമ്മ്യൂണിസ്റ്റ് ചതിയുടെ അവസരവാദപരമായ കുടില തന്ത്രമായിരുന്നുവെന്ന് വായിച്ചറിയുന്നതിന് ഇടവരുത്തുവാനുമുള്ള വസ്തുതകളും ഗ്രന്ഥകാരന്‍ നിരത്തിയിട്ടുണ്ട്. ആ കുതന്ത്രത്തിലൂടെയാണ് റഷ്യ 1921 മാര്‍ച്ച് 16ന് ഒപ്പിട്ട ആംഗ്ലോ സോവിയറ്റ് വാണിജ്യ കരാര്‍ (ദി ആംഗ്ലോ സോവിയറ്റ് ട്രേഡ് എഗ്രിെമന്റ് 1921) നേടിയെടുത്തതെന്നും അതിനു ശേഷമാണ് എം.എന്‍.റോയിയെ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലില്‍ നിന്ന് ചവിട്ടിപ്പുറത്താക്കുകയും ചതിച്ച് ബ്രിട്ടീഷ് പോലീസിന്റെ കയ്യിലെത്തിക്കുകയും ചെയ്തതെന്നും അബനി ചക്രവര്‍ത്തിയെ സ്റ്റാലിന്‍ ഭരണകൂടം വധശിക്ഷ ചെയ്തില്ലാക്കിയതെന്നും പഠിച്ചറിഞ്ഞിട്ടുള്ള പൊതു സമൂഹത്തിന്റെ ധാരണകള്‍ വ്യക്തവും നിഗമനങ്ങള്‍ യുക്തിഭദ്രവുമാക്കുന്നതിനുള്ള ശ്രദ്ധേയമായ പഠനങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ഗവേഷണ ഗ്രന്ഥം.
സ്വാതന്ത്ര്യസമരത്തെ ഖിലാഫത്തിനോട് കൂട്ടിക്കെട്ടിയ ചതി
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഖിലാഫത്ത് സമരത്തോട് കൂട്ടിക്കെട്ടിയതിന്റെ ചരിത്രപുനര്‍വായനയ്ക്ക് ഇട നല്‍കുന്നതാണ് ഡോ.ഹരിശങ്കര്‍ എടുത്തു കാട്ടുന്ന വസ്തുതകള്‍. 1918ല്‍ പണ്ഡിറ്റ് മദന മോഹന്‍ മാളവ്യ കോണ്‍ഗ്രസ്സ് പ്രസിഡന്റെന്ന നിലയില്‍, ഖിലാഫത്ത് പ്രസ്ഥാനത്തോട് യോജിക്കാന്‍ ചിത്തരഞ്ജന്‍ ദാസ് മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തെ തള്ളിക്കളഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. മുന്‍ കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ സര്‍ സി.ശങ്കരന്‍ നായര്‍ അതിനെ തുറന്നെതിര്‍ത്തു. ബാലഗംഗാധരതിലകനും അതിനോട് യോജിപ്പില്ലായിരുന്നു. ഇവിടെ വായനക്കാരന്‍ പ്രത്യേകം ഓര്‍ക്കേണ്ട ഒരു വസ്തുത അന്ന് ആ പ്രമേയം അവതരിപ്പിച്ച സി.ആര്‍. ദാസിനെ, സോവിയറ്റ് നാട്ടില്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന സംഘാടകനായിരുന്ന എം.എന്‍.റോയി, ഏറ്റവും വലിയ പ്രതീക്ഷയോടെയാണ് കണ്ടിരുന്നതെന്നതാണ്. 1921ലെ അഹമ്മദാബാദ് കോണ്‍ഗ്രസ്സ് സമ്മേളനത്തിനു മുമ്പ് സി.ആര്‍.ദാസിനെ ബ്രിട്ടീഷ് ഇന്ത്യന്‍ പോലീസ് അറസ്റ്റു ചെയ്ത് 1922 വരെ ജയില്‍ ശിക്ഷ നല്‍കി. ആ നടപടികള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് ബന്ധങ്ങളും കാരണമായിരുന്നുവെന്ന സൂചനകളുണ്ട്. ബ്രിട്ടീഷ് രഹസ്യ പോലീസ് സി.ആര്‍. ദാസിന് റോയിയുടെ പത്രലേഖനങ്ങള്‍ എത്തിക്കുന്ന ‘റോയിയുടെ ഏജന്റന്മാരെ’ കണ്ടെത്തിയതായും സി.ആര്‍. ദാസിന്റെ പ്രസംഗങ്ങളില്‍ ‘ദി വാംഗാര്‍ഡ്’, ‘ദി അഡ്വാന്‍സ്ഡ് ഗാര്‍ഡ്’, തുടങ്ങിയ കമ്മ്യൂണിസ്റ്റുപക്ഷ പ്രസിദ്ധീകരണങ്ങളിലെ ആശയങ്ങള്‍ നിറഞ്ഞു നിന്നതായും കണ്ടെത്തിയിരുന്നു. ഇവിടെ എം.എന്‍. റോയിയെയോ സി.ആര്‍. ദാസിനെയോ കുറ്റ വിചാരണ ചെയ്യേണ്ട കാര്യമില്ല. അവരെ ഭാരത സ്വാതന്ത്ര്യസമര ചരിത്രഘട്ടത്തിലെ വീരപുരുഷന്മാരായി കാണുക തന്നെ ചെയ്യുന്നതാകും ശരി. പക്ഷേ സോവിയറ്റ് കമ്മ്യൂണിസ്റ്റ് നേതൃത്വം റോയിയെ വഞ്ചിച്ച്, അദ്ദേഹത്തിലൂടെ സി.ആര്‍. ദാസിനെ പോലെയുള്ള നേതാക്കളെ സ്വാധീനിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചിരുന്നതിനെ കുറിച്ചാണ് പഠനങ്ങള്‍ ഉണ്ടാകേണ്ടത്.

1920 സപ്തംബറില്‍, ഖിലാഫത്തുകാര്‍, ഗാന്ധിജിയുടെ സഹായത്തോടെ കോണ്‍ഗ്രസ്സ് പിടിച്ചടക്കാന്‍ കല്‍ക്കട്ടയിലെത്തിച്ചേര്‍ന്നു'(In September, 1920, Khilaphatists, aided by Gandhi, descended in Kalkota to capture the Congress) എന്നാണ് ഡോ.ഹരിശങ്കര്‍ എടുത്ത് പറഞ്ഞിട്ടുള്ളത്. പ്രത്യേക ട്രെയിനുകളിലാണ് അവര്‍ പ്രതിനിധികളെ എത്തിച്ചത്. ഹിന്ദുക്കളുടെ മുമ്പില്‍ ശക്തിപ്രകടനം നടത്താന്‍ വേണ്ടി ഖിലാഫത്തുകാര്‍ കോണ്‍ഗ്രസ്സ് സമ്മേളനത്തിനു മുമ്പ് അവരുടെ സമ്മേളനവും നടത്തി. നിസ്സഹകരണ പ്രക്ഷോഭത്തിനായുള്ള പ്രമേയം കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മൂന്ന് ദിവസം സബ്ജക്ട് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. അവസാനം 132നെതിരെ 144 വോട്ടുകളോടെ, കേവലം 12 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രമേയം പാസ്സാക്കിയതെന്നും എടുത്ത് പറഞ്ഞിരിക്കുന്നു. അങ്ങനെ സംഭവിക്കാന്‍ കാരണം മുസ്ലീം പ്രതിനിധികളുടെ സംഖ്യാബലം മാത്രമായിരുന്നുവെന്നത് പ്രമേയത്തോടുണ്ടായിരുന്ന വിയോജിപ്പിന്റെ തോതറിയിക്കുന്നു. പ്രമേയത്തെ മുഹമ്മദാലി ജിന്ന പോലും എതിര്‍ത്തു. മുസ്ലീം പക്ഷത്തുനിന്ന് ഒറ്റപ്പെട്ട വിമതശബ്ദം ഉയര്‍ത്തിയ ജിന്നയെ ശാരീരികമായി നേരിടാന്‍ ചാടിയ ഷൗക്കത്തലിയെ മറ്റുള്ളവര്‍ ഇടപെട്ട് തടയുകയായിരുന്നു. ജിന്ന ഉള്‍പ്പടെയുള്ളവരിലൂടെ പൊതു അഭിപ്രായം എതിരായി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്സ് എതിര്‍ത്താലും ഖിലാഫത്തിനൊപ്പം താന്‍ മുന്നോട്ടു പോകുമെന്ന് ഗാന്ധി ഭീഷണി മുഴക്കിയതായും ഡോ. ഹരിശങ്കര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സെന്‍ട്രല്‍ ഖിലാഫത്ത് കമ്മറ്റിയുടെ മൊത്തം പരിപാടിയെയും സ്വീകരിക്കുവാന്‍ പ്രകടമായിരുന്ന മുസ്ലീം പ്രാമുഖ്യം കാരണം കോണ്‍ഗ്രസ്സ് നിര്‍ബന്ധിക്കപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഗാന്ധി ‘കോണ്‍ഗ്രസ്സിനെ മുസ്ലീങ്ങള്‍ക്ക് കൈമാറ്റം ചെയ്തുവെന്നാണ്’ ജോസഫ് ബാപ്റ്റിസ്റ്റ അഭിപ്രായപ്പെട്ടിട്ടുള്ളതെന്നും ഡോ.ഹരിശങ്കര്‍ സൂചിപ്പിക്കുന്നു.
അതിനിടയില്‍ തന്നെ, നിസ്സഹകരണ പ്രസ്ഥാനത്തിന് മതപരമായ സ്വഭാവം നല്‍കി ആവേശം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി സെന്‍ട്രല്‍ ഖിലാഫത്ത് കമ്മറ്റി, ഇന്ത്യന്‍ മുസ്ലീം മതപണ്ഡിതന്മാരുടെ ഒരു സഭ (Council of Indian Muslim Theologians) ജമിയത്ത്-അല്‍-ഉലാമാ-ഇ-ഹിന്ദ് എന്ന പേരില്‍ സംഘടിപ്പിച്ചു. ആ സഭ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷതയ്ക്ക് തടയിടാന്‍ വേണ്ടി അന്നുണ്ടായിരുന്ന ജനകീയ സഭകള്‍ക്ക് പകരം ഉലാമകളുടെ ഒരു കമ്മറ്റിക്ക് വ്യവസ്ഥ ചെയ്തു; ‘അവിശ്വാസികളുടെ’ കോടതികള്‍ക്ക് പകരം ശരീയത്ത് കോടതികള്‍ക്ക് പദ്ധതിയിട്ടു; സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കു പകരം ദാറുള്‍ അലമും ആരംഭിക്കാനുറച്ചു. 1920 സപ്തംബറില്‍ കല്‍ക്കട്ടയിലും ഡിസംബറില്‍ നാഗപ്പൂരിലും കോണ്‍ഗ്രസ്സ് സമ്മേളനങ്ങളില്‍ പ്രതിനിധികളെ ഇറക്കിയും ബഹളം വെച്ചും കോണ്‍ഗ്രസ്സിനെ ഖിലാഫത്തിന്റെ തൊഴുത്തില്‍ കെട്ടുന്നതിനിടയ്ക്ക് 1920 നവംബര്‍ 19 മുതല്‍ 21 വരെ ജമിയാത്ത് ദില്ലിയില്‍ സമ്മേളിച്ച് ‘മുത്താഫിക്കാ ഫത്വാ’ഇറക്കിയതും അതിനെ 120 പ്രമുഖ ഉലാമകള്‍ അംഗീകരിച്ചതും ഹരിശങ്കര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
‘ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുസ്ലീം പോരാളികള്‍ ടര്‍ക്കിഷ് മിലിട്ടറി യൂണിഫോമും ഇട്ട് അവരുടെ രീതികളില്‍ ഈജിപ്ഷ്യന്‍, ഐറീഷ് രീതികളും ഉള്‍പ്പെടുത്തിക്കൊണ്ട് ഭാരതത്തിലെ പ്രധാന നഗരങ്ങളില്‍ പരേഡുകള്‍ നടത്തി. ഖിലാഫത്തിലേക്കും നിസ്സഹകരണപ്രസ്ഥാനത്തിലേക്കും ആക്രമണത്തിന്റെ ആശയങ്ങളും തീവ്രവാദരീതികളും പടര്‍ന്നു പിടിക്കുമോയെന്ന ഭയം ഉയര്‍ന്നു.’ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളെ ഉദ്ധരിച്ചുകൊണ്ട് ഹരിശങ്കര്‍ രേഖപ്പെടുത്തിയിരിക്കുന്നു.
ചുരുക്കത്തില്‍, ഖിലാഫത്ത് പ്രസ്ഥാനത്തിന് സ്വാതന്ത്ര്യസമരവുമായി ഒരര്‍ത്ഥത്തിലും ബന്ധമില്ലായിരുന്നു. ഇംഗ്ലീഷ് പക്ഷം പരാജയപ്പെടുകയും ഖിലാഫത്ത് ആക്രമണങ്ങള്‍ വിജയിക്കുകയും ചെയ്തിരുന്നെങ്കില്‍ ഭാരതം വീണ്ടും ഇസ്ലാമിക അധിനിവേശ ശക്തികളുടെ ഭരണത്തിലാകുമായിരുന്നു. ഗാന്ധിയന്‍ മാര്‍ഗം സഹനസമരവും അഹിംസയും സത്യഗ്രഹവുമായിരുന്നെങ്കില്‍ മതവെറിയും കൊലപാതകങ്ങളും ആക്രമങ്ങളുമായിരുന്നു ഖിലാഫത്ത് പക്ഷത്തിന്റെ പോരാട്ട ശൈലി. ഇതൊക്കെ അറിയുവാന്‍ സാദ്ധ്യതകളുണ്ടായിരുന്നിട്ടും കേവലം ഇസ്ലാമിക പക്ഷത്തെ സ്വാതന്ത്ര്യസമരത്തോട് ചേര്‍ക്കാനായിരുന്നു കോണ്‍ഗ്രസ്സ് ഖിലാഫത്തിനോട് ചങ്ങാത്തം കൂടിയതെന്നു പറഞ്ഞാല്‍ അംഗീകരിക്കാന്‍ സ്വാഭാവികമായും മടിയുള്ളവരുടെ ചിന്തകളിലേക്ക് പുതിയ വസ്തുതകള്‍ എത്തിച്ചുകൊടുക്കുവാനും ഡോ.ഹരിശങ്കറിന്റെ ഗവേഷണപഠനം കൊണ്ട് സാധിച്ചിരിക്കുന്നു.
ഖിലാഫത്തിനു വേണ്ടി സമാഹരിച്ച പണം മുസ്ലീം സമ്പന്നരുടെ സമ്പാദ്യമായി മാറിയതിലേക്കും ഡോ.ഹരിശങ്കര്‍ ശ്രദ്ധ ക്ഷണിക്കുന്നു. അഖിലേന്ത്യാ ഖിലാഫത്ത് പ്രസിഡന്റിനു തന്നെ പണം അപഹരിച്ചതിനെ തുടര്‍ന്ന് പുറത്തേക്ക് പോകേണ്ടി വന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്നു. ഒരു സമയത്ത് ‘നസീര്‍-അല്‍-ഇസ്ലാം’ എന്ന പേരു പോലും നല്‍കി മുസ്ലീം സമുദായം ആദരിച്ച ബോംബെയിലെ പ്രമുഖ മരവ്യാപാരി കൂടിയായിരുന്ന മിയാന്‍ മുഹമ്മദ് ഹാജി ജനാബ് മുഹമ്മദ് ചോട്ടാനിയ്ക്കാണ് പണാപഹരണത്തെ തുടര്‍ന്ന് പ്രസിഡന്റ് പദവിയില്‍ നിന്ന്, സെന്‍ട്രല്‍ ഖിലാഫത്ത് കമ്മറ്റിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തായതോടെ, രാജിവെക്കേണ്ടിവന്നത്.
അത്തരം ടിംമ്പര്‍ വ്യവസായികളടങ്ങുന്ന മുസ്ലീം ‘ബൂര്‍ഷ്വകളും’ അവര്‍ക്കു വേണ്ടി കൂലിക്ക് പോരാട്ടത്തിനിറങ്ങാന്‍ വേണ്ടത്ര പാവപ്പെട്ട മുസ്ലീങ്ങളും ഉണ്ടായിരുന്നതുകൊണ്ടാണ് ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ‘ജനിതക മാറ്റം’ വന്ന മലബാര്‍ ‘വെറൈറ്റി’ കൂടുതല്‍ ആക്രമണസ്വഭാവം ഉള്‍ക്കൊണ്ടുകൊണ്ട് ഹിന്ദുവംശഹത്യയായി മാറിയതെന്നാണ് ഡോ.ഹരിശങ്കര്‍ വസ്തുതകളും രേഖകളും നിരത്തി വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പഠനങ്ങള്‍ക്ക് മുന്നില്‍ ഒന്നുമില്ലാത്തവരായിരുന്ന മുസ്ലീം സമൂഹം ജന്മികളായ ഹിന്ദുക്കള്‍ക്കെതിരെ നടത്തിയ കുടിയാന്‍ ജന്മി പോരാട്ടവും കര്‍ഷക സമരവുമായിരുന്നു 1921ല്‍ മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയെന്ന കമ്മ്യൂണിസ്റ്റ് ചരിത്ര രചനയുടെ കാപട്യം പൊളിച്ചടുക്കപ്പെടുകയാണ്. മുസ്ലീങ്ങളില്‍ ഉള്ളവരാരും ഇല്ലായിരുന്നെന്ന കമ്മ്യൂണിസ്റ്റ് കള്ളത്തരത്തെ ചരിത്ര രേഖകള്‍ നിരത്തി ഹരിശങ്കര്‍ തിരുത്തിയിരിക്കുന്നു. ഉള്ളവരിലും ഇല്ലാത്തവരിലും മുസ്ലീങ്ങളും ഹിന്ദുക്കളുമുണ്ടായിരുന്നെന്നും അതുകൊണ്ടു തന്നെ മുസ്ലീങ്ങള്‍ ജിഹാദിലൂടെ ഹിന്ദു വംശഹത്യ നടത്തിയതിനെ വര്‍ഗസമരമാക്കാന്‍ നടത്തുന്ന കമ്മ്യൂണിസ്റ്റ് ശ്രമം നേരിന് നിരക്കാത്തതാണെന്നും ‘ബിയോണ്ട് റാമ്പേജ്’ സ്പഷ്ടമാക്കുന്നു.
സ്റ്റീഫന്‍ ഡെയ്ല്‍, അദ്ദേഹത്തിന്റെ ‘ഇസ്ലാമിക് സൊസൈറ്റി ഓണ്‍ ദി സൗത്ത് ഏഷ്യന്‍ ഫ്രോണ്ടിയര്‍’ എന്ന രചനയില്‍ സ്വീകരിച്ചിട്ടുള്ളതു പോലെ മലബാര്‍ ലഹളയുടെ നിര്‍ണ്ണായക ഘടകങ്ങള്‍ മതപരമായിരുന്നെന്നും സാമ്പത്തിക പരാതികളായിരുന്നില്ലെന്നുമുള്ള ചരിത്ര സത്യങ്ങളില്‍ തന്നെ പൊതുബോധത്തിന്റെ നിലയുറപ്പിക്കുവാനുള്ള ശ്രമമാണ് ഡോ.ഹരിശങ്കര്‍ ‘ബിയോണ്ട് റാമ്പേജിലൂടെ’ വിജയകരമായി നിര്‍വഹിച്ചിരിക്കുന്നത്. മദ്ധ്യകാല കുരിശു യുദ്ധങ്ങള്‍ മതപരമായ കടന്നുകയറ്റങ്ങളായിരുന്നില്ലെന്നും ജനസംഖ്യാ വര്‍ദ്ധനവിന്റെയും മൂലധന പരിമിതിയുടെയും തൊഴിലില്ലായ്മയുടെയും സമ്മര്‍ദ്ദത്തില്‍ വിദേശത്ത് പുതിയ ഇടങ്ങള്‍ കണ്ടെത്താനുള്ള പരിശ്രമങ്ങളായിരുന്നെന്നും വിശകലനം ചെയ്ത ഇടതുപക്ഷ ചരിത്ര വ്യാഖ്യാനരീതിയുടെ നേര്‍ക്ക് തോമസ്സ് മാഡന്‍ നടത്തിയ വിമര്‍ശനങ്ങളെ ഡോ.ഹരിശങ്കര്‍ എടുത്ത് കാണിച്ചതും, ഇവിടെ ശ്രദ്ധേയമാണ്. അങ്ങനെ, കുരിശുയുദ്ധങ്ങളെ ഫ്യൂഡല്‍ യൂറോപ്പില്‍ നിന്ന് തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ തൊഴില്‍ തേടി മദ്ധ്യേഷ്യയിലേക്ക് നടത്തിയ കുടിയേറ്റങ്ങളായി ചിത്രീകരിച്ച മാര്‍ക്‌സിസ്റ്റ് വ്യാഖ്യാനരീതിയിലേക്ക് ശ്രദ്ധ ക്ഷണിച്ചിട്ടാണദ്ദേഹം മലബാറിലെ ഹിന്ദു വംശഹത്യയെ ഇല്ലാത്തവനും ഉള്ളവനും തമ്മിലുള്ള വര്‍ഗസമരമായിരുന്നെന്ന് വരുത്തി തീര്‍ക്കുവാന്‍ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ നടത്തുന്ന പരിശ്രമങ്ങളെ പൊളിച്ചടുക്കുന്നത്. ഉള്ളവരെല്ലാവരും ഹിന്ദുക്കളായിരുന്നില്ലെന്നും മുസ്ലീങ്ങളെല്ലാവരും ഒന്നുമില്ലാത്തവരായിരുന്നില്ലെന്നും ഗ്രന്ഥകാരന്‍ രേഖകള്‍ നിരത്തി വ്യക്തമാക്കുന്നു. ഉള്ളവരില്‍ വളരെയേറെ മുസ്ലീം മുതലാളി ‘വര്‍ഗവും’ ഇല്ലാത്തവരില്‍ ഒട്ടുമുക്കാലും ഹിന്ദു തൊഴിലാളി ‘വര്‍ഗവും’ ഉണ്ടായിരുന്നെന്നത് ആധികാരികരേഖകള്‍ എടുത്തുകാട്ടി സ്പഷ്ടമാക്കുന്നു. വര്‍ഗസമരമായിരുന്നെങ്കില്‍ മുസ്ലീം മുതലാളികളായ വര്‍ഗശത്രുക്കള്‍ക്കെതിരെയും അടിസ്ഥാനവര്‍ഗ്ഗത്തിന്റെ ആയുധങ്ങള്‍ ഉയരേണ്ടായിരുന്നോയെന്നും പാവപ്പെട്ട തൊഴിലാളി സ്ത്രീകളെ ഉള്‍പ്പടെ ഹിന്ദുക്കളെയാകെ കടിച്ചുകീറുകയും കൊന്നുകുഴിച്ചു മൂടുകയും ചെയ്യണമായിരുന്നോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള വസ്തുതകളുടെ സമഗ്ര സമാഹാരമാണ് ‘ബിയോണ്ട് റാമ്പേജ്’.
ഖിലാഫത്ത് ഹിന്ദു വംശഹത്യയായി അഴിഞ്ഞാടിയ ചരിത്രം
ഖിലാഫത്ത് നേതൃത്വം മലബാര്‍ മാപ്പിളമാര്‍ക്ക് നല്‍കിയ സന്ദേശം അഫ്ഗാനില്‍ നിന്നെത്തുന്ന ജിഹാദി സംഘം വിജയിക്കുമെന്നും ഇംഗ്ലീഷുകാര്‍ തുടച്ചുനീക്കപ്പെടുമെന്നുമായിരുന്നു. അതേ തുടര്‍ന്ന് മലബാറിലും ഖിലാഫത്തിന്റെ ഭാഗമായി പുതിയ നാടന്‍ സുല്‍ത്താന്മാരുടെ കാലം തെളിയുമെന്ന് അവര്‍ വല്ലാതെ മോഹിച്ചു പോയി. അതാണ് ഇംഗ്ലീഷ് പിന്മാറ്റത്തിന്റെ ചെറിയ സൂചന കിട്ടിയപ്പോഴേ ആലി മുസലിയാര്‍ കയറിയങ്ങു രാജാവായത്. അതേ അമിതാവേശമാണ് ഇവിടെ ഖിലാഫത്ത് സമ്മേളനങ്ങളും മറ്റും ആരംഭിച്ചപ്പോഴേ തെളിഞ്ഞു കണ്ടത്. 1921 മാര്‍ച്ച് 31ന് പണ്ണൂര്‍ പള്ളിയില്‍ നടന്ന ഒരു മീറ്റിങ്ങില്‍ ഉണ്ടായ ചില അസുഖകരങ്ങളായ സംഭവങ്ങളെ തുടര്‍ന്ന് നായന്മാരും തീയരും ഒന്നിച്ച് നിന്ന് മാപ്പിളമാരെ പ്രതിരോധിക്കേണ്ടി വന്നു. മാപ്പിളമാര്‍ ആളുകളെ കൂട്ടി ഹിന്ദുവില്ലേജധികാരിയുടെ മഠം ആക്രമിച്ചു. 26 മാപ്പിളമാര്‍ക്ക് പിഴയടക്കേണ്ടിവന്നു. ഒരു മാസത്തേക്ക് കോഴിക്കോട് ഖിലാഫത്ത് മീറ്റിങ്ങുകള്‍ നിരോധിക്കപ്പെടുകയും ചെയ്തു. ചുരുക്കത്തില്‍ ‘ബിയോണ്ട് റാമ്പേജ്’ വായിക്കുന്ന വായനക്കാര്‍ മുസ്ലീം ആവശ്യമായ ഖിലാഫത്തിന് പിന്തുണ കൊടുക്കാന്‍ പോയ ഹിന്ദുക്കള്‍ മലബാറിലെന്തായാലും വടികൊടുത്ത് അടി മേടിച്ചു തന്നെയായിരുന്നു തുടക്കമെന്നത് തിരിച്ചറിയും.
ഡോ.ഹരിശങ്കര്‍ ‘ബിയോണ്ട് റാംമ്പേജ്’ അവസാനിപ്പിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ഡോ. ഭീം റാവ് റാംജി അംബേദ്കറുടെ വാക്കുകള്‍ ചരിത്ര സൂചനകള്‍കൊണ്ട് അര്‍ത്ഥഗര്‍ഭമാണ്: ‘ഇതൊരു കുപ്രസിദ്ധ വസ്തുതയാണ്; തങ്ങളുടെ എഴുത്തുകളിലൂടെയോ ശുദ്ധിപ്രസ്ഥാനത്തിലെ പങ്കാളിത്തത്തിലൂടെയോ മുസ്ലീം മതവിശ്വാസങ്ങളെ പ്രകോപിപ്പിച്ചവരൊക്കെ ചില മതഭ്രാന്തന്മാരാല്‍ കൊല്ലപ്പെട്ടു. ആദ്യം ഇരയാക്കപ്പെട്ടത് സ്വാമി ശ്രദ്ധാനന്ദയായിരുന്നു; അദ്ദേഹത്തിനെ രോഗശയ്യയില്‍ 1926 ഡിസംബര്‍ 23ന് അബ്ദുള്‍ റഷീദ് വെടിവെച്ചു കൊന്നു. അതിന്റെ പിന്നാലെ, പ്രമുഖ ആര്യ സമാജിസ്റ്റായിരുന്ന ലാലാ നാനാക്ചന്ദ് കൊല്ലപ്പെട്ടു. ‘രംഗീലാ റസൂലിന്റെ’ ഗ്രന്ഥകര്‍ത്താവ് രാജ്പാലിനെ, അദ്ദേഹത്തിന്റെ കടയില്‍ ഇരിക്കുമ്പോള്‍, 1929 ഏപ്രില്‍ 6ന് ഇലാമ്ദീന്‍ എന്ന വ്യക്തി കുത്തിവീഴ്ത്തി. നഥുറാമല്‍ ശര്‍മ്മ അബ്ദുല്‍ ഖയ്യത്തിനാല്‍ 1934 സെപ്റ്റംബറില്‍ കൊല്ലപ്പെട്ടു…. ഹിന്ദുസഭാ സെക്രട്ടറി ഖന്ന 1938ല്‍ മുഹമ്മദീയരാല്‍ ആക്രമിക്കപ്പെട്ടു… ലിസ്റ്റ് വളരെ വലുതാണ്’. മാപ്പിള കലാപം ക്രൂരമായ ഹിന്ദുവംശഹത്യയാണെന്ന് തിരിച്ചറിയാന്‍ ഇതിനേക്കാള്‍ വലിയ സാക്ഷ്യപത്രമില്ല.