കൊല്ലം: ഒരു നൂറ്റാണ്ട് മുമ്പ് മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയെ ബ്രിട്ടീഷുകാര്‍ക്കെതിരായ കാര്‍ഷിക കലാപമാക്കി പുതിയ തലമുറയെ പഠിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം അപലപനീയമാണെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത്. സപ്തംബര്‍ 16ന് രാവിലെ കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത പത്താം ക്ലാസ് സാമൂഹ്യപാഠം ഫസ്റ്റ് ബെല്‍ ക്ലാസിലാണ് മാപ്പിള കലാപത്തെ ജന്മിമാര്‍ക്കെതിരായ കര്‍ഷകസമരമായി പഠിപ്പിച്ചത്.
പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിന്റെ ഒന്നാം ഭാഗത്ത് ‘ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നില്‍പ്പും’ എന്ന നാലാമത്തെ യൂണിറ്റിനെ ആസ്പദമാക്കിയുള്ളതായിരുന്നു ക്ലാസ്. മലബാര്‍ മാപ്പിള കലാപം ജന്മിമാര്‍ക്കെതിരായ സായുധ കലാപമായാണ് പാഠപുസ്തകത്തിലും വിവരിച്ചിരിക്കുന്നത്.
സമാനമായ പരാമര്‍ശം മറ്റ് ക്ലാസുകളിലെ ചരിത്ര പാഠപുസ്തകങ്ങളിലുമുണ്ട്. 1921-ലെ മാപ്പിള ലഹള സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ടതായിരുന്നില്ലെന്ന് 1973 ല്‍ ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഇത് ലക്ഷണമൊത്ത വര്‍ഗീയ കലാപമായിരുന്നെന്ന് കുമാരനാശാന്‍, കെ.മാധവന്‍ നായര്‍ തുടങ്ങിയ നിരവധി ചരിത്ര പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളതുമാണ്.
കലാപത്തില്‍ കൊല്ലപ്പെട്ടവരിലും അഭയാര്‍ത്ഥികളായി നാടുവിട്ടവരിലും ഏറെ പേര്‍ സാധാരണക്കാരും പിന്നാക്ക ജാതിയില്‍പെട്ടവരുമായിരുന്നു. എല്ലാ വിഭാഗത്തിലും ജന്മിമാരുണ്ടായിരുന്നെങ്കിലും കലാപത്തിനിരയായത് എല്ലാം ഒരു പ്രത്യേക വിഭാഗക്കാരായിരുന്നു എന്നതും ചരിത്ര വസ്തുതയാണ്. യഥാര്‍ത്ഥ ചരിത്ര വസ്തുതകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തെറ്റായ ചരിത്ര പരാമര്‍ശങ്ങളുള്‍പ്പെടുന്ന പാഠഭാഗങ്ങള്‍ അടിയന്തിരമായി മരവിപ്പിക്കണമെന്ന് എന്‍ടിയു സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്.ഗോപകുമാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.