Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ജാജ്വല്യമാനമായ വ്യക്തിത്വം (ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക-4)

സ്വാമി നന്ദാത്മജാനന്ദ

Print Edition: 10 September 2021

പൗരാണികമായ ആര്‍ഷധര്‍മ്മത്തോട് ആഗമാനന്ദസ്വാമികള്‍ക്ക് ഉണ്ടായിരുന്ന ബഹുമാനം പലപ്പോഴും ആളുകളുടെയിടയില്‍ അദ്ദേഹം ഇതരമതദ്വേഷിയാണെന്ന തെറ്റിദ്ധാരണക്കിടയാക്കി. ശ്രീരാമകൃഷ്ണന്റെ ഒരു യഥാര്‍ത്ഥ അനുയായിയായിരുന്ന അദ്ദേഹത്തിന് ഹിന്ദുമതാചാര്യന്മാരോടുണ്ടായിരുന്നതില്‍ ഒട്ടും കുറയാത്ത ഭക്ത്യാദരങ്ങള്‍ ഇതരമതങ്ങളിലെ ആചാര്യന്മാരോടുമുണ്ടായിരുന്നു. മതങ്ങളെല്ലാം ഒരേ ലക്ഷ്യത്തിലേക്കാണ് വഴികാണിക്കുന്നതെന്ന് ആധുനിക മനുഷ്യനെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഓര്‍മപ്പെടുത്തിയത് ശ്രീരാമകൃഷ്ണനായിരുന്നുവല്ലോ. ആഗമാനന്ദജിയാവട്ടെ, ആര്‍ഷധര്‍മ്മത്തിന്റെ മേല്‍ ചെളിവാരിയെറിയാനുള്ള ശ്രമം, അത് ഏതു കോണില്‍ നിന്നുണ്ടായാലും ഉടനേ എതിര്‍ക്കാതിരുന്നിട്ടില്ല. മാത്രമല്ല മതപരിവര്‍ത്തനത്തെ അദ്ദേഹം ശക്തിയായി എതിര്‍ക്കുകയും ചെയ്തു. ഇതൊക്കെ കാരണമാവാം സ്വാമിജി പരമതദ്വേഷിയാണെന്ന ഒരു മിഥ്യാധാരണ അപൂര്‍വ്വം ചിലരെങ്കിലും വെച്ചുപുലര്‍ത്തിയത്.

വേദചൈതന്യം എന്നാല്‍ ഉപനിഷത്ത്, ശങ്കരമതവും ശ്രീകൃഷ്ണമതവും അതുതന്നെയാകുന്നു. ശ്രീരാമകൃഷ്ണമതവും അതുതന്നെ, എന്ന സാരവത്തായ ഒരു സമീകരണത്തില്‍ സ്വാമിജി എത്തിച്ചേരുന്നു. ലോകത്തിലെ മതങ്ങളുടെ സമീകരണവും ഇപ്രകാരം തന്നെ. ക്രിസ്തുമതവും ഇസ്ലാംമതവും സിക്കുമതവും എല്ലാം വേദാനുസാരികളാണ്(വൈദികമതങ്ങള്‍) എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. വേദത്തിന്റെ സ്വരൂപമെന്തെന്ന് വ്യക്തമായി ഗ്രഹിച്ചാലേ ഇക്കാര്യം മനസ്സിലാക്കാനാവൂ എന്നുകൂടി ആഗമാനന്ദജി പറഞ്ഞുവെയ്ക്കുന്നു. ”സനാതനധര്‍മ്മം എന്നത് എല്ലാ സത്യങ്ങളുടേയും ഭണ്ഡാഗാരമാകുന്നു. അത് മതങ്ങളുടെയെല്ലാം മാതാവാകുന്നു. അതില്‍നിന്ന് നേരിട്ടോ അല്ലാതെയോ പുറപ്പെട്ടിട്ടുള്ളതാണ് ലോകത്തിലെ എല്ലാ മതങ്ങളും. അതുകൊണ്ട് ഹിന്ദുധര്‍മ്മം ഇതരമതങ്ങള്‍ക്കു വിരുദ്ധമല്ലെന്ന് കാണിച്ചുകൊടുക്കേണ്ട ചുമതല ഇവിടുത്തെ ഹിന്ദുക്കള്‍ക്കുള്ളതാണ്.” എന്നുകൂടി അദ്ദേഹം വെളിപ്പെടുത്തുന്നു.

ആഗമാനന്ദജി രൂപപ്പെടുത്തിയെടുത്ത തലമുറ
ഭാരതത്തില്‍ ഗുരുശിഷ്യപാരമ്പര്യത്തിലൂടെ കൈമാറിവന്നു പോരുന്ന ഒരു ജ്ഞാനപാരമ്പര്യമുണ്ട്. സനാതനമായിരിക്കുന്ന ഈ ജ്ഞാനപാരമ്പര്യത്തെ അടുത്ത തലമുറക്കു കൈമാറുന്ന സാധന, ജീവിതം മുഴുവന്‍ നിര്‍വ്വഹിച്ച ഒരു പുണ്യശ്ലോകനായിരുന്നു ആഗമാനന്ദജി. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും ഹിന്ദുക്കള്‍ക്കിടയില്‍ ആദ്ധ്യാത്മിക-സാംസ്‌ക്കാരിക രംഗങ്ങളില്‍ ഏറ്റവുമധികം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള സന്ന്യാസിമാരില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. ഡോ. ഗെഡ്‌ഗേവാറിന്റെ പിന്‍ഗാമിയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ തലവനുമായിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ (ശ്രീരാമകൃഷ്ണപരമഹംസരുടെ ശിഷ്യനായ അഖണ്ഡാനന്ദജിയുടെ ശിഷ്യന്‍) ആഗമാനന്ദജിയെ കണ്ടമാത്രയില്‍ തന്നെ അദ്ദേഹത്തിന്റെ അസാമാന്യപ്രതിഭയെ തിരിച്ചറിഞ്ഞു. സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനംചെയ്ത ഗുരുജി സ്വാമിജിക്കായി പതിനായിരത്തിലധികം രൂപ സംഭാവന നല്‍കി. കാലടിയില്‍ ശങ്കരാകോളേജ് തുടങ്ങുന്നതിലേക്കായി സ്വാമിജി അതു പ്രയോജനപ്പെടുത്തുകയും ചെയ്തു.

അനുഗൃഹീതമായ മേധാശക്തിയുടേയും ഒരു പുരുഷായുസ്സിലെ പ്രയത്‌നം കൊണ്ടുപോലും വശത്താക്കാന്‍ കഴിയാത്ത പാണ്ഡിത്യത്തിന്റേയും ഉടമയായിരുന്നു അദ്ദേഹം. കേരളസമൂഹത്തിന്റെ ബൗദ്ധികമണ്ഡലത്തെ വളരെ ആഴത്തില്‍ സ്വാധീനിച്ച സാഹിത്യകാരന്‍ എന്‍.വി.കൃഷ്ണവാരിയരുടെ വാക്കുകള്‍ നോക്കുക:”യുക്തിഭദ്രങ്ങളും സുഘടിതങ്ങളുമായ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, വിസ്മയാദരങ്ങളോടെ എത്രയോ തവണ ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. താന്‍ തിരഞ്ഞെടുത്ത ലക്ഷ്യം നേടുന്നതിനുവേണ്ടി അക്ഷീണം, അനവരതം, അവിശ്രമം പ്രവര്‍ത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നെ അദ്ഭുതസ്തബ്ധനാക്കിയിട്ടുണ്ട്.” ആറ്റിങ്ങലിലെ കച്ചേരി മൈതാനത്ത് ആഗമാനന്ദജി നടത്തിയ പ്രസംഗമാണ് ചെറുപ്പത്തില്‍ ശ്രീനാരായണഗുരുവിനോടുള്ള ഭക്തിയുറക്കുന്നതിനു കാരണമായതെന്ന് നാരായണഗുരുകുലത്തിലെ മുനി നാരായണ പ്രസാദ് അനുസ്മരിക്കുന്നു. ഗുരുവായൂര്‍ സത്യഗ്രഹത്തിനു മുന്നോടിയായി ശ്രീ കേളപ്പന്റെ ക്ഷണം സ്വീകരിച്ചുകൊണ്ട് സ്വാമികള്‍ മലബാറില്‍ ഒരു പ്രസംഗപര്യടനം നടത്തി പോലും. സ്വാമികളുടെ അപ്പോഴത്തെ പ്രസംഗങ്ങള്‍ തനിക്ക് അത്യന്തം ആവേശം പകര്‍ന്നിരുന്നതായി എ.കെ.ജി തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുന്നു. എ.കെ.ജി പിന്നീട് ഇവിടെ ആശ്രമത്തില്‍ എത്തുകയും സ്വാമിജിയുമായുള്ള ഗാഢബന്ധം നിലനിര്‍ത്തിപ്പോരുകയും ചെയ്തു.

അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ സ്വഭാവസവിശേഷതയായ ഉദാരതയും മനുഷ്യസ്‌നേഹവുമാണ് തന്റെ ജീവിതത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കാര്യമെന്ന് സാഹിത്യ പ്രതിഭയായിരുന്ന എന്‍.വി.കൃഷ്ണവാരിയര്‍ ഉറപ്പിച്ചു പറയുന്നു, ”ഞാന്‍ ഏറ്റവും കടപ്പെട്ടിട്ടുള്ള ഋഷി ആഗമാനന്ദസ്വാമികളാകുന്നു. അദ്ദേഹത്തോട് എനിക്കുള്ള ഋണം ഏതെങ്കിലും തരത്തില്‍ വീട്ടിത്തീര്‍ക്കാവുന്ന ഒന്നല്ല ” എന്നുകൂടി അദ്ദേഹം തുറന്നു പറഞ്ഞു. ഏകദേശം രണ്ടുവര്‍ഷത്തോളം(1939 മുതല്‍) ആശ്രമത്തില്‍ അന്തേവാസിയായി കഴിഞ്ഞിരുന്ന എന്‍. വി. ആശ്രമം സ്‌കൂളിലെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. ”ഇരുപത്തൊന്നു മാസം നീണ്ടുനിന്ന ആശ്രമജീവിതം എന്റെ വ്യക്തിത്വത്തെയും ജീവിതവീക്ഷണത്തെത്തന്നെയും രൂപപ്പെടുത്തുന്നതില്‍ വളരെയധികം പ്രയോജനപ്പെടുകയുണ്ടായി. ഇക്കാര്യം കൃതജ്ഞതയോടെയേ എനിക്ക് ഓര്‍ക്കാനാവൂ” എന്നുപറഞ്ഞ് തന്റെ ഓര്‍മ്മകളെ അദ്ദേഹം താലോലിക്കാറുണ്ടായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന ആര്‍. എസ്. എസിന്റെ താത്വികാചാര്യന്‍ പി. പരമേശ്വരനും സ്വാമിജിയുമായുള്ള ബന്ധം ഏതാണ്ട് ഗുരുശിഷ്യസമാനമായിരുന്നു. കമ്മ്യൂണിസ്റ്റ് ചിന്തകനായ പി. ഗോവിന്ദപ്പിള്ളയും സ്വാമിജിയില്‍നിന്നും വെളിച്ചമുള്‍ക്കൊണ്ട വ്യക്തിയാണ്. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ വക്താക്കളിലൊരാളായിരുന്ന എ.ടി. കോവൂര്‍ ആഗമാനന്ദസ്വാമികളോടൊപ്പം ആശ്രമത്തില്‍ താമസിച്ചിരുന്നു. യുക്തിവാദികളുടെ ആചാര്യനായി അറിയപ്പെടുന്ന ഇംഗര്‍സോളിന്റെ പുസ്തകങ്ങള്‍ വായിക്കുവാന്‍ കോവൂരിനോട് നിര്‍ദ്ദേശിച്ചതു സ്വാമികളായിരുന്നു.

മഹാകവി ജി. തന്നെ അത്യധികം ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു ആഗമാനന്ദജി എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. ഡോ. എം. എസ്. വല്ല്യത്താന്‍, സ്വാമി ആതുരദാസ്, സാധുശീലന്‍ പരമേശ്വരന്‍പിള്ള, മഹാകവി ഉള്ളൂര്‍, മഹാകവി വള്ളത്തോള്‍, കെ. പി. കേശവമേനോന്‍, കേരളകൗമുദി പത്രാധിപര്‍ കെ. സുകുമാരന്‍, മന്നത്തു പദ്മനാഭന്‍, ഡോ. സി.പി. രാമസ്വാമി അയ്യര്‍, ടി.എം. പി. മഹാദേവന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, ശൂരനാട് കുഞ്ഞന്‍പിള്ള, ഇ. എം. എസ് നമ്പൂതിരിപ്പാട്, പ്രൊ. ഗുപ്തന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, സഹോദരന്‍ അയ്യപ്പന്‍, സി. കേശവന്‍, പട്ടം താണുപിള്ള. മന്ത്രി കെ. ചന്ദ്രശേഖരന്‍ തുടങ്ങി കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തില്‍ നിറഞ്ഞുനിന്നവരെല്ലാം സ്വാമിജിയുടെ അടുത്ത സുഹൃത്തുക്കളോ ആരാധകരോ ആയിരുന്നു. ഗുരു നിത്യചൈതന്യയതി ഉപനിഷത്തുകളും മറ്റു ശാസ്ത്രഗ്രന്ഥങ്ങളും പഠിക്കാനുള്ള പ്രേരണ സ്വാമിജിയില്‍നിന്നും സ്വീകരിച്ചത് പിന്നീട് കൃതജ്ഞതയോടെ ഓര്‍മ്മിക്കുന്നുണ്ട്. ”ഞാന്‍ ആശ്രമത്തില്‍ എത്തിയപ്പോള്‍ അദ്ദേഹം എനിക്ക് പ്രസാദം തന്നു -മുഖ്യമായ പ്രസാദം രണ്ടു പുസ്തകങ്ങളായിരുന്നു. ഇംഗ്ലീഷിലുള്ള’The Gospel of Sri Ramakrishna Sri Rama krishna the great master’ എന്നതുമായിരുന്നു ആ പുസ്തകങ്ങള്‍. ‘The Gospel of Sri Ramakrishna’ ശ്രീരാമകൃഷ്ണ വചനാമൃതം പോലെ ഒരു പുസ്തകം ഞാന്‍ ഒരിക്കലും വായിച്ചിട്ടില്ല. എന്റെ മനസ്സ് തളരുമ്പോള്‍, ബുദ്ധി പതറുമ്പോള്‍, ലക്ഷ്യം മങ്ങുമ്പോള്‍ തിരികെ ആത്മാവിനെ ഉണര്‍ത്തുവാന്‍ എനിക്ക് കിട്ടിയ കൈവിളക്കാണ് ആ പുസ്തകം. അതെപ്പോഴും എന്റെയടുത്തു കാണും.” ശാന്തിഗിരി ആശ്രമത്തിന്റെ സ്ഥാപകനായ കരുണാകര ഗുരു തന്റെ ആത്മീയ ജീവിതത്തിന്റെ തുടക്കത്തില്‍ ആഗമാനന്ദജിയെ വന്നു കാണുകയും അദ്ദേഹത്തില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്തതായി പറയുന്നു. അങ്ങനെ എത്രയെത്ര…!

അപൂര്‍വ്വമായ ഒരു ജീവിത മാതൃക
നിസ്വാര്‍ത്ഥമായ പ്രവൃര്‍ത്തികളുടെ പശ്ചാത്തലത്തില്‍ കെട്ടിപ്പടുത്തിട്ടുള്ള ആദര്‍ശനിഷ്ഠയോടുകൂടിയ ഇത്തരം മഹനീയ ജീവിതങ്ങളാണ് സമൂഹത്തിനു മാര്‍ഗ്ഗദര്‍ശികങ്ങളായീത്തീരേണ്ടത്. അധര്‍മ്മം എവിടെക്കണ്ടാലും കാലദേശാദികളെയെല്ലാം അവഗണിച്ച് യാതൊരു സംശയവും കൂടാതെ അതിനെ പ്രഭാഷണകൊണ്ടും ലേഖനങ്ങള്‍കൊണ്ടും എതിര്‍ത്ത സര്‍വ്വഭൂതഹിതേരതനായ ആഗമാനന്ദജിയുടെ സ്വഭാവഗുണം സ്വാംശീകരിക്കപ്പെടേണ്ട ഒന്നാണ്. ധാര്‍മ്മിക വിചാരത്തിന്റെയും ചര്യകളുടേയും പാരമ്പര്യങ്ങളേറിയൊരു കുടുംബത്തില്‍ ജനിച്ച സ്വാമികളുടെ വിദ്യാര്‍ത്ഥിജീവിതം തീവ്രമായ സ്വധര്‍മ്മാഭിമാനവും പ്രോജ്വലമായ മേധാവിലാസവും കൊണ്ടു സ്പന്ദിക്കുന്ന ഒരു തപസ്സായിരുന്നു.

കാലടിയിലെ ആശ്രമസ്ഥാപനം മുതല്‍(1936) സ്വാമികള്‍ സമാധിയായതുവരെയുള്ള(1961) കാല്‍നൂറ്റാണ്ടുകാലത്തെ ചരിത്രം ഒരു തുറന്ന പുസ്തകമാണ്. കേരളചരിത്രത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ രചിച്ച, ഇവിടുത്തെ ജനജീവിതത്തില്‍ വിപ്ലവങ്ങള്‍ സൃഷ്ടിച്ച ദൂരവ്യാപകമായ മാറ്റങ്ങള്‍ അക്കാലത്തുണ്ടായി. ക്ഷേത്രപ്രവേശന വിളംബരം, സ്വാതന്ത്ര്യപ്രാപ്തി, ഐക്യകേരളരൂപീകരണം-ഈ സംഭവവികാസങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും ഇടയിലൂടെ അവയ്‌ക്കെല്ലാറ്റിലും തന്നെ തന്റേതായ സംഭാവനകളും നല്‍കിക്കൊണ്ട് സ്വാമികള്‍ തന്റെ അന്ത്യശ്വാസംവരെ അവിശ്രമം പ്രവര്‍ത്തിച്ചുകൊണ്ടേയിരുന്നു. താന്‍ നേടിയ ഉത്തമമായ ആദ്ധ്യാത്മികസമ്പത്തിനേയും ജ്ഞാനസമ്പത്തിനേയും കഷ്ടപ്പെടുന്ന മാലോകരോടുള്ള അനുകമ്പയെ മുന്‍നിര്‍ത്തി വിതരണം ചെയ്യാനായിട്ടാണ് അദ്ദേഹം ജീവിതം മുഴുവന്‍ പ്രയത്‌നിച്ചത്. മനുഷ്യസ്‌നേഹവും ഈശ്വരപ്രേമവും ഒന്നാണെന്ന് അദ്ദേഹം പ്രായോഗികമാക്കിക്കാണിച്ചു തന്നു. പാവങ്ങള്‍ക്കും അവശതയനുഭവിക്കുന്നവര്‍ക്കുമായി സ്വാമികള്‍ സ്ഥാപിച്ച ഹോസ്റ്റല്‍ തന്നെയെടുക്കുക. തന്റെ ജീവരക്തം നല്‍കിയാണ് ആ കുട്ടികള്‍ക്ക് അദ്ദേഹം വിദ്യാവിതരണം നടത്തിയത്. കുട്ടികള്‍ക്ക് എന്തെങ്കിലും രോഗം വന്നാല്‍ സ്വാമിജി ഉറക്കമിളച്ചിരുന്ന് ശുശ്രൂഷിക്കുമായിരുന്നുവെന്ന് അവിടുത്തെ കുട്ടികള്‍ തന്നെ പറയുമായിരുന്നു. പ്രസംഗങ്ങളുടെ കാര്യം സൂചിപ്പിച്ചു കഴിഞ്ഞു- മിക്കപ്പോഴും രണ്ടുമൂന്നു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പ്രഭാഷണം, 1000 മുതല്‍ 5000 പേര്‍ വരുന്ന ജനസഞ്ചയത്തോടായി ചെയ്യേണ്ടി വന്നു. കേരളത്തിലുടനീളം നടത്തിയ നിരന്തരമായ യാത്രകളും ഇത്തരം പ്രവര്‍ത്തനങ്ങളും കൊണ്ടാണ് സ്വാമിജിയുടെ ആരോഗ്യം പെട്ടെന്നു ക്ഷയിച്ചതുതന്നെ. അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ റയോണ്‍സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട സ്വാമിജി അവിടെ വെച്ചുതന്നെ മഹാസമാധിയില്‍ ലയിച്ചു(1961 ഏപ്രില്‍ 17 വൈകീട്ട്).

ഈശ്വരനില്‍ പൂര്‍ണ്ണമായും സമര്‍പ്പിച്ച ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇത്, മറ്റുള്ളവര്‍ക്ക് പ്രത്യക്ഷമാകുന്ന രീതിയില്‍ നടന്നിട്ടുള്ള എത്രയോ സംഭവങ്ങളുണ്ടായിട്ടുണ്ട്. പുതുക്കാട് ആശ്രമത്തിന്റെ ഉദ്ഘാടനം നടക്കുന്ന സമയം(1928), ഒരു കാശു പോലും കയ്യിലില്ല. ആളുകളെയെല്ലാം ക്ഷണിച്ചു കഴിഞ്ഞു. സഹപ്രവര്‍ത്തകരെല്ലാം അമ്പരന്നു ”കാര്യങ്ങളെങ്ങനെ നടക്കും?” അടുത്ത ദിവസം തന്നെ സ്വാമിജി എറണാകുളത്തേക്കു പോയി. വഴിമദ്ധ്യേ പലരും ചോദിക്കാതെതന്നെ ആവശ്യമായ സാധനങ്ങളൊക്കെ നല്‍കി. ”ഭഗവാന്‍ നടത്തിത്തരും” എന്ന സ്വാമിജിയുടെ വാക്കുകള്‍ ശരിക്കും അനുഭവിച്ചറിഞ്ഞ ഒരവസരമായിരുന്നു അത്. നിയതിയുടെ കയ്യിലെ ഒരു ഉപകരണമാണ് താനെന്ന് ഉത്തമബോദ്ധ്യം വന്ന താപസശ്രേഷ്ഠനായിരുന്നു ആഗമാനന്ദജി. താന്‍ സ്ഥാപിച്ച സംസ്‌കൃതസ്‌കൂളുകള്‍ക്ക് ആഗമാനന്ദജി തന്റെ ഗുരുവിന്റെ പേരാണ് നല്‍കിയത്(ബ്രഹ്മാനന്ദോദയം സ്‌കൂളുകള്‍). അത്രമാത്രമായിരുന്നു സ്വാമികളുടെ ഗുരുഭക്തി.

ഏറ്റവും മഹത്വപൂര്‍ണ്ണമായ കാര്യം അദ്ദേഹത്തിന്റെ ഈ ജാജ്വല്യമാനമായ വ്യക്തിത്വം തന്നെയായിരുന്നു. അതു നമ്മെ ഏവരേയും മാടി വിളിക്കുന്ന ആദര്‍ശനിഷ്ഠയായിരുന്നു. തന്റെ ജീവിതത്തിലെ ഓരോ നിമിഷത്തെയും ഒരു തപസ്സാക്കി മാറ്റിയ അദ്ദേഹം ഹൃദയത്തില്‍ ശ്രീരാമകൃഷ്ണനേയും മനസ്സില്‍ സ്വാമി വിവേകാനന്ദനേയും പൂര്‍ണ്ണമായും കുടിയേറ്റിയിരുന്നു. ശ്രീരാമകൃഷ്ണന്റെ ആദര്‍ശമായ ”ശിവജ്ഞാനേ ജീവസേവ”(ജീവനെ ശിവനായി ദര്‍ശിച്ച ഈശ്വരസേവ ചെയ്യുക) സ്വാമിജി തന്റെ അന്ത്യംവരെ പ്രായോഗികമാക്കിക്കാണിച്ചുതന്നു. മറ്റുള്ളവരുടെ നന്മയെമാത്രം കരുതി തന്റെ ഓരോ പ്രവൃത്തിയേയും ക്രമീകരിച്ച ആ ത്യാഗമാണ് സ്വാമിജിയുടെ ജീവിതത്തെ പ്രഭാപൂരമാക്കിയത്. അതുകൊണ്ടു തന്നെയാണ് കേരളത്തിലെ ഒരു സാഹിത്യപ്രതിഭ ഇങ്ങനെ പറഞ്ഞത്, ”എന്റെ ഹൃദയത്തെ ഏറ്റവും ആഴത്തില്‍ സ്പര്‍ശിച്ചത് ഉദാരമായ അദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹമായിരുന്നു”. അതെ, നമുക്കുവേണ്ടി സ്വന്തം ജീവിതത്തെ ഒരു അഗ്നിയായി ജ്വലിപ്പിച്ച് പ്രകാശം ചൊരിഞ്ഞ പുണ്യപുരുഷനായിരുന്നു ‘കേരള വിവേകാനന്ദന്‍’ എന്നറിയപ്പെട്ട സ്വാമി ആഗമാനന്ദജി.

(അവസാനിച്ചു)

സഹായഗ്രന്ഥങ്ങള്‍

1. നമ്മള്‍ നടന്ന വഴികള്‍ – പ്രൊഫ. എസ്.കെ. വസന്തന്‍
2. പി.ജിയുടെ ലോകം – എന്‍.ഈ. സുധീര്‍
3. ആഗമാനന്ദസ്മാരകപ്രഭാഷണങ്ങള്‍ (ഒന്നും രണ്ടും ഭാഗങ്ങള്‍)
4. യതിചരിതം – നിത്യചൈതന്യയതി
5. വീരവാണി (നാലു വാള്യങ്ങള്‍)
6. ആഗമാനന്ദസ്വാമികളും കേരളനവോത്ഥാനവും – പി. പരമേശ്വരന്‍
7. സ്വാമി വിവേകാനന്ദനും കേരളവും
– രാജീവ് ഇരിങ്ങാലക്കുട
8. ആഗമാനന്ദസ്വാമികളും ശ്രീനാരായണഗുരുദേവനും
– തലനാട് ചന്ദ്രശേഖരന്‍ നായര്‍

Tags: ആഗമാനന്ദസ്വാമികള്‍ ഒരപൂര്‍വ്വ ജീവിതമാതൃക-2
Share2TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

അഥീര്‍: ലക്ഷണമൊത്ത മാഫിയ തലവന്‍

കര്‍ക്കിടക ഓര്‍മ്മകള്‍

”സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ”

Kesari Shop

  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം - വിശേഷാൽ പതിപ്പ് 2020 ₹100.00
  • കേസരി വാര്‍ഷിക വരിസംഖ്യ ഓണപ്പതിപ്പ് ഇല്ലാതെ ₹1,000.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies