Thursday, August 18, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home മുഖലേഖനം

ലിംഗ അനീതിയുടെ രാഷ്ട്രീയം

അഡ്വ.ബി.ഗോപാലകൃഷ്ണന്‍

Print Edition: 10 September 2021

ഇടതുപക്ഷ കേരളത്തിന്റെ ലിംഗനീതിയുടെ രാഷ്ട്രീയം സ്ത്രീപക്ഷകേരളമെന്ന് വ്യാഖ്യാനിക്കുമ്പോള്‍ നിലവിലെ കേരളത്തിന്റെ സാമൂഹ്യജീവിതം ലിംഗ അനീതിയുടെ സ്ത്രീപീഡനപക്ഷമായി തകര്‍ന്നിരിക്കുന്നു. സര്‍ക്കാര്‍ തലം മുതല്‍ ഭരണപക്ഷപ്രസ്ഥാനങ്ങളുടെ ഇന്‍ക്വിലാബ് സഖാക്കള്‍ വരെ സ്ത്രീപക്ഷത്തിന്റെ വക്താക്കളാണെന്ന് മേനി നടിക്കുമ്പോള്‍ മന്ത്രിമാരും എം.എല്‍എമാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സഖാക്കളും പ്രതികളാകുന്ന പീഡനസംഭവങ്ങള്‍ ദിനംപ്രതി മാധ്യമങ്ങളില്‍ നിറയുന്നത് കണ്ട് കേരളം ലജ്ജിച്ച് തല താഴ്ത്തുകയാണ്. മുമ്പൊരിക്കലും ഉണ്ടാകാത്ത തരത്തില്‍ ജീവിതമൂല്യച്യുതി കേരളത്തെ ഇങ്ങനെ ഗ്രസിക്കാന്‍ കാരണം ധാര്‍മ്മിക നിരാസത്തിലും ഭൗതികവാദത്തിലും അധിഷ്ഠിതമായ ജീവിതക്രമം സൃഷ്ടിക്കാനുള്ള കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികതയുടെ രാഷ്ട്രീയസ്വാധീനമാണ്.

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ കൊണ്ടുവന്നതടക്കമുള്ള നവോത്ഥാനം പത്തൊമ്പതാം നൂറ്റാണ്ടു വരെ ആധ്യാത്മികതയില്‍ അധിഷ്ഠിതമായിരുന്നു. വ്യക്തിയില്‍നിന്നും കുടുംബത്തിലും സമൂഹത്തിലും വ്യാപരിക്കേണ്ട ധാര്‍മ്മികബോധമായിരുന്നു ആധ്യാത്മികതയുടെ കാതലായിരുന്നത്. ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനുമടക്കം നവോത്ഥാന നായകര്‍ മുന്നോട്ട് വച്ച ആദ്ധ്യാത്മികതയും ധര്‍മ്മബോധവും പ്രത്യക്ഷത്തില്‍ തള്ളിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഭൗതികതയുടെ അവകാശങ്ങള്‍ക്ക് വിലപറഞ്ഞ് വിളവെടുക്കാന്‍ ശ്രമിച്ചു. നൈമിഷിക സുഖത്തിന്റെ ഭൗതികനേട്ടങ്ങളെ ജനങ്ങളുടെ വൈകാരികതാല്‍പ്പര്യങ്ങളാക്കി മാറ്റുന്നതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സൈദ്ധാന്തികമായി പ്രത്യക്ഷത്തില്‍ വിജയിച്ചെങ്കിലും ആന്തരികമായി സമൂഹത്തിലുണ്ടായ അപചയത്തിന്റെ ആഴം അളക്കാന്‍ കഴിയാത്ത അത്ര വര്‍ദ്ധിക്കുകയായിരുന്നു.

കുടുംബമെന്ന സങ്കല്‍പ്പത്തെ നിഷേധിച്ചുകൊണ്ട് കമ്മ്യൂണ്‍ വ്യവസ്ഥ സൃഷ്ടിക്കുകയായിരുന്നു മാര്‍ക്‌സിയന്‍ ജീവിത ക്രമത്തിന്റെ കാതല്‍. കുടുംബം സ്വകാര്യ സ്വത്ത് ഭരണകൂടം എന്ന എങ്കല്‍സിന്റെ കൃതിയിലും കുടുംബ സങ്കല്‍പ്പങ്ങളെ വര്‍ഗ്ഗസംഘര്‍ഷങ്ങളിലധിഷ്ഠിതമായ മുതലാളിത്ത സ്വകാര്യവല്‍ക്കരണമായിട്ടാണ് കാണിച്ചിട്ടുള്ളത്. മാര്‍ക്‌സിയന്‍ വക്താവ് സുനില്‍ പി. ഇളയിടം ജൂലായ് 21 ന് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കുടുംബ സങ്കല്‍പ്പത്തിലെ ധാര്‍മ്മികതയെ നിരസിച്ച് കച്ചവടതാല്‍പ്പര്യത്തിലധിഷ്ഠിതമായ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു. ലേഖനത്തില്‍ പറയുന്നു…. സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക അധികാരം, അവരുടെ ശരീരാധികാരം, കുട്ടികളുടേയും വയോജനങ്ങളുടേയും അവകാശ അധികാരങ്ങള്‍ ഇവയ്‌ക്കെല്ലാം കുടുംബഘടനയില്‍ കാര്യമായി ഇടമില്ലെന്നും ഇവയെല്ലാം പുറം ലോകത്ത് നിന്ന് അകത്തേക്ക് കയറിയ കളങ്കങ്ങളായി അവതരിപ്പിക്കപ്പെട്ടുവെന്നും പറയുന്നു. ഇതൊന്നും കളങ്കങ്ങളല്ലെന്നും സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളാണെന്നും ഇളയിടം പറഞ്ഞ് വെക്കുന്നു. അമ്മ കുഞ്ഞിന് കൊടുക്കുന്ന മുലപ്പാല്‍ അവകാശമായി കാണുന്ന കച്ചവടതാല്‍പ്പര്യം കുടുംബ ധാര്‍മ്മികത നിരാസത്തില്‍ മാത്രമെ കാണാന്‍ കഴിയൂ. കൂട്ടത്തില്‍ അധിനിവേശത്തിന്റെ ആന്തരിക രൂപമായാണ് ഗാര്‍ഹിക സങ്കല്‍പ്പം രൂപപ്പെട്ടതെന്നും ഇളയിടം പറയുന്നു.

കമ്മ്യൂണിസ്റ്റ് സ്വാധീനത്താല്‍ ധാര്‍മ്മികതയില്‍ നിന്ന് വ്യതിചലിച്ച് കുടുംബവും സമൂഹവും ഭൗതികതയില്‍ വ്യാപരിക്കപ്പെട്ടതോടെ ശൈഥില്യം കുടുംബത്തെയും സമൂഹത്തെയും വിഴുങ്ങി. ധര്‍മ്മനിരാസം വ്യക്തിസ്വാതന്ത്ര്യത്തിനു മേലെ സൃഷ്ടിച്ച മേധാവിത്വം പുതിയ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പടയണിയായി തീര്‍ന്നപ്പോള്‍ ആര്‍പ്പോ ആര്‍ത്തവവും പരസ്യചുംബനവും താലിപൊട്ടിക്കലും സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യമായി മാറുകയും സാമൂഹ്യജീവിതത്തിന്റെ ധാര്‍മ്മികബോധത്തെ കടപുഴക്കി എറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അവകാശങ്ങള്‍ക്ക് മേല്‍ കക്ഷിരാഷ്ട്രീയത്തിന്റെ ചിഹ്നങ്ങള്‍ ഉയര്‍ത്തി അധികാരം നേടിയ ഇടതുപക്ഷം ആന്തരികമായ അപചയത്തിന്റെ ആഴം അളക്കാനോ ധാര്‍മ്മികമൂല്യം ഉയര്‍ത്താനോ ശ്രമിച്ചില്ല. ഭരിക്കുന്നവര്‍ക്കില്ലാത്ത ധാര്‍മ്മികത ഭരിക്കപ്പെടുന്നവന് വേണമെന്നില്ലല്ലോ. കേരളം ഇതോടെ അധാര്‍മ്മികതയുടെ ആഴത്തില്‍ സാമൂഹ്യബോധം നഷ്ടപ്പെട്ട് സ്വാര്‍ത്ഥപരമായി നിപതിക്കുന്ന സാമൂഹ്യജീവിതമാണ് ഇന്നു കാണുന്നത്.

കുഞ്ഞേ… പൊറുക്കുക
എട്ടും പൊട്ടും തിരിയാത്ത കാലത്ത് കാമഭ്രാന്ത്രന്മാരുടെ നിരന്തരപീഡനത്തിനിരയായി ഒരു ചാണ്‍ കയറില്‍ കുഞ്ഞുങ്ങളുടെ മൃദുശരീരം തൂങ്ങിനിന്നപ്പോള്‍ കേരളീയസമൂഹം നഷ്ടപ്പെട്ട ധാര്‍മ്മികതയുടെ വിരഹദുഃഖം പേറി ഒരു നിമിഷം സ്തംഭിച്ചു. വാളയാറിലെയും വണ്ടിപ്പെരിയാറിലെയും ഈ കാമഭ്രാന്തന്മാര്‍ക്ക് അമ്മയെയും പെങ്ങളെയും കൊച്ചുകുഞ്ഞുങ്ങളെയും തിരിച്ചറിയില്ലേ എന്ന ചോദ്യം സമൂഹത്തില്‍ സ്വയം ഉയര്‍ന്നിടത്താണ് കുടുംബബന്ധത്തിലെ ധാര്‍മ്മികനിരാസത്തിന്റെ മൂല്യച്യുതിയും ഭൗതികവാദ പ്രത്യയശാസ്ത്രത്തിന്റെ വര്‍ഗ്ഗസംഘര്‍ഷബോധം സൃഷ്ടിക്കുന്ന ആസുരികതയും വെളിവാകുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിലൂന്നിയ ഭൗതിക അവകാശങ്ങളില്‍ സുഖം തേടാന്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം സൃഷ്ടിക്കുന്ന ഭ്രമത്തില്‍ ഇതാകര്‍ഷിക്കുന്നവരുടെ ഉറ്റവരെയും ഉടയവരെയും അവര്‍ മറക്കുന്നു. കേരളത്തില്‍ നടന്ന സമീപകാലസംഭവങ്ങള്‍ പരിശോധിച്ചാല്‍ പാമ്പിനെകൊണ്ട് പണത്തിനുവേണ്ടി ഭാര്യയെ കൊല്ലുന്നതും, വിവാഹരാത്രിയില്‍ സ്ത്രീധനത്തിന്റെയും സ്വത്തിന്റെയും മുതല്‍മുടക്കിന്റേയും കൂട്ടലും കിഴിക്കലും നടത്തുന്നതും പിഞ്ചുകുഞ്ഞിനെ കരിയില കൂട്ടത്തില്‍ ഉപേക്ഷിച്ച് അമ്മ കാമുകന്റെ കൂടെ ഒളിച്ചോടുന്നതും അമ്മ കാവല്‍ നിന്ന് മകളെ മാളോര്‍ക്കും രണ്ടാനച്ഛനും സമ്മാനിക്കുന്നതുമടക്കം എത്രയോ ഉദാഹരണങ്ങള്‍ കാണാം. മൂല്യച്യുതിയില്‍പ്പെട്ട് ഉഴലുന്ന കേരളത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഉത്രയും വിസ്മയയും സുചിത്രയും അടക്കം നിരവധി പേരുകള്‍ ഓര്‍മ്മയിലെത്തുന്നു. ഇതൊന്നും കേവലം ഒറ്റപ്പെട്ട സംഭവങ്ങളല്ല. ധാര്‍മ്മികത നഷ്ടപ്പെട്ട സമൂഹത്തിന്റെ മൂല്യച്യുതിയുടേയും അരാജകത്വത്തിന്റെയും ആരംഭ ആമുഖം മാത്രമാണ്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഈ കൊടുംക്രൂരതയുടെ നായകരും ഇവരെ സംരക്ഷിക്കുന്നവരും കമ്മ്യൂണിസ്റ്റ് -മാര്‍ക്‌സിയന്‍ യുവജനപോരാളികളാകുന്നത് സ്വാഭാവികമാണെങ്കിലും ഇതിലൂടെ സ്ത്രീപക്ഷ സദാചാരബോധത്തിന്റെ ഇടതുപക്ഷ മേലങ്കിയാണ് കേരളത്തില്‍ അഴിഞ്ഞുവീഴുന്നത്.

അഞ്ച് എംഎല്‍എമാര്‍ പീഡനവീരന്മാര്‍
വര്‍ഗ്ഗസംഘര്‍ഷത്തിലധിഷ്ഠിതമായ ജീവിതസിദ്ധാന്തത്തെ പ്രമാണമാക്കിയ രാഷ്ട്രീയനേതാക്കള്‍ സ്വന്തം ജീവിതത്തില്‍ വ്യക്തിസ്വാതന്ത്ര്യം മുന്‍നിര്‍ത്തി മൂല്യനിരാസത്തെ പ്രമുഖമായി ഉള്‍ക്കൊള്ളുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഗാര്‍ഹികപീഡനത്തില്‍ കോടതി കയറുന്ന എംഎല്‍എമാര്‍. കേരള നിയമസഭയിലെ എംഎല്‍എമാരായ മുഖ്യമന്ത്രിയുടെ പുത്തന്‍ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ്, മുന്‍മന്ത്രി ഗണേഷ്‌കുമാര്‍, കല്‍പ്പറ്റ എം. എല്‍.എ ടി. സിദ്ദിഖ്, കോവളം എം.എല്‍.എ എ. വിന്‍സന്റ് എന്നിവര്‍ ഗാര്‍ഹികസ്ത്രീപീഡനത്തില്‍ പേരുകേട്ടവരാണ്. ഇവരുടെ മുന്‍ഭാര്യമാര്‍ നീതിക്ക് വേണ്ടി ഇവര്‍ക്കെതിരെ കോടതി കയറുമ്പോഴാണ് കേരളത്തിലെ സ്ത്രീകളുടെ മാനം രക്ഷിക്കാന്‍ വേണ്ടി സ്ത്രീപക്ഷ സംവാദങ്ങളും നിയമങ്ങളും ഇവര്‍ നിശ്ചയിക്കുന്നത്. സ്വന്തം കുടുംബത്തില്‍ സ്ത്രീപക്ഷ സമീപനം സ്വീകരിക്കാത്ത ഈ ക്രിമിനല്‍ ജനപ്രതിനിധികള്‍ സമൂഹത്തില്‍ മാറ്റംകൊണ്ടു വരേണ്ട മാതൃകകളാകുന്നത് സാക്ഷരകേരളത്തിന് അപമാനമാണെന്ന് പറയുമ്പോഴും ഇവരെ അനുകരിക്കുന്നവരും ഇവരില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരും ഇവരുടെ മാതൃക സ്വീകരിക്കുന്നത് സ്വാഭാവികമാണ്. ജീവിതമൂല്യം സംരക്ഷിക്കപ്പെടേണ്ടവര്‍ മൂല്യച്യുതി ഉള്ളവരാകുമ്പോള്‍ ഒരു ജനതയുടെ ദൈനംദിന ജീവിതത്തില്‍ മൂല്യബോധത്തിന് പ്രസക്തിയില്ലാതാകുന്നു. ലിംഗനീതിയുടെ രാഷ്ട്രീയം മൂല്യശോഷണത്തില്‍ നിപതിക്കുന്നു എന്നതാണ് കാലിക കേരളത്തിലെ സ്ത്രീപീഡനത്തിന്റെ ഉരകല്ല്.

വട്ടപ്പൂജ്യമായ വനിതാകമ്മീഷന്‍
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗവും സിപിഎം മഹിളാസംഘടനാനേതാവുമായ എം.സി. ജോസഫൈന്‍ ഭരണഘടനാപദവിയായ വനിതാകമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് എത്തുമ്പോള്‍ ഇടതുമൂല്യങ്ങളിലൂടെ സ്ത്രീപക്ഷ കേരളം യാഥാര്‍ത്ഥ്യമാകുമെന്നുമായിരുന്നു പ്രഖ്യാപനം. ഭരണഘടനാപദവിയുടെ ധാര്‍മ്മികതയെങ്കിലും കാത്തുസൂക്ഷിക്കാന്‍ തയ്യാറാകേണ്ട വനിതാകമ്മീഷന്‍ പാര്‍ട്ടികമ്മീഷനായി മാറിയതിന്റെ രാ ഷ്ട്രീയം പ്രത്യയശാസ്ത്ര വര്‍ഗ്ഗബോധമാണ്. തിരുവനന്തപുരത്ത് സിപിഎം ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെ സിപിഎം അണികളും നേതാക്കളും അപകീര്‍ത്തിപ്പെടുത്തി മാനസികമായി പീഡിപ്പിച്ചപ്പോള്‍ വനിതാകമ്മീഷന്‍ എകെജി സെന്ററിലെ തിട്ടൂരം നടപ്പാക്കാന്‍ ശ്രമിച്ചതും അതുകൊണ്ടാണ്. മണ്ണാര്‍ക്കാട് എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡനകേസിലും പാര്‍ട്ടിക്കനുകൂലമായ നിലപാടെടുക്കുകയും വര്‍ഗ്ഗബോധപ്രത്യയശാസ്ത്രത്തിന്റെ തീക്ഷ്ണതയില്‍ എല്ലാം മറന്ന് സിപിഎം പാര്‍ട്ടിക്കാരുടെ പീഡനങ്ങളില്‍ കോടതിയും പോലീസും പാര്‍ട്ടി തന്നെയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പ്രശ്‌നത്തില്‍ സ്വതന്ത്രമായി ഇടപെടാനെത്തിയ ദേശീയവനിതാ കമ്മീഷന്‍ അംഗത്തെ ശകാരിച്ചുകൊണ്ട് ഇടതുപക്ഷ കേരളത്തിന്റെ ഭൗതികനേട്ടങ്ങളെ ശ്ലാഘിച്ച് ദേശീയകമ്മീഷന്‍ അംഗത്തെ ബോധ്യപ്പെടുത്താനും ശ്രമിച്ചു. രമ്യ ഹരിദാസിനെതിരെ അശ്ലീലച്ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച സിപിഎം സെക്രട്ടറി വിജയരാഘവനെ സംരക്ഷിച്ച വനിതാകമ്മീഷന്‍ അധ്യക്ഷ 87 വയസ്സുള്ള ഒരു വൃദ്ധയുടെ പരാതി കേള്‍ക്കാതെ വൃദ്ധയെ കമ്മീഷനു മുന്നില്‍ കൊണ്ടുവന്ന മക്കളെ ഭീഷണിപ്പെടുത്തി മടക്കിഅയച്ചതിന്റെ കാരണവും എതിര്‍ഭാഗത്തിന്റെ രാഷ്ട്രീയസ്വാധീനം മൂലമായിരുന്നു. വര്‍ഗ്ഗബോധത്തിലധിഷ്ഠിതമായ രാഷ്ട്രീയത്തെ മുന്‍നിര്‍ത്തി കമ്മീഷന്‍ പ്രവര്‍ത്തിച്ചപ്പോള്‍ വനിതാകമ്മീഷന്‍ വനിതാപീഡനകമ്മീഷനായി മാറി. സ്ത്രീശാക്തീകരണത്തിലും സ്ത്രീപക്ഷ കേരളസൃഷ്ടിയിലും കമ്മീഷന്‍ വട്ടപ്പൂജ്യമായി. ടെലിവിഷനിലൂടെ ഒരു യുവതിക്കെതിരെ നടത്തിയ രാഷ്ട്രീയ ഹുങ്കിന്റെ ഭാഷയും മര്യാദയില്ലായ്മയും പൊതുസമൂഹം നേരിട്ട് കേട്ടപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ത്രീപക്ഷ മുഖം വെളിച്ചത്താകുന്നത്.

സാംസ്‌കാരികനായകരുടെ ഒളിച്ചോട്ടം
ഹത്രാസിനും കത്വക്കും വേണ്ടി മെഴുകുതിരി കത്തിച്ചവര്‍, പ്രതിഷേധിച്ചവര്‍, കയറില്‍ തൂങ്ങിയ കുഞ്ഞുങ്ങളെ കണ്ടില്ല. വാളയാറും വണ്ടിപ്പെരിയാറും പോയില്ല. ശ്രീരാമജപം മുഴക്കുന്നതുപോലും അസഹനീയമാണെന്ന് പ്രഖ്യാപിച്ച കേരളത്തിലെ സാംസ്‌ക്കാരികനായകരുടെ നാവ് കേരളത്തിലെ ലിംഗ അനീതിയുടെ ക്രൂരത കണ്ടിട്ടും മിണ്ടാട്ടം മുട്ടുന്നതിന്റെ പിന്നില്‍ വര്‍ഗ്ഗബോധമോ വര്‍ഗ്ഗസംഘര്‍ഷമോ മാര്‍ക്‌സിയന്‍ ഭൗതീകവാദമോ അല്ല, മറിച്ച് ഉപജീവനരാഷ്ട്രീയം മാത്രമാണ്. തിരമാലപോലെ ഒന്നിനു പുറകേ മറ്റൊന്നായി ഉയര്‍ന്നുവരുന്ന ഗാര്‍ഹികപീഡനങ്ങളും സ്ത്രീധനവധവും കേരളീയസമൂഹത്തെ പിടിച്ചുലച്ചിട്ടും രാഷ്ട്രീയപക്ഷപാതത്തില്‍ നാവിന്റെ ചലനം നിയന്ത്രിച്ച സാംസ്‌ക്കാരിക നായകര്‍ മാന്യത അര്‍ഹിക്കുന്നവരല്ല.

പാഠ്യപദ്ധതിയില്‍ ലിംഗനീതിയുടെ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതു മുതല്‍ സ്ത്രീകളുടെ പരാതികള്‍ക്ക് ഉടനടി പരിഹാരം കാണാന്‍ സാധിക്കുന്ന ഭരണനിര്‍വ്വഹണ ഇടപെടലുകള്‍ അടക്കം അടിയന്തര കാര്യങ്ങള്‍ പലതും ലിംഗനീതിക്ക് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സുനില്‍ പി. ഇളയിടം യാഥാര്‍ത്ഥ്യത്തെ ഭാഷയുടെ വാചാലത കൊണ്ട് മറക്കാനാണ് ശ്രമിച്ചത്. ലേഖനത്തില്‍ ചൂണ്ടിക്കാണിച്ചതൊന്നും നടപ്പാക്കാത്ത കേരളസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പോലും തയ്യാറായില്ലെന്നു മാത്രമല്ല, ഈ കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതാണെന്നുപോലും പറഞ്ഞില്ല. എന്നാല്‍ സ്ത്രീപക്ഷ കേരളമെന്ന സര്‍ക്കാരിന്റെ മുദ്രാവാക്യം എല്ലാ പ്രതിസന്ധിക്കും പരിഹാരമാണെന്ന് ലേഖനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടത് കേവല രാഷ്ട്രീയത്തിന്റെ താല്‍പര്യമാണെന്ന് പ്രകടമാകുമ്പോള്‍ ഇവരുടെ രാഷ്ട്രീയബോധം നീതിക്കുവേണ്ടിയല്ല നിലകൊള്ളുന്നതെന്ന് വ്യക്തമാണ്. നവോത്ഥാന കാലത്തെ പരിമിതമായ ചില ശ്രമങ്ങള്‍ കഴിഞ്ഞാല്‍ ലിംഗനീതിയോ സ്ത്രീസമത്വമോ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയപരിപാടികള്‍ കേരളത്തിലെ പൊതുജനപ്രസ്ഥാനങ്ങളോ രാഷ്ട്രീയസംഘടനകളോ ഏറ്റെടുത്തിട്ടില്ലെന്ന സുനില്‍ പി. ഇളയിടത്തിന്റെ ലേഖനത്തിലെ പരാമര്‍ശം വികലവും സിപിഎമ്മിന്റെ സ്ത്രീവിരുദ്ധതയെ വെള്ളപൂശുന്നതുമാണ്. ഒരു അധഃകൃത വിഭാഗത്തില്‍പ്പെട്ട സ്ത്രീയെ മുഖ്യമന്ത്രി ആക്കാന്‍ കേരളത്തില്‍ രൂപം കൊണ്ട ജനകീയ സ്ത്രീപക്ഷ വൈകാരികതയെ പരിഹാസത്തിലൂടെ തകര്‍ത്ത സിപിഎമ്മിന്റെ അനീതിയെ ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണ് സുനില്‍ പി. ഇളയിടം ലേഖനത്തില്‍ ബോധപൂര്‍വ്വം ശ്രമിച്ചത്.

സ്ത്രീപക്ഷകേരളമെന്ന ഇടതുപക്ഷ മുദ്രാവാക്യത്തെ വാനോളം പുകഴ്ത്തുന്ന സുനില്‍ പി. ഇളയിടമടക്കമുള്ള പുരോഗമന സാഹിത്യസംഘക്കാരും മദ്ധ്യവര്‍ഗ്ഗത്തെ സ്വാധീനിക്കുന്ന നിഷ്പക്ഷ പരമ്പരാഗത സാംസ്‌ക്കാരിക നായകന്മാരും ഒരു കക്ഷിക്കുവേണ്ടി പകല്‍വെളിച്ചത്തില്‍ ധ്രുവവൈവിധ്യം പ്രകടിപ്പിക്കുന്നത് ഈ കൂട്ടരുടെ തിന്മ നിറഞ്ഞ രഹസ്യരാഷ്ട്രീയ ബാന്ധവത്തിലൂടെ നേടുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് മാത്രമാണെന്നുള്ളത് പകല്‍പോലെ യാഥാര്‍ത്ഥ്യമാണ്. സമൂഹത്തിന്റെ അര്‍ത്ഥതലങ്ങളില്‍ ഉണ്ടാകുന്ന വിങ്ങലുകള്‍ക്ക് ശാശ്വത പരിഹാരം നിസ്വാര്‍ത്ഥമായി പ്രകടിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ സാംസ്‌ക്കാരിക നായകര്‍. കേരളം ധാര്‍മ്മികതയെ കൈവെടിഞ്ഞ് ഭൗതികവാദം സൃഷ്ടിച്ച മൂല്യച്യുതിയില്‍ നിപതിക്കുമ്പോള്‍ സാധാരണ ജനങ്ങളും സാംസ്‌ക്കാരിക നായകരും സ്വാര്‍ത്ഥരും ഭൗതികസുഖവാദികളും ആകുന്നത് സ്വാഭാവികമാണ്.
ഭാരതീയപൈതൃകത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ് ധാര്‍മ്മികതയിലധിഷ്ഠിതമായ കുടുംബസങ്കല്‍പ്പം. പാശ്ചാത്യ കണ്ടെത്തലായ വനിതാവിമോചനത്തിനോ ധാര്‍മ്മികബോധമില്ലാത്ത സ്ത്രീപക്ഷ സങ്കല്‍പ്പത്തിനോ കേരളത്തിലെ കാലിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ല. ഹിന്ദു സ്ത്രീത്വമെന്ന പ്രത്യയശാസ്ത്ര ധാര്‍മ്മികബോധത്തെ സമൂഹത്തിലേക്ക് വ്യാപരിപ്പിച്ചു കൊണ്ട് ഭാരതീയ പൈതൃകത്തിലധിഷ്ഠിതവും ആധ്യാത്മികബോധം നിറഞ്ഞതുമായ ഒരു സാമൂഹിക വ്യവസ്ഥയ്ക്ക് മാത്രമേ ലിംഗ നീതി ഉറപ്പാക്കാന്‍ കഴിയൂ.

Share26TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

മഹാഭാരതി

വീണുപോയ സിംഹം…!

സിംഹള ഭൂമിയെ വിഴുങ്ങുന്ന ചൈനീസ് വ്യാളി

ഭരണഘടനയെ ഭയക്കുന്നതാര്?

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വികസനചിന്തയിലെ നൂതന പ്രവണതകൾ - കേരള വികസനത്തെക്കുറിച്ചുള്ള പഠനം ₹100.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഋഷി സുനക് മോദിയുടെ ആളോ?

മതശാഠ്യങ്ങള്‍ക്ക് കീഴടങ്ങുന്ന മാര്‍ക്‌സിസ്റ്റുകള്‍

അദ്വൈതം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies