യുദ്ധങ്ങള്‍ വിശുദ്ധങ്ങളെന്നും കൂട്ട നരഹത്യകള്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള പുണ്യവഴികളെന്നും കരുതുന്ന പ്രാകൃത വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്ന ചിലര്‍ ഭൂമിയിലിന്നും ജീവിച്ചിരിക്കുന്നതാണ് ഭൂപടത്തില്‍ ചോര പുരണ്ട നരക പുരികള്‍ ഉണ്ടാകാന്‍ കാരണം. അത്തരമൊരു നരക കവാടമായി അഫ്ഗാനിസ്ഥാന്‍ മാറിയിട്ട് കാലങ്ങളേറെയായി. ലോകത്തില്‍ പലയിടങ്ങളിലും ഇന്ന് മനുഷ്യ വിരുദ്ധമായ മതയുദ്ധങ്ങള്‍ നയിക്കുന്നത് ദൈവത്തിന്റെ പേരിലാണെന്നതാണ് ഏറെ വിചിത്രം. മനുഷ്യനിലെ മൃഗീയ വാസനകളെ അമര്‍ച്ച ചെയ്ത് അവന്റെ ബോധതലത്തില്‍ സാത്വിക മൂല്യങ്ങള്‍ നിറയ്ക്കുന്നതില്‍ മതവിശ്വാസവും ദൈവ സങ്കല്പവുമെല്ലാം വളരെ ഏറെ സഹായിച്ചിട്ടുണ്ട് എന്ന് കാണാം. നിര്‍ഭാഗ്യവശാല്‍ മുസ്ലീം മതത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ജിഹാദിനെ അഥവാ വിശുദ്ധ യുദ്ധങ്ങളെ അംഗീകരിക്കാന്‍ പരിഷ്‌കൃത ലോകത്തിന് കഴിയില്ല. മുസ്ലീം മത സമൂഹത്തിലെ സമാധാന സ്‌നേഹികളും സംസ്‌കാര സമ്പന്നരുമായ വിശ്വാസികള്‍ എന്തുകൊണ്ടാണ് ഇസ്ലാം മതം ഇന്ന് ലോക സമാധാനത്തിന് ഭീഷണിയാകുന്ന കലാപങ്ങളുടെ പ്രജനന കേന്ദ്രമായി മാറുന്നതെന്ന് സത്യസന്ധമായി പഠിക്കാനും പരിഹാരം കാണാനും തയ്യാറാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ നിഷ്‌ക്കളങ്കരും മനുഷ്യ സ്‌നേഹികളുമായവരെപ്പോലും ഇതര മതവിശ്വാസികള്‍ സംശയത്തോടും ആശങ്കയോടും നോക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞു വരുന്നത്. ഒരു ബഹുസ്വര സമൂഹത്തില്‍ ഇത് ഒട്ടും ആശാസ്യമല്ല. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ മറ്റ് മതവിശ്വാസികള്‍ക്കൊന്നുമില്ലാത്ത എന്ത് പ്രശ്‌നമാണ് ഇസ്ലാമിനുള്ളതെന്ന് സത്യസന്ധമായി പഠിക്കുവാനും ഇതര മതസ്ഥരുമായി രമ്യതയിലും സ്‌നേഹവിശ്വാസങ്ങളിലും പോകുവാന്‍ ആവശ്യമായ വിശ്വാസ പരിവര്‍ത്തനങ്ങള്‍ വരുത്തുവാനും ഇസ്ലാം തയ്യാറാവേണ്ടതുണ്ട്. അല്ലെങ്കില്‍ ലോക സമാധാനത്തിനു മാത്രമല്ല ഇസ്ലാമിക വിശ്വാസികള്‍ക്കും അത് ഹാനികരമാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
അഫ്ഗാനിലുരുത്തിരിഞ്ഞു വരുന്ന പുതിയ സംഭവ വികാസങ്ങളില്‍ ലോകത്താകമാനമുള്ള ഇസ്ലാമിക മതമൗലികവാദികള്‍ക്കൊപ്പം ഭാരതത്തിലും കേരളത്തിലുമുള്ള മതമൗലികവാദികളും നിഗൂഢാനന്ദം വച്ചു പുലര്‍ത്തുന്നതായി അവരുടെ പ്രസ്താവനകളും സമീപനങ്ങളും കാണിക്കുന്നു. അഫ്ഗാനിലെ താലിബാന്‍ വാഴ്ചയില്‍ അവരെക്കാള്‍ ആനന്ദമനുഭവിക്കുന്ന ചില അബ്ദുള്ളമാര്‍ ചാനല്‍ ചര്‍ച്ചയിലും സാമൂഹ്യ മാധ്യമങ്ങളിലും വിഷം ഛര്‍ദ്ദിച്ച് തുടങ്ങിയിട്ടുണ്ട്. ലക്ഷദ്വീപിലും ഗാസയിലും പൗരത്വ നിയമഭേദഗതിയിലും മുസ്ലീം വിരുദ്ധത കണ്ട് ഹാലിളകിയ ഇടത് ബുദ്ധിജീവികളോ പുരസ്‌കാര ദാഹികളായ സാഹിത്യ സാംസ്‌കാരിക നായകന്‍മാരോ ഒന്നും അഫ്ഗാനില്‍ മുസ്ലീം സമൂഹം പ്രാണന്‍ കൈയിലെടുത്തു കൊണ്ട് അന്യ രാജ്യങ്ങളിലേക്ക് ഓടി രക്ഷപ്പെടുന്ന സാഹചര്യത്തില്‍ ഒരു ദീര്‍ഘനിശ്വാസം കൊണ്ടു പോലും പ്രതികരിച്ചു കണ്ടില്ല. അഫ്ഗാനില്‍ ഇനി വരാന്‍ പോകുന്ന സമത്വസുന്ദരമായ ഭരണവ്യവസ്ഥയില്‍ ആനന്ദം കൊണ്ടിട്ടാവാം കേരളത്തിലെ പ്രതികരണവീരന്‍മാരെല്ലാം കുഴിമാട നിശബ്ദതയില്‍ മയങ്ങിക്കിടക്കുന്നത്.
എന്തായാലും 1996 മുതല്‍ 2001 വരെയുള്ള കാലത്ത് മുല്ല മുഹമ്മദ് ഉമറിന്റെ നേതൃത്വത്തില്‍ അഫ്ഗാനില്‍ പൂണ്ടു വിളയാടിയ താലിബാന്റെ ഭരണശൈലി ലോകം കണ്ടതാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ശരിയത്തിന് വിരുദ്ധമായതുകൊണ്ട് എട്ടു വയസ്സിനു മേല്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പൊതുവിദ്യാഭ്യാസം നേടേണ്ടതില്ലെന്നായിരുന്നു താലിബാന്റെ തിട്ടൂരം. സ്ത്രീകള്‍ പര്‍ദ്ദയ്ക്കുള്ളില്‍ ശരീരം പൂര്‍ണ്ണമായി മറച്ചാല്‍ മാത്രം പോര എന്നും വീടിന്റെ മുറ്റത്തോ ജനാലയുടെ സമീപത്തോ മട്ടുപ്പാവിലോ ഒന്നും വന്നു പോകരുതെന്ന താലിബാന്റെ പുതിയ കല്‍പ്പനയും വന്നു കഴിഞ്ഞിരിക്കുന്നു. സൈക്കിള്‍ അടക്കമുള്ള ഒരു വാഹനവും ഓടിയ്ക്കാനോ ഒറ്റയ്ക്ക് ടാക്‌സിയില്‍ സഞ്ചരിക്കാനോ ഒന്നും സ്ത്രീകള്‍ക്ക് ഇനി അഫ്ഗാനില്‍ സ്വാതന്ത്ര്യമുണ്ടാവില്ല. കാമഭ്രാന്തന്മാരായ ജിഹാദികളുടെ നേരം പോക്കിന് പിഞ്ചുകുഞ്ഞുങ്ങളെ അടക്കം പിടിച്ചു കൊണ്ടു പോകുന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. 2001 മാര്‍ച്ചില്‍ അമ്പത്തിരണ്ടടി ഉയരമുണ്ടായിരുന്ന ബാമിയാന്‍ ബുദ്ധ പ്രതിമ പീരങ്കി വെടി കൊണ്ട് തകര്‍ത്ത താലിബാന്‍ ഇതര മതസ്ഥരോടുള്ള സമീപനം അന്നേ രേഖപ്പെടുത്തിയിട്ടുണ്ട്. താലിബാന്റെ രണ്ടാം വരവില്‍ മുസ്ലീങ്ങള്‍ മാത്രമല്ല നാമമാത്രമായി ശേഷിക്കുന്ന ഹിന്ദുക്കളും സിക്കുകാരും ഇരകളാക്കപ്പെടുന്നതിന്റെ വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.
1970 കളില്‍ കമ്മ്യൂണിസ്റ്റ് റഷ്യയുടെ അധിനിവേശത്തോടെയാണ് അഫ്ഗാനിസ്ഥാന്റെ അധോഗതി ആരംഭിക്കുന്നത്. ഒടുക്കം റഷ്യ ചവച്ച് തുപ്പി ചണ്ടിയായി മാറിയ അഫ്ഗാനില്‍ മതമൗലികവാദം വളര്‍ന്നു വരുകയും ആ രാജ്യത്ത് നിലനിന്നിരുന്ന ജനാധിപത്യ മനുഷ്യാവകാശ മൂല്യങ്ങള്‍ അപ്പാടെ കടലെടുത്തു പോകുകയുമാണുണ്ടായത്. ഇപ്പോള്‍ താലിബാനെ പിന്‍തുണച്ചു കൊണ്ട് ആദ്യം മുന്നോട്ടുവന്നിരിക്കുന്നത് ചൈനയും റഷ്യയുമാണെന്നതും ശ്രദ്ധേയമാണ്. അതാകട്ടെ അഫ്ഗാന്റെയോ മുസ്ലീമിന്റെയോ ഭാവി നന്മയ്ക്കു വേണ്ടിയുള്ള നീക്കമാണെന്ന് ചരിത്രമറിയുന്നവര്‍ക്ക് പറയാന്‍ കഴിയില്ല. കഴിഞ്ഞ ഇരുപതു വര്‍ഷമായി അമേരിക്കയ്ക്ക് അഫ്ഗാനിലുണ്ടായിരുന്ന താല്‍പ്പര്യം ആഗോളശാക്തിക കിടമത്സരത്തിനപ്പുറം ഒന്നുമായിരുന്നില്ല. അവരുടെ ഇപ്പോഴത്തെ പിന്‍മാറ്റം പോലും മറ്റൊരു തന്ത്രത്തിന്റെ ഭാഗമാണെന്ന് അനുമാനിക്കുന്നവരാണ് ഏറെ. ന്യൂയോര്‍ക്കിലെ ഇരട്ട വ്യാപാര സമുച്ചയം തകര്‍ത്ത അല്‍ഖ്വയ്ദ ഭീകരന്‍ ഒസാമ ബിന്‍ ലാദനും സംഘത്തിനും പിന്‍തുണ കൊടുത്തതിന്റെ പേരിലാണ് താലിബാനെതിരെ സൈനിക നടപടികളുമായി അമേരിക്ക അഫ്ഗാനിലേക്ക് സൈന്യത്തെ അയച്ചത്. കഴിഞ്ഞ ഇരുപത് വര്‍ഷമായി അമേരിക്ക സൃഷ്ടിച്ച പാവ സര്‍ക്കാരായിരുന്നു അഫ്ഗാനിലുണ്ടായിരുന്നതെന്ന് ഏത് കുട്ടിയ്ക്കുമറിയാം. അതുകൊണ്ടാണ് താലിബാന്‍ സേനയോട് പൊരുതുവാന്‍ പോലും തയ്യാറാകാതെ അഫ്ഗാന്‍ സൈന്യം കീഴടങ്ങിയത്. സത്യത്തില്‍ നിരന്തര യുദ്ധങ്ങളില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനില്‍ ഭാരതം നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കു പോലും മാതൃകയാകേണ്ടതാണ്. താലിബാന്റെ മതഭീകരഭരണം ഭാരതത്തിനും ഭീഷണി ആയി മാറിയേക്കാം എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ശക്തമായ സൈന്യവും ഉറച്ച ഭരണ നേതൃത്വവുമുള്ള ഭാരതത്തെ ഒന്നും ചെയ്യാന്‍ തല്‍ക്കാലം താലിബാന് കഴിയില്ല. എന്നുമാത്രമല്ല താലിബാനില്‍ തന്നെ അതിന്റെ അന്തകവിത്തുകളുള്ളതുകൊണ്ട് അവര്‍ തമ്മിലുള്ള പോരാട്ടവും ലോകം കാണാന്‍ പോകുകയാണ്. ചൈനയും പാകിസ്ഥാനും താലിബാനും ചേര്‍ന്ന് ഭാരതത്തിന് വലിയ വെല്ലുവിളി ഉണ്ടാക്കും എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അത്തരം ഭീഷണികളില്‍ ഭയപ്പെടുന്ന കാലമൊക്കെ ഭാരതം എന്നേ കടന്നിരിക്കുന്നു.