കണ്ണില്‍ ഇരുട്ടു കയറുന്നോ എന്ന ഭയം മുളപൊട്ടാന്‍ തുടങ്ങിയപ്പോഴാണ് മുന്നില്‍ ശ്രീഭാരതവിലാസം എന്ന് ചെറുതായും ഹോട്ടല്‍ എന്ന് വലുതായും ബോര്‍ഡ് കണ്ടത്. പുല്ലുമേഞ്ഞ കെട്ടിടം ആ ബോര്‍ഡിന്റെ പിറകില്‍ റോഡിലേക്ക് നോക്കിക്കിടക്കുന്നു.
അകത്തുകടന്ന് ബെഞ്ചിലേക്കിരുന്നു. ഉള്ളില്‍ ചായയിടാനും ഭക്ഷണം വിതരണം ചെയ്യാനും വാര്‍ദ്ധക്യത്തിലേക്ക് കടന്ന ഒറ്റ മനുഷ്യന്‍ മാത്രം. പുട്ടും കടലയും പറഞ്ഞപ്പോള്‍ ഏതാനും നിമിഷങ്ങള്‍ക്കകം അത് മുന്നിലെത്തിച്ച് അയാള്‍ കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചു.
‘എങ്ങോട്ടാ?’ പണംവാങ്ങി നിക്ഷേപിക്കുന്ന മേശക്കരികിലുള്ള കസേരയിലിരുന്ന് അയാള്‍ വേലായുധനെ അല്‍പനിമിഷം നോക്കിയശേഷം ചോദിച്ചു.
‘മലപ്പുറത്തേക്കാ’. അടുത്ത ചോദ്യം ഒഴിവാക്കുന്നതിനായി വേലായുധന്‍ അതിനൊപ്പം കൂട്ടിച്ചേര്‍ത്തു. ‘കൊടുങ്ങല്ലൂര് വരെ പോയതാ’.
പുറത്തെ കാളവണ്ടിയെ നോക്കിയശേഷം അടുക്കളയിലേക്ക് തലചായ്ച്ച് ഹോട്ടല്‍ മുതലാളി ഉറക്കെ വിളിച്ചു. ‘എടീ… ഇങ്ങ് വന്നേ’. പിന്നീട് വേലായുധനോടായി. ‘ഇങ്ങളതല്ലേ വണ്ടി ? ഒരാളെക്കൂടി കൂട്ടേ്വാ?’
‘സാധനം കേറ്റുന്ന വണ്ടിയാ’. വേലായുധന്‍ പാത്രം തുടച്ചെടുത്ത് വിരല്‍ വായിലേക്കിട്ടു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും പത്ത് പതിനെട്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടി പുറത്തേക്ക് വന്നു. ‘പൊടി പ്രശ്‌നം അല്ലാന്നുണ്ടെങ്കില്‍ വന്നോട്ടെ’.
ഹോട്ടല്‍ മുതലാളി അവളോട് പറഞ്ഞു. ‘ഇയാള്‍ടെ വണ്ടി അങ്ങോട്ടുണ്ട്. ഇപ്പൊ പോയാ ഉച്ചയൂണിന് മുമ്പ് കുടീലെത്താം’.
അവള്‍ തലയാട്ടി. അകത്തേക്ക് ചെന്ന് ചെറിയൊരു തുണിക്കെട്ടെടുത്ത് പുറത്തേക്ക് വന്നു. അയാളുടെ അനുവാദം ചോദിക്കുന്ന മട്ടില്‍ തലയാട്ടി. ശരിയെന്ന അര്‍ത്ഥം കലര്‍ത്തി മുതലാളിയും തല ഇരുവശത്തേക്കും പായിച്ചു. കൈയ്യും വായും കഴുകി കാശുകൊടുത്ത് വേലായുധന്‍ നിരത്തിലേക്കെത്തുമ്പോഴേക്കും അവള്‍ വണ്ടിയില്‍ കയറിക്കഴിഞ്ഞിരുന്നു.
അല്‍പസമയത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല. അനക്കമൊന്നും ഇല്ലാത്തതിനാല്‍ വേലായുധന്‍ രണ്ടുമൂന്നു പ്രാവശ്യം തിരിഞ്ഞു നോക്കി. അപ്പോള്‍ മാറാപ്പ് നെഞ്ചോട് ചേര്‍ത്ത് പിടിച്ച് അവള്‍ മന്ദഹസിച്ചു. ഒടുവില്‍ വേലായുധന്‍ മൗനം മുറിച്ചു.
‘എവിടേക്കാ?’
‘ന്റെ കുടീലേക്ക് ‘
‘അതെവിടെയാ ?’
‘ ഊരകത്ത്’
ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്ക് സമയവ്യത്യാസം ഏറെയില്ല എന്നതില്‍ വേലായുധന് കൗതുകം തോന്നി.
‘ഹോട്ടലിലെന്താ?’
‘അവിടെയാ പണി’.
‘ആരുടേതാ ഹോട്ടല്‍?’ ചടുലമായ ഉത്തരങ്ങള്‍ വീണ്ടും വീണ്ടും ചോദ്യങ്ങള്‍ തൊടുക്കുന്നതിനു വേലായുധനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.
‘അകന്ന ബന്ധുവാ… എനക്ക് സ്വന്തായി ആരൂല്ല’.
‘എവിടെപ്പോയി ? അച്ഛനും അമ്മയും ഒക്കെ?’
അല്‍പനേരം മൗനം. വേലായുധന്‍ തിരിഞ്ഞുനോക്കി. കണ്ണുകളില്‍ നനവിന്റെ പാട. ‘ലഹളേല് എല്ലാരേം… ഞാന്‍ മാത്രം ബാക്ക്യായി…’വേലായുധന് ഒന്നും പറയാന്‍ തോന്നീല. അയാളുടെ മൗനം കണ്ടപ്പോള്‍ അവള്‍ ചോദിച്ചു.
‘ വീടെവിടെയാ…?’
‘ഉണ്ടായിരുന്നു. നെടിയിരുപ്പില്. ലഹളേല് അതും പോയി’.
‘വീട്ടുകാര് ?’
വേലായുധന്‍ തിരിഞ്ഞ് അവളെ നോക്കി.
‘ലഹളേത്തന്നെ…’
ബാക്കി തലയാട്ടലിലൂടെ അവളിലേക്കെത്തിച്ച് വേലായുധന്‍ മുന്നിലേക്ക് തിരിഞ്ഞു. കുന്തിപ്പുഴ വഴിയെ മുറിച്ചു. പുലമന്തോള്‍ തീക്കാറ്റുകൊണ്ട് പൊള്ളിച്ചു. അവള്‍ ചോദിച്ചു.
‘എവിടെ പോയതാ?’
‘കേളപ്പജീന്ന് കേട്ടിട്ടുണ്ടാ ?’
‘ഉണ്ട്’ മറുപടി പെട്ടെന്നായിരുന്നു. വേലായുധന്‍ ചിരിച്ചു. പിറകിലേക്ക് വീണ്ടും തിരിഞ്ഞു.
‘കാണാന്‍ വേണ്ടി ഇറങ്ങിയതാ… നടന്നില്ല’.
‘ഞാന്‍ കണ്ടിട്ട്ണ്ട്. ഊരകത്ത് വന്നേരം’
ഒരു കുളിര്‍ക്കാറ്റ് തഴുകിക്കടന്നു പോയതായി വേലായുധന് തോന്നി. സുഖകരമായ ഒരു ശബ്ദത്തില്‍ വേലായുധന്‍ ചോദിച്ചു.
‘പേരെന്താ?’
‘മാധവി’
യയാതിയുടെ പുത്രി. കൗശികശിഷ്യനായ ഗാലവന്റെ ഗുരുദക്ഷിണാ സമ്പാദനത്തിനായി പണയമാകേണ്ടി വന്നവള്‍. ഇരുന്നൂറ് കുതിരകള്‍ക്ക് പകരം വില്‍പ്പനച്ചരക്കാവാന്‍ സ്വന്തം ജീവിതം മാറ്റിവെച്ച ഇതിഹാസനായിക..
‘അറിയാമോ കഥ?’ കേളപ്പജി ചോദിച്ചു.
ആര്‍ക്കുമറിയുമായിരുന്നില്ല.
ഊരകത്തെ പാര്‍വതിക്കുട്ടിയുടെ വീട്ടുവരാന്തയിലിരുന്ന് നൂല്‍നൂല്‍പ്പ് പഠിതാക്കളുടെ സായാഹ്ന യോഗത്തില്‍ മുന്‍കൂട്ടിയറിയിച്ച് എത്തിയതായിരുന്നു കേളപ്പജി. കൂട്ടത്തിലിരിക്കുന്ന ഒരാളുടെ പേര് മാധവിയെന്നു പറഞ്ഞപ്പോഴാണ് കേളപ്പന്‍ മഹാഭാരതത്തിലേക്ക് കടന്നത്. ലഹള തുടങ്ങും മുമ്പായിരുന്നു അത്.
‘ഗുരുവായ വിശ്വാമിത്രന്റെ കഠിനവ്രതങ്ങള്‍ക്ക് താങ്ങായി നിന്നത് ശിഷ്യനായ ഗാലവന്‍. സന്തുഷ്ടനായ ഗുരു പഠനാനന്തരം അവനെ പോകാനനുവദിച്ചു ഗുരുദക്ഷിണ നല്‍കിയേ മടങ്ങൂ എന്ന് ശിഷ്യന്‍. വേണ്ടെന്ന് ഗുരു. ശിഷ്യന് നിര്‍ബന്ധം. ഒടുവില്‍ ദേഷ്യം വന്ന വിശ്വാമിത്രന്‍ തനിക്ക് ചന്ദ്രശോഭയുള്ളതും ഒരു കാത് കറുത്തതുമായ എണ്ണൂറ് കുതിരകള്‍ വേണമെന്ന് പറഞ്ഞു’.
കഥ കേള്‍ക്കുന്നവര്‍ കാതുകൂര്‍പ്പിച്ചു. ചര്‍ക്കകള്‍ ചുമരില്‍ നിശബ്ദരായി. നൂറ്റെടുത്ത നൂലുകള്‍ മരപ്പെട്ടിക്കകത്ത് ചിട്ടയോടെ കിടന്നു.
ഗാലവന്‍ കുതിരകള്‍ വാങ്ങാനുള്ള പണം അന്വേഷിച്ച് യയാതി മഹാരാജാവിന്റെ അടുത്തെത്തി. സോമകുലത്തിലെ സത്യവിക്രമനായ രാജാവ്. ദാനശീലം കൊണ്ട് വിത്തവാനല്ലാതായിത്തീര്‍ന്ന യയാതി ഗാലവന് കാര്യം നേടാന്‍ കൊടുത്തത് എന്തെന്നറിയാമോ? സ്വന്തം മകളായ മാധവിയെ. ഇവളെ വിറ്റ് കിട്ടുന്ന ശുല്ക്കം കൊണ്ട് കുതിരകളെ വാങ്ങുക എന്ന് ദാനഭാവേന അദ്ദേഹം കൊടുത്ത ഉപദേശം കേട്ട് ഗാലവന്‍ സമ്മതിച്ചു. മാധവി അയാളുടെ കൂടെ പോയി.
‘ഈ മാധവിയായിരുന്നെങ്കില്‍ പോകുമായിരുന്നോ?’
കഥയ്ക്കിടയില്‍ പൊടുന്നനെ വന്ന കേളപ്പജിയുടെ ചോദ്യത്തില്‍ മാധവി ആദ്യമൊന്നമ്പരന്നു. പിന്നീട് പറഞ്ഞു.
‘ഇല്ല’
കേളപ്പജി തലകുലുക്കി. ‘ശരി… ഓരോ കാലത്തിനും ഓരോ ശരി. ഓരോ ദേശത്തിനും ഓരോ കാലത്തിനും ഓരോ ധര്‍മ്മം’.
‘എന്നിട്ട് ?’ കഥയുടെ ബാക്കി തേടിയുള്ള ഏതോ പെണ്‍ശബ്ദം.
ഇക്ഷ്വാകുവംശത്തിലെ ഹര്യശ്വന്‍ എന്ന രാജാവ് കന്യകയെ വാങ്ങി ഒരു കാതുകറുത്ത ഇരുന്നൂറ് വെള്ളക്കുതിരകളെ നല്‍കി. രാജാവില്‍ നിന്ന് ഒരു പുത്രനെ പ്രസവിച്ചശേഷം അവളെ ഗാലവന്‍ കൊണ്ടുപോയി. പിന്നീട് കാശിരാജാവായ ദിവോദാസനും മാധവിക്ക് പകരം ഇരുന്നൂറു വെള്ളക്കുതിരകളെ നല്‍കി. അയാളില്‍നിന്ന് ഗര്‍ഭം ധരിച്ച് മാധവി ഒരു പുത്രനെ പ്രസവിച്ചു.
പലരും മാധവിയെ നോക്കി. കേളപ്പജി കഥ തുടര്‍ന്നു.
പിന്നീട് ഭോജരാജ്യത്തെ ഉശീനരരാജാവും നല്‍കി മാധവിക്ക് പകരം ഇരുന്നൂറ് അതേയിനം കുതിരകളെ. കുട്ടി പിറന്ന ശേഷം മാധവിയെ ഗാലവന്‍ തിരികെ വാങ്ങി. അറുന്നൂറ് കുതിരകളെയും ബാക്കി ഇരുന്നൂറെണ്ണത്തിന് പകരമായി മാധവിയേയും ഗാലവന്‍ വിശ്വാമിത്രന് കൈമാറി.
മഹാദ്യുതിയായ വിശ്വാമിത്രന്‍ മാധവിയോടുകൂടി രമിച്ച് അവളില്‍ പുത്രനെ ജനിപ്പിച്ചു.
നാലുരാജാക്കന്മാര്‍ക്ക് പുത്രരെ നല്‍കി കുലവര്‍ദ്ധനയ്ക്ക് കൂട്ടുനിന്നവള്‍, താതന്റെ വാഗ്ദാനത്തിന് അര്‍ത്ഥം നല്‍കിയവള്‍, അതികഠിനമായ ഗുരുദക്ഷിണ നല്‍കി ഗുരുവില്‍നിന്ന് ഋണമുക്തിനേടാന്‍ ഗാലവന് കൂട്ടായി നിന്നവള്‍. അതായിരുന്നു കാലം അവളിലര്‍പ്പിച്ച ധര്‍മ്മം.
ഒടുവില്‍ ഗാലവന്‍ അവളെ കൊണ്ടുപോയി യയാതിയെ ഏല്‍പ്പിച്ചു. പിതാവ് ഗംഗായമുനകള്‍ ചേരുന്നിടത്ത് മകള്‍ക്ക് സ്വയംവരപ്പന്തലൊരുക്കി. വരവര്‍ണ്ണിനിയായ മാധവി രാജകുമാരന്മാരെയൊക്കെ വിട്ട് വനത്തെ വരനായി വരിച്ചുവെന്ന് കഥ. പലതരത്തിലുള്ള ഉപവാസവും പലതരം ദീക്ഷാനിയമങ്ങളും ശീലിച്ച് ആത്മാവിനു ലഘുത്വം നല്‍കി മൃഗചര്യയെ ആചരിച്ചു.
മകളുടെ ധാര്‍മ്മിക ബുദ്ധിയാല്‍ യയാതി പരലോകത്ത് വാഴിക്കപ്പെട്ടു. പിന്നീട് സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് വീണപ്പോള്‍ മകള്‍ തന്റെ പുണ്യത്തിന്റെ ഭാഗം നല്‍കി അച്ഛനെ മുകളിലേക്കുയര്‍ത്തി.
അച്ഛനും വന്നിരുന്നു അന്ന് കേളപ്പജിയെ കാണാന്‍ പാര്‍വതിക്കുട്ടിയുടെ വീട്ടില്‍. തന്നോടൊപ്പം ഇരുന്ന് കഞ്ഞികുടിക്കുന്ന അച്ഛനെ മാധവി ഓര്‍ത്തു. മുറിക്കകത്ത് തലങ്ങും വിലങ്ങും കിടന്ന മാറാലകള്‍ ചൂലുകൊണ്ട് നീക്കി മാധവി കഴിഞ്ഞകാലത്തെ കണ്ടു.
രണ്ടുദിവസം ഒറ്റയ്ക്ക് കിടക്കാനാണ് ഈ വൃത്തിയാക്കല്‍. അടുത്ത വരവില്‍ വീണ്ടും ഇതേ പടിയാവും. എന്നാലും ഇടയ്ക്കിടയ്ക്ക് വന്ന് ഒരു വെടിപ്പാക്കല്‍. തിരിച്ചു പോകുമ്പോള്‍ കിട്ടുന്ന ഒരു സമാധാനത്തിന്. ഇന്നലെ നേരത്തെ എത്തിയതിനാല്‍ അടുക്കള വൃത്തിയാക്കാന്‍ പറ്റി.
അയാളോട് ഊരും പേരും ചോദിക്കാന്‍ വിട്ടു. എന്താണെന്നറിയില്ല, ഒന്നു കാണാന്‍ തോന്നുന്നുണ്ട്.
യാറംപടിത്തോട്ടില്‍ പുലര്‍ച്ചെ അരയ്ക്കു മേല്‍ ഇരുട്ടുമാത്രം പുതച്ച് നീന്താനിറങ്ങി. ചെറുപ്പം മുതലുള്ള ശീലമാണ് തോട്ടിലെ ഈ കുളി.
ചെറുശീതത്തെ ചേര്‍ത്തുവെച്ച് മുങ്ങിനിവര്‍ന്നതിന്റെ എണ്ണം മറന്നുപോയി. അല്പം കൂടിപ്പോയെന്ന് പുറത്ത് വെളിച്ചം പരന്നത് ശ്രദ്ധയിലെത്തിയപ്പോഴാണ് മനസ്സിലായത്. തോടിന്റെ ഓരംപറ്റിക്കിടക്കുന്ന നിരത്തിലെന്തോ അനക്കം. വെള്ളത്തില്‍ നിന്ന് വേഗത്തില്‍ കയറി.
കാടിന്‍മറയ്ക്കപ്പുറം രണ്ടു കാളത്തലകള്‍. ഒപ്പം കുടമണിയൊച്ച. അവിടെ ഇരുട്ട് പിന്‍വാങ്ങിയിട്ടില്ല. കാളവണ്ടിക്കാരന്‍ ഇങ്ങോട്ടാണ് നോക്കുന്നത് എന്നറിഞ്ഞപ്പോള്‍ നനഞ്ഞ തുണിയെടുത്ത് മാറ്മറച്ചു.
‘മാധവിയല്ലേ…?’
എവിടെയോ കേട്ട ശബ്ദം. പരിഭ്രാന്തി മറുപടിയെ തടഞ്ഞു.
‘ഇന്ന് മടങ്ങുന്നുണ്ടോ, പട്ടാമ്പിക്ക്?’ ഈ ചോദ്യത്തിലാണ് ആളെ പിടികിട്ടിയത്. പട്ടാമ്പിയില്‍ നിന്നും വന്ന വണ്ടിയുടെ സാരഥി. പേരറിയാ സാരഥി.
‘ഉം’
അലക്കിയ വസ്ത്രം കൊണ്ട് മേല്‍ഭാഗം പുതച്ച് ഉടുത്ത തോര്‍ത്തിന്റെ അഗ്രം പിഴിഞ്ഞ് റോഡിലേക്ക് കയറി. ‘ഭാഗ്യം, ചേല മോഷ്ടിച്ചു കൊണ്ടു പോകുമോന്ന് ഭയന്നു’.
‘അതിന് ഞാന്‍ കള്ളക്കണ്ണനല്ല, വേലായുധനാണ് ‘. മാധവി സാരഥിയുടെ പേരറിഞ്ഞു.
‘ഈ രഥത്തില്‍ കൊണ്ട് വിടുമോ എന്നെ?’
‘പിന്നെന്താ കൂലി തരണം’
ഊരകം മലയെ സൂര്യന്‍ കീഴടക്കിക്കഴിഞ്ഞിരുന്നു.
‘ഉം, അമ്മാവനോട് പറയാം’. മാധവി പറഞ്ഞു.
‘ആര്, ഹോട്ടല്‍ മൊതലാളിയാ?’
‘ഉം’
‘ഞാന്‍ തമാശ പറഞ്ഞതാ കേട്ടോ… ഞാനങ്ങ് പുലാമന്തോള്‍ വരെ ഓടുന്ന്ണ്ട്. ഇതില് വന്നോ’.
സമയവും സ്ഥലവും പറഞ്ഞുറപ്പിച്ചിടത്ത് കൃത്യമായി മാധവിയെത്തി. അരിമ്പ്രയില്‍ നിന്നും കുരുമുളക് കയറ്റി പുലാമന്തോളിലെ സംഭരണ കേന്ദ്രത്തിലെത്തിക്കലാണ് വേലായുധന്‍ അടുത്തിടെ കണ്ടെത്തിയ ജോലി. കുറെയേറെ തോട്ടക്കാരുടെ തോട്ടങ്ങളില്‍ നിന്നാണ് പുലാമന്തോളിലെ കേശവക്കിടാവ് കുരുമുളക് വാങ്ങുന്നത്. കേശവക്കിടാവിന് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ ഈ വഴി വണ്ടിയോട്ടാന്‍ മറ്റാര്‍ക്കും ധൈര്യമില്ലായിരുന്നു.
ഭയം കെട്ടിപ്പുണര്‍ന്നു കിടപ്പുണ്ട് മലപ്പുറത്തു നിന്ന് പുറത്തേക്കൊഴുകുന്ന വഴികളിലെല്ലാം.
കുരുമുളക് ചാക്കുകള്‍ അടുക്കിവെച്ചിരിക്കുന്നതിന്റെ എതിര്‍വശത്ത് ബാക്കിയായിക്കിടന്ന ഇത്തിരിയിടത്തില്‍ മാധവി ഇരുന്നു. രണ്ടുപേരും വഴിനീളെ എന്തൊക്കെയോ സംസാരിച്ചു. പുലാമന്തോളില്‍ എത്തിയപ്പോള്‍ മാധവി പറഞ്ഞു.
‘മതി, ഞാന്‍ ഇവിടുന്ന് പൊയ്‌ക്കോളാം’
‘നന്നായി. ഇങ്ങനെ വഴിയിലുപേക്ഷിക്കലോ!’ കുന്തിപ്പുഴയ്ക്ക് കുറുകെ പുതുതായുയരുന്ന പാലത്തിന്റെ അസ്ഥികൂടം.
ഭീമാകാരന്‍മാരായ ഇരുമ്പ് ബീമുകള്‍ കൂട്ടിയിട്ടിരിക്കുന്നു. പാലം പണിക്ക് നേതൃത്വം നല്‍കുന്ന സായിപ്പന്മാര്‍, ഉന്നതോദ്യോഗസ്ഥര്‍, നാട്ടുകാരായ പണിക്കാര്‍. ലഹളസമയത്ത് തകര്‍ക്കപ്പെട്ട പാലം അറ്റകുറ്റപണി നടത്തിയതിന്മേലേയാണ് ഇപ്പോഴത്തെ യാത്ര.
വേലായുധന്റെയും മാധവിയുടെയും യാത്രകള്‍ക്ക് സാക്ഷിയായി കുന്തിപ്പുഴ ഒഴുകിക്കൊണ്ടേയിരുന്നു. പുലാമന്തോളില്‍ ഇരുമ്പുപാലമുയര്‍ന്നു.
കണ്ടുമുട്ടിയതിന്റെ മൂന്നാം വര്‍ഷം അതേ കുളക്കടവില്‍ ഒരുമിച്ചിറങ്ങിയ ഒരു പുലര്‍ച്ചയ്ക്ക് മാധവി ചോദിച്ചു.
‘ഇനി എന്റെ കുടീല് കൂട്യാ പോരെ?’
‘അതിന് ചെല മര്യാദകള്‍ ഒക്കെ ഇല്ലേ?’വേലായുധന്‍ താല്‍പ്പര്യം കലര്‍ന്ന ഭാവത്തില്‍ മറുപടി പറഞ്ഞു.
‘നമുക്കൊരിടം വരെ പോണം’.
(തുടരും)