പ്രബുദ്ധമായ ഒരു സമൂഹത്തിന്റെ നിര്‍മ്മാണത്തിന് പത്രമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സ്വാതന്ത്ര്യസമര കാലത്ത് ഭാരതത്തിലെ ജനഹൃദയങ്ങളില്‍ സ്വാതന്ത്ര്യജ്വാലയെ ആളിക്കത്തിക്കുന്നതിന് വേണ്ടി നമ്മുടെ ദേശീയ നേതാക്കള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും പത്രങ്ങളെയായിരുന്നു. ഒരുതരത്തില്‍, ഭാരതത്തിലെ പത്രപ്രവര്‍ത്തന ചരിത്രവും സ്വാതന്ത്ര്യസമര ചരിത്രവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നതിന് കാരണവും ഇതാണ്.
കേരളത്തിലും തുടക്കം മുതല്‍ തന്നെ പത്രമാധ്യമങ്ങള്‍ ജനങ്ങളില്‍ വളരെയധികം വേരുറപ്പിച്ചിരുന്നു. മലയാളത്തിലെ 1848 മുതലുള്ള നൂറു വര്‍ഷത്തെ പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രം വിവരിക്കുന്നതാണ് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ രചിച്ച ‘പത്രചരിത്രത്തിന്റെ 100 വര്‍ഷങ്ങള്‍’ എന്ന പുസ്തകം. മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമായ ജ്ഞാനനിക്ഷേപത്തിന്റെ തുടക്കം മുതലുള്ള ചരിത്രമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ചരിത്രകാരന്മാരും സാഹിത്യകാരന്മാരും തയ്യാറാക്കിയിട്ടുള്ള പത്രചരിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണാത്മകത ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.
പത്രങ്ങളുടെ കേവലമായ ചരിത്രത്തിനപ്പുറം ആനുകാലികങ്ങളെയും, കേരളത്തിലെ ഭരണകര്‍ത്താക്കള്‍ കാലാകാലം നടപ്പിലാക്കിയിട്ടുള്ള പത്രമാരണ നിയമങ്ങളെയും അവയോടുള്ള സാമൂഹിക പ്രതികരണങ്ങളെയും കൂടി ഗ്രന്ഥകാരന്‍ പുസ്തകത്തില്‍ സമഗ്രമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ആദ്യകാലത്ത് പത്രപ്രവര്‍ത്തകര്‍ നേരിട്ട പ്രശ്‌നങ്ങളിലേക്കും പ്രതിസന്ധികളിലേക്കും ഈ പുസ്തകം കടന്നു ചെല്ലുന്നു. പത്രപ്രവര്‍ത്തന ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരു കോശഗ്രന്ഥമാണ് (ഞലളലൃലിരല യീീസ) ഇതെന്ന് അവതാരികയില്‍ പ്രൊഫ. സി.ഐ ഐസക് അഭിപ്രായപ്പെടുന്നു.
‘പത്രചരിത്രത്തിന്റെ 100 വര്‍ഷങ്ങള്‍’
ഡോ.അനില്‍കുമാര്‍ വടവാതൂര്‍
മീഡിയാഹൗസ് ദല്‍ഹി,
സാഹിത്യപ്രവര്‍ത്തക കോ-ഓപ് സൊസൈറ്റി, കോട്ടയം
പേജ് 198 വില 250