തിരുവനന്തപുരം: ഖിലാഫത്ത് പ്രസ്ഥാനത്തിന് പിന്തുണ നല്‍കിയതില്‍ ഗാന്ധിജിക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനും പരാജയം സംഭവിച്ചതായി കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി.ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ഭാരതീയവിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ.അംബേദ്കര്‍, സര്‍. സി.ശങ്കരന്‍നായര്‍, ആനിബസന്റ് തുടങ്ങിയവരെല്ലാം ഖിലാഫത്തിനെ എന്തുകൊണ്ട് വിമര്‍ശിച്ചു എന്നത് പഠനവിധേയമാക്കണം. മനുഷ്യബന്ധങ്ങള്‍ നശിപ്പിച്ച വംശഹത്യയാണ് മാപ്പിളലഹളയെന്ന് ചരിത്രം ചൂണ്ടിക്കാട്ടുന്നു. കലാപത്തില്‍ മലബാറില്‍ അന്നുണ്ടായിരുന്ന മുസ്ലിം സമൂഹത്തിലെ ഒരു ജന്മി പോലും കൊല്ലപ്പെട്ടിട്ടില്ല എന്ന വസ്തുത മലബാര്‍ കലാപം ജന്മി വിരുദ്ധ കാര്‍ഷിക ലഹളയാണെന്ന വാദത്തിന്റെ മുനയൊടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ.ബി.എസ്. ഹരിശങ്കര്‍ രചിച്ച ‘ബിയോണ്ട് റാംപേജ്: വെസ്റ്റ് ഏഷ്യന്‍ കോണ്‍ട്രാക്ട്‌സ് ഓഫ് മലബാര്‍ ആന്റ് ഖിലാഫത്ത്’, കെ.സി സുധീര്‍ബാബു രചിച്ച ‘1921 മാപ്പിള കലാപം അംബേദ്ക്കര്‍ രേഖപ്പെടുത്തിയത്’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഡോ. അബ്ദുള്‍ സലാമും ഡോ.ജി.ഗോപകുമാറും നിര്‍വ്വഹിച്ചു. തിരുവനന്തപുരം എം.ജി കോളേജ് ചരിത്രവിഭാഗം അധ്യാപകന്‍ എസ്.ഹരികൃഷ്ണന്‍, തിരുവനന്തപുരം ധനുവച്ചപുരം ബി.ടി.എം കോളേജ് ഹിസ്റ്ററി വിഭാഗം അധ്യാപകന്‍ ആര്‍.ജയകുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഭാരതീയവിചാരകേന്ദ്രം ജോയന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ അധ്യക്ഷത വഹിച്ചു. കെ.വി.രാജശേഖരന്‍, എസ്.ഉദയശങ്കര്‍, ഡോ.സി.വി.ജയമണി, ഡേ.കെ.എന്‍. മധുസൂദനന്‍ പിള്ള, വി.എസ്.സജിത്ത് എന്നിവര്‍ സംസാരിച്ചു.
Comments