കോവിഡെന്ന മഹാവ്യാധി ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിപ്പിച്ചിട്ട് രണ്ട് വര്‍ഷമാകുന്നു. ലോകത്തുള്ള വിവിധ ഭരണകൂടങ്ങള്‍ അവരുടെ സര്‍വ്വശക്തിയുമുപയോഗിച്ച് ഈ പ്രതിസന്ധിയെ തരണം ചെയ്യാന്‍ പരിശ്രമിക്കുമ്പോള്‍ ഭാരത മഹാരാജ്യത്തിന്റെ തെക്കേയറ്റത്ത് കേരളമെന്ന കൊച്ചു ഭൂപ്രദേശം കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി ജനങ്ങളെ കോവിഡിന്റെ തേര്‍വാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇന്ന് ഭാരതത്തിലെ കോവിഡ് രോഗികളില്‍ അമ്പതു ശതമാനവും കേരളത്തിലാണുള്ളത്. അധികാരതിമിരം ബാധിച്ച് അഹങ്കാരികളായി മാറിയ കേരളത്തിലെ ഭരണ നേതൃത്വവും സ്തുതിപാഠകരായ അനുചരവൃന്ദവും ചേര്‍ന്ന് രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെ രോഗബാധയെക്കുറിച്ച് വാചാലരാകുകയും ആസ്ഥാന വിദൂഷകവൃന്ദം കേരള മോഡല്‍ ഉല്‍ബോധനങ്ങളില്‍ ആത്മരതി അടയുകയും ചെയ്തു കൊണ്ടിരുന്നപ്പോള്‍ കോവിഡ് മഹാവ്യാധി പരിധി വിട്ട് പടരുകയായിരുന്നു. മതവും വോട്ടു ബാങ്കിന്റെ വിലപേശല്‍ ശേഷിയും നോക്കി കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തി സാധാരണക്കാരന്റെ ജീവിതവൃത്തിയെ വരെ വഴിമുട്ടിയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്.
വാക്‌സിന്‍ വിതരണത്തില്‍ അമ്പേ പരാജയപ്പെട്ടു പോയ ഭരണകൂടം കേന്ദ്രത്തെ വിമര്‍ശിച്ച് തങ്ങളുടെ കെടുകാര്യസ്ഥതയ്ക്ക് ഇത്രകാലവും മറയിട്ടു പോന്നിരുന്നു. എന്നാല്‍ രോഗം അനിയന്ത്രിതമായി പടര്‍ന്നു തുടങ്ങിയപ്പോള്‍ പ്രായോഗിക ബുദ്ധിയുടെ കണിക പോലും തീണ്ടാത്ത മണ്ടന്‍ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ട് അധികാരികള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണ്. രണ്ടു വര്‍ഷമായി തൊഴില്‍ എടുക്കുവാനോ ആഹാരം തേടുവാനോ കഴിയാത്ത ജനങ്ങളെ അശാസ്ത്രീയമായ അടച്ചിടലുകള്‍ കൊണ്ട് പൊറുതിമുട്ടിയ്ക്കുകയാണ്. ജനങ്ങള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പരക്കം പായുമ്പോഴും വാക്‌സിന്‍ വിതരണത്തിലും സ്വജനപക്ഷപാതവും സങ്കുചിത രാഷ്ട്രീയവും കളിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും അവരുടെ കൂലിപ്പടയും.
കേരളത്തില്‍ ഇതുവരെ കേവലം 42 ശതമാനത്തിനേ ആദ്യ ഡോസ് വാക്‌സിനെങ്കിലും എത്തിക്കാനായിട്ടുള്ളൂ. 17.66 ശതമാനം ജനങ്ങള്‍ക്കു മാത്രമാണ് രണ്ടാം ഡോസ് മരുന്ന് നല്‍കാനായിട്ടുള്ളത്. ഇത് ജനങ്ങളുടെ കുറ്റമല്ല. അധികൃതരുടെ പിടിപ്പുകേടാണ്. എന്നാല്‍ എല്ലാ കുറ്റവും ജനങ്ങളുടെ മേല്‍ കെട്ടിവച്ച് അവരെ പീഡിപ്പിച്ച് രസിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്. രണ്ടാഴ്ച മുമ്പെങ്കിലും കോവിഡ് കുത്തിവയ്‌പ്പെടുത്തവരോ, 72 മണിക്കൂര്‍ മുമ്പ് ആര്‍.റ്റി.പി.സി. ആര്‍ പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞവരോ, ഒരു മാസം മുമ്പ് രോഗം വന്ന് മാറിയവരോ പൊതുനിരത്തിലിറങ്ങുകയോ കടകളില്‍ പോകുകയോ ചെയ്താല്‍ മതിയെന്ന് അധികൃതര്‍ കല്പിക്കുമ്പോള്‍ തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ജനങ്ങളുടെ മന:സംഘര്‍ഷം ആരും മനസ്സിലാക്കുന്നില്ല. അടച്ചിടലുകള്‍ കൊണ്ട് ജീവിതോപാധികള്‍ നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കത്തു നില്‍ക്കുന്ന ജനങ്ങളെയാണ് തുഗ്ലക്ക് നിയമങ്ങള്‍ കൊണ്ട് മുഖ്യമന്ത്രി വിജയന്‍ പരീക്ഷിക്കുന്നത്. ജീവിക്കാനായി നിയമം ലംഘിച്ച് പുറത്തിറങ്ങുക അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുക എന്ന അവസ്ഥയാണ് ഇന്ന് മലയാളികളുടെ മുമ്പിലുള്ളത്. നിത്യവരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിപ്പോരുന്ന തൊഴിലാളികളും കൈത്തൊഴിലുകൊണ്ട് ഉപജീവനം തേടുന്നവരും ചെറുകിട വ്യാപാരികളും വഴിയോര കച്ചവടക്കാരുമെല്ലാം പ്രതിസന്ധിയുടെ ആഴക്കയങ്ങളില്‍ നട്ടം തിരിയുകയാണ്. പ്രവാസി മലയാളികളും തൊഴില്‍ നഷ്ടം കൊണ്ടും പിരിച്ചുവിടല്‍ ഭീഷണി കൊണ്ടും മാനസികമായി തകര്‍ന്ന അവസ്ഥയിലാണുള്ളത്.
ഭാരതത്തില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാനസികാരോഗ്യം ഏറ്റവും കുറഞ്ഞ ജനവിഭാഗമായി മലയാളി മാറിയിട്ട് ദശകങ്ങളായി. 1990-കളിലെ പഠനങ്ങളില്‍പ്പോലും മാനസികാരോഗ്യത്തില്‍ മലയാളി ഏറെ പിന്നിലായിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ 8.9 മുതല്‍ 11.20 വരെയായിരുന്നു ആത്മഹത്യാ നിരക്കെങ്കില്‍ കേരളത്തിലത് അക്കാലത്തു തന്നെ 26.3 മുതല്‍ 30.5 വരെയായിരുന്നു. ഇന്ന് ആ സ്ഥിതിയില്‍ നിന്ന് മലയാളി ഒട്ടും പുരോഗമിച്ചിട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ വഷളാവുകയും ചെയ്തിരിക്കുകയാണ്. അതുകൊണ്ടാണ് കോവിഡ് അനുബന്ധ പ്രശ്‌നങ്ങളാല്‍ നിരവധി പേര്‍ കേരളത്തില്‍ ഇതിനോടകം ആത്മഹത്യ ചെയ്തത്. സര്‍ക്കാരിന്റെ സമീപനങ്ങളും ഒട്ടും സമാശ്വാസകരമല്ല എന്നതാണ് ആത്മഹത്യാ പ്രവണത വര്‍ദ്ധിക്കാന്‍ കാരണം. തൊഴില്‍ നഷ്ടം, കടബാധ്യത, അടച്ചിടല്‍ മൂലമുണ്ടാകുന്ന ഏകാന്തത, പട്ടിണി, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആത്മഹത്യയ്ക്ക് കാരണമാകുന്നു. ജൂണ്‍ 21 ന് ശേഷം കഴിഞ്ഞ 44 ദിവസത്തിനിടയില്‍ 22 പേര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തു എന്നത് നിസ്സാര സംഗതിയല്ല. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ഇതുവരെ 173 കുട്ടികള്‍ ആത്മഹത്യ ചെയ്യുകയുണ്ടായി എന്ന കണക്ക് ഏവരെയും ഞെട്ടിക്കാന്‍ പോന്നതാണ്. മാനസികോല്ലാസങ്ങള്‍ നല്‍കിയിരുന്ന പൊതു ഇടങ്ങളുടെ നഷ്ടമാണ് കുട്ടികളില്‍ ആത്മഹത്യാ പ്രവണത വളരാന്‍ പ്രധാനകാരണം. തിരുവനന്തപുരത്തും പാലക്കാടും ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമകള്‍, ഇടുക്കിയില്‍ ഏലം കര്‍ഷകന്‍, അടിമാലിയില്‍ ബേക്കറി ഉടമ, വയനാട്ടില്‍ ബസ് ഉടമ, വടകരയില്‍ ഹോട്ടല്‍ ഉടമ, കൊല്ലത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ, കോട്ടയത്ത് ടൂറിസ്റ്റ് വാന്‍ ഉടമ, മാവേലിക്കരയില്‍ ഗ്രാഫിക്‌സ് ഡിസൈനര്‍ എന്നിങ്ങനെ ജീവിതത്തിലെ വിഭിന്ന തുറകളില്‍ തൊഴിലെടുക്കുന്നവരും വിവിധ സാമൂഹ്യ മണ്ഡലങ്ങളില്‍ വ്യാപരിക്കുന്നവരുമായ ജനങ്ങളാണ് അടുത്ത നാളുകളില്‍ ആത്മഹത്യയില്‍ അഭയം തേടിയത്. ഗുരുതരമായ സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നു എന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ പലതും കുടുംബ ആത്മഹത്യകളായിരുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ട സംഗതിയാണ്.
നിപ്പയും ഓഖിയും പ്രളയ ദുരന്തങ്ങളും കോവിഡുമെല്ലാം ചേര്‍ന്ന് പൊതുവേ മാനസിക ദൗര്‍ബല്യമുള്ള മലയാളിയെ കൂടുതല്‍ ദുര്‍ബലനാക്കി എന്നുവേണം അനുമാനിക്കാന്‍. ഇത്തരം സാഹചര്യത്തില്‍ അധികൃതര്‍ ജനങ്ങളോട് അനുതാപപൂര്‍വ്വം പെരുമാറേണ്ടതുണ്ട്. ഭരണകൂടം പുണ്ണില്‍ കൊള്ളിവയ്ക്കും പോലുള്ള പ്രവൃത്തികള്‍ കൊണ്ട് കേരളീയരുടെ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. ദുരിതക്കയത്തില്‍ പെട്ട മലയാളികളെ കോവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ കൊള്ളയടിക്കുന്ന പോലീസും ഭരണ സംവിധാനങ്ങളും പരപീഡാരതിയുടെ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ്. പകര്‍ച്ചവ്യാധിയിലും ഭരണകൂട പീഡനങ്ങളിലും പൊറുതിമുട്ടിയ മലയാളികള്‍ ചെകുത്താനും കടലിനും നടുവില്‍ പെട്ടതു പോലെയാണ്. കേരളത്തെ ഒരാത്മഹത്യാമുനമ്പാക്കി മാറ്റുന്നതില്‍ ഭരണകൂടത്തിന്റെ പങ്ക് കാണാതിരുന്നു കൂടാ.