ആഷാഢ മാസത്തിലെ തെളിഞ്ഞ പ്രഭാതം…
ആകാശത്തിൽ അവിടവിടെയായി പഞ്ഞിക്കെട്ടുകൾ പോലെ മേഘക്കീറുകൾ ഉരുണ്ടുകൂടിയിട്ടുണ്ടെങ്കിലും അവക്കിടയിലൂടെ പ്രഭാതസൂര്യന്‍റെ പൊൻകിരണങ്ങൾ എത്തിനോക്കുന്നുണ്ട്. ഗലികൾ ഉണരുന്നതേയുള്ളു. സമീപത്ത് ശാന്തമായൊഴുകുന്ന ഗംഗാനദി…… തലേദിവസം മഴ പെയ്തതുകൊണ്ടാവണം വെള്ളം കലങ്ങിയിട്ടുണ്ട്.ഏതാനും ചെറുപ്പക്കാർ മീൻ പിടിക്കുന്നുണ്ട്.
” ഓ.. മീട്ടു.. ആവോ തും… അഭീതോ ഖേൽനാ ശുരൂ കരേംഗേ…” ഛോട്ടു കൂട്ടുകാരിയെ വിളിച്ചു…ഗലിയിലെ *ജോംപഡികളുടെ(* ജോംപഡി – കുടിൽ മുൻപിൽ നിൽക്കുകയാണ് അവൻ.. കൂട്ടുകാരിയെ കാത്ത്….
“അഭീ ആയേഗാ ഛോട്ടു…” അകത്ത് നിന്നും ഒരു കൊച്ചുപെൺകുട്ടിയുടെ സ്വരം. കളിപ്പാട്ടങ്ങൾ നിറച്ച പെട്ടിയുമായി കാത്തു നിൽക്കുകയാണ് ഛോട്ടു.വെളുത്ത് ചുവന്ന് പ്രസരിപ്പുള്ള മുഖം .ചെമ്പൻ നിറമുള്ള ചുരുണ്ട മുടി നെറുകയിൽ കെട്ടിവച്ചിരിക്കുന്നു.തവിട്ടു നിറമുള്ള ഷർട്ടും പൈജാമയുമാണ് വേഷം.
“ഓ.. ഛോട്ടു സബേരെ നാഷ്താ ഖായാ ഹൈ നാ…”
മീട്ടുവിന്റെ ‘അമ്മ രാഖിയാണ്.മകളുടെ കൈ പിടിച്ചുകൊണ്ട് അവർ പുറത്തേക്കു വന്നു. സാരി കൊണ്ട് മുഖം പകുതി മറച്ചിട്ടുണ്ട്. സീമന്തരേഖയിൽ ആവശ്യത്തിലധികം സിന്ദൂരം.
” നഹി മാം നാഷ്താ കെ ലിയേ ആവുംഗാ…: ഛോട്ടു പറഞ്ഞു
“അച്ഛാ.. ബേഠാ.. ഖ്യാൻ രഖ്നാ.. നദീ മേം തോ പാനി ഭാർഗയാ ഹൈ.” രാഖി ഓർമ്മിപ്പിച്ചു . അവൻ അത് കേട്ടതായി ഭാവിച്ചില്ല … ഓർമ്മ വെച്ച നാൾ മുതൽ ഗംഗാനദിയുടെ മടിത്തട്ടിലാണവൻ വളരുന്നത്.
വർഷ കാലത്തും ചിലപ്പോൾ വേനൽക്കാലത്തും വെള്ളം കയറി കൂലംകുത്തിയൊഴുകാറുള്ള ഗംഗ അവർക്കൊരു പുതിയ കാഴ്ചയല്ല.!
കഴിഞ്ഞ ഹോളിക്ക് അച്ഛൻ വാങ്ങിക്കൊടുത്ത ഇളംമഞ്ഞ ഫ്രോക്കും പച്ചകുപ്പായവുമാണ് മീട്ടു ധരിച്ചിരിക്കുന്നത്. ഛോട്ടു അവളുടെ കൈ പിടിച്ചു മണൽപുറത്തേക്കു നടന്നു.
” ബച്ചോ … ഖബർദാർ .. ഗംഗാമാതാജി ഗുസ്സാ മെ ഹൈ…” മീൻ പിടിക്കുന്ന ജോഗീറാം എന്ന ചെറുപ്പക്കാരൻ അവരെ ഓർമ്മിപ്പിച്ചു.
” അച്ഛാ. ജോഗി ഭായ്… ഹം ഉധർ ന ജായേങ്കെ ” ഛോട്ടു ഉറപ്പു കൊടുത്തു. ഛോട്ടുവും മീട്ടുവും മണൽപുറത്തിരുന്നു. പെട്ടി തുറന്നു .
ഛോട്ടു കളിപ്പാട്ടങ്ങളെല്ലാം പുറത്തിട്ടു.കരയുന്ന രണ്ട് ബൊമ്മകൾ.. താക്കോൽ കൊടുത്താൽ ഓടുന്ന ബസ് .. മരം കൊണ്ടുള്ള പാവകൾ.. രണ്ട് വിസിലുകൾ..വർണ്ണ ശബളിമയാർന്ന കുറെ വളപ്പൊട്ടുകൾ…… ഛോട്ടു ബസിനു താക്കോൽ കൊടുത്തു…വിസിൽ വിളിച്ച് സ്വയം കണ്ടക്ടറായി ചമഞ്ഞു.ബസ് മണൽപുറത്തുകൂടി ഓടാൻ തുടങ്ങി.ആർത്തു ചിരിച്ചു കൊണ്ട് അവർ ബസ്സിന്റെ പുറകേയോടി.പെട്ടെന്ന് ബസ് നിന്നു. ചോട്ടു വീണ്ടും താക്കോൽ കൊടുത്ത് ബസ് ഓടിക്കാൻ തുടങ്ങി….
വെയിലിനു ചൂട് പിടിക്കാൻ തുടങ്ങുന്നതേയുള്ളൂ. ഇപ്പോൾ നദിയിലെ കലക്കവെള്ളം തെളിഞ്ഞിട്ടുണ്ട്.കൊച്ചോളങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഗംഗ ശാന്തമായൊഴുകുകയാണ് …
രാവിലെ ഭക്ഷണമൊന്നും കഴിക്കാതെയാണ് കുട്ടികൾ പോയിരിക്കുന്നത്.രണ്ടാളുടെയും അമ്മമാർ പ്രാതൽ കഴിക്കാൻ അവരെ കൊണ്ടുപോകാനെത്തി.
“മേം നഹീ ആതാ ഹും മാം… മീട്ടൂ കീ ഘർ മി നാഷ്താ ഖാവുംഗാ….”ഛോട്ടു ശാഠ്യം പിടിച്ചു.
” അഭീ ചലോ ബേഠാ..ഖാനാ ഖാകാർ മീട്ടൂ കി ഖർ ജാവോ…”അവന്റെ ‘അമ്മ ദുര്ഗ അവനെ പിടിച്ചുവലിക്കാൻ തുടങ്ങി.
“മേം നഹീ ആവുംഗാ…. മീട്ടൂ കീ ഖർ സേ .” അവൻ നിന്ന് ചിണുങ്ങി.
” ഛോഡ് ദോ ദുർഗ്ഗാ ബഹൻ.. അബ് ഹമാരെ ഖർസെ ഖാന ഖായേം… കൽ മീട്ടു ഉധർ ആയേഗാ….” രാഖി നിർബന്ധിച്ചു. ദുർഗ്ഗ പിന്നീടൊന്നും പറഞ്ഞില്ല.
ഗലിയിൽ പത്തിരുപത് ജോംപഡികളുണ്ട്.പുരുഷന്മാരെല്ലാവരും രാവിലെ ഓരോ തൊഴിലുകൾ തേടി സ്ഥലം വിടും.തലേ ദിവസത്തെ സൂഖാറൊട്ടിയും ഉരുളക്കിഴങ്ങു സബ്ജിയും ഒരു കുപ്പി വെള്ളവുമായി യാത്ര തിരിക്കും.എല്ലാവരും കൂലിവേലക്കാരാണ്.
പരേഡ്, ബഡാചൗരാ മാൾ റോഡ് മരീ കമ്പനി തുടങ്ങിയ സ്ഥലങ്ങളിലാണ് പലരുടെയും ജോലി.
ചിലർ പെയിന്റിങ്ങുകാരാണ്.ബഡാ ജമീന്ദാർമാരുടെ വയലുകളിൽ പണിയെടുക്കുന്നവരുണ്ട്… മറ്റു ചിലർ തൂപ്പുജോലി ചെയ്യുന്നു. കൂടണയുമ്പോഴേക്കും സന്ധ്യ കറുത്തിരിക്കും.ആട്ടയും കിഴങ്ങും സവാളയുമായാണവർ മടങ്ങിയെത്തുക..
ആണുങ്ങൾ പോയാൽ സ്ത്രീകൾ വീട്ടുജോലികളിൽ മുഴുകും… മൂന്ന് പൊതുടാപ്പുകളുണ്ട് ഗലിയുടെ മധ്യത്തിൽ .. കുടിവെള്ളവും ഭക്ഷണം പാകം ചെയ്യാനുള്ള വെള്ളവും ടാപ്പുകളിൽ നിന്നും സംഭരിക്കും.മിക്ക സ്ത്രീകളും തലേന്ന് രാത്രി തന്നെ മൺകുടങ്ങളിൽ വെള്ളം നിറച്ചു വെക്കുന്നത് പതിവാണ്.രാവിലെ വെള്ളം വരാൻ പലപ്പോഴും വൈകാറുണ്ട്…
ഗൃഹ ജോലികളെല്ലാം കഴിഞ്ഞാൽ പതിനൊന്നു പന്ത്രണ്ട് മണിയോടെ സ്ത്രീകൾ നദീ തീരത്തേക്ക് പോകും.കുളിയും വസ്ത്രങ്ങൾ അലക്കുന്നതും അവിടെയാണ്. വർഷകാലമാണെങ്കിൽ രാത്രി ഇരുട്ടിയതിനു ശേഷം ടാപ്പുകളുടെ മുൻപിലാണ് കുളി.എല്ലാ സ്ത്രീകളും ഒരുമിച്ചാണ് കുളിയും വസ്ത്രം അലക്കലും അന്നത്തെ നാട്ടുവിശേഷങ്ങൾ പങ്കു വെക്കുന്നത് അപ്പോഴാണ്.
ജോംപഡികളിൽ വൈദ്യുതി എത്തുന്നതേയുള്ളൂ. ഏതാനും ജോംപഡികളിൽ വൈദ്യുതിയെത്തിയിട്ടുണ്ട്… മെഴുകുതിരിയും മണ്ണെണ്ണവിളക്കുകളുമാണ് ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്നത് ..
ഗലിയിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളാണ് ഛോട്ടുവും മീട്ടുവും. അതിനാൽ അവരെ എല്ലാവർക്കും ഇഷ്ടമാണ്.പ്രായം കൂടിയ കുട്ടികളിൽ ചിലർ സ്‌കൂളിൽ പോകുന്നുണ്ട്. രണ്ട് കിലോമീറ്റർ നടന്നിട്ടുവേണം സ്കൂളിലെത്താൻ.സാമ്പത്തിക പരാധീനതകൾ കാരണം പല കുട്ടികളുടെയും പഠനം വഴിമുട്ടി നിലൽക്കാറുള്ളത് സർവ്വസാധാരണമാണ്.അവർ മുതിർന്നവരുടെ കൂടെ ഏതെങ്കിലും തൊഴിലിലേർപ്പെടുന്നതും പതിവ് കാഴ്ച മാത്രം.
എല്ലാ ശനിയാഴ്ചകളിലും ഗലിയിലെ സർക്കാർ ആശുപത്രിയിൽ നിന്നും രണ്ട് ഡോക്ടർമാരും നഴ്‌സുമാരും ഗലിയിലെത്തും. അവർ ജോംപഡിയിലെ അന്തേവാസികളെ പരിശോധിക്കും.സാധാരണ അസുഖങ്ങൾക്ക് അപ്പോൾ തന്നെ മരുന്ന് കൊടുക്കും. കുട്ടികളാരും ഭയം കൊണ്ട് പുറത്തിറങ്ങില്ല.
” ഡോക്ടർ ബാബൂ ആതാ ഹൈ.. ജൽദീ അന്തർ ജാവോ…” അകലെ വെള്ള നിറമുള്ള ആംബുലൻസ് കണ്ടാൽ അവർ ഓടിയൊളിക്കും.
” ഇഞ്ചക്ഷൻ ദേഗാ … ദവാ ദേഗാ… ഭാഗോ …” പിറുപിറുത്തുകൊണ്ട് കുട്ടികൾ ഓടി വീടുകളിൽ അഭയം തേടും.
ജോംപഡികളുടെ അറ്റത്ത് വിശാലമായ മൈതാനമുണ്ട്.തൊട്ടടുത്ത ബാബുമാരുടെ വീടുകളിൽ നിന്നും പുരുഷന്മാർ രണ്ട മേശകളും കസേരകളും കൊണ്ടുവന്നു ഡോക്ടർമാർക്ക് പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കും…ഡോക്ടർമാരെ സ്വീകരിക്കാൻ ആദരവോടെ കാത്തു നിൽക്കും…
അസുഖമുള്ള കുട്ടികളെ അമ്മമാർ ബലാത്കാരേണ പിടിച്ചുകൊണ്ടുവരും. കുട്ടികളുടെ നിലവിളി കൊണ്ട് അവിടം മുഖരിതമാവും. “ചില്ലാവോമത്” നഴ്‌സുമാർ കുട്ടികൾക്കു ട്രോഫികൾ കൊടുക്കും.ഗുരുതര രോഗമുള്ളവർ അപ്പോൾതന്നെ ആംബുലൻസിൽ കയറ്റി നഗരത്തിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും… ചികിത്സയും ഭക്ഷണവും മരുന്നുമെല്ലാം സൗജന്യമാണ്…
ദീപാവലിക്കും ഹോളിക്കും ഗലിയിൽ ഗംഭീര ആഘോഷമാണ്.എല്ല്ലാവരും ആഹ്ലാദത്തിമിർപ്പിലായിരിക്കും.മുതിർന്നവർ മാൾറോഡിൽ നിന്നും പടക്കങ്ങൾ വാങ്ങിക്കൊണ്ടുവരും.
രാത്രി എല്ലാ ജോംപഡികളുടെയും മുറ്റത്തുനിന്നും പടക്കം പൊട്ടുന്നതിന്റെ ശബ്ദം മുഴങ്ങും.സ്ത്രീകൾ ചെറിയ മൺചിരാതുകളിൽ തിരികൾ കൊളുത്തി അലങ്കരിക്കും. ദീപാലംകൃതമായ മുറ്റം പ്രഭാപൂരത്തിൽ കുളിച്ചു നിൽക്കും ..
ഹോളിദിവസം കളർവെള്ളം നിറച്ച കുപ്പിയുമായി പുരുഷന്മാർ തൊട്ടടുത്ത ബാബുമാരുടെ വീട്ടിൽ പോകും.. പലരും ഭയം കൊണ്ട് വാതിൽ തുറക്കുകയേയില്ല.. മറ്റു ചിലർ സന്തോഷത്തോടെ കള ർവെള്ളമൊഴിക്കാൻ ഒഴിഞ്ഞു നിന്ന് കൊടുക്കും.അവസാനം വരുടെ നെറ്റിയിൽ പൊട്ടു തൊടുവിക്കും.
ഗൃഹനായികമാർ പുരുഷൻമാരുടെ കൈകളിലുള്ള തളികകളിൽ മധുര പലഹാരങ്ങൾ വിളമ്പും…സംതൃപ്തിയോടെ അവർ മടങ്ങും..ഹോളിദിവസം പഴകിയ വസ്ത്രങ്ങളാണെല്ലാവരും ധരിക്കുക.പിന്നീട് അവ ഉപയോഗശൂന്യമാവുന്നു… എന്നത് കൊണ്ട്..
ജോംപഡികളിലെ സ്ത്രീപുരുഷന്മാരും കുട്ടികളും വൈകുന്നേരം മൈതാനത്തിൽ സമ്മേളക്കും.ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നാണ്… ഏകോദരസഹോദര ഭാവത്തോടെ…..
ഗ്യാസ്‌ലൈറ്റുകളുടെ പ്രഭാപൂരത്തിൽ ജോംപഡികളും മൈതാനവും പ്രകാശമാനമായിരിക്കും..
ഭക്ഷണ ശേഷം പാട്ടും… ഡാൻസും… നാടകവും…
കുട്ടികൾ ആഹ്ലാദത്തിമിർപ്പോടെ മൈതാനത്തിൽ തുള്ളിച്ചാടിനടക്കും എല്ലായിടത്തം… “ഹോളി ഹോയ് ” വിളികളും ആർപ്പു വിളികളും …
ഹോളി കഴിയുന്നതോടെ മഞ്ഞുകാലവും അപ്രത്യക്ഷമാവുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം… തണുപ്പ് കുറഞ്ഞു കുറഞ്ഞു വരുമെനിന്നുള്ളത് യാഥാർത്ഥ്യം മാത്രം.
കഴിഞ്ഞ ദീപാവലിക്ക് മീട്ടുവിന്റെ ‘അമ്മ പുതിയ ഷർട്ടും പൈജാമയും വാങ്ങിക്കൊടുക്കുകയുണ്ടായി… അവൻ അത് നിധിപോലെ പെട്ടിയിൽ സൂക്ഷിച്ചു വെച്ചിരിക്കുകയാണ്.ആരെയും തൊടാൻ സമ്മതിക്കില്ല…! അമൂല്യനിധി പോലെ.. ഹോളിക്ക് ഛോട്ടുവിന്റെ അച്ഛൻ പുതിയ കുർത്തയും പൈജാമയും മീട്ടുവിന് സമ്മാനമായി കൊടുത്തു ..ആ രണ്ടു കുടുംബങ്ങളെയും സ്നേഹപാശം കൊണ്ട് ബന്ധിക്കുകയായിരുന്നു ആ കുരുന്നുമൊട്ടുകൾ. ഗലിയിൽ എല്ലാവരുടെയും കണ്ണിലുണ്ണികളായി അവർ വളർന്നു..
ചില ദിവസങ്ങളിൽ രാത്രി ഛോട്ടു മീട്ടുവിന്റെ വീട്ടിൽ കിടന്നുറങ്ങും. വണ്ടീ അച്ഛൻ ഹരീഷ് കുട്ടികളെ എടുത്തു കൊണ്ടുപോകാൻ വരും..” ഹരീഷ് ഭായ്… ബചോം കോ സോനെ ദോ…” രാഖി ഹരീഷിനെ ശാസിക്കും .. പക്ഷെ എത്ര വൈകിയാലും ഹരീഷ് കുട്ടിയെ എടുത്ത് കൊണ്ടുപോകും.. കാരണം ദുർഗ്ഗയ്ക്കു മകനെ കെട്ടിപിടിച്ചു കിടന്നാലേ ഉറക്കം വരൂ..
ആഷാഢമാസത്തിലെ മൂടിക്കെട്ടിയ ഒരുദിവസം .. കനത്ത മഴ തുടങ്ങിയിട്ട് രണ്ടു ദിവസമായി… തിരിമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ… എല്ല്ലാവരും ജോംപഡികൾക്കുള്ളിൽ അഭയം പ്രാപിച്ചിരിക്കുകയാണ്…
പുരുഷന്മാർ ഹൂക്ക വലിച്ചും ,ബീഡിയും സിഗരറ്റും പുകച്ചും മഴ നോക്കി രസിക്കുകയാണ്.. ചിലർ മദ്യപിച്ചു കൊണ്ട് ധാര മുറിയാത്ത പേമാരി ആഘോഷിച്ചു..
മൈതാനത്തിന്റെ അറ്റത്തു താഴ്ന്ന പ്രദേശങ്ങളിലുള്ള ചില ജോംപഡികളിൽ വെള്ളം കയറിയിട്ടുണ്ട്..കുട്ടികൾ പുറത്ത് പോകാനാവാതെ നിലവിളിച്ചു. സ്‍ത്രീകൾ ഭയചകിതരായി..
രണ്ടു ദിവസം കഴിഞ്ഞപ്പോൾ മഴയുടെ ശക്തി കുറഞ്ഞു.ഇപ്പോഴും ഗംഗാനദി സംഹാരരുദ്രയായി ഇരുകരകളും മുട്ടിയൊഴുകുകയാണ്…
നാലാം ദിവസം കിഴക്കു സുര്യനെ കാണാറായി…മഴ ശമിച്ച മട്ടാണ് … ഗംഗയുടെ തീരത്തുനിന്നും വെള്ളമിറങ്ങിത്തുടങ്ങി ..നനഞ്ഞു കുതിർന്ന മണൽപുറത്ത് ഗംഗയുടെ ഒഴുകി വന്ന ചപ്പുചവറുകൾ കുന്നുകൂടിക്കിടക്കുന്നു….. വെള്ളമിറങ്ങിയതോടെ ചെറുപ്പക്കാർ ചൂണ്ടയുമായി മീൻ പിടിക്കാനെത്തി….
” മാം… അഭീ ഖേൽ ജാ സക്.താ ഹും..”ഛോട്ടു അമ്മയോട് ചോദിച്ചു… “അഭീ മത് ജാനാ.. പാനീ തോ ഭർഗയാ ഹൈ…” ദുർഗ്ഗാ അവനെ വിലക്കി.
പക്ഷെ… അവർ അടുക്കളയിലായിരുന്ന തക്കം നോക്കി കളിപ്പെട്ടിയുമെടുത്ത് അവൻ പുറത്തിറങ്ങി. മീട്ടുവിന്റെ വീടിന്റെ മുൻപിലെത്തി അവൻ നീട്ടി വിളിച്ചു…
” ഓ.. മീട്ടൂ.. ആവോ… ഖേൽനേ കെലിയേ ജായേംഗെ….” പക്ഷെ ആരും വിളികേട്ടില്ല..
അൽപനേരം കൂടി അവൻ അവളെ കാത്തുനിന്നു..
പിന്നെ സാവധാനം മണൽപുറത്തേക്കു നടന്നു..
കളിപ്പാട്ടപ്പെട്ടി തുറന്നു സാധനങ്ങൾ പുറത്തിട്ടു.. ബസിനു താക്കോൽ കൊടുത്തു..നനഞ്ഞു കുതിർന്ന മണലിലൂടെ അല്പദൂരം മുൻപോട്ടു പോയി ബസ് നിന്നു …
അവൻ കൗതുകത്തോടെ ഗംഗയിലെ ഓളങ്ങളെ നോക്കികൊണ്ട് നിന്നു….
മന്ദം മന്ദമുള്ള പദവിന്യാസങ്ങളോടെ പുഴയുടെ സമീപത്തേക്കു നടന്നു…..
” ഓ.. പ്യാരേ..ഛോട്ടൂ… ഉധർ മത് ജാനാ … മത് ജാനാ…” അകലെ നിന്നും ഒഴുകിയെത്തിയ മീട്ടുവിന്റെ ശബ്ദം അവൻ ശ്രദ്ധിച്ചതേയില്ല..!
പെട്ടെന്നാണ് ആകാശം ഇരുണ്ടുകൂടിയത്.. കനത്ത മഴത്തുള്ളികളുടെ പ്രവാഹം .. എവിടെ നിന്നോ ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ…
“ഓ.. മീട്ടൂ ബചാവോ…. ബചാവോ… ” അവന്റെ ശബ്ദം കനത്ത മഴയിൽ അലിഞ്ഞു ചേർന്നു.
“ഓ.. ചോട്ടൂ.. ഉധർ മത് ജാവോ….. മത് ജാവോ…” അകലെ നിന്നും ഒഴുകി വന്ന മീറ്റുവിൻറെ ശബ്ദവും പേമാരിയിൽ ലയിച്ചു… ആഷാഢത്തിലെ മഴ തിമർത്തു പെയ്തു കൊണ്ടിരുന്നു..
ഒന്നുമറിയാതെ ഗംഗ കൂലം കുത്തി ഒഴുകിക്കൊണ്ടിരുന്നു.
( പി സുധാകരൻ പുലാപ്പറ്റ 9446237055)