Wednesday, July 9, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വെബ് സ്പെഷ്യൽ

നന്മപൂക്കുന്ന ലാവെളിച്ചം

ഷീല എന്‍.കെ

Aug 11, 2021, 04:46 pm IST

സമയം ഒൻപതാകുന്നതേയുള്ളു. കൃഷ്ണമ്മയുടെ വീടിന്റെ ഉമ്മറത്ത് മൂന്നു നാല് ഓട്ടോ വന്നു നിന്നു. അയലത്തെ ശശി നായര് എത്തിച്ചു നോക്കി ചോദിച്ചു. “ആരാ! കൃഷ്ണമ്മേ ” ഒറ്റയ്ക്ക് താമസിക്കുന്നതല്ലേ അയലക്കസ്നേഹം കാട്ടിയതാണ്. “എയ് ഇത് നമ്മടെ പിള്ളേര് ” . ഓട്ടോക്കാർക്കെല്ലാം ഇതു കേട്ടപ്പോൾ സന്തോഷമായി. ചിലരൊക്കെ അതോടെ ആ വലിയ വീടിന്റെ ചാരുപടി തിണ്ണയിൽ കയറി ഇരിപ്പായി. കൃഷ്ണമ്മക്ക് കൊടുക്കേണ്ടത് കൊടുക്കേണ്ടിടത്ത് കൊടുക്കാൻ നല്ലവശാ. അതുകൊണ്ടാണ് ഒരു വീട്ടുവേലക്കാരിയെ വേണംന്ന് ജോലിക്ക് പോകും വഴി ആ ഓട്ടോസ്റ്റാൻഡിൽ ഒന്നു പറയാൻ അയലത്തെ വിൽസനെ ഏൽപ്പിച്ചത്. ആമുഖമായ് ഇത്രയും പറഞ്ഞു.

“ഓട്ടോക്കാർക്കൊക്കെ ഇപ്പൊ പലതരം ബ്രോക്കറുപണ്യല്ലേ. അവരാവുമ്പൊ ഈ ഏജൻസികള്‌ടെ മാതിരി കൊച്ചീന്നും കൊയ് ലാണ്ടീന്നും ഒന്ന്വല്ല നമ്മുടെ അടുത്ത് പൊറത്ത്ന്ന് ആളെ ശര്യാക്കിത്തരും. എന്തെങ്കിലും ബ്രോക്കറ് കാശ് കിട്ടുന്നത് നമ്മടെ പിള്ളേർക്കാക്കിട്ടട്ടെന്ന് ” .

വന്നവരൊന്നും സാധാരണ ബ്രോക്കറ്മാര് ചോദിക്കുന്ന പോലെ വീട്ടുവേലക്കാരിക്ക് എന്തുകൊടുക്കും ഏതു കൊടുക്കും എന്നൊന്നും അന്വേഷിച്ചില്ല. വകുപ്പൊള്ള വീട്ടിൽനിന്ന് സ്ത്രീധനം ചോദിക്കാതെ പെണ്ണെടുക്കുന്ന മര്യാദയോടെ അവർ കൃഷ്ണമ്മയുടെ ഡിമാൻഡ് മാത്രം ചോദിച്ചറിഞ്ഞു .കാരണം അവർക്ക് കൃഷ്ണമ്മയെ അറിയാം. എന്നാൽ പേരു പോലും അറിയില്ല താനും.കൃഷ്ണന്റെ – അമ്മ കൃഷ്ണമ്മ. യഥാർഥ പേര് എന്തോ? ‘അങ്” എല്ലാരും വാ പൊളിക്കും. പേരുപോലെ മകനുവേണ്ടി ജീവിച്ച അമ്മ. ഭർത്താവ് വലിയ ഉദ്യോഗസ്ഥനായിരുന്നു. മകൻ കൊച്ചായിരിക്കുമ്പഴേ അച്ഛൻ മരിച്ചു. പിന്നെ അമ്മയും മോനും തന്നെ.മകൻ പഠനം കഴിഞ്ഞ് ഉദ്യോഗവുമായി കുടുബസമേതം അമേരിക്കയിലായപ്പോൾ കൃഷ്ണമ്മ ഒറ്റയ്ക്കായി . കൂട്ടിന്

എപ്പോഴും ഓരോ സഹായികളുണ്ടാവും. മുൻപുള്ള കുട്ടി കല്യാണം കഴിഞ്ഞ് അടുത്ത് പോയതേ ഉള്ളൂ.

വേലക്കാരിയെ കുറിച്ചുള്ള ഡിമാന്റിന് കതോർത്ത് നിൽക്കുന്നവരോട് കൃഷ്ണമ്മ പറഞ്ഞു. അതൊരു പറച്ചിലായിരുന്നില്ല പ്രസംഗമായിരുന്നു എന്നാണ് മൗനരാഗം ഓട്ടോയുടെ ഡ്രൈവർ ജോർജുകുട്ടി പിന്നീട് ഓട്ടോസ്റ്റാൻഡിൽ  പരക്കെ പറഞ്ഞു നടന്നത്.

ഇങ്ങനെയായിരുന്നു തുടക്കം : ” കളവും വ്യഭിചാരവും പാടില്ല. പിന്നെ പറയാനുള്ളത് നിങ്ങളോടാണ്. പണിക്കാരിയെ ആക്കി തന്നൂന്ന് വെച്ച് പഴച്ചക്കേമെ മണീച്ചപോലെ ഇവിടെ വന്ന് പറ്റിക്കൂടരുത്. [ഇതു കേട്ടതോടെ സിറ്റൗട്ടിൽ കയറി ഇരുന്നവർ പതുക്കെ എഴുന്നേറ്റു ] പിന്നെ നിങ്ങൾക്ക് ഒരു ശീലംണ്ട് മാസം തോറും പണിക്കാരത്തികളെ സ്ഥലം മാറ്റി അറൈഞ്ച് ചെയ്ത് അവട്ന്നും ഇവട്ന്നും ബ്രോക്കറ് കാശ് വാങ്ങല്. അത് മാത്രാ!ആ പാവങ്ങൾക്ക് കിട്ടണ നക്കാപ്പിച്ചേന്ന് കയ്യിട്ട് വാരുന്നവരും ഉണ്ട്. അല്ല! ഇവിടെ വരണേനെ, നിൽക്കണ പടി നിർത്താൻ എനിക്കറിയാന്ന് വയ്ക്കാ ”

ഇതൊന്നും കേട്ടിട്ടും കഴുത്തിന് ചുറ്റും നാവുള്ള ഓട്ടോക്കാരാരും ക-മ എന്ന് ഒരക്ഷരം മിണ്ടിയില്ല.കാരണം കാര്യം നടത്തി കൊടുത്താൽ ഈ പറയണതൊന്നും നോക്കണ്ട,കൃഷ്ണമ്മ അറിഞ്ഞു കൊടുക്കും. അത് അവരിൽ പലർക്കും അറിയാം. ഈ പെണ്ണുംപിള്ള ഇത്രയ്ക്കങ്ങ്ട് പറഞ്ഞതല്ലേ ” ആ  കാശാ പൊക്കോട്ടെ ” എന്നുറച്ച് ജോർജ്ജുക്കുട്ടി ഒരു കാച്ചങ്ങ്ട് കാച്ചി.

” ചേച്ചി പറഞ്ഞില്ലേ കളവും വ്യഭിചാരോം പാടില്ലാന്ന്. തൊരന്നോക്കാൻ ഇത് ചക്ക്യേം മറ്റും ആണോ. മനുഷ്യനല്ലേ ! ( അത് കൃഷ്ണമ്മയുടെ പഴചക്കയ്ക്ക് ജോർജ്ജുക്കുട്ടി ഓങ്ങി വെച്ചതു തന്നെ). പിന്നേയ് ഞങ്കടെ വീട്ടീന്നൊന്നുല്ല കൊണ്ടു വര്ണ്, ചൊല്ലീം തല്ലീം പഠിപ്പിച്ച് കൊണ്ടുവരാൻ. അവരൊക്കെ ഓരോരോ സാഹചര്യത്തിൽ വളർന്നവരല്ലേ. അത്യവശ്യക്കാരാണ് വരുന്നത്. ആഗ്രഹം ഉണ്ടാക്കും വിധം പണ്ടോം പണോം ഒന്നും പ്രദർശിപ്പിക്കാൻ നിൽക്കണ്ട പ്രേരണാക്കുറ്റം എന്നൊന്ന് ഉണ്ടല്ലോ.’ സൂക്ഷം ഇല്ലാത്തോന്റെ മൊതല് നാണം ഇല്ലാത്തോൻ കൊണ്ടാ പോം ” (അമ്മ പറഞ്ഞു കേട്ടിട്ടുള്ള ആ പഴഞ്ചൊല്ലുകൂടി കയറ്റി ഫിറ്റ് ചെയ്തപ്പോൾ ജോർജുകുട്ടിക്ക് കുറച്ചു സംതൃപ്തി ആയി.) ഇത്രയും കേട്ടപ്പോൾ ഓട്ടോക്കാരിൽ ചിലർക്ക് കയ്യടിക്കണമെന്ന് തോന്നി.  അത്യാവശ്യക്കാരായതു കൊണ്ട് നിയന്ത്രിച്ചു.

എല്ലാത്തിനും കൂടി കൃഷ്ണമ്മ ഒരു വരി മറുപടി പറഞ്ഞു”നിങ്ങൾ കൊണ്ടാ !കണ്ടാ മതി ,തൊരക്കാണ്ട് (അത് ജോർജ്ജ്ക്കുട്ടിക്കുള്ള വെപ്പായിരുന്നു അറിഞ്ഞ് വച്ചതല്ല.അറിയാതെ വന്നതാണ്. സ്വതസിദ്ധം) മടക്കേണ്ടത് ഞാൻ മടക്കിക്കൊള്ളാം ”

കൃഷ്ണമ്മയ്ക്ക് “തര”ത്തിന് ആളെ ഒത്തു കിട്ടിയത് മറുപടി പ്രസംഗം നടത്തിയ ജോർജ്ജുക്കുട്ടിയ്ക്കാണ്. മൂപ്പത്ത്യാർക്ക് ഇട്ട് ഒരു പണി കൊടുക്കാൻ ജോർജുകുട്ടി ഏനം നോക്കുന്നുണ്ടെന്ന് കിടിലൻ ഓട്ടോയുടെ ഡ്രൈവർ സുബിനാണ് ഒരു ഉച്ചചർച്ചയിൽ ശിവൻക്കുട്ടിയോട് പറഞ്ഞത്. “വേണ്ട്റ മോനേ, നീ വെളഞ്ഞേല്ക്ക് തേവല്ലെ “എന്ന് ശിവൻക്കുട്ടി ജോർജുക്കുട്ടിയോട് കുറച്ചു ശാസനയും അല്പം ഉപദേശവുമായി പറഞ്ഞു”അവരൊരു നല്ല സ്ത്രീയാ ” .എന്നൊരു സർട്ടിഫിക്കറ്റോടെയാണ് ആ ഉപദേശം അവസാനിച്ചത്. ഇതുകേട്ടതും ജോർജ്ജ്കുട്ടി ശിവൻക്കുട്ടിയുടെ അടുത്തു വന്നു. മുഖത്തേക്ക് സൂക്ഷിച്ചു ഒന്നു നോക്കി. എന്നിട്ട് തന്റെ ഇടതു കൈകൊണ്ട് ശിവൻക്കുട്ടിയുടെ മുഖമൊന്നു പൊക്കിപ്പിടിച്ചു .വലതു കൈയുടെ ചൂണ്ടുവിരൽ കൊണ്ട് ശിവൻക്കുട്ടിയുടെ കട്ടിമീശയിലെ ഒരു കൂട്‌രോമം പൊക്കിപിടിച്ചു കൊണ്ട് ചോദിച്ചു “എങ്ങനെ?–എങ്ങനെ ?….. ഞാൻ കാണാറുണ്ട് ആ ചേച്ചി അമ്പലത്തിൽ പോകുമ്പൊ ഓട്ടോയിൽ നിന്ന് ഇറങ്ങി നിന്നുള്ള ആ സിഗററ്റു വലി. വിഷ്ണുലോകം സിനിമയിലെ മോഹൻലാൽ സ്റ്റെൽ ഒരു ആരാധന ” .

കാര്യം മക്കളുടെ പ്രായമുള്ള പിള്ളേരാണെങ്കിലും ശിവൻക്കുട്ടിക്ക് അപ്പോൾ വന്ന ഭാവം പെട്ടെന്ന് മറയ്ക്കാനായില്ല.

.     എന്നാലും ഈ തുലാമാസം ഒന്നാം തിയതിത്തന്നെ കോലിൽ തുണിച്ചുറ്റിയ പോലൊരു രൂപത്തെ ജോർജ്ജുക്കുട്ടി ഇങ്ങനെ എഴുന്നള്ളിക്കുമെന്ന് ആരും നിരീച്ചില്ല. സ്റ്റാൻഡിൽ കൊണ്ടുവന്ന് എല്ലാവരേയും കാട്ടിക്കൊടുത്തു. ” ഇന്ന് കൃഷ്ണമ്മ ഒരു പ്രസംഗം കാച്ചും. കൊള്ളിയാൻ ഓട്ടോയുടെ ഡ്രൈവർ സുകുവിന്റേതാണ് തള്ള്.. ശിവൻക്കുട്ടി ഒന്നേ നോക്കിയുള്ളു. ഒന്നും പറഞ്ഞില്ല. അതുകൊണ്ടാവാം ജോർജ്ജുക്കുട്ടി വേഗം സ്ഥലം വിട്ടു .പെട്ടെന്ന് തന്നെ ഒരു ഉത്സാഹച്ചിരിയോടെ സുധർമ്മനും വണ്ടി സ്റ്റാർട്ട് ചെയ്യാനോങ്ങി. ശിവൻക്കുട്ടി ഇറങ്ങിച്ചെന്ന് , എവ്ട്ക്കണ്ടാ ഓട്ടം ” എന്നു ചോദിച്ചതും വണ്ടി ഓഫാക്കി.

അമ്പലത്തിലേക്ക് ഇറങ്ങിയതാണ് കൃഷ്ണമ്മ.അപ്പോഴാണ് പണിക്കാരത്തിയെയും കൊണ്ട് ഡ്രൈവറുടെ വരവ്. ഉമ്മറത്തേക്ക് കയറി വന്നപ്പോൾ വടി പോലെ കണ്ട ആ ആൾരൂപത്തിന്റെ കൈയിലെ വലിയ പ്ലാസ്റ്റിക്ക് കവർ ഒന്നു താങ്ങിപ്പിടിക്കാനാണ് കൃഷ്ണമ്മയ്ക്ക് തോന്നിയത്. കൃഷ്ണമ്മയെ നോക്കി ചുണ്ടുകൾ പതുക്കെ അകറ്റി അവരൊന്നു ചിരിച്ചു. മറുപടി ചിരി കിട്ടിയപ്പോൾ വാ തുറന്നൊന്ന് വിസ്തരിച്ച് ചിരിച്ചു. ഒന്നൊക്ക് ഒന്നരാടമേ പല്ലുള്ളു എന്നാണ് കൃഷ്ണമ്മ ആദ്യം അറിഞ്ഞത്.

“നിന്റെ പേരന്താ ”

എന്ന് ചോദിച്ചതും “ദേവു ” എന്ന് പറയുന്നതിനോടൊപ്പം അത്യാവശ്യം വീട്ടു വിവരവും പറഞ്ഞു കഴിഞ്ഞു.

പിന്നെ കൃഷ്ണമ്മയ്ക്ക് അത്യാവശ്യമായി ഒന്നേ ചോദിക്കാനുണ്ടായുള്ളു. അത് കണ്ടപ്പഴേ ചോദിക്കാൻ വെച്ചതാണ്

ഔചിത്യകൊണ്ടേ മറ്റെന്തോ പെട്ടെന്നങ്ങ്ട് നാവിൽ വരുന്നില്ല. എങ്കിലും ചോദിച്ചു.

” നിന്നെക്കൊണ്ട് വല്ലതും വയ്ക്കോ ദേവോ ”

ആ ചോദ്യത്തിലെ സഹതാപം വായിച്ചെടുത്തിട്ടാവാം ദേവു പറഞ്ഞു “എന്റെ കോലൊന്നും നോക്കണ്ട. എല്ലൻ കല്ലെടുക്കുംന്നാ ” എന്നു പറഞ്ഞതും കവറും തൂക്കി അകത്തേക്ക് കയറിപ്പോയി.

തിരിച്ചു പോരുമ്പോൾ ജോർജ്ജുക്കുട്ടിക്ക് അങ്കലാപ്പായി .ചതിച്ചോ! ഇത്രയ്ക്ക് താനും പ്രതീക്ഷിച്ചില്ല. മൂപ്പത്ത്യാരെ ഒന്നു മൂപ്പിക്കാന്നേ കരുതിയുള്ളു. അതുകൊണ്ട് കാര്യമായ് അന്വേഷിച്ചില്ല. ഇനിവെല്ല ” കള വോ ?വ്യഭിചാരമോ ?……..ഏയ് വ്യഭിചാരം …. ഇല്ല. അതിനൊള്ള ആളില്ല്യ . പക്ഷേ കളവ് “. ബ്രോക്കറ് കാശ് പേന്റിന്റെ ഉൾപോക്കറ്റിൽക്കിടന്ന്   തുടയെ വിറപ്പിക്കുന്ന പോലെ ജോർജ്ജുക്കുട്ടിക്ക് തോന്നി.

മിണ്ടിയും പറഞ്ഞും പണികൾ സഹകരിച്ചെടുത്തും കൃഷ്ണമ്മയ്ക്കും ദേവുവിനും ഇടയിൽ ഒരു ബന്ധം വളർന്നു കുറേ കാലായി താൻ പറയുന്നത് ഒരാള് കേൾക്കുന്നതു തന്നെ. ഇതാണ് ദേവുവിന് ഈ വീട്ടിൽ അനുഭവപ്പെട്ട ആദ്യത്തെ കാര്യം ഒഴിവു കിട്ടുമ്പോഴൊക്കെ ദേവു ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. കൊടഞ്ഞിടുമ്പോൾ വീഴാൻ കൂട്ടാക്കാതെ കവറിൽ തങ്ങി നിൽക്കുന്ന പഞ്ചസാര തരികൾ പോലെ സംസാരത്തിനിടയിലും മുഴുവൻ വിട്ടിറങ്ങാതെ ചില കാര്യങ്ങൾ ഉള്ളിൽ തങ്ങി നിൽക്കുന്നുണ്ടെന്ന് കൃഷ്ണമ്മയ്ക്ക് മനസ്സിലായി. മുതലാളി ചെക്കനെ പുറകേ നടത്തിയ ദേവുവിന്റെ സുന്ദര രൂപം , വലിയവരെ ഭയന്ന് നാട്ടിൽ നിന്ന് ഓടേണ്ടി വന്നത്.തമിഴനോടൊപ്പം കാപ്പിതോട്ടത്തിൽ കഴിയുന്ന മലയാളത്തുകാരി, ഒരേ ഒരു മകൾ , അവളുടെ മൂന്ന് ക്കെട്ട്, എല്ലാത്തിലും കൂടി നാല് മക്കൾ …… ഇങ്ങനെ കഥകൾ എത്രയോ ആ സംസാരത്തിൽ വാർന്നുവീണു

എന്നാലും ദേവു എപ്പോഴും കൃഷ്ണമ്മയെ ഓർമിപ്പിക്കുന്ന ഒരു സന്ദർഭമുണ്ട്. ” ചേച്ചി യന്ന് എന്നോട് പറഞ്ഞ വാക്കില്ലേ അത് വന്ന് വീണത് എന്റെ ചങ്കിലാ” അതു പറയുമ്പോൾ നിലാവു പോലെ ഒരു കുടം സ്നേഹം ദേവുവിന്റെ കണ്ണിൽ നിന്ന് ഒഴുകി കൃഷ്ണമ്മയെ ചൂഴ്ന്നു നിൽക്കും.

ദേവുവിന്റെ മോളെ പോലീസ് പിടിച്ചതാണ് സന്ദർഭം. അയലത്തെ പെണ്ണിന്റെ 2 പവന്റെ മാല ദേവുവിന്റെ മകൾ മോഷ്ടിച്ചതാണ് കേസ് .രണ്ടാഴ്ചക്കകം മാലയോ തുല്യമായ പണമോ കൊടുത്തില്ലെങ്കിൽ ജയിലിൽ കിടക്കണം എന്ന് പോലീസ് പറഞ്ഞു. ഇത് പറഞ്ഞ് കരഞ്ഞും പിഴിഞ്ഞും ദേവു ഊണു കഴിക്കാതെ നടന്നു. ഒടുവിൽ കൃഷ്ണമ്മ പറഞ്ഞു . “രണ്ടാഴ്ചയില്ലേ മാല കിട്ടും. ഇല്ലെങ്കിൽ പണം നമുക്കാ കൊടുക്കാം പോരേ. നീ ഭക്ഷണം കഴിക്ക് ” ഇതാണ് ദേവു എപ്പോഴും ഓർത്ത് പറയുന്ന വാക്കുകൾ.

അന്ന് അത് കേട്ടതോടെ ദേവുവിന്റെ കരച്ചിൽ പിടിച്ചു കെട്ടിയതുപോലെ നിന്നു. രണ്ടു ദിവസം കഴിഞ്ഞ് ഒട്ടും പ്രതീക്ഷിക്കാതെയാണ് കൃഷ്ണമ്മ അത് പറഞ്ഞത്. മിക്സിൽ മുളക് പൊടിക്കുകയാണ് ദേവു . “ദേവോ മാലയെടുത്തത് നിന്റെ മോള് തന്ന്യാവും ” . പെട്ടെന്ന് മിക്സി ഓഫായി. ദേവു ഞെട്ടിയോ? അറിയാൻ കൃഷ്ണമ്മ ചുമരിന്റെ അപ്പുറത്തായിരുന്നല്ലോ. ജോത്സ്യം വെച്ച് കണ്ടെത്തിയതൊന്നുമല്ല അവർ.. മകളെക്കുറിച്ച് ദേവു പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ നിന്ന് സ്വാഭാവികമായും ഊറ്റിയെടുത്ത ഒരു സ്വഭാവ സർട്ടിഫിക്കറ്റ്. അത്ര തന്നെ. ഇതിനുശേഷം നാല് ദിവസമോ മറ്റോ കഴിഞ്ഞ് ദേവുവിന്റെ മകൾ വീട്ടിൽ നിന്ന് വിളിച്ചു . കുളിക്കാൻ പുഴയിൽ പോയപ്പോൾ മണലിൽ നിന്ന് മകൾക്ക് തന്നെ മാല കിട്ടിയെന്ന് .കേസങ്ങനെ തീർന്നു. എങ്കിലും ‘പണം നമുക്ക് കൊടുക്കാം പോരേ “എന്ന കൃഷ്ണമ്മയുടെ വാക്ക് ഏതു വേനലിലും പെയ്യാവുന്ന കുളിർമഴയുടെ പ്രതീക്ഷയായി  ദേവുവിൽ ശേഷിച്ചു.

ഭഗവാന് ഇടാൻ മാല കെട്ടുന്ന കൃഷ്ണമ്മയുടെ അടുത്തേക്ക് പരുങ്ങി പരുങ്ങി വന്നു ദേവു “എനിക്കൊന്ന് വീട്ടിൽ പോണം. ഇസാഫ് അടച്ചിട്ട് നാലുമാസായി. അവര് വിളിച്ചിരുന്നു. ” ദേവു വീട്ടിൽ പോകുന്നത് കൃഷ്ണമ്മയ്ക്ക് ഇഷ്ടക്കുറവാണ്. പണിയുടെ കാര്യമല്ല. ഒറ്റയ്ക്കാവൂലോ അതാണ്.  “അത്യാവശ്യാണെങ്കിൽ പോ. ഞായറാഴ്ച എനിക്ക് ഒരു കല്യാണമുണ്ട്. ബുധനാഴ്ചയും ഉണ്ടൊരു ചോറൂണ് ചടങ്ങ്. അത്രേടം നീ കാക്കണ്ട തിങ്കളാഴ്ച പൊയ്ക്കോ. ”

ഞായറാഴ്ച കല്യാണം കഴിഞ്ഞ് വരുമ്പോൾ ദേവു നാളികേരം തിരിച്ചും മറിച്ചും എണ്ണുകയാണ്. കണ്ടപ്പഴേ കാര്യം പിടി കിട്ടി കൃഷ്ണമ്മയ്ക്ക്. “നീ ഏറ്റിക്കോ ദേവോ

ചുമക്കാൻ പറ്റണ്ത്. മോള്ക്ക് നന്ദിയില്ലെങ്കിലും നിന്റെ സ്നേഹം കുറക്കണ്ട” കേട്ടതും അഞ്ചാറു നാളികേരം കൊണ്ടുപോകാനുള്ള കവറിലാക്കി ദേവു

ദേവു ഇല്ലാത്തതിനാൽ പണികൾ അങ്ങനെ നീങ്ങിയില്ല. ചോറൂണിന് പോകാൻ തിരക്കിട്ട് ഒരുങ്ങുകയാണ് കൃഷ്ണമ്മ. സാരി ഒരു കൈ കൊണ്ട് കുത്തി വളയിട്ടുവെച്ച പാത്രത്തിൽ നിന്ന് വളയെടുക്കാൻ നോക്കി. കിട്ടിയില്ല. പാത്രം എടുത്ത് പൊക്കി നോക്കിയപ്പോൾ കാണുന്നില്ല. വയ്ക്കാറുള്ള മറ്റിടങ്ങളിലൊക്കെ നോക്കി. സാധ്യതയുള്ള ഓരോ ഇടം കഴിയുംതോറും നെഞ്ചിടിപ്പ് മുറുകി. തളർച്ച തോന്നി. കട്ടിലിൽ ഇരുന്ന് സമാധാനമായി ഓർത്തു. ഞായറാഴ്ച കല്യാണത്തിന് ഇട്ടിട്ടുണ്ട്. കല്യാണ വീട്ടിൽ വെച്ച് വളയുണ്ട്. മരുമകളുടെ അനുജത്തിയുടെ അമ്മായിയമ്മ വളയിൽ പിടിച്ച് മോഡൽ ശരിവെച്ചത് ഓർത്തു. പിന്നെ പിന്നെ കൃഷ്ണമ്മയ്ക്ക് ഓർക്കാനായില്ല. തിരിച്ച് ബസ്സിലാണ് വന്നത്. ഒന്ന് ഉറങ്ങിപ്പോയിരുന്നു. ഉണർന്നപ്പോൾ അടുത്തിരിക്കുന്ന സ്ത്രീ ഇറങ്ങി മറ്റൊരു സ്ത്രീ ആയിരുന്നു. കട്ടിൽ ബസ്സ്സീറ്റാക്കി തിരിഞ്ഞും മറിഞ്ഞും ഇരുന്നു നോക്കി. അപ്പോഴേക്കും സമയം 10.30 ആയി. ഇനി വന്നിട്ടാവാം. പെട്ടെന്ന് ഇറങ്ങി. അവിടെ ചെന്നപ്പോൾ ചോറൂണ് സദ്യ ഏതാണ്ട് കഴിഞ്ഞ മട്ടായി. അനുജത്തിയോടുപോലും വളയുടെകാര്യം പറഞ്ഞില്ല. പക്ഷേ ‘എന്താ പറ്റ്യേ …എന്തോ പോലെ …. എന്നൊക്കെ സ്നേഹമുള്ളവർ പലരും പറഞ്ഞു. അങ്ങനെയല്ലേ മനസ്സിന്റെ കഥ മുഖം പറയും.

പോരും വഴി മനയ്ക്കലെ വാസന്തിയുടെ അടുത്തൊന്ന് കയറി. മഷിനോട്ടത്തിലൂടെ നഷ്ട്ടപ്പെട്ട മോതിരം കിട്ടിയത് അവൾ ഒരിക്കൽ പറഞ്ഞതോർത്തിട്ടാണ്. അവളോട് മാത്രം കാര്യം പറഞ്ഞു. വളയുടെ തൂക്കം അവൾ ചോദിച്ചത് കേട്ടില്ലാന്ന് നടിച്ചു. നമ്പറ് ദാമോദരേട്ടന്റെ കയ്യിലാ വരുമ്പോൾ വിളിച്ചു പറയാം എന്നവൾ പറഞ്ഞപ്പോൾ വേഗം ഇറങ്ങി. വാസന്തി പറയാൻ ഇടയുള്ള എന്തോ ചിലതിനെ കൃഷ്ണമ്മ ഭയന്നതു കൊണ്ടാണ് ആ തിടുക്കം.

“കൃഷ്ണമ്മേ ആ പണിക്കാരി അവിടില്ലേ. അതിന്റെ ബേഗൊന്ന് പരിശോധിക്കാഞ്ഞില്ലേ ” എന്ന് വാസന്തി പറഞ്ഞത് മുറ്റത്ത് നിന്നാണ് കൃഷ്ണമ്മ കേട്ടത്, തിരിഞ്ഞു നോക്കിയില്ല.

വീട്ടിൽ വന്നു കയറിയതും ഷെൽഫിൽ നിന്ന് തന്റെ എല്ലാ സാരികളും കട്ടിലിലേക്ക് വലിച്ചിട്ട് പരിശോധിച്ചു.” ഭഗവാനെ ആ മഷിനോട്ടക്കാരൻ നോക്കുമ്പോൾ വള ബസ്സിൽ പോയതാണെന്ന് പറയണേ” . കൃഷ്ണമ്മ മനമുരുകി പ്രാർഥിച്ചു. പിന്നെയും പ്രതീക്ഷയില്ലാതെ വെറുതെ തിരഞ്ഞു. ഒടുവിൽ സാരികൾക്കിടയിൽ കയറി ഇരുന്നു. കാൽ മുട്ടിൽ നെറ്റി ചായ്ച്ചങ്ങനെ . വേണ്ട … വേണ്ട എന്ന് ഉള്ള് പറഞ്ഞിട്ടും ഒടുവിൽ അത് തന്നെ ചെയ്തു. കൈ നീട്ടി മൊബൈൽ എടുത്തു. വിളിച്ചു. എടുക്കുന്നില്ല. വീണ്ടും വിളിച്ചു. വീണ്ടും … വീണ്ടും . ഈ ദേവു എന്താ ഫോൺ എടുക്കാത്തത്. ഉടൻ മകൾക്ക് വിളിച്ചു. എടുക്കുന്നില്ല. വീണ്ടും .വാശിയോടെ വീണ്ടും. എടുക്കുന്നില്ല. ഫോൺ സാരികൾക്കിടയിലേക്കെറിഞ്ഞ് കാൽ മുട്ടിൽ തല പൂഴ്ത്തി കൃഷ്ണമ്മ ഏങ്ങിയേങ്ങിക്കരഞ്ഞു. കുറേ കരഞ്ഞപ്പോൾ ചില തെളിച്ചങ്ങൾ വന്നു. പെയ്തൊഴിഞ്ഞ മാനം പോലെ .അത്ര അത്യാവശ്യം കാണും. അതാ. അവൾ ചോദിച്ചാൽ താൻ കൊടുക്കോ : വല്ലതും കുറച്ച് കൊടുക്കുമായിരിക്കും.അല്ലെങ്കിലും തനിക്കെന്തിനാ ഇത്ര കനമുള്ള വളകൾ.

മൂടിക്കെട്ടി ഭയന്നു നിന്നസംശയങ്ങൾ നിശ്ചയമായി. പെയ്തൊഴിഞ്ഞ് മനസ്സിന്റെ ഭാരവും കുറഞ്ഞു. അല്ലെങ്കിലും എല്ലാം അറിയുന്നതുവരെയേ ഉത്ക്കണ്ഠകളും ആകാംക്ഷകളും ഉള്ളൂ. പിന്നെ ഒക്കെ ഒരുപോലെ . ആറു മണിക്കൂർക്കൊണ്ട് അരവർഷത്തെ ക്ഷീണം അനുഭവപ്പെട്ടു. ഇനി മുഖം കഴുകി സ്വസ്ഥമായ് ഒന്നുറങ്ങാം. കൺമഷിയും ചന്ദനവും പടർന്ന് കൈയും മുഖവും വല്ലാതായി. ഫെയ്സ് വാഷെടുക്കാൻ കുപ്പി ഞെക്കി. വരുന്നില്ല. കഴിഞ്ഞു കാണും. കുപ്പി സ്റ്റാൻഡിലെ റിങ്ങിൽ നിന്നും വലിച്ചൂരി. ” കിലും ” എന്ന ശബ്ദത്തോടെ എന്തോ വാഷ് ബെയ്സിനിൽ വീണു. വളകൾ! മനസ്സ് സ്വസ്ഥമായതുകൊണ്ട് അതെങ്ങനെ അവിടെ വന്നുവെന്ന് പിടികിട്ടി. ഞായറാഴ്ച കല്യാണത്തിനു പോയ് വന്ന് വള ഊരി പിടിച്ച് മുഖം കഴുകാൻ നോക്കുമ്പോഴാണ് അമേരിക്കയിൽ നിന്ന് മരുമകൾ വിളിച്ചത്. അപ്പോൾ അത് അവിടെ. ഫോൺ നീണ്ടു. പിന്നെയത് മറന്നു. റിങ്ങിൽ ചേർന്ന് കിടന്നതു കൊണ്ട് പിന്നെ അത് ശ്രദ്ധയിൽ പെട്ടില്ല. വളയെടുത്ത് വച്ച് തിരിയുമ്പോൾ ഫോൺ റിങ് ചെയ്തു. എടുത്തപ്പോൾ ദേവുവാണ്.

” ഞാനാ ,ഞങ്ങളേ പൊഴേല് പോയിക്ക്യാരുന്നു. യാത്രപോയ് വന്നാ. നാളെ വരാട്ടാ. ഒറ്റയ്ക്കല്ലേ .എനിക്ക് സമാധാനംല്ല്യ ” ‘അ’ എന്നും മാത്രം മറുപടി പറഞ്ഞു കൃഷ്ണമ്മ

അപ്പോഴേക്കും വീണ്ടും കണ്ണ് കലങ്ങി ഒഴുകി.

ആ കലക്കത്തിനായിരുന്നു കൂടുതൽ ശക്തിയെന്ന് കൃഷ്ണമ്മയറിഞ്ഞു.

 

 

 

 

 

Share3TweetSendShare

Related Posts

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

വീര വേലായുധന്‍ തമ്പി 7

മെക്കാളെയുടെ തന്ത്രങ്ങള്‍ (വീര വേലായുധന്‍ തമ്പി 6)

വര: ഗുരീഷ് മൂഴിപ്പാടം

പാപനാശിനി

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

ഗുരുഭക്തി

നവോത്ഥാന പൈതൃകം പ്രോജ്ജ്വലമാക്കിയ വ്യക്തിത്വം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies