എന്തു ചെയ്യാന്‍, സ്‌നേഹത്തോടെ ഒന്ന് കൈകൊടുക്കാനാവുന്നില്ല. പരസ്പരം നോക്കി ഇമയടക്കാന്‍ പോലും പേടി. നിഷ്‌ക്കളങ്കം ചിരിക്കുന്ന കുഞ്ഞിനെ വാരിയെടുത്ത് ഒന്നുമ്മവയ്ക്കാന്‍… ദാഹിക്കുന്ന… കണ്ണുകളിലെ ദാഹം തീര്‍ത്ത് കെട്ടിയോളെ ഒന്ന് ഓരം ചേര്‍ത്തിരുത്തി… എന്തിന് സ്വാതന്ത്ര്യത്തോടെ ഒന്ന് ശ്വാസം കഴിക്കാന്‍ പോലും വയ്യെന്നായിരിക്കുന്നു. വിചാരങ്ങള്‍ പോലും വായുംമൂക്കും മൂടിക്കെട്ടി ദൂരെയെങ്ങോ പോണൂ.
മുന്നില്‍പ്പെടുന്നവരെല്ലാം സംശയത്തിന്റെ ഏഴകലം നില്‍ക്കാന്‍ പാടുപെടുമ്പോള്‍ ആര്‍ക്കാണ് ആരും കാണാതെ തന്നിലേക്ക് ചിരിച്ചടുക്കാനാവുന്നത്?
സമാധിപൂണ്ടാണേലും പടരുന്ന വ്യാധിക്ക് കീഴ്‌പ്പെടുത്താനാവാത്ത വേഗത. എല്ലാരിലും കാണാക്കയത്തിന്റെ ആഴത്തോളം ചെന്നെത്തുന്ന പേടി. എല്ലാം ഒരൊറ്റ മുഖാവരണത്തിലൊളിപ്പിക്കാമെന്നത് മാത്രം മെച്ചം. അതിലവള്‍ ഒളിപ്പിച്ചിരിക്കുന്നത് മുഖം മാത്രമല്ല അവളുടെ മനസ്സും കൂടെയാണ്.
എങ്ങും ഇറച്ചിവെന്തുകരിയുന്ന മരണത്തിന്റെ മണം. അതാണിപ്പോള്‍ അന്തരീക്ഷത്തിന്റെ താഴമ്പൂമണം!
അനിയന്ത്രിതമായ നിയന്ത്രണങ്ങളുടെ കുത്തൊഴുക്കിലും ഒഴിവാക്കാനാവാത്ത യാത്രകളില്‍ ജീവിതം ജീവിച്ചുതീര്‍ക്കേണ്ടിവരുന്നത് മരണങ്ങളെകൂടി തോല്പിച്ചുകൊണ്ടാണ്. അതവള്‍ക്ക് അറിയുമോ ആവോ?
സ്റ്റേഷനില്‍ ഇതുപോലെ ആളും ആരവവും ഒഴിഞ്ഞു കണ്ടിട്ടേയില്ല. ബോഗികള്‍ ഒട്ടുമുക്കാലും കാലി. മനസ്സില്‍ ഭയം കൂട്ടുന്ന വിജനത. തീവണ്ടിയുടെ ജനലോരത്ത് കാണാനില്ലാത്ത കാഴ്ചകളും പരതി അവള്‍ കാത്തിരുന്നു, തീവണ്ടി നീങ്ങുന്നതും പ്രതീക്ഷിച്ച്.
ഒരു കുഞ്ഞുപൂച്ചയുടെ നേര്‍ത്ത കരച്ചില്‍ – പെട്ടെന്നാണ് അവളത് കേട്ടത്. മേലാകെ ചെളിപുതഞ്ഞ് അറപ്പുണ്ടാക്കും മാതിരി ഒന്ന്. എങ്കിലും അതിന്റെ കരച്ചിലിന്റെ ആഴങ്ങളില്‍ അത് ആവശ്യപ്പെടുന്ന കാരുണ്യത്തോട് ആര്‍ക്കും അലിവ് തോന്നും. ദൈന്യതയാണ് ഇഷ്ടവും.
ദീനമായി കരഞ്ഞുകൊണ്ട് ആ കുഞ്ഞുപൂച്ച ചുറ്റിലും എന്തൊക്കെയോ അന്വേഷിക്കുന്നുണ്ടായിരുന്നു. ആരെയാവും അത് അന്വേഷിക്കുന്നത്? അമ്മപ്പൂച്ചയെ…? അതോ തിന്നാനും കുടിക്കാനും വല്ലതും? ആര്‍ക്കറിയാം? മനുഷ്യര്‍ക്കു വീണ വിലക്കുകളില്‍ പാവം അവറ്റകളും വിശപ്പടക്കാനാവാതെ ചാവുവോളം നിലവിളിക്കേണ്ടിയിരിക്കുന്നു.
തീവണ്ടി നീങ്ങി തുടങ്ങി. അപ്പോഴും ആ കുഞ്ഞുപൂച്ചയുടെ നനുത്തകരച്ചില്‍ അടുത്തെവിടെയോ കേള്‍ക്കുമ്പോലെ അവളെ പിന്തുടരുന്നുണ്ടായിരുന്നു.
നാട്ടിലെത്തിയാല്‍ ആരും കാണാതെ ആരേയും കാണാതെ കണ്ടുരിയാടാതെ രണ്ടാഴ്ചത്തെ ഏകാന്തവാസം. പടരുന്ന മഹാവ്യാധിക്കായുള്ള ധ്യാനകാലം. അതും മരണവലകള്‍ക്കുള്ളില്‍ കാവലാളുകളുടെ സാക്ഷ്യത്തില്‍! ഇത്രത്തോളം വേണമോ…? വേണം, തീര്‍ച്ചയായും വേണം. ഇതിന്റെ പേരില്‍ നമുക്ക് പാരിതോഷികങ്ങള്‍ നഷ്ടപ്പെടാന്‍ പാടില്ലല്ലൊ.
ഒരു രീതിയില്‍ അതും നല്ലതുതന്നെ. നാട്ടാരുടെ പതിവ് കുന്നായ്മ ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാം. അതിനേയും അവള്‍ അവള്‍ക്കനുകൂലമായി ചിന്തിച്ചെടുത്തു. അത്രത്തോളം പ്രായോഗികമതിയായി തീര്‍ന്നിരിക്കുന്നു അവള്‍. ഇപ്പോള്‍ എന്തിനേയുമേതിനേയും തനിക്കനുകൂലമാക്കിയെടുക്കാനാണ് അവളുടെ ശ്രമം. അതില്‍ ഏറെക്കുറെ വിജയിക്കുന്നുമുണ്ടവള്‍. അതിന് അവളെ പഠിപ്പിച്ചത് മറ്റാരുമല്ല, അവളുടെ ജീവിതം തന്നെയാണ്.
കെട്ടിച്ചയച്ച മകള്‍ മേലാകെ മുറിവുകളുമായി കരഞ്ഞുവീര്‍ത്ത് കെട്ടിയോനെ ഭയന്ന് വീടെത്തിയപ്പോള്‍ തോറ്റത് അവളുടെ ആത്മവിശ്വാസമായിരുന്നു. എന്തിലുമേതിലും പൊരുതിജയിക്കാമെന്ന ആത്മവിശ്വാസം. ഒരിക്കലും ഒന്നിലും തോല്‍ക്കില്ലെന്ന കുറഞ്ഞോരഹങ്കാരമുണ്ടായിരുന്നു അവള്‍ക്ക്. അത് ഒട്ടൊന്നടങ്ങി. എങ്കിലും ഇനിയും വറ്റാത്ത തേങ്ങല്‍ മറ്റുള്ളവരെയൊളിപ്പിച്ച് ഇനിയും എത്രനാള്‍? അവളെ ജീവനോടെ തിരികെ കിട്ടിയല്ലോ – അവള്‍ ഒരു ദീര്‍ഘനിശ്വാസത്തില്‍ എല്ലാം ഒളിപ്പിച്ചു.
മനുഷ്യരെ എങ്ങനെയാണ് മനസ്സിലാക്കുക? എന്താ ചൂഴ്ന്ന്‌നോക്കി തിട്ടപ്പെടുത്താന്‍ ചക്കയോ മാങ്ങയോ മറ്റോ?
സ്വന്തം മകനായിരുന്നെങ്കിലെന്ന് കൊതിപ്പിക്കും മട്ടില്‍ സ്‌നേഹോം കരുതലും തന്ന് വീര്‍പ്പുമുട്ടിക്കുമ്പോള്‍ സ്വന്തം മകളെ കെട്ടിക്കൊടുത്തിട്ടാണേലും അവനെ സ്വന്തമാക്കണമെന്ന് ആശിക്കുന്നതില്‍ എന്താണ് തെറ്റ്? പക്ഷേ അവന്റേത് വെറും അഭിനയമായിരുന്നൂവെന്ന് ബോദ്ധ്യപ്പെടാന്‍ എനിക്കെന്റെ മോളെ പണ്ടോം പണോം വാരിക്കൊടുത്ത് അവന്റെ കിടപ്പറവരെ കൊണ്ടെത്തിക്കേണ്ടിവന്നു. അത്ര തന്മയത്വത്തോടെയായിരുന്നു അവന്റെ അഭിനയം.
”നിന്നെ കണ്ടിട്ടല്ല; നിന്റെ അമ്മയെ കണ്ടിട്ടാണ് ഞാന്‍ നിന്നെ കെട്ടിയത്.” നീചന്‍. അവനില്‍ കാളകൂടം പടര്‍ന്നൊലിക്കുന്നുണ്ടായിരുന്നു. അവന്റെ ഇത്തരം കുഷ്ഠപുണ്ണാര്‍ന്ന മനസ്സിനെ എത്ര സമര്‍ത്ഥമായാണ് മറച്ചു വച്ച് സ്വന്തം അമ്മയോടെന്നപോലെ അവന്‍ എന്നോട് പെരുമാറിയത്. മറ്റൊരാളിന്റെ അകം കയറിക്കാണാനുള്ള കഴിവും കാഴ്ചയും എങ്ങനെയാണ് നേടാനാവുക? കണ്ണുകളെ അവിശ്വസിപ്പിക്കാനും നേര്‍വഴികളെ തെറ്റിപ്പിക്കാനും വിരുതുള്ളവര്‍ക്കിടയില്‍ നേര്‍ക്കാഴ്ച നേര്‍ത്ത്‌നേര്‍ത്ത് ഇല്ലാതാവുന്നത് സ്വാഭാവികം.
ഇതാദ്യമല്ല ഒറ്റയ്ക്ക് നാട്ടിലേക്കുള്ള യാത്ര. എങ്കിലും മഹാമാരിയുടെ നടുവിലൂടെ എങ്ങും തൊടാതെ ഭയന്ന് വിറച്ച് മിണ്ടാനും പറയാനും പോലും ആരുമില്ലാതെ ഈ യാത്ര വേണ്ടിയിരുന്നോ? അതും അവിടെ സ്റ്റേഷനെത്തുമ്പോള്‍ കൂട്ടിപ്പോവാന്‍ അച്ഛന്‍ പോലും… അവള്‍ കണ്ണീരൊപ്പി.
നീങ്ങി തുടങ്ങിയ തീവണ്ടി വേഗം വീണ്ടെടുത്തിരുന്നില്ല. അതിന് മുന്‍പേ പെട്ടെന്ന് വേഗം നിലച്ച് അവിടെ കിടന്നു. അപ്പോഴും കുഞ്ഞുപൂച്ചയുടെ വിശപ്പിന്റെ വിളി അവളെ പിന്തുടരുന്നുണ്ടായിരുന്നു.
അമ്മയുടെ കറുമ്പിപൂച്ചയാണ് കറുപ്പിനും സൗന്ദര്യമുണ്ടെന്ന് അവളെ ആദ്യമായി ബോധ്യപ്പെടുത്തിയത്. പൂച്ചകളെ അച്ഛന് തീരെ ഇഷ്ടമുണ്ടായിരുന്നില്ല. പക്ഷേ എന്റെ ഇഷ്ടങ്ങള്‍ക്ക് എതിരുനില്‍ക്കാത്ത അച്ഛന്‍ എനിക്ക് വേണ്ടിയിട്ടാണെങ്കിലും കറുമ്പിപൂച്ചയേയും സ്‌നേഹിച്ചിരുന്നു. അച്ഛന് എന്നോടുള്ള ഇഷ്ടം അങ്ങനെ എന്റെ കറുമ്പിക്കും കിട്ടി. ഇപ്പോള്‍ അമ്മയ്ക്കു കൂട്ടായി വീട്ടില്‍ കറുമ്പി മാത്രമേയുള്ളു.
ഇന്നും അച്ഛനെ കാത്ത് അച്ഛന്റെ ചിത്രത്തില്‍ നോക്കി ‘മ്യാവൂ…’ കരയുന്ന കറുമ്പി പൂച്ച. അതിന് അച്ഛനോട് എന്തോ പരിഭവം പോലെ. അച്ഛനാവട്ടെ എല്ലാരോടും പരിഭവമേ ഉണ്ടായിരുന്നുള്ളു. വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ. അത് സ്‌നേഹക്കൂടുതലുകൊണ്ടെന്നാ അമ്മയുടെ കണ്ടുപിടുത്തം. ചുവരില്‍ ഫ്രെയിമിനുള്ളില്‍ അനക്കമില്ലാതെ പതിഞ്ഞിരിക്കുന്ന അച്ഛനെനോക്കി കരയുന്ന കറുമ്പിപൂച്ചയുടെ പരിഭവവും സ്‌നേഹക്കൂടുതലുകൊണ്ടാവും!
അമ്മേടെ സന്തോഷം കെട്ടിട്ട് വര്‍ഷങ്ങള്‍ നാലഞ്ചായി. തിരുവോണത്തലേന്ന്, ഉത്രാടത്തിന്റെയന്ന് നടക്കാന്‍ പോയതാ അച്ഛന്‍. രാവിലത്തെ പതിവു നടത്തം. പിന്നീട് പതിവ് തെറ്റിയാണ് വീട്ടിലെത്തിയത്. വെള്ളത്തുണിയില്‍ പൊതിഞ്ഞ് പഞ്ഞിക്കെട്ടുമാതിരി അച്ഛനെ ആരൊക്കെയോ മഞ്ചലിലെത്തിച്ചു. വീട് നിലവിളിച്ചു. അച്ഛന്‍ അതൊന്നും കേട്ടതേയില്ല. ഒന്നും കേള്‍ക്കാതെ… മിണ്ടാതെ വെള്ളതുണിപ്പൊതിക്കുള്ളില്‍ അച്ഛന്‍ ശാന്തനായി കിടന്നു. ഒടുവില്‍ വന്നതുപോലെ അച്ഛന്‍ ഇറങ്ങിപ്പോയി. പിന്നീട് തിരികെ എത്തിയത് പുതിയൊരു ചെറുമണ്‍കലത്തില്‍ ചാരമായി തെക്കേമുറ്റത്തെ പ്ലാവിന്‍ചോട്ടില്‍ പരിഭവമേതുമില്ലാതെ ഉറങ്ങാനായിരുന്നു.
അമ്മ പറയും –
ആ തെക്കേമുറ്റത്തേയ്‌ക്കൊന്നു നോക്കിയാല്‍ മതി, എനിക്ക് കാണാം. ഇവിടെത്തന്നെയുണ്ട്. എങ്ങും പോയിട്ടില്ല. എനിക്കായി കാത്തിരിക്കുകയാണ്. സന്ധ്യക്ക് അസ്ഥിത്തറയില്‍ വിളക്ക് തെളിക്കാന്‍ വൈകുമ്പോള്‍ ചോദിക്കും-
”നിനക്ക് എന്നെ മടുത്തോ…. ഇപ്പോഴും ഞാന്‍ നിനക്കൊരു ശല്യം തന്നെ അല്ലേ…?”
ഇപ്പോഴും കുത്തുവാക്കിന് കുറവില്ല. പക്ഷേ എന്റെ കണ്ണീര് കാണുമ്പോള്‍ എല്ലാം മറക്കും. കണ്ണീരൊപ്പിയിട്ട് കവിളില്‍ ഒന്ന് നുള്ളും. എന്നിട്ട് മുഖമടുപ്പിച്ചടുപ്പിച്ചു… മുഴുമിപ്പിക്കാതെ അമ്മ മനസ്സില്‍ ചിരിച്ചു; ആരും കാണാതെ കണ്ണീരൊപ്പി.
”അമ്മയ്‌ക്കെന്താ തലയ്ക്ക് അസുഖമൊന്നുമില്ലല്ലൊ… നാണമില്ലേ ഇങ്ങനെ ഓരോന്ന് പറയാന്‍…?” അവള്‍ അമ്മയെ ശാസിക്കുമായിരുന്നു.
ഒരു ദിവസം സന്ധ്യക്ക് അമ്മ അവളെ വിളിച്ച് കാണിച്ചു. അവള്‍ അതിശയിച്ചുപോയി. തെക്കേമുറ്റത്തെ അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്ക് കത്തുന്നു. അവിടെ ചുറ്റിപ്പറ്റി നിന്ന് കറുമ്പി ‘മ്യാവൂ’ വിളിക്കുന്നു. അല്പം കഴിഞ്ഞ് അവള്‍ പതുക്കെ ഉമ്മറത്തെത്തി. എന്നിട്ട് ചുവരിലെ അച്ഛന്റെ ചിത്രത്തിലേക്ക് നോക്കി മ്യാവൂ…. മ്യാവൂ എന്ന് നീട്ടിക്കരഞ്ഞു. എന്നിട്ട് അമ്മയുടെ കാല്ക്കല്‍ ഓരം ചേര്‍ന്ന് കിടന്ന് പതുക്കെ മയങ്ങി.
കണ്ടോ? നിങ്ങള്‍ മക്കള്‍ക്ക് മാത്രമേ അച്ഛന്‍ മരിച്ചിട്ടുള്ളു. എനിക്കും എന്റെ ഈ കറുമ്പിക്കും ഇന്നും, അച്ഛന്‍ മരിക്കാത്ത വീട് തന്നെയാണിത്. ഇതിനെയല്ലേ പഴകിച്ചോരുന്നതിന്റെ പേരില്‍ ഇടിച്ചുനിരത്താനും വില്ക്കാനും വിഹിതം വയ്ക്കാനുമായി എന്നോട് മക്കള്‍ വാശിയിടുന്നതും പിണങ്ങുന്നതും.
ഇത് പഴകിച്ചോരുന്നുണ്ടാവും. കുറ്റങ്ങളും കുറവുകളും സൗകര്യക്കേടുമൊക്കെ ഉണ്ടാവാം. ഇന്നത്തെ കേമന്മാര്‍ മക്കള്‍ക്കു ഈ വീട് നാണക്കേടായിരിക്കാം. പക്ഷേ ഗതിയില്ലാകാലത്ത് അച്ഛന്റെ വിയര്‍പ്പുകൊണ്ട് മാത്രം ഉണ്ടാക്കിയതാ ഈ വീട്. ഞങ്ങള്‍ക്കിത് കൊട്ടാരമാ. ഇതിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു മണമുണ്ട്. നിങ്ങളുടെ അച്ഛന്റെ വിയര്‍പ്പിന്റെ മണം. അതാ ഇന്നെന്റെ ജീവവായു. സെന്റും പൂശി നടക്കുന്ന നിങ്ങള്‍ക്ക് ആ മണം കിട്ടൂല. കിട്ടിയാല്‍ പിടിക്കൂലാ…. മക്കളെ, നിങ്ങളുടെ കൊട്ടാരങ്ങളില്‍ എനിക്ക് ഉറക്കം കിട്ടൂലാ… എനിക്കതിനാവൂലാ….
അമ്മയ്ക്ക് മുന്നില്‍ ദേഷ്യത്തിലൊളിക്കാനേ മക്കള്‍ക്കായുള്ളു.
തീവണ്ടി അനക്കമില്ലാതെ കാത്തുകിടന്നു. നേരം ഇരുണ്ടു തുടങ്ങിയിരുന്നു. നിനച്ചിരിക്കാതെ മഴയും. അവള്‍ ഷട്ടറുകള്‍ താഴ്ത്തി നനയാതെ മാറിയിരുന്നു. അപ്പോഴും കുഞ്ഞുപൂച്ചയുടെ കരച്ചില്‍ ആദ്യത്തേക്കാള്‍ ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു. അവള്‍ പതുക്കെ ഷട്ടറുകള്‍ ഉയര്‍ത്തി പുറത്ത് അങ്ങിങ്ങ് പരതി. അവിടെങ്ങാനുമുണ്ടോ? അവിടെങ്ങും കണ്ടില്ല. കരച്ചില്‍ മാത്രം… ഷട്ടറുകള്‍ താഴ്ത്തി വീണ്ടും അവള്‍ അക്ഷമയായി.
ഈയൊരു യാത്ര അവള്‍ക്കു തീരെ ഇഷ്ടമല്ലായിരുന്നു. എങ്കിലും പോകാതെ തരമില്ലെന്നായപ്പോഴാണ് ഇറങ്ങി തിരിച്ചത്. പക്ഷേ ഇപ്പോള്‍ യാത്രപോലും മുന്നോട്ട് പോകാതെ തടസ്സം പിടിക്കുന്നു.
”നീയായിട്ട് ഒന്നിനും തടസ്സം നല്‍ക്കരുത്. നിനക്ക് വേണ്ടെങ്കില്‍ വേണ്ട. മറ്റുള്ളോര്‍ക്ക് വേണം. അതിന് എല്ലാ മക്കളും സമ്മതിക്കണം. നീ വന്ന് ഒപ്പിട്ട് കൊടുക്കണം.” അമ്മയുടെ ശാസനയായിരുന്നു.
മരണത്തിന്റെ ശമ്പളം, അത് അവള്‍ക്ക് വേണ്ടെന്ന് പറഞ്ഞതാണ്. അതും അച്ഛന്റെ മരണത്തിന്റെ ശമ്പളം.
അതെ, അവളായിരുന്നു അച്ഛനെല്ലാം. അവള്‍ക്കും അതുപോലെ. ആണ്‍മക്കളോടെന്നതിനേക്കാള്‍ വലിയ സ്‌നേഹോം അടുപ്പോം അച്ഛന് അവളോടായിരുന്നു. അമ്മയ്ക്കും അതറിയാം. അതുകൊണ്ടാണെല്ലൊ പലപ്പോഴും അമ്മ അച്ഛനെ ശകാരസ്വരത്തില്‍ ഓര്‍മ്മിപ്പിച്ചിരുന്നത്-
”ഇത് ശരിയല്ല. എല്ലാ മക്കളും ഒരുപോലെ തന്നെ. എന്താ അവളോട് മാത്രം ഒരു പ്രത്യേകത? മറ്റുപിള്ളേര് നമുക്കുള്ളതല്ലേ? അതോ അവരെ കരക്കുട്ടിയിട്ടതോ?” അച്ഛന്‍ മറുപടിയൊന്നും പറയാതെ എണീറ്റ് പോവുകയേയുള്ളു.
സദാ പരസ്പരം കലഹിക്കാന്‍ മാത്രം മത്സരിച്ചിരുന്ന ആണ്‍മക്കള്‍. അച്ഛനോടു യുദ്ധം ചെയ്യുന്നതില്‍ മാത്രമേ അവര്‍ യോജിച്ചിരുന്നുള്ളു. അതിനവര്‍ക്ക് ഒരൊറ്റ മനസ്സായിരുന്നു. എന്തിനുമേതിനും അച്ഛനെ മുറിപ്പെടുത്തിയിരുന്നതിന് കാരണം മറ്റൊന്നുമല്ല, സ്‌നേഹത്തോടൊപ്പം അവള്‍ക്ക് നല്‍കിയ ഓഹരിക്കൂടുതലായിരുന്നു. മരണശേഷവും അതുപറഞ്ഞ് അച്ഛനെ തല്ലാന്‍ അവര്‍ക്ക് ആവേശമേയുള്ളു. അച്ഛനോടുള്ള അവരുടെ മായാത്ത വെറുപ്പ് ഇപ്പോള്‍ അമ്മയ്ക്കുമേലാണ് ഇറക്കി വയ്ക്കുന്നത്. പിന്നെ അമ്മ അമ്മയാണല്ലോ, ആരും കാണാത്ത കണ്ണീരിലതെല്ലാം കഴുകിക്കളയും.
ഒടുവില്‍ ഇപ്പോള്‍ മരണത്തിന്റെ കമ്പോളത്തില്‍ അച്ഛന് വിലയിട്ടിരിക്കുന്നു. സ്വര്‍ണത്തിന് വിലയിടുന്ന കൃത്യതയോടെ! വര്‍ഷങ്ങളെടുത്ത് വാദിച്ചും വിസ്തരിച്ചുമാണ് അച്ഛന്റെ ജീവന് നിയമം വില നിശ്ചയിച്ചത്. അത് കൈപ്പറ്റി അമ്മയ്ക്കും മക്കള്‍ക്കും അച്ഛനെ വീതിച്ചെടുക്കാം. അതല്ലെങ്കില്‍ അച്ഛന്റെ നഷ്ടം പരിഹരിക്കപ്പെടാതെ, പരിഹാരത്തുക നഷ്ടമാകും. എല്ലാമക്കളും അമ്മയും ഒന്നിച്ചുനിന്നാലേ അച്ഛനെ വിലയിട്ട് വീതിച്ചെടുക്കാനാവൂ. അതിനായി ഇന്നലെവരെ പരസ്പരം കലഹിച്ചുനിന്ന മക്കള്‍ ഒറ്റമനസ്സോടെ ഒന്നിക്കുന്നുവെന്നായപ്പോള്‍ ആ ഒരുമയില്‍ അമ്മ അച്ഛനെ മറന്നും സന്തോഷിച്ചുപോയി. അച്ഛന്റേത് അപകടമരണമായതുകൊണ്ട് മാത്രം അമ്മയ്ക്ക് അതിനെങ്കിലുമായി.!
പക്ഷേ എന്തൊക്കെയായാലും അച്ഛന്റെ മരണത്തിന്റെ വില പങ്കിട്ടെടുക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. അമ്മയിലെന്നപോലെ അവളിലും അവളുടെ അച്ഛന്‍ മരിച്ചിട്ടേയില്ല. ആ വിയര്‍പ്പിന്റെ മണം അവളില്‍ നിന്ന് ഇനിയും അകന്നുപോയിട്ടുമില്ല. ആ അച്ഛനെ എങ്ങനെയാണ് വീതം വച്ചു പണമാക്കി സ്വന്തമാക്കാനാവുക? അവള്‍ക്കൊപ്പമേ അച്ഛന് അവളില്‍ മരണമുള്ളു.
മഴ കനത്തിരുന്നു. തീവണ്ടി അതിവേഗം മഴയില്‍ കുളിച്ച് പായുകയായിരുന്നു. ഉള്ളില്‍ അരണ്ട വെളിച്ചം മാത്രം. ജനല്‍വിടവുകളിലൂടെ മിന്നല്‍പ്പിണരുകള്‍ ഉള്ളിലേക്ക് വീശി. അവള്‍ ഒന്നുമറിയാതെ തണുപ്പില്‍ തഴുകി ഉറങ്ങി. മഹാവ്യാധി സമ്മാനിച്ച മഹാമൗനത്തില്‍ മരണം മാത്രം എങ്ങും ആര്‍ത്തുല്ലസിക്കുന്നുണ്ടായിരുന്നു. അവള്‍ അതൊന്നും അറിഞ്ഞതേയില്ല.
തീവണ്ടിയുടെ തുറന്ന വാതിലുകളിലൊന്ന്. അതിന് മുന്നില്‍ അവള്‍ അവളറിയാതെ അവളുടെ അച്ഛന്റെ വഴിതേടി. അപ്പോഴും കുഞ്ഞുപൂച്ചയുടെ കരച്ചില്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു. അവള്‍പോയ വഴിനോക്കി ദയനീയം കരയുകയായിരുന്നു ആ കുഞ്ഞുപൂച്ച. ക്രമേണ ആ കുഞ്ഞുപൂച്ചയുടെ കരച്ചില്‍ അനാഥയായ കറുമ്പിപൂച്ചയുടേതായി മാറിയത് ആരും കേട്ടതേയില്ല.