മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രമുഖനാണ് എം.കെ.രാമചന്ദ്രന്‍. നൂറില്‍പ്പരം ഹിമാലയ യാത്രകള്‍ നടത്തിയ ഇദ്ദേഹം നിരവധി യാത്രാവിവരണങ്ങള്‍ രചിച്ചിട്ടുണ്ട്.തൃശ്ശൂര്‍ സ്വദേശിയായ രാമചന്ദ്രന്‍ തന്റെ ആദ്യകൃതിക്ക് തന്നെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഉത്തര്‍ഖണ്ഡിലൂടെ – കൈലാസ് മാനസസരസ്സ് യാത്ര, ആദികൈലാസ യാത്ര, തപോഭൂമി ഉത്തര്‍ഖണ്ഡ്, ദേവഭൂമിയിലൂടെ, ഡാകിനിമാരുടെ ഹൃദയഭൂമിയില്‍, അഞ്ച് ഹിമാലയ യാത്രകള്‍ എന്നിവയാണ് പ്രധാന കൃതികള്‍. അദ്ദേഹം കേസരിക്കനുവദിച്ച അഭിമുഖം.
അങ്ങയെപ്പോലെ ഹിമാലയ പര്‍വ്വതനിരകളെ ഇത്രയേറെ അടുത്തറിഞ്ഞ മറ്റൊരു മലയാളി ഉണ്ടാവില്ല. അങ്ങയുടെ യാത്രകള്‍ക്കുള്ള പ്രചോദനം എന്തായിരുന്നു? എങ്ങിനെയാണ് ഹിമാലയ യാത്രയിലേക്ക് എത്തിപ്പെട്ടത്?
♣ 1975- 76 കാലത്ത് ഞാന്‍ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഒരു പ്രവാസിയായിരുന്നു. കോളേജില്‍ ക്രിക്കറ്റ് കളിച്ചിരുന്നതിനാല്‍ ഗള്‍ഫിലെ ജോലിക്കിടയിലും അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം ശ്രദ്ധിക്കുമായിരുന്നു. എല്ലാ വെള്ളിയാഴ്ചയും അവിടുത്തെ ബ്രിട്ടീഷ് എംബസി ലൈബ്രറിയില്‍ പോയാണ് ക്രിക്കറ്റ് വാര്‍ത്തകള്‍ അറിഞ്ഞിരുന്നത്. ഒരു ദിവസം അവിടെ ഉണ്ടായിരുന്ന ജോണ്‍ വെബ് എന്നൊരു ബ്രിട്ടീഷുകാരനായ ഉദ്യോഗസ്ഥന്‍ എന്നെ വന്നു പരിചയപ്പെട്ടു. ഇന്ത്യയില്‍ വളരെക്കാലം താമസിച്ചിട്ടുള്ള അദ്ദേഹം വേദോപനിഷത്തുക്കളെ കുറിച്ചാണ് എന്നോട് സംസാരിച്ചത്. അന്ന് അതിനെക്കുറിച്ചൊന്നും എനിക്ക് വല്യ ധാരണയിലല്ലായിരുന്നു. എന്റെ ഈ വിഷയങ്ങളിലുള്ള അജ്ഞത മനസ്സിലാക്കിയ അദ്ദേഹം ‘യു ഷുഡ് ബി അഷേയ്മ്ഡ് ഓഫ് ബീയിങ് ആന്‍ ഇന്ത്യന്‍’ എന്ന് പറയുകയും പിന്നീട് എനിക്ക് ആല്‍ഡസ് ഹക്‌സ്‌ലിയുടെ ‘ദി പെരീനിയല്‍ ഫിലോസഫി’ എന്ന പുസ്തകം വായിക്കാന്‍ തരികയും ചെയ്തു. എന്നാല്‍ ആ പുസ്തകം വായിച്ചു മനസ്സിലാക്കാന്‍ കഴിയാഞ്ഞതിനാല്‍ ഞാന്‍ അദ്ദേഹത്തിന് അത് തിരിച്ചുകൊടുത്തു. കുറച്ചു നാളുകള്‍ക്കു ശേഷം നാട്ടിലെത്തിയപ്പോള്‍ ഞാനൊരു ഭഗവദ്ഗീത വാങ്ങി വായിച്ചു . പിന്നീട് അത്തരം അനവധി ഗ്രന്ഥങ്ങള്‍ തപ്പിയെടുത്ത് വായിക്കാന്‍ തുടങ്ങി. ക്രമേണ ഗള്‍ഫിലെ ജോലിയോട് താല്പര്യം കുറഞ്ഞപ്പോള്‍ജോലി വിട്ട് നാട്ടിലെത്തുകയും ചെയ്തു. കൂടുതല്‍ സമയം വായനയില്‍ മുഴുകി. അതിനിടെ അച്ഛന്റെ മരണം സംഭവിച്ചു. അതുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ കാശിയില്‍ നടത്താന്‍ തീരുമാനിച്ചതിനാല്‍ അവിടേക്ക് യാത്ര പോയി. കര്‍മ്മങ്ങളെല്ലാം കഴിഞ്ഞ്അതുവഴി നടക്കുമ്പോള്‍ ബദരീനാഥ് യാത്ര എന്നെഴുതിയ ഒരു ട്രാവല്‍ ഏജന്‍സി ബോര്‍ഡ്കാണുകയും അന്വേഷിക്കുകയും ചെയ്തു. അവര്‍ നിര്‍ദ്ദേശിച്ച പ്രകാരം ദല്‍ഹിയില്‍ ചെല്ലുകയും പണിക്കേഴ്‌സ് ട്രാവലേഴ്‌സില്‍ എത്തിപ്പെടുകയും ചെയ്തു. അന്ന് ബദരിയിലേക്ക് ഒരു യാത്ര പോകാനിരിക്കുകയാണ്. പക്ഷെ അതില്‍ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ആശ്ചര്യമെന്നു പറയട്ടെ മുന്‍കൂര്‍ യാത്ര ബുക്ക് ചെയ്തിരുന്ന ഒരാള്‍ അന്നത്തെ യാത്ര ക്യാന്‍സല്‍ ചെയ്യുകയും ആ ഒഴിവില്‍ എനിക്ക് യാത്ര ചെയ്യുവാന്‍ കഴിയുകയും ചെയ്തു. ആദ്യമായി ഋഷികേശും അവിടുന്ന് ബദരീനാഥ്, കേദാര്‍നാഥ് എന്നീ ക്ഷേത്രങ്ങളുമാണ്സന്ദര്‍ശിച്ചത്. അതൊരു ചെറിയ ടൂര്‍ ആയിരുന്നതിനാല്‍ വേണ്ടത്ര തൃപ്തി മനസ്സിനുണ്ടായില്ല.
യാത്രകഴിഞ്ഞു നാട്ടിലെത്തിയപ്പോള്‍ അമ്മയുടെ കുടുംബത്തിന് സമീപമുള്ള ക്ഷേത്രത്തിലെ സോവനീറിനു വേണ്ടി ബദരിയാത്രയെക്കുറിച്ച് ഒരു ചെറിയ വിവരണം എഴുതി. അത് നോക്കാന്‍ എന്റെയൊരു സുഹൃത്തുവഴി മഹാപണ്ഡിതനായ കെ.പി. നാരായണപിഷാരടി മാഷിന്റെ മുന്നിലെത്തി. പിഷാരടി മാഷിന്റെ അമ്മാവന്‍ മണ്മറഞ്ഞത് ബദരീനാഥില്‍ ആയതിനാല്‍ അദ്ദേഹം ഈ എഴുത്തില്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു. അദ്ദേഹമാണ് ഇതൊരു യാത്രാവിവരണഗ്രന്ഥമാക്കണമെന്നു നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് അതിനെക്കുറിച്ച് കൂടുതല്‍ വായിക്കാനും പഠിക്കാനും തുടങ്ങി. മാഷിന്റെ ശിക്ഷണത്തില്‍ കാളിദാസകൃതികളും മറ്റു സംസ്‌കൃത പാഠങ്ങളും അഭ്യസിക്കാന്‍ സാധിച്ചു. അദ്ദേഹത്തോടൊപ്പം പലയിടങ്ങളില്‍ യാത്ര ചെയ്യുവാനും സാധിച്ചു. അടുത്ത സീസണില്‍ ചതുര്‍ധാമങ്ങളിലേക്ക് തനിയെ യാത്ര ചെയ്യുകയും ചെയ്തു. ഋഷികേശില്‍ എത്തി വാഹനം സംഘടിപ്പിച്ച് ബദരിയിലേക്കും അവിടുന്ന് കേദാറിലേക്കും പിന്നെ യമുനോത്രി ഗംഗോത്രി എന്നീ ധാമങ്ങളിലേക്കും സഞ്ചരിച്ചു. ആ യാത്ര കഴിഞ്ഞു മടങ്ങിവന്നപ്പോഴാണ് പിഷാരടി മാഷ് അതിനെ ഒരു പുസ്തകരൂപത്തിലാക്കാന്‍ ആവശ്യപ്പെട്ടത്.
തനിച്ചുള്ള സഞ്ചാരങ്ങള്‍ ആണ് അങ്ങ് നടത്താറുള്ളത്. അതിനു പ്രത്യേക കാരണങ്ങളുണ്ടോ?
♣ദര്‍ശനം നടത്താന്‍ മാത്രമാണെങ്കില്‍ കൂട്ട് കൂടി പോകാം. എന്നാല്‍ യാത്രയെക്കുറിച്ച് എഴുതണമെന്ന ഉദ്ദേശ്യത്തില്‍ സഞ്ചരിക്കുമ്പോള്‍ തനിച്ച് യാത്ര ചെയ്യുന്നതാണ് ഗുണകരമായി തോന്നിയത്. പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം യാത്രാവേളയില്‍ ഉടനടി തന്നെ രേഖപ്പെടുത്തി വയ്ക്കും. എന്റെ പോക്കറ്റില്‍ എപ്പോഴും ഒരു ഡയറിയും പേനയുമുണ്ടാകും. കുറിച്ചെടുത്തത് മുറിയില്‍ വന്നിരുന്നു പരിഷ്‌ക്കരിക്കും. അങ്ങനെ ഓരോ ദിവസവും ചെയ്യും. ചതുര്‍ധാമങ്ങളാണ് അങ്ങനെ ആദ്യം പൂര്‍ത്തീകരിച്ചത്.
ഭാരതീയര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥസ്ഥാനങ്ങളില്‍ ഒന്നാണ് കൈലാസം. ഇതിഹാസപുരാണങ്ങളും മഹാകവികളും അനേകം വര്‍ണ്ണിച്ചിട്ടുള്ള കൈലാസയാത്രയുടെ അനുഭവം എങ്ങനെയായിരുന്നു?
♣ബദരീനാഥില്‍ വച്ചാണ് കൈലാസ് മാനസ സരോവര്‍ യാത്രയെക്കുറിച്ച് കേള്‍ക്കുന്നത്. അതിനെക്കുറിച്ച് അന്വേഷിക്കുകയും ഒരു ജനുവരിമാസം പത്രത്തില്‍ യാത്രയുടെ പരസ്യം കാണുകയും അതനുസരിച്ച് വിദേശകാര്യമന്ത്രാലയം സംഘടിപ്പിക്കുന്ന യാത്രയ്ക്കായി പണമടച്ച്അപേക്ഷിക്കുകയും ചെയ്തു. മെയ് മാസത്തില്‍ യാത്രയുടെ പ്രാരംഭ ടെസ്റ്റുകള്‍ക്കായി ദല്‍ഹിയിലേക്ക് അവര്‍ വിളിപ്പിക്കുകയും അതില്‍ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. മുപ്പത്തിമൂന്നു ദിവസങ്ങള്‍ കൊണ്ടാണ് യാത്ര പൂര്‍ത്തീകരിക്കേണ്ടത്. പോകുന്ന വഴികളിലെല്ലാം ഗ്രാമീണരുടെ വക മധുരവും താലപ്പൊലിയുമൊക്കെയായി സ്വീകരണമുണ്ടാകും. ധാര്‍ച്ചുല എത്തുംവരെ ഇതുണ്ടാകും. അതിനു ശേഷം വനമേഖലയാണ്. അവിടെ വെച്ച്കൈലാസം നടന്നു പ്രദക്ഷിണം ചെയ്യാന്‍ തയ്യാറുള്ളവരെ ലെയ്‌സണ്‍ ഓഫീസര്‍ ക്ഷണിച്ചു. ഞാനുള്‍പ്പെടെ അഞ്ചു പേരായിരുന്നു അതിനു തയ്യാറായത്. സമുദ്രനിരപ്പില്‍ നിന്നും 1500 അടി ഉയരത്തിലുള്ള മംക്തി എന്ന സ്ഥലത്തു നിന്നാണ് നടപ്പ് ആരംഭിക്കുന്നത്. 19800 അടി ഉയരത്തിലേക്കാണ് എത്തേണ്ടത്. ഏഴു ദിവസം നടന്നാല്‍ ഇന്ത്യന്‍ അതിര്‍ത്തി കടക്കാം. ഇതിനിടയില്‍ ക്യാമ്പുകളും ഉണ്ടാകും. ഞങ്ങള്‍ നടന്നു രാത്രി ഒരുമണിയോടെ ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെത്തി. പിന്നീടുള്ള യാത്ര പതിനെട്ട് ദിവസം ചൈനീസ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ഞങ്ങളില്‍ നാല് പേര്‍ മാനസസരോവറിനെ നടന്നു പ്രദക്ഷിണം വയ്ക്കാന്‍ തയ്യാറായിരുന്നു. യാത്രയില്‍ ബുദ്ധവിഹാരങ്ങളിലും കൂടാരങ്ങളിലും ചിലപ്പോള്‍ തുറസ്സായ സ്ഥലത്തുമെല്ലാം കിടക്കേണ്ടി വന്നു. അന്ന് അത് സാധിച്ചു. ഇന്ന് ചൈനീസ് ഭരണകൂടം അത് വിലക്കിയിരിക്കുകയാണ്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്ത് പൂനിലാവില്‍ പൂര്‍ണ്ണചന്ദ്രന്‍ തെളിഞ്ഞുനില്‍ക്കുന്ന മാനസ സരോവറിന്റെ സൗന്ദര്യത്തെ വാല്മീകിയും കാളിദാസനുമെല്ലാം വര്‍ണ്ണിച്ചിരിക്കുന്നത് അക്ഷരംപ്രതി ശരിയാണെന്നു ഈ യാത്ര മനസ്സിലാക്കിത്തന്നു. മാനസസരോവറിനെ മൂന്നു ദിവസം കൊണ്ട് പ്രദക്ഷിണം ചെയ്ത് ബേസ് ക്യാമ്പിലെത്തിയ ശേഷം കുറച്ചു ദൂരം വാഹനത്തിലായിരുന്നു കൈലാസത്തിലേക്കുള്ള യാത്ര. അങ്ങിനെ കൈലാസയാത്രയുടെ ബേസ് ക്യാമ്പായ ദര്‍ച്ചന്‍ ക്യാമ്പിലെത്തി. -25°C,-30°C എന്നിങ്ങനെയാണ് അവിടുത്തെ കാലാവസ്ഥ. ആ പരിതഃസ്ഥിതില്‍ കുറച്ചു യാത്രികര്‍ യാക്കിന്റെ പുറത്ത് യാത്ര നടത്തുവാന്‍ തീരുമാനിച്ചു. അവിടെ നിന്നും കാല്‍നടയായി യാത്ര ചെയ്യാന്‍ ലെയ്‌സണ്‍ ഓഫീസര്‍ ഞങ്ങളില്‍ ചിലര്‍ക്ക് അനുമതി തന്നു. അന്ന് എഴുപത്തിയെട്ടു കിലോമീറ്റര്‍ ആണ് ദര്‍ച്ചനില്‍ നിന്നും കൈലാസം പ്രദക്ഷിണം ചെയ്തു തിരിച്ചെത്തേണ്ട ദൂരം. അതിനിടയില്‍ മൂന്നു ക്യാമ്പുണ്ടാകും. ഇന്ന് ആ ദൂരം കുറഞ്ഞിട്ടുണ്ട്. ഇതിനിടയില്‍ ഡോള്‍മാ ചുരം കയറുന്നതാണ് ഏറ്റവും ദുര്‍ഘടം. യാക്കിന്റെ പുറത്ത് സഞ്ചരിച്ചവര്‍ പോലും അന്ന് ഡോള്‍മാ ചുരം വരെ എത്തിയിട്ട് തിരിച്ചു പോയ സംഭവങ്ങളുണ്ടായി. അത്രയും ഉയരത്തില്‍ ശ്വാസോച്ഛ്വാസത്തിനുള്ള പ്രയാസം അവര്‍ക്ക് നേരിടേണ്ടി വന്നു. ചുരത്തിന്റെ അടിവാരത്തില്‍ നിന്നും വടക്കുപടിഞ്ഞാറ് ഭാഗത്തൂടെ തിരിഞ്ഞാണ് ഞങ്ങള്‍ പോയത്. ആ വഴി അപകടം വളരെ കൂടുതലായിരുന്നു. എങ്കിലും നടന്നു പ്രദക്ഷിണം പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. പിന്നീട് ചൈനീസ് ഭരണകൂടം ഞങ്ങള്‍ അന്ന് പോയ റൂട്ട് മാറ്റി.
ഹിമാലയ യാത്ര പലപ്പോഴും സാഹസികമാണ്. ദുര്‍ഘടമായ പാതകളില്‍ കൂടിയുള്ള സഞ്ചാരത്തെക്കുറിച്ച് അങ്ങെഴുതിയിട്ടുണ്ട്. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
♣അതിസാഹസികമായ നിരവധി അനുഭവങ്ങള്‍ ഉണ്ട്. കൈലാസയാത്ര നടന്നു പൂര്‍ത്തിയാക്കിയ ശേഷമാണ് ഇനിയും നാല് കൈലാസങ്ങള്‍ കൂടി ബാക്കിയുണ്ടെന്ന് അറിയുന്നത്. ആ സമയത്ത് ആദികൈലാസത്തിലേക്കുള്ള യാത്ര മന്ത്രാലയം ആലോചിക്കുന്നുണ്ടായിരുന്നു. 2001 ലെ കൈലാസ യാത്രക്ക് ശേഷം ഈ വിവരമറിഞ്ഞ് ഇതിനു അപേക്ഷിച്ചു. ഇതിനിടെ ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളില്‍ സഞ്ചാരങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 2006ല്‍ ആദികൈലാസത്തിലേക്കുള്ള യാത്രയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതുപേരില്‍ എഴുത്തുകാരനെന്ന നിലയില്‍ എനിക്കും അനുമതി കിട്ടി. മാനസസരോവറിലേക്കുള്ള റൂട്ടിലാണ് ഗുഞ്ച് വരെ ഈ യാത്രയും. ആദികൈലാസവും നടന്നു പൂര്‍ത്തീകരിക്കാനുള്ള നിശ്ചയത്താല്‍ മംക്തിയില്‍ നിന്നും നടക്കുവാന്‍ തുടങ്ങി. നാലാം ദിവസം ഗുഞ്ചിലെത്തി. അതിന്റെ വിപരീതദിശയിലേക്കാണ് പിന്നീട് ആദികൈലാസത്തിലേക്കുള്ള പാത. ചൈനീസ് അതിര്‍ത്തികളിലൂടെ വേണം ഈ യാത്ര നടത്താന്‍. ചൈനീസ് പട്ടാളം ഭാരതത്തിലേക്ക് അതിക്രമിച്ചു കടക്കുവാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കും. ഇന്ത്യന്‍ ഭാഗത്തുള്ള കല്ലുപ്പ് എടുക്കാന്‍ വേണ്ടിക്കൂടിയാണ് ചിലപ്പോള്‍ അവര്‍ അതിക്രമിച്ചു കടക്കുന്നതെന്നു ഞാന്‍ പിന്നീട് മനസ്സിലാക്കി. എങ്കിലും ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളൊക്കെ അവിടെ ഉണ്ടായിട്ടുണ്ട്. ഇരുപത്തിയെട്ടു ദിവസത്തെ യാത്ര കൊണ്ടാണ് ആദികൈലാസം പൂര്‍ത്തിയാക്കിയത്. ഈ യാത്രക്കിടയിലാണ് കുട്ടിഗ്രാമത്തിലുള്ള ശാന്തിസൗഖ്യ എന്ന യോഗിനിയമ്മയെ കാണുന്നത്. ‘മകനേ, ഇനിയും മൂന്നു കൈലാസങ്ങള്‍ കൂടിയുണ്ട്, നീ അവിടെ യാത്ര ചെയ്യണം, നിനക്കതു സാധിക്കും’ എന്ന് അവരാണ് പറഞ്ഞത്. ആ യോഗിനി അവരുടെ ശരീരം ധ്യാനാവസ്ഥയില്‍ അഗ്‌നിപോലെ തിളങ്ങുന്നത് എനിക്ക് കാണിച്ചു തന്നു. ഈ യോഗിനിയമ്മ പറഞ്ഞ ശ്രീകണ്ഠ മഹാദേവ്, മണിമഹേഷ്, കിന്നര്‍ എന്നീ മൂന്നു കൈലാസങ്ങള്‍ ഹിമാചല്‍പ്രദേശില്‍ ആണെന്ന് മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ. ആദികൈലാസ യാത്ര പൂര്‍ത്തിയാക്കിയ ശേഷം ബാക്കിയുള്ള മൂന്നു കൈലാസങ്ങള്‍ കൂടി ദര്‍ശിക്കണമെന്ന ആഗ്രഹമുണ്ടായി. അതിനായി ഹിമാചലിലേക്ക് യാത്ര ചെയ്ത് ഷിംലയിലെത്തി. അവിടുത്തെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ഈ കൈലാസങ്ങളെക്കുറിച്ച്യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ഭൂപടത്തില്‍ കിന്നര്‍കൈലാസവും മണിമഹേഷും കാണിച്ചപ്പോള്‍ അവിടെയൊന്നുമില്ലെന്നും പഹാഡികള്‍ വര്‍ഷത്തിലൊരിക്കല്‍ പോകുമെന്നേ ഉള്ളുവെന്നുമാണ് അവര്‍ പറഞ്ഞത്. എങ്കിലും അവിടെ നിന്നും വാഹനവും ഭൂപീന്ദര്‍ സിംഗ് എന്ന ഡ്രൈവറെയും തയ്യാറാക്കി ഞാന്‍ യാത്ര ചെയ്തു. ഈ ഡ്രൈവര്‍ തന്നെയാണ് ഇന്നും എന്റെ യാത്രയില്‍ കൂടെയുള്ളത്. അന്വേഷണാത്മകമായ ഒരു യാത്രയായിരുന്നു അത്. കുറെ അന്വേഷണങ്ങള്‍ക്ക് ശേഷമാണ് എനിക്ക് ശ്രീകണ്ഠ മഹാദേവ കൈലാസം കണ്ടെത്താനായത്. കുതിരയ്‌ക്കോ കോവര്‍കഴുതയ്‌ക്കോ പോലും കയറുവാന്‍ പ്രയാസമുള്ള അതീവ ദുഷ്‌കരമായ പാതയാണ് അവിടെയുള്ളത്. നടന്നു തന്നെ കയറണം. വളരെ അപകടം പിടിച്ച യാത്രയായിരുന്നു അത്. ഇരുപത്തിയൊരായിരം അടിക്കു മുകളിലാണ് ശിവലിംഗം ഉള്ളത്. ശ്രാവണസംഗമ മുഹൂര്‍ത്തത്തില്‍ മാത്രമാണ് അവിടേക്കു പോകാന്‍ കഴിയുക. ആ സമയത്ത് മാത്രമാണ് അവിടെ സൂര്യപ്രകാശം വരിക. ബാക്കി സമയം കൊടും മഞ്ഞില്‍ മൂടിക്കിടക്കും. ഇത്രയും ദുഷ്‌കരമായ വേറൊരു യാത്ര ഹിമാലയത്തിലില്ല. ഇത്രയും ഉയരമുള്ള പര്‍വ്വതത്തിനു മുകളില്‍ പാണ്ഡവന്മാര്‍ ക്ഷേത്രം പണിയാന്‍ ശ്രമിച്ചിരുന്നു എന്നതിന് തെളിവ് അന്ന് അവിടെ ഞാന്‍ കണ്ടു. മഞ്ഞ് ഇളകിപ്പോയ സ്ഥലത്ത് പത്തുപതിനഞ്ചടി നീളമുള്ള കൊത്തുപണികളോടു കൂടിയ കരിങ്കല്‍ കഷണങ്ങള്‍ കാണുവാന്‍ കഴിഞ്ഞു. പിന്നീട് എന്റെയൊരു ബന്ധുകൂടിയായ തൃശൂരുള്ള ബാലരാമനും സംഘവും അവിടേക്ക് യാത്ര പോകുകയും അതിന്റെ ചിത്രം പകര്‍ത്തുകയും ചെയ്തു. മഹാഭാരതകാലഘട്ടത്തിലെ സംഭവങ്ങള്‍ യഥാര്‍ത്ഥമായിരുന്നു എന്നതിന് ഇതൊക്കെ തെളിവുകളാണ്. എന്റെ കൃതികളിലെല്ലാം ഇങ്ങനെ ചരിത്രവുമായി ബന്ധപ്പെട്ട ഉദ്ധരണികള്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്. അങ്ങിനെ പല കൊല്ലങ്ങളിലായി മൂന്നു കൈലാസയാത്രകളും നടന്നു തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. അന്നുവരെ നാല് കൈലാസങ്ങളും യാത്ര ചെയ്തവരുടെ വിവരം ദല്‍ഹിയിലെ ഹിമാലയ യാത്രാ സേവാസമിതിയുടെ പക്കലുണ്ടായിരുന്നു. കേരളത്തില്‍ നിന്നും പിന്നീട് കുറെ പേര് കൈലാസ മാനസരോവറിലും ചതുര്‍ധാമങ്ങളിലും യാത്ര ചെയ്തു. പഞ്ചകൈലാസങ്ങളില്‍ ചിലയിടങ്ങളില്‍ പോയവരും ഉണ്ട്. എന്നാല്‍ അഞ്ചു കൈലാസങ്ങളും ആദ്യമായി നടന്നു യാത്ര ചെയ്ത ആള്‍ ഞാനാണെന്ന് സേവാസമിതിയില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അവരുടെ ആദരവും ലഭിക്കുകയുണ്ടായി. ഈശ്വരാനുഗ്രഹം കൊണ്ടാണ് നടന്നു യാത്ര പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞത്.
ഹിമാലയന്‍ പര്‍വ്വതങ്ങളിലും മറ്റും അനേകം യോഗികളും സിദ്ധപുരുഷന്മാരും ഉള്ളതായി അങ്ങയുടെ പുസ്തകങ്ങളില്‍ പറഞ്ഞിരിക്കുന്നു. അവരുമായി സംവദിക്കുവാനും അങ്ങേയ്ക്ക് സാധിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വിവരിക്കാമോ.
♣ ഹിമാലയത്തില്‍ നിരവധി യോഗികളും സിദ്ധന്മാരുമുണ്ട്. അവര്‍ ശിവരാത്രി പോലുള്ള പ്രത്യേക ദിവസങ്ങളിലേ സാധാരണയായി പുറത്തുവരികയുള്ളൂ. കുംഭമേളകളില്‍ അവരെ കാണാം. കുംഭമേള സമയത്ത് ഒരു ക്യാമറാമാന്‍ വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോള്‍ ഒരു സ്ഥലത്ത് ഒരുപറ്റം നിഴലുകള്‍ പോലെ ആളുകള്‍ വരുന്നതും ഇരിക്കുന്നതും സത്സംഗം നടത്തി പോകുന്നതും കണ്ടു. എന്നാല്‍ ആളുകളുടെ രൂപം കാണാനില്ല. ഇതിനെക്കുറിച്ച് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. അതുപോലെ അഘോരികളെക്കുറിച്ച് അനവധി തെറ്റിധാരണകള്‍ മാധ്യമങ്ങളിലൂടെ പ്രചരിച്ചിട്ടുണ്ട്. അഘോരികളെ നേരിട്ടു കണ്ടപ്പോഴാണ് അവരുടെ ചരിത്രം മനസ്സിലാക്കിയത്. വളരെയേറെ പണ്ഡിതന്മാരും പ്രത്യേക സമ്പ്രദായത്തില്‍ പെട്ടവരുമാണ് അവര്‍. അപൂര്‍വ്വമായേ അവര്‍ മറ്റുള്ളവരോട് ഇടപെടാറുള്ളു. ഇടയ്ക്ക് അവര്‍ കാശിയില്‍ വരും. ഓരോ സ്ഥലത്തും അവരുടെ സംഘമുണ്ടാകും. ആ കൂട്ടത്തില്‍ അവര്‍ നടക്കും. വടക്കേ ഇന്ത്യയില്‍ ധനികന്മാരായ ഭക്തര്‍ നല്‍കിയ സ്ഥലങ്ങള്‍ ഇവര്‍ക്കുണ്ട്. അവര്‍ വരുമ്പോള്‍ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ആളുണ്ടാകും. അല്ലാത്തപ്പോള്‍ അവര്‍ ഹിമാലയത്തിലെ വനാന്തരങ്ങളിലായിരിക്കും. നമുക്കറിയാത്ത പല സ്ഥലങ്ങളും ലോകത്തിലുണ്ട്. 1915ല്‍ ഒരു ബംഗാളി പോയ ‘ഗന്ധര്‍വലോക’ത്തെക്കുറിച്ച് ഞാന്‍ പുസ്തകത്തിലെഴുതിയിട്ടുണ്ട്. ഷാന്‍ഗ്‌റില്ല പോലെ നിഗൂഢമായ സ്ഥലങ്ങളുമുണ്ട്. വര്‍ഷം മുഴുവന്‍ മഞ്ഞു പുതച്ചു കിടക്കുന്ന ശ്രീകണ്ഠ മഹാദേവ കൈലാസത്തില്‍ നിന്നും നോക്കിയാല്‍ അനന്തമായിക്കിടക്കുന്ന ഹിമാനികള്‍ കാണാം. ബാബു ഗോവിന്ദരാജ് എന്ന മലയാളി ശാസ്ത്രജ്ഞന്‍ അവയെക്കുറിച്ച് പഠിച്ചിട്ടുണ്ട്. നമ്മളൊന്നും കാണാത്ത ഒരു വിസ്മയലോകം തന്നെ ഹിമാലയത്തിലുണ്ട്. ഹിമാലയം ദിവ്യയോഗീശ്വരന്മാരുടെ കേന്ദ്രമാണ്. അവര്‍ അധികം പുറത്തേക്ക് വരില്ല. അതിനു അതിന്റേതായ നിയന്ത്രണങ്ങളും കടമ്പകളുമുണ്ട്. എന്നാല്‍ ഇന്ന് ഭാരതത്തില്‍ ഒരു ആശ്രമവ്യവസായം തന്നെ കാണുന്നുണ്ട്. കാഷായവസ്ത്രം ധരിച്ച് ആളുകളെ വഞ്ചിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ധാരാളം പേരുണ്ട്. വേദപുരാണേതിഹാസങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമാണിത്. കാലക്രമേണ ഇവരെല്ലാം തകര്‍ന്നുപോകുന്നുമുണ്ട്. നേരെമറിച്ച് ഒരാളുപോലും ശ്രദ്ധിക്കാതെ പലരുടെയും കാര്യങ്ങള്‍ നോക്കി ചികിത്സിച്ചും രോഗം ഭേദപ്പെടുത്തിയും മറ്റും നടന്ന അനേകം യോഗികള്‍ ഉണ്ട്. കേരളത്തില്‍ ശിവപ്രഭാകര സിദ്ധയോഗി അങ്ങനെയുള്ള ആളായിരുന്നു.
അങ്ങ് സഞ്ചരിച്ച കൈലാസം, ലെ-ലഡാക്ക്, അങ്ങനെ ഹിമാലയത്തിലെ മിക്കവാറും സ്ഥലങ്ങളും ചൈനയുമായി അതിര്‍ത്തി പങ്കിടുന്നവയാണ്. കഴിഞ്ഞ വര്‍ഷം ഗാല്‍വന്‍ വാലിയിലും പാന്‌ഗോങ് തടാകത്തിലും സംഘര്‍ഷങ്ങളുമുണ്ടായി. മുന്‍പ് ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ആള്‍ എന്ന നിലയില്‍ ഈ സംഘര്‍ഷങ്ങളെ എങ്ങനെ കാണുന്നു.
♣ ലെ-ലഡാക്കില്‍ ഈ പ്രശ്‌നം ഉണ്ടാകുന്നതിനു കുറച്ചുനാള്‍ മുന്‍പ് ഞാനവിടെ പോയിരുന്നു. പലതവണ ആ ഭാഗത്ത് പോയിരുന്നെങ്കിലും സൗകര്യപൂര്‍വ്വമൊരു യാത്ര നടത്താനായിരുന്നില്ല. എന്നാല്‍ ഇത്തവണ നല്ലരീതിയില്‍ നടന്നു കാണുവാന്‍ സാധിച്ചു. അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നു ഞാന്‍ എഴുതിയിരുന്നു. പട്ടാളക്കാരില്‍ നിന്നും മറ്റും ചില വിവരങ്ങള്‍ കിട്ടിയിരുന്നു. പാംഗോങ് തടാകം വളരെ വിസ്തൃതമായി കിടക്കുകയാണ്. അവിടെ അതിര്‍ത്തിയെ ചൊല്ലി തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും നടക്കുന്നു. ചൈന കടന്നുകയറ്റം നടത്തുന്നുണ്ട്. അതുപോലെ കൈലാസ് – മാനസസരോവര്‍ പൂര്‍ണ്ണമായും അവരുടെ കയ്യിലാണ്.
ഹിമാലയത്തില്‍ ഉള്ളതായി പറയപ്പെടുന്ന മറ്റൊരു വിസ്മയമാണ് യതി. അതിനെക്കുറിച്ചു അങ്ങയുടെ പഠനങ്ങള്‍ എന്തെല്ലാമാണ്?
♣ യതിയെക്കുറിച്ചു ഗഹനമായ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഞാന്‍ യതിയെയോ അതിന്റെ കാല്‍പ്പാടുകളെയോ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ പഹാഡികളില്‍ നിന്നും ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. അവര്‍ ചില പ്രത്യേകതരം വസ്തുക്കള്‍ ശേഖരിക്കാന്‍ ഹിമാലയത്തിന്റെ ഉള്‍ഭാഗങ്ങളിലേക്ക് പോകാറുണ്ട്. വളരെ ഔഷധഗുണമുള്ള, വളരെ വിലയുള്ള ഒരു പ്രത്യേകതരം കൂണ്‍ എടുക്കുവാന്‍ അവര്‍ ഉള്ളിലേക്ക്‌പോകാറുണ്ട്. അവര്‍ യതിയുടെ കാല്‍പ്പാടുകള്‍ കണ്ടിട്ടുണ്ട്. അസാമാന്യ ശക്തിയുള്ള ഒരു പ്രത്യേകതരം ഹിമജീവി തന്നെയാണത്. എന്നാല്‍ മനുഷ്യനെ ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങളൊന്നും ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ക്രിയായോഗത്തെക്കുറിച്ചും മരണമില്ലാത്ത യോഗി എന്നറിയപ്പെടുന്ന ബാബാജി നാഗരാജിനെക്കുറിച്ചും അങ്ങയുടെ പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. അതിന്റെ യാഥാര്‍ത്ഥ്യമെന്താണ്?
♣ ക്രിയായോഗസിദ്ധാന്തം ഇന്നത്തെ രീതിയില്‍ വികസിപ്പിച്ചെടുത്തതില്‍ ബാബാജി നാഗരാജ് എന്നമഹാഗുരുവിനു വലിയ പങ്കാണുള്ളത്. അദ്ദേഹം ജീവിച്ചിരുന്ന ആളാണെന്നും തളിപ്പറമ്പ് ഭാഗത്ത് നിന്നും തമിഴ്‌നാട്ടിലെ ചിദംബരത്തേക്ക് കുടിയേറിപ്പാര്‍ത്ത ഒരു ബ്രാഹ്മണകുടുംബത്തിലെ അംഗമായിരുന്നുവെന്നും ഉള്ളതിന് തെളിവുകളുണ്ട്. അദ്ദേഹം ജനിച്ച വീടും അവിടെയുള്ള ശിവക്ഷേത്രവും ഇപ്പോഴുമുണ്ട്. ആ യഥാര്‍ത്ഥ സമ്പ്രദായപ്രകാരം ഉള്ള ക്രിയായോഗം അഭ്യസിക്കുന്നവര്‍ ഇന്ന് വളരെ ചുരുക്കമാണ്. ചിന്തകളെ നിരോധിച്ച് ധ്യാനത്തിലൂടെ തലച്ചോറിലേക്ക് ഊര്‍ജ്ജപ്രവാഹം വര്‍ദ്ധിപ്പിക്കുന്ന ഈ വിദ്യയിലൂടെ യോഗശക്തികള്‍ വര്‍ദ്ധിക്കുന്നു. ബാബാജിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു പറയുന്നത് അനുവദനീയമല്ല. അതിനാല്‍ അതിനെക്കുറിച്ച് മൗനം അവലംബിക്കുകയാണ്.
അങ്ങയുടെ പുസ്തകങ്ങള്‍ ജനങ്ങളാല്‍ വളരെയധികം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വാധീനത്താല്‍ ഹിമാലയയാത്രയ്ക്ക്മലയാളികളില്‍ ഉണ്ടായ താല്പര്യത്തെ എങ്ങനെ കാണുന്നു?
♣ ഇതുവരെ ആറു പുസ്തകങ്ങള്‍ ഹിമാലയ യാത്രകളെക്കുറിച്ച് എഴുതിയിട്ടുണ്ട്. സാഹിത്യവുമായി പൂര്‍വ്വബന്ധമൊന്നുമില്ലാത്ത ഒരു കൊമേഴ്‌സ് ബിരുദധാരിയായ എനിക്ക് ആദ്യ പുസ്തകത്തിനു തന്നെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. എല്ലാ പുസ്തകങ്ങള്‍ക്കും നിരവധി വായനക്കാരുണ്ടായി. അനേകം പതിപ്പുകള്‍ അച്ചടിക്കപ്പെട്ടു. പുസ്തകം വായിച്ച് പ്രചോദനമുണ്ടായി നിരവധി പേര്‍ പിന്നീട് യാത്രകള്‍ നടത്തി. പലരും വിളിക്കാറുണ്ട്. ഭാരതത്തിലും വിദേശരാജ്യങ്ങളിലും പുസ്തകങ്ങള്‍ സ്വീകരിക്കപ്പെട്ടു. ഇതിന്റെയെല്ലാം പിന്നില്‍ ഒരു അനുഗ്രഹമുണ്ട്.
അതീന്ദ്രിയമായ അനുഭവങ്ങളുടെ ഒരു കലവറയാണ് അങ്ങയുടെ യാത്രകള്‍. ചിലര്‍ അതിനെ അന്ധവിശ്വാസമെന്നും മതിഭ്രമമെന്നും പറഞ്ഞു വിമര്‍ശിക്കുന്നു. അതിനെ എങ്ങനെ കാണുന്നു.
♣വിമര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ട്. എന്റെ എഴുത്തുകളില്‍ അതിശയോക്തികള്‍ ആണെന്നും മറ്റും ആളുകള്‍ പറഞ്ഞിട്ടുണ്ട്. നേരിട്ടറിഞ്ഞ കാര്യങ്ങള്‍ എഴുതുക മാത്രമേ ചെയ്യാറുള്ളൂ എന്നാണു ഞാന്‍ മറുപടി പറയാറുള്ളത്. മറ്റൊന്നും ഞാന്‍ ഗൗനിക്കാറില്ല. ഒരുപാട് ഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. ആദികൈലാസയാത്ര കഴിഞ്ഞ് എഴുത്തൊക്കെ നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. കുറെ ഊമക്കത്തുകള്‍ വന്നിരുന്നു. വധഭീഷണികളുമുണ്ടായി. സ്ത്രീകളെ ഉപയോഗിച്ച് കെണിയില്‍പ്പെടുത്താനുള്ള ശ്രമങ്ങളുണ്ടായി. എന്തുകൊണ്ടാണെന്ന് ഊഹിക്കാന്‍ സാധ്യമല്ല. പിന്നീട് സുകുമാര്‍ അഴീക്കോട് മാഷൊക്കെ നേരിട്ട് പറഞ്ഞ ശേഷമാണ്എഴുത്ത് പുനരാരംഭിച്ചത്.
അങ്ങയുടെ മറ്റൊരു പഠനവിഷയം അന്യഗ്രഹജീവികളെ സംബന്ധിച്ചാണല്ലോ. അവയുടെ വാസ്തവമെന്താണ്?
♣ അന്യഗ്രഹപേടകങ്ങളെക്കുറിച്ച് പട്ടാളക്കാരില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡോ. വിഷ്ണുകാന്ത് കുല്‍ക്കര്‍ണി, ഗോവിന്ദരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം അതിനെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ ഹിമാലയപ്രദേശത്തെ അവരുടെ സര്‍വ്വേയും മറ്റും പൂര്‍ത്തിയാക്കി ക്യാമ്പില്‍ വിശ്രമിക്കുമ്പോള്‍ അവരുടെ കീഴില്‍ പണിയെടുക്കുന്ന കുറച്ചാളുകള്‍ ബഹളം വയ്ക്കുന്നത് കേട്ടു. ഇവര്‍ പുറത്തു വന്നു നോക്കുമ്പോള്‍ തൊട്ടടുത്തുള്ള പര്‍വതങ്ങളുടെ മുകളില്‍ ഒരു അഭൗമമായ വസ്തു കറങ്ങുന്നത് കണ്ടു. പെട്ടെന്ന് തന്നെ കുല്‍ക്കര്‍ണി റൂമിലേക്ക് ഓടി ക്യാമറകൊണ്ടുവന്ന്അതിന്റെ ചിത്രമെടുത്തു. ഈ അഭൗമ വസ്തു ശരവേഗത്തില്‍ താഴേക്ക് വന്ന്ഒരു ദിശയിലേക്ക് പാഞ്ഞു മറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ എന്നോട് ഹിമാലയത്തിലെനാടോടികളും പങ്കുവെച്ചിട്ടുണ്ട്. ചൈനീസ് പട്ടാളത്തിന്റെ യുദ്ധപേടകമോ മറ്റോ ആണെന്നാണ് അവര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ അതങ്ങനെ ആയിരുന്നില്ല. ഇവരുടെ യാക് മൃഗങ്ങള്‍ ഇതുവരുമ്പോള്‍ ശബ്ദമുണ്ടാക്കുകയും മറ്റും ചെയ്തിരുന്നു. അവര്‍ പിന്നീട് നിരീക്ഷിച്ചപ്പോള്‍ ഈ പേടകങ്ങള്‍ താഴേക്കു വരുന്നതും അതില്‍ നിന്നും എന്തോ ചിലത് ഇറങ്ങുന്നതും പോകുന്നതുമെല്ലാം കാണാന്‍ സാധിച്ചു. സമാനമായ സംഭവങ്ങള്‍ വിദേശങ്ങളില്‍ യു.എസ്, കാനഡാ തുടങ്ങിയ സ്ഥലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഭാരതത്തിന്റെ ദേശീയ പൈതൃകവും ഹിമാലയവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. അതിനെക്കുറിച്ച് എന്താണ് അഭിപ്രായം?
♣ ഹിമാലയം തന്നെയാണ് ഭാരതത്തിന്റെ എല്ലാ ഔന്നത്യത്തിനും കാരണം. അതില്‍ നിന്നാണ് വേദപുരാണാദികള്‍ ഉണ്ടായിട്ടുള്ളത്. ഹിമാലയത്തിലെ ഋഷിമാരിലൂടെയാണ് ജ്ഞാനം ശ്രുതികളായി പുറത്ത് വന്നത്. ലോകത്തിലെ ആദ്യസാഹിത്യസൃഷ്ടി വേദങ്ങളാണ്. അതിന്റെ പഴക്കം പോലും നിര്‍ണ്ണയിക്കാനാവില്ല. രാഷ്ട്രനിര്‍മ്മാണത്തിനു പൂര്‍വ്വികരുടെ സംഭാവന വളരെ വലുതാണ്.
യാത്രകളില്‍ കുടുംബത്തിന്റെ പിന്തുണയെങ്ങനെയാണ്.
♣ഭാര്യയും മൂന്നു മക്കളുമാണുള്ളത്. അവരെല്ലാവരും ഇപ്പോഴും യാത്രകള്‍ക്ക് പിന്തുണ നല്‍കുന്നവരാണ്. ചിലപ്പോള്‍ യാത്ര ആരംഭിച്ചാല്‍ മൂന്നു നാല് മാസങ്ങള്‍ കഴിഞ്ഞാണ് വരിക. ഫോണില്‍ ബന്ധപ്പെടാന്‍ പോലും സൗകര്യമുണ്ടായെന്നു വരില്ല. വീട്ടുകാര്‍ അതുമായെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അവരുടെ പിന്തുണ എല്ലായ്‌പ്പോഴും ഉണ്ടാകാറുണ്ട്.