ഇതളിതളായാണു വിടരുന്നത്
എല്ലാം ഒരുപോലെ തന്നെ വിരിയുകയും
ഒരുപോലെതന്നെ കരിയുകയും ചെയ്യും
എങ്കിലും ചില പൂവുകള്‍
മറ്റുള്ളവയെപ്പോലെയല്ലെന്നു സ്വയം കരുതും
ചിലതില്‍ നിന്നു സുഗന്ധവും
മറ്റു ചിലതില്‍ നിന്നു ദുര്‍ഗന്ധവും
ആണു വമിക്കുന്നതെന്ന്
ചിലര്‍ പറയാറുണ്ട്
എല്ലാ സുഗന്ധവും ഒടുവില്‍
ദുര്‍ഗന്ധത്തിന് വഴിമാറുമെന്ന്
ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
ചിലതിനെ മലര്‍വാടിയില്‍
നട്ടുപിടിപ്പിക്കും
മറ്റു ചിലതിനെ
മരുഭൂമികളുടെ കാരുണ്യത്തിന്
എറിഞ്ഞു കൊടുക്കും.
എങ്കിലും ഋതുക്കളുടെ പാരുഷ്യത്തെ
അവ അതിജീവിക്കും
വാക്കുകളുടെ സൗജന്യത്തെ
നിഷ്ക്കരുണം നിരാകരിച്ചുകളയും
ചിലതാകട്ടെ ഉദ്യാനങ്ങളുടെ
പരിരക്ഷ കിട്ടാതെ വാടിപ്പോകും
പുല്‍ത്തകിടികളുടെ പച്ചകളില്‍
അവയ്ക്കു കാലിടറും.
മറ്റുള്ളവയുടെ വളവും വെള്ളവുമൂറ്റി
തടിച്ചുകൊഴുക്കുന്ന ചിലരുണ്ട്.
മറ്റുള്ളവയ്ക്കായി മെലിഞ്ഞുണങ്ങി
ഇല്ലാതാകുന്നവയും.
വാക്കുകളുടെ ചൂട്ടുവെട്ടം തെളിച്ച്
ഞാനിതുവരേയും കാട്ടിത്തന്നത്
പൂക്കളെ ആയിരുന്നുവെന്നു കരുതിയോ?
എങ്കില്‍ നിങ്ങള്ക്കുതെറ്റിപ്പോയി.
വെറുപ്പിന്റെ മുള്ളില്‍ വീണു
ചോരവാര്‍ന്നു കിടക്കുന്ന*
മനുഷ്യനെയാണ് ഞാന്‍ കാട്ടിത്തരുന്നത്.
സ്നേഹത്തിന്റെ വിഷപ്പാല്‍ കുടിച്ച്
ബോധം നഷ്ടപ്പെട്ട മര്‍ത്ത്യനെ
പ്രണയത്തിന്റെ പൊയ്ക്കാലാല്
മരണത്തിന്റെ സമുദ്രം കടക്കാന്‍
യത്നിക്കുന്ന വിഡ്ഢിയെ
എന്നില്‍ നിന്നും നിങ്ങളില്‍ നിന്നും
അസ്തമിച്ചുപോയ
കാരുണ്യത്തിന്റെ പ്രകാശം തിരയുന്ന
പാവം ജീവിയെ.