സങ്കടമഴകള്‍ തോരുമെന്നും ചിങ്ങ നിലാവുദിക്കുമെന്നുമുള്ള ചിന്തയാണ് നമ്മെ ജീവിപ്പിക്കുന്നത്. വറുതികള്‍ക്കപ്പുറത്ത് ഫലസമൃദ്ധിയുടെ വൈഭവകാലത്തെ വരവേല്‍ക്കാന്‍ എന്നും എല്ലായിടത്തും മനുഷ്യ സമൂഹം ആഗ്രഹിച്ചിട്ടുണ്ട്. അത്തരം മോഹങ്ങളില്‍ കാല്പനികതയുടെ ചായം പുരളുമ്പോഴാണ് സാമൂഹ്യഉത്സവങ്ങള്‍ ഉണ്ടാവുന്നത്. അവിടെ പ്രകൃതിയും പുരാവൃത്തങ്ങളും മിത്തുകളുമെല്ലാം ചേര്‍ന്നൊരുക്കുന്ന പ്രതീക്ഷയുടെ സുന്ദരകാലം പിറക്കുന്നു. മലനാട്ടുമലയാളികളുടെ പുരാവൃത്തങ്ങളില്‍ മാവേലിക്കാലം പോലെ മറ്റൊരു നല്ല കാലമില്ല. മണ്ണിനോട് മല്ലിട്ട് ജീവിതം പടുത്തുയര്‍ത്തുന്ന കര്‍ഷകന്റെ വിളവെടുപ്പ് കാലം കൂടിയായിരുന്നു മലയാളിക്ക് മാവേലി നാടുകാണാനെത്തുന്ന തിരുവോണക്കാലം. മഹാബലിയെ ചിരഞ്ജീവിയാക്കി മാറ്റിയ ഭഗവാന്റെ വാമനാവതാരം സംഭവിച്ച സുദിനമായി ഭക്തജനങ്ങള്‍ തിരുവോണദിനത്തെ ആഘോഷിച്ചുപോരുന്നു.
എന്നാല്‍ ജ്വരബാധയുടെ പിടിയില്‍ പ്പെട്ട് ലോകം സ്തംഭിച്ച് നില്‍ക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷമാകാന്‍ പോകുന്നു. കോവിഡെന്ന മാരിത്തെയ്യം കൊച്ചു കേരളത്തിന്റെയും ജീവിതത്തിനു മേല്‍ കനലാട്ടം നടത്താന്‍ തുടങ്ങിയതോടെ ഓണവും വിഷുവും വേലയും പൂരവുമെല്ലാം നിറംമങ്ങി വെറും ചടങ്ങുകള്‍ മാത്രമാകുന്ന സങ്കടത്തിലാണ് മലയാളികള്‍. ഓണക്കളികളുടെ ഒത്തുചേരല്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍ അസാധ്യമാകുകയാണ്. പാടത്തും പറമ്പിലും ഓടിക്കളിച്ച് ഓണമാഘോഷിക്കേണ്ട കുഞ്ഞുങ്ങള്‍ പഠന ഭാരത്തിന്റെ സൈബറിടങ്ങളില്‍ തടവിലാക്കപ്പെട്ടുകഴിയുന്നു. മധുവൂറുന്ന ചിരിയുമായി പൂക്കളവട്ടത്തില്‍ മഴവില്ലു തീര്‍ക്കാന്‍ കാത്തിരുന്ന പൂക്കളെ വരെ ജ്വര വൈറസിന്റെ ഒളിയിടമെന്ന് സംശയിക്കുന്ന ഓണക്കാലം… കൂടിച്ചേരലുകളുടെ ഓണവിരുന്നുകള്‍ക്ക് വിലക്കുണ്ടെങ്കിലും മദ്യവിരുന്നിനു വിലക്കില്ലാത്ത കേരളത്തില്‍ ഭരണ മാതൃകയുടെ മാവേലിക്കഥകള്‍ പരിഹാസ്യമായ നേരമ്പോക്കായിമാറുന്നു.
അതീത കാലത്തിന്റെ നന്മകളില്‍ ഓര്‍മ്മകള്‍ തിരയുന്നവരുടേതാണ് ഓണം. ആ നന്മകളെ വര്‍ത്തമാനകാല ജീവിതത്തില്‍ പുന:പ്രതിഷ്ഠിക്കാന്‍ കഴിയുമ്പോഴേ ഉത്സവാഘോഷങ്ങള്‍ക്ക് അര്‍ത്ഥവും ആത്മാവുംഉണ്ടാകൂ. ഇന്നലെകളുടെ ഓണോത്സവങ്ങള്‍ക്ക് ഊഷ്മള സാന്നിദ്ധ്യമായിരുന്ന ബന്ധുമിത്രാദികളെ പ്രായവും പകര്‍ച്ചവ്യാധിയും ചേര്‍ന്ന് കാലത്തിന്റെ മറുകരയിലേക്ക് കൂട്ടിപ്പോയതിന്റെ നൊമ്പര നിനവുകള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണ് ഈ ഓണക്കാലം. കൈരളിയുടെ സാംസ്‌കാരിക ഭൂമികയിലെ അക്ഷര സാന്നിദ്ധ്യങ്ങളായിരുന്ന അക്കിത്തവും സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും മാടമ്പ് കുഞ്ഞുകുട്ടനും രമേശന്‍ നായരും പൂവ്വച്ചല്‍ഖാദറും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരും തുടങ്ങി നിരവധി പ്രതിഭകള്‍ ജീവിതത്തിന്റെ അരങ്ങില്‍ നിന്നും പടിയിറങ്ങി മറഞ്ഞതിന്റെ സാന്ദ്രദുഃഖസ്മൃതികളുമായാണ് ഈ വര്‍ഷം ഓണം വരുന്നത്. അവരുടെ അക്ഷര മുദ്രകളില്ലാത്ത ഓണപ്പതിപ്പുകളും വാരികകളുമാകും ഇനിയുള്ള കാലം വായനക്കാരിലെത്തുക. കാലത്തിന്റെ അനിവാര്യമായ ഗതിക്രമമെന്നു സമാശ്വസിക്കാമെങ്കിലും സാഹിത്യചക്രവാളത്തിലെ ഒരു കാലഘട്ടത്തിന്റെ അസ്തമനം നൊമ്പരമുണര്‍ത്തുക തന്നെചെയ്യും. അങ്ങിനെ ഓര്‍മ്മകള്‍ക്ക് ശ്രാദ്ധമൂട്ടിക്കൊണ്ട് ഒരോണക്കാലംകൂടി വരവായി. ജ്വരഭീതികള്‍ നിഴല്‍ വിരിച്ച കെട്ട കാലങ്ങളും കടന്ന് പ്രതീക്ഷകളുടെ തിരുവോണ പുലരികളെ നമുക്ക് വരവേല്‍ക്കാം…നന്മയുടെ നറുമലരുകള്‍കൊണ്ട് സ്‌നേഹത്തിന്റെ പൂക്കളം ചമയ്ക്കാം.
എല്ലാ വായനക്കാര്‍ക്കും കേസരിവാരികയുടെ തിരുവോണാശംസകള്‍.
ഡോ.എന്‍.ആര്‍.മധു
മുഖ്യപത്രാധിപര്‍