Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home മുഖലേഖനം

അവരില്ലാത്ത ഓണം

കാവാലം ശശികുമാര്‍

Print Edition: 6 August 2021

ഈ തിലോദകം സ്വീകരിക്കുക. മാപ്പാക്കുക;

ഞങ്ങള്‍ക്കായില്ല, ക്രിയാശുദ്ധിയോടെ, കര്‍മക്രമം പാലിച്ച് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പോലും.

കാലം അങ്ങനെയുള്ളതായിപ്പോയല്ലോ!

ആസുരകാലത്തെ ചില വികൃത ബുദ്ധികള്‍ക്ക് ശാസ്ത്രവും സഹായം ചെയ്തപ്പോള്‍ സംഭവിച്ചതാണല്ലോ ഈ മനുഷ്യ നിര്‍മിത ദുരന്തവും. കാലനെന്നോ കാലമെന്നോ കലികാലമെന്നോ വിളിക്കാം, പുരോഗതിയിലേക്കുള്ള കുതിപ്പിന് ലോകത്തിനാകെ സംഭവിച്ച നഷ്ടങ്ങള്‍ക്ക് എന്തുപേരു വിളിക്കും…ഏതുപേരുവിളിച്ചാല്‍ കൃത്യമാകും?

കൊറോണ വൈറസ് കൊണ്ടുവന്ന കോവിഡ് ജീവന്‍ കൊണ്ടുപോയ സകലര്‍ക്കും ആദരാഞ്ജലി, ആത്മാക്കള്‍ക്ക് മോക്ഷ പ്രാര്‍ത്ഥന, പുന്നാമ നരകം കടക്കാന്‍ ഒരു കുടന്ന തിലോദകം.

ആവില്ല, അങ്ങനെ ഒറ്റവാക്യത്തില്‍ ഒതുക്കാന്‍ ആര്‍ക്കും. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല, സമാജത്തിനും രാഷ്ട്രത്തിനും നഷ്ടമായത് എത്രയെത്ര വിലമതിക്കാത്ത ജീവിതങ്ങളാണ്! ശിഷ്ട ജീവിതങ്ങളെ തുയിലുണര്‍ത്താന്‍ പരിശ്രമിക്കുമ്പോഴാണ്, കുഞ്ഞിനെ ജീവിപ്പിക്കാന്‍ പറഞ്ഞ അമ്മയ്ക്ക് മറുപടിയിലൂടെ ശ്രീബുദ്ധന്‍ നല്‍കിയ തിരിച്ചറിവ് മറ്റൊരു യാഥാര്‍ത്ഥ്യമായി തിരിച്ചുവരുന്നത്. കോവിഡ് ബാധയെത്താത്ത വീട്ടില്‍നിന്ന് ‘കടുകല്ല, കടുകുമണി’പോലും കിട്ടില്ലെന്ന’ തിരിച്ചറിവ്.

ഇതെഴുതുമ്പോഴത്തെ കണക്കില്‍ ഭാരതത്തില്‍ 3.15 കോടിപ്പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 4.23 ലക്ഷം പേര്‍ക്ക് ജീവഹാനിയുണ്ടായി. 3.07 കോടിപ്പേര്‍ക്ക് രോഗമുക്തിയുണ്ടായി. കേരളത്തില്‍ 33.3 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചു. 31.6 ലക്ഷം പേര്‍ക്ക് ഭേദമായി. 16,457 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. ചികിത്സിച്ച് ഭേദപ്പെട്ടവര്‍ക്കും ചിരകാലത്തേക്ക് ചേതങ്ങള്‍, ക്ലേശങ്ങള്‍ ഏറെ. അടുത്ത ഘട്ടം വന്നേക്കാമെന്ന മുന്നറിയിപ്പുകള്‍, മാരണത്തെ പിടിച്ചുകെട്ടാന്‍ മരുന്നു കണ്ടുപിടിച്ചെന്നതിന്റെ സന്തോഷം പോലും തല്ലിക്കെടുത്തുന്നു. ഏതോ രാക്ഷസബുദ്ധിയുടെ കരുത്ത് ഇത്ര പെരുത്തതോ…! പത്തുതലയും ഇരുപതുകൈയുമുള്ള, മായാജാലവും ചേര്‍ന്ന രാവണത്വത്തേക്കാള്‍, ഓരോതുള്ളിച്ചോരയില്‍നിന്നും ഉയിര്‍ത്തെഴുനേല്‍ക്കുന്ന രക്തബീജനേക്കാള്‍…ഒടുവില്‍ ജയിക്കുന്നത് മാനുഷികതതന്നെയാകും, പക്ഷേ, അതിനകം നഷ്ടങ്ങള്‍ ഒട്ടേറെയുണ്ടാകാം.
ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, അധ്യാപകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, കലാസാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, ഭരണതന്ത്രജ്ഞര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, വഴിയോരക്കച്ചവടക്കാര്‍, ഭിക്ഷാടകര്‍ എന്നല്ല യുവത്വവും വാര്‍ധക്യവും എത്രയെത്ര ആ അണുവിന് കീഴടങ്ങി. വൈറസ് ബാധിച്ചും വൈറസ് കാലം ബാധിച്ചുമുള്ള ജീവനഷ്ടങ്ങള്‍… ഒരുപക്ഷേ, കുറേ നൂറ്റാണ്ടുകളെങ്കിലും ലോകം ഏറ്റവും വെറുക്കുന്ന വാക്കുകള്‍ ‘കൊറോണ’യും ‘കോവിഡു’മായിരിക്കും. ലോകജനത ഏറ്റവും ശപിക്കുന്നത് ഈ വൈറസിന്റെ സ്രഷ്ടാക്കളെ ആയിരിക്കും. ആ ശാപത്തിന്റെ ഒരംശം, ഇനിയും കൃത്യമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വൈറസ് സ്രഷ്ടാക്കളെന്ന് പലരും കരുതുന്ന, ചൈനയെന്ന രാജ്യത്തിനും ചൈനക്കാര്‍ക്കും മേലേ നിപതിക്കും.

ഇന്ത്യയില്‍ കോവിഡ് രോഗം ബാധിച്ചോ, അനുബന്ധ കാരണങ്ങളാലോ ജീവഹാനി സംഭവിച്ച ഒട്ടേറെപ്പേരുണ്ട്. അതില്‍ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെപ്പോലെ അതിപ്രശസ്തരുണ്ട്. ചില പേരുകള്‍:- എസ്.പി. ബാലസുബ്രഹ്മണ്യം (ഗായകന്‍), ശ്രാവണ്‍ രഥോഡ് (സംഗീത സംവിധായകന്‍), സതീഷ് കൗള്‍ (ബോളിവുഡ് നടന്‍), പണ്ഡിറ്റ് രാജന്‍ മിശ്ര (ശാസ്ത്രീയ സംഗീതജ്ഞന്‍), കെ.വി. ആനന്ദ് (സിനിമാ സംവിധായകന്‍), രാമു (കന്നഡ സിനിമാ നിര്‍മാതാവ്), രോഹിത് ശാര്‍ദാനാ (ടിവി ആങ്കര്‍), ബിക്രംജിത് കന്‍വാര്‍പല്‍ (ടിവി ആങ്കര്‍), വിറാ സതീദാര്‍ (മറാഠി നടന്‍), ജഗ്ദീഷ് ലാഡ് (ബോഡി ബില്‍ഡര്‍), കിഷോര്‍ നന്ദ്‌ലാ സര്‍കാര്‍ (മറാഠി നടന്‍), താമിര (തമിഴ് സിനിമാ സംവിധായകന്‍), നവീന്‍ (കന്നഡ സിനിമാ സംവിധായകന്‍), കാനുപ്രിയ (ടിവി അവതാരക), പാണ്ഡു (തമിഴ് നടന്‍), ശ്രീപാദ (ബോളിവുഡ് നടി), പണ്ഡിറ്റ് ജസ്‌രാജ് (സംഗീതജ്ഞന്‍), ഇര്‍ഫാന്‍ ഖാന്‍ (നടന്‍), ചേതന്‍ ചൗഹാന്‍ (ക്രിക്കറ്റര്‍), ഡെന്നിസ് ജോസഫ് (സിനിമാ സംവിധായകന്‍), ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (നടന്‍), മേള രഘു (നടന്‍), കെ.ടി.എസ്. പടന്നയില്‍ (നടന്‍), സരോജ് ഖാന്‍ (നടി), ഋഷി കപൂര്‍ (നടന്‍)… ഇവരില്‍ ചിലര്‍ കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിച്ചവരാണ്.

പ്രണബ് മുഖര്‍ജി

കേരളത്തിലുമുണ്ടായി അതിപ്രശസ്തരുടെ ജീവഹാനി. സാഹിത്യ സാംസ്‌കാരിക ലോകത്ത് അവരുടെ വേര്‍പാട് വലിയ നഷ്ടം ഉണ്ടാക്കും. അവരില്‍ പലരും അക്ഷരാര്‍ത്ഥത്തില്‍ അകാലത്തില്‍ കൊഴിഞ്ഞവരാണ്. അവര്‍ക്കൊപ്പം പോയത് ഒരു സംസ്‌കാരിക പ്രവര്‍ത്തനംകൂടിയാണ്. അവിടെയാണ് നഷ്ടത്തിന്റെ ആഴവും പരപ്പും അറിയുന്നത്. ഏതാനും പേരുകള്‍ പരാമര്‍ശിക്കാം. മഹാകവി അക്കിത്തം, അനില്‍ പനച്ചൂരാന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍, സുഗത കുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്. രമേശന്‍ നായര്‍, ഗുരു ചേമഞ്ചേരി, പൂവച്ചല്‍ ഖാദര്‍… സാംസ്‌കാരിക കേരളത്തിന്റെ പെരും നഷ്ടങ്ങളാണിവര്‍. ഈ ഓണക്കാലത്ത് ഇവരുടെ വിയോഗ ദുഃഖം അനുഭവിക്കുന്നതിന്റെ പല മടങ്ങായിരിക്കും ഇവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വരും കാലങ്ങളില്‍ ഉണ്ടായേക്കാവുന്നത്. കാരണം, അവര്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നതുപോലെ നമ്മുടെ സംസ്‌കാരത്തെക്കുറിച്ച് ആരുണ്ട് അത് ഓര്‍മ്മിപ്പിക്കാന്‍…..!!

ഓണവും ഉത്സവവും, അമ്പലവും ആമ്പലും, ആലും ആല്‍ത്തറയും, ആത്മീയതയും അനാസക്തിയും എല്ലാം അപഥ്യമോ അനാവശ്യമോ ആയിക്കാണുന്നവരുടെ എഴുത്തുകാലത്ത്, കൊടും വേനലിലെ കുളിരായിരുന്നുവല്ലോ ഇവരുടെ അക്ഷരപ്പെയ്ത്തുകള്‍. അവരുടെ കവിതയോ കഥയോ നോവലോ കുറിപ്പുകളോ എല്ലാം വായനക്കാരന്റെ, അവനിലൂടെ സമൂഹത്തിന്റെ, സാംസ്‌കാരിക ഉന്നമനം ഉള്ളില്‍ക്കണ്ടായിരുന്നല്ലോ. ഹൃദയത്തോട് ചേര്‍ന്ന് നൈസര്‍ഗികമായി രൂപപ്പെട്ട കൈകള്‍ കൊണ്ടായിരുന്നുവല്ലോ അവരുടെ എഴുത്തുകള്‍. കൃത്രിമക്കൈകള്‍കൊണ്ട്, ഏറെ യാന്ത്രികമായി അധ്വാനിച്ച് ചിലര്‍ നടത്തുന്ന രചനകളില്‍ ആ സങ്കല്‍പ്പനം ഉണ്ടാവില്ല. എന്നല്ല, അറിയാതെ, നാട്ടിന്‍പുറമോ നാട്ടുവഴിയോ നാട്ടുമാവോ വന്നാല്‍ അതിനെ മോര്‍ഫ് ചെയ്ത്, ആധുനിക അടയാളങ്ങള്‍കൊണ്ട് അപനിര്‍മിക്കാന്‍ അധ്വാനിക്കുന്നവരുടെ വാഴ്ചയാണല്ലോ ഇപ്പോള്‍.

പണ്ടത്തെ മേല്‍ശാന്തി, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, സ്പര്‍ശമണി, മധുവിധു തുടങ്ങിയ അക്കിത്തം കവിതകള്‍ക്ക് അടുത്തു നില്‍ക്കുന്ന കവിതകള്‍ക്ക് ഇനി മലയാളം കാത്തിരുന്നിട്ട് കാര്യമുണ്ടോ? ചാത്തൂനെക്കണ്ടോ കുട്യോളെ എന്ന് ചോദിക്കാന്‍ മലയാളത്തിലെ ഏതുകവി തയ്യാറാകും? ധര്‍മസൂര്യന്‍ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ച് കാവ്യം രചിക്കാന്‍ ആര്‍ക്ക് ആര്‍ജവം വരും? സംശയിക്കാന്‍ കാരണം, അത്തരം സങ്കല്‍പ്പങ്ങള്‍ അന്യം നില്‍ക്കുന്നതുകൊണ്ടാണ്. അങ്ങനെയെഴുതുന്നവരെ കവിയായി കണക്കാക്കാന്‍ സാഹിത്യലോകത്തെ മൂല്യനിര്‍ണയ വൈതാളികര്‍ തയാറാകില്ല.

അവര്‍, സംസ്‌കാരത്തെ കണ്ടിരുന്നത് ഉള്ളടക്കത്തില്‍ മാത്രമായിരുന്നില്ല. കൈയടക്കത്തിലും കാഴ്ചയിലും കാഴ്ചപ്പാടിലും രൂപത്തിലും ഭാവത്തിലും ഉന്നത സാംസ്‌കാരിക ബോധം കാണിച്ചിരുന്നു.’അശ്വത്ഥാമാവ്’ എന്ന നോവല്‍ രചിക്കുമ്പോള്‍ മാടമ്പ് കുഞ്ഞുകുട്ടന് അതോ ഇതോ എന്ന സംഘര്‍ഷമുണ്ടായിരുന്നു. പക്ഷേ, സന്ദേഹമില്ലായിരുന്നു. അതുകൊണ്ടാണ് ‘അമൃതമശ്‌നുതേ’ എഴുതാനായത്, ‘സാധനാ ലഹരി’ എഴുതിയത്. അക്കിത്തവും മാടമ്പും മലയാള സാഹിത്യത്തില്‍ കൊണ്ടുവന്ന, തുടങ്ങിവെച്ച ആധുനിക സാഹിത്യ പ്രവണതകളുടെ പേരില്‍ അവരെ ആധുനികതയുടെ പ്രാരംഭകരായി അംഗീകരിക്കാന്‍ പോയിട്ട്, ആനുഷംഗികമായി അങ്ങനെ പരാമര്‍ശിക്കാന്‍ പോലും മടിക്കുന്ന സത്യസന്ധതയില്ലായ്മയുടെ കാലത്താണ് നമ്മള്‍. അവര്‍ക്ക് ഉള്ളടക്കത്തിലും രൂപത്തിലും ഭാവത്തിലും ആനുകാലികതയുണ്ടായിരുന്നു. അതുകൊണ്ടാണ് അക്കിത്തം ‘നിരത്തില്‍ കാക്ക കണ്ണുകൊത്തിപ്പറിക്കുന്ന ചത്തപെണ്ണിനെയും അവളുടെ മുല ചപ്പിവലിക്കുന്ന നരവര്‍ഗ നവാതിഥിയേയും’ കവിതയിലാവിഷ്‌കരിച്ചത്. നമ്പൂതിരിക്കവികള്‍ക്ക് യാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കണ്ണില്ലെന്നും അവര്‍ ഉണ്ട്, ഏമ്പക്കംവിട്ട്, മൂന്നുംകൂട്ടി മുറുക്കിത്തുപ്പുമ്പോള്‍ പറയുന്ന അശ്ലീലങ്ങളാണ് കവിത’യെന്നും ഇന്നും ധാരണ പരത്തുന്നവരുണ്ട്. സംസ്‌കൃതവും മണിപ്രവാളവും രണ്ടും പ്രയോഗത്തിലില്ലാത്തതിനാല്‍ ‘മൃതമായി’ എന്ന് അപഹസിച്ച്, പ്രദേശിക ഭാഷാ പ്രയോഗങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തിലുള്ള പ്രസക്തിയെക്കുറിച്ച് പ്രബന്ധം ചമയ്ക്കുന്നവരുണ്ട്. അവര്‍ക്ക് മാടമ്പും അക്കിത്തവും പഴഞ്ചന്‍മാരാണ്. കൊറോണക്കാലം അവരെ കൊണ്ടുപോയത് അവര്‍ നടത്തിയിരുന്ന പഴമയുടെ സംസ്‌കാരംപറച്ചിലിനൊപ്പംകൂടിയാണ്.

 

വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതയും കലയും ജീവിതവും അങ്ങനെയായിരുന്നു. ശാസ്ത്രത്തിലൂടെ പുരോഗതിയെന്ന സങ്കല്‍പ്പത്തിലായിരുന്നു വിഷ്ണു നാരായണന്‍ നമ്പൂതിരി. അതിന് കാവ്യവൃത്തിയിലൂടെ ക്ലാസ് മുറികളിലൂടെ അദ്ദേഹം പ്രവര്‍ത്തിച്ചു. എഴുത്തും ജീവിതവും തമ്മില്‍ സംഘര്‍ഷമുണ്ടായ ഘട്ടത്തില്‍ അദ്ദേഹവും സംസ്‌കാരത്തെ ആധാരമാക്കി. മാറ്റുരയ്ക്കാന്‍ മാനദണ്ഡമാക്കിയത് സംസ്‌കാരമായിരുന്നു. ഹിമാലയത്തിന്റെ ഔന്നത്യം ശാസ്ത്രവും അതിന്റെ ഗിരിശൃംഗങ്ങളുടെ ഗരിമ സംസ്‌കാരവുമാണെന്ന് തിരിച്ചറിഞ്ഞു. ഉജ്ജയിനി ഒരു രാജഭരണത്തിന്റെയും കൊട്ടാരത്തിന്റെയും ആസ്ഥാനം മാത്രമല്ലെന്ന് അറിഞ്ഞു അറിയിച്ചു. പക്ഷേ, വിഷ്ണുനാരായണന്‍ നമ്പൂതിരിയെ, ഇംഗ്ലീഷ് അധ്യാപകനായിരുന്ന അദ്ദേഹത്തെ, നിഘണ്ടു നോക്കി വിവര്‍ത്തനം ചെയ്യുന്ന കവികള്‍ക്കും പിന്നില്‍ നിര്‍ത്താന്‍ ചിലര്‍ ആസൂത്രണം നടത്തി. അത് കവി ഒട്ടിച്ചേര്‍ന്നുനിന്ന സംസ്‌കാരത്തോടുള്ള ചൊരുക്കുകൊണ്ടാണ്. സുഗത കുമാരി ‘മരത്തിലും ശിവം കണ്ടതു’കൊണ്ടാണ് ‘മരക്കവി’യായി ഇകഴ്ത്തപ്പെട്ടതും, കവിയെന്നതിനേക്കാള്‍ സാമൂഹ്യ പ്രവര്‍ത്തകയെന്ന് വിശേഷിപ്പിക്കപ്പെട്ടതും. എല്ലാ ഉണ്ണികളും കണ്ണനാണെന്നും എല്ലാ മയ്ക്കണ്ണിമാരും രാധമാരാണെന്നും അവര്‍ പാടിയത് ഒരു സംസ്‌കാരത്തിന്റെ ഘോഷണംകൂടിയായിരുന്നു. ‘കാളിയ മര്‍ദന’വും ഗോവര്‍ദ്ധനവും കൃഷ്ണഗീതികളും എഴുതിയ സുഗതകുമാരിയുടെ കവിതകള്‍ക്കുള്ള കാലിക പ്രസക്തിയൊന്നും പല ആധുനിക ഫെമിനിസ്റ്റ് പ്രക്ഷോഭക്കാരുടെ സമരപ്പാട്ടുകളില്‍പോലുമില്ലല്ലോ.

എസ്.രമേശന്‍നായരാണ് കോവിഡ് ബാധയാല്‍ അന്തരിച്ച മറ്റൊരു പ്രമുഖകവി. തീര്‍ത്തും അകാലത്തില്‍ പൊലിഞ്ഞ കവിദീപ്തി. പദ്യവും കവിതയുമായിരുന്നു ഒരുകാലത്ത് കവിത്വത്തിന്റെ ഉരകല്ല്. പദ്യം എഴുതിയവരുടെ ഓര്‍മകള്‍ മരിച്ചപ്പോളും കവിതയെഴുതിയവരുടെ സാന്നിധ്യം സഹൃദയര്‍ അനുഭവിച്ചറിഞ്ഞുകൊണ്ടേയിരുന്നു. കവിയെന്ന് വിളിക്കാന്‍ കഴിയുന്നവര്‍ ഏറെയില്ലാത്ത ഈ കാലത്തും രമേശന്‍ നായര്‍ കവിയായിരുന്നു. എഴുതിയതിലെല്ലാം കവിത നിറഞ്ഞു. പ്രസംഗം പോലും കാവ്യസ്വഭാവത്തിലായിരുന്നു. കവിതയ്ക്ക് രൂപം വൃത്തത്തിലാണെന്ന് അദ്ദേഹം കാട്ടിത്തന്നു. കവിതയുടെ ജീവന്‍ അതിന്റെ വേരുകള്‍ നാടിന്റെ സംസ്‌കാരത്തിലാഴുമ്പോഴാണെന്ന് അദ്ദേഹം സ്ഥാപിച്ചുതന്നു. ഭക്തിയും വിഭക്തിയും, പ്രകൃതിയും പുരുഷനും പോലെയാണെന്നും വാഗര്‍ത്ഥങ്ങളുടെ സമ്യക് മേളനമാണെന്നും അനുഭവിപ്പിച്ചുതന്നു. ‘ജന്മപുരാണം’ പോലൊരു കാവ്യം ഇനി ഏത് കവിയെഴുതും. ‘അഗ്രേപശ്യാമി’, ‘സ്വാതി മേഘം’ തുടങ്ങിയ സമാഹാരങ്ങളിലെ കവിതകള്‍ക്ക് ഒപ്പം നില്‍ക്കുന്ന കവിതകള്‍ ഇനി മലയാളത്തിനെന്ന് ആരില്‍നിന്ന് കിട്ടും. ഇഷ്ടദൈവങ്ങളെ വര്‍ണിച്ച് കണ്‍മുന്നില്‍ നിര്‍ത്തുന്ന ഗീതങ്ങള്‍ ആരെഴുതും. ‘ഗുരുപൗര്‍ണമി’ പോലൊരു കാവ്യം ആര് വിഭാവനം ചെയ്യും? പിന്നെയല്ലേ എഴുത്ത്…

പറഞ്ഞുവന്നത്, സത്യമാണ്. കോവിഡ് കൊണ്ടുപോയ ഒരു ജീവിതത്തിനും മറ്റൊന്ന് പകരമല്ല. അത്രതന്നെയല്ലേ ഉള്ളൂ ഇപ്പറഞ്ഞവരുടെയും കാര്യം എന്ന് സംശയം തോന്നാം. പക്ഷേ, അതിനപ്പുറമായിരുന്നു ഇവരുടെ സാംസ്‌കാരിക സാന്നിധ്യം. അതിന് പകരംവെക്കാന്‍ ആവില്ലെന്നത് വലിയ ദുഃഖമാണ്, നഷ്ടമാണ്.

മരണാനന്തരം മഹത്വം വാഴ്ത്തുന്ന നാടാണ് മലയാളം പൊതുവെ. കൊവിഡ് അത്ര ഭീതിദമാകും മുമ്പായിരുന്നു മഹാകവി അക്കിത്തത്തിന്റെ വിയോഗം. അതിനാല്‍, അന്ത്യകര്‍മങ്ങള്‍ക്ക് ഏറെപ്പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി. പക്ഷേ, മറ്റ് വിയോഗങ്ങളില്‍ അതുകഴിഞ്ഞില്ല. കേരളം എള്ളും പൂവും ചന്ദനവും തൊട്ട് ഉദകം നല്‍കുന്ന കര്‍മം ചെയ്യേണ്ട ജീവിതങ്ങളായിരുന്നുവല്ലോ അവരുടേത്, സംസ്‌കാര കര്‍മ്മത്തിന്റെ പൂര്‍ണതയ്ക്ക്…

Share1TweetSendShare

Related Posts

ഭരണഘടന നിശ്ചലമായ നാളുകള്‍

അടിയന്തരാവസ്ഥയിലെ സംഘഗാഥ

ചെമ്പന്‍ ഭീകരതയ്ക്ക് ചരമക്കുറിപ്പ്‌

പരിവ്രാജകന്റെ മൊഴികൾ

ഓപ്പറേഷന്‍ സിന്ദൂര്‍- യുദ്ധത്തിന്റെ കല

ശാസ്ത്രത്തിന്റെ കരുത്തില്‍ കുതിച്ച് ഭാരതം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies