കോഴിക്കോട്: അടിയന്തരാവസ്ഥയ്ക്ക് എതിരായ പ്രക്ഷോഭത്തെ രണ്ടാം സ്വാതന്ത്ര്യസമരമായി പരിഗണിക്കണമെന്ന് ആര്.എസ്.എസ്. പ്രാന്തകാര്യകാരി അംഗം പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് കോഴിക്കോട് ഓണ്‍ലൈനായി സംഘടിപ്പിച്ച ‘അടിയന്തിരാവസ്ഥ ഓര്‍മ്മക്കുറിപ്പുകള്‍’ എന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികളെ അവസരമാക്കിയെടുക്കുന്ന സംഘശൈലിയാണ് അന്നും വിജയം കണ്ടതെന്നും അക്കാലത്തെ പ്രവര്‍ത്തകരുടെ ത്യാഗത്തിന്റെ മഹത്വം പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.പി.ജയഭാനു അദ്ധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥയിലെ പീഢനാനുഭവങ്ങളും കാരാഗൃഹ അനുഭവങ്ങളും കറുത്തേടത്ത് രവീന്ദ്രന്, ചേറ്റൂര്‍ മാധവന് മാസ്റ്റര്‍, സംസ്ഥാന പ്രസിഡന്റ് എം.ജി. പുഷ്പാംഗദന്, ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്, സെക്രട്ടറി കെ.ബാലാമണി എന്നിവര്‍ അനുസ്മരിച്ചു. സുരേന്ദ്രന് പുതിയേടത്ത് സ്വാഗതവും ശ്യാമപ്രസാദ് നന്ദിയും പറഞ്ഞു.