കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗത്തിന്റെ ഭീതിദമായ വരവും കാത്ത് കേരളം ഭയാശങ്കകളോടെ നാളുകളെണ്ണുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം കൊണ്ട് മാത്രമാവില്ല. അവിടെയാണ് ജനകീയാടിത്തറയുള്ള സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളുടെ പ്രസക്തി. സംസ്ഥാനത്തൊട്ടാകെ ഗ്രാമതലത്തില്‍ വരെ പ്രവര്‍ത്തനമുള്ള സേവാഭാരതി അവയെ ഏകീകരിച്ചുനിര്‍ത്തി ജനസേവനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. സംസ്ഥാനം പ്രതിസന്ധി നേരിട്ട പ്രളയക്കെടുതിയിലും ദുരന്തങ്ങളിലും സഹായഹസ്തവുമായി സേവാഭാരതി ഉണ്ടായിരുന്നു. കോവിഡ് മനുഷ്യനെ വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ടപ്പോഴും സേവനപാതയിലേക്കിറങ്ങിയിരിക്കയാണ് സേവാഭാരതി പ്രവര്‍ത്തകര്‍.
1045 യൂണിറ്റുകളാണ് സംസ്ഥാനത്ത് സേവാഭാരതിയ്ക്കുള്ളത്. തൃശ്ശൂരിലെ പരമേശ്വരീയം എന്ന സംസ്ഥാന കാര്യാലയത്തില്‍ നിന്നും ജില്ലാതലത്തിലേയ്ക്കും അവിടെ നിന്നും യൂണിറ്റുതലത്തിലേയ്ക്കും നിര്‍ദ്ദേശങ്ങളും സംവിധാനങ്ങളും എത്തുന്നു. പ്രാദേശികതലത്തിലും മറ്റും ലഭിക്കുന്ന സഹായങ്ങള്‍ ഏകീകരിപ്പിച്ചു കഷ്ടപ്പെടുന്നവര്‍ക്കും രോഗികള്‍ക്കും ആവശ്യമായ സഹായവും സാന്ത്വനവും എത്തിക്കുന്നു.
ജില്ലാടിസ്ഥാനത്തില്‍ കോവിഡ് രോഗികളെ പാര്‍പ്പിക്കാനുള്ള കോവിഡ് കേന്ദ്രങ്ങളും കൊറോണ ചികിത്സാകേന്ദ്രങ്ങളും സേവാഭാരതി ഏര്‍പ്പെടുത്തിയിരുന്നു. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഇവ ഏര്‍പ്പെടുത്തിയത്. കോതമംഗലം (50 കിടക്ക), പത്തനതിട്ടയിലെ അയിരൂര്‍ (50 കിടക്ക), ഇടുക്കിയിലെ വട്ടവട (50 കിടക്ക), പാലക്കാട്ടെ അട്ടപ്പാടി (45 കിടക്ക), തൃശ്ശൂര്‍ ജില്ലയിലെ മായന്നൂര്‍ (50 കിടക്ക) എന്നീ സ്ഥലങ്ങളില്‍ കോവിഡ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. മറ്റു ജില്ലകളില്‍ കോവിഡ് കേന്ദ്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും രോഗികളെ പാര്‍പ്പിക്കേണ്ടി വന്നില്ല.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഞ്ചായത്തു തലത്തില്‍ 1045 ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിരുന്നു. അതാതു സ്ഥലത്തെ രോഗബാധിതരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് അവരുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഈ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ക്ക് സാധിച്ചു.
കോവിഡ്കാലത്ത് ആരോഗ്യരംഗം നേരിട്ട ഗുരുതരമായ പ്രതിസന്ധി രക്തദാനം സംബന്ധിച്ചതായിരുന്നു. രക്തദാതാക്കള്‍ക്ക് ആശുപത്രിയില്‍ പോയി രക്തം നല്‍കാന്‍ കോവിഡ് ഭീതി പ്രശ്‌നമായിരുന്നു. രക്തം കിട്ടാതെ പല രോഗികളുടെയും ഓപ്പറേഷന്‍ മുടങ്ങിയ അവസ്ഥ വരെയുണ്ടായി. ഇതിനു പരിഹാരമായാണ് രക്തദാനത്തിന് സേവാഭാരതി സംഘപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ ആദ്യവാരത്തിനകം 7175 സേവാഭാരതി വളണ്ടിയര്‍മാര്‍ രക്തദാനം നിര്‍വ്വഹിച്ചു. രക്തം ആവശ്യമായപ്പോള്‍ ഏതു ആശുപത്രിയും സേവാഭാരതിയെ ബന്ധപ്പെടാന്‍ തുടങ്ങിയത് സേവാഭാരതിയുടെ രക്തദാന സംരംഭത്തിനുള്ള അംഗീകാരമായിരുന്നു. കോവിഡിനുള്ള പ്രതിരോധ മരുന്നുകള്‍ ആളുകള്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു മറ്റൊരു സേവനം. ആയുര്‍വേദ, ഹോമിയോ മരുന്നുകള്‍ പ്രതിരോധത്തിനായി വീടുകളില്‍ എത്തിക്കുന്ന സേവനം സേവാഭാരതി ഏറ്റെടുത്തു. 1,47,950 ആയുര്‍വേദ മരുന്നുകിറ്റ് വിതരണം ചെയ്തു. 1,99,837 ഹോമിയോ മരുന്നു പാക്കറ്റുകള്‍ വീടുകളിലെത്തിച്ചു നല്‍കി. (കണക്ക് ഒരുമാസം മുന്‍പുള്ളത്).
ആശുപത്രികളിലും വീടുകളിലും കഴിയുന്ന രോഗികള്‍ക്ക് കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഏറെ അനുഭവപ്പെട്ടത് ശ്വാസകോശസംബന്ധമായ അസുഖങ്ങളായിരുന്നു. പല രോഗികളും പ്രാണവായു കിട്ടാത്തതുമൂലം മരണപ്പെട്ടു. ഓക്‌സിജന്‍ ക്ഷാമം കൂടി വന്നപ്പോള്‍ പ്രതിസന്ധി രൂക്ഷമായി. ഈ അവസരത്തിലാണ് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള സംവിധാനം സേവാഭാരതി ഏര്‍പ്പെടുത്തിയത്. 140 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ ലഭ്യമാക്കിക്കൊണ്ട് ഇതിനു തുടക്കമിട്ടു. 400 പള്‍സ് ഓക്‌സി മീറ്ററുകള്‍ ലഭ്യമാക്കി. പി.പി.ഇ.കിറ്റുകള്‍, മാസ്‌ക്കുകള്‍ എന്നിവ വിതരണം ചെയ്തു.
കേരളത്തിലെ കോവിഡ് മരണനിരക്ക്
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം ഒരു ദിവസം 100 മരണങ്ങള്‍ ഉണ്ടായിയെന്ന വിവരം അവിടെ സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടര്‍മാര്‍ തന്നെ പുറത്തുവിട്ടു. തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്മശാനത്തില്‍ കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്‌ക്കരിക്കുന്നതിനു ക്യൂ വ്യവസ്ഥ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ ബന്ധുക്കള്‍ക്ക് രണ്ടുദിവസം വരെ കാത്തുനില്‍ക്കേണ്ടിവന്നു.
ഇതിനു പരിഹാരമെന്നോണം സേവാഭാരതി എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ശവസംസ്‌കാര യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിച്ചു. അതോടൊപ്പം ശവശരീരം വളരെ വേഗം സംസ്‌കരിക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി.
ആംബുലന്‍സ് സേവനം
രോഗികളെയും മരണപ്പെട്ടവരേയും വഹിച്ചുകൊണ്ട് കേരളത്തില്‍ സേവാഭാരതിയുടെ 200 ആംബുലന്‍സുകള്‍, 50-ല്‍ പരം പാലിയേറ്റീവ് വാഹനങ്ങള്‍, കൂടാതെ 250-ല്‍ പരം വാടക വാഹനങ്ങള്‍ നല്‍കിയും സൗജന്യമായും സേവനമനുഷ്ഠിച്ചു വരുന്നുണ്ട്. വാഹന സൗകര്യം സേവാഭാരതി ഏര്‍പ്പെടുത്തുമ്പോള്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ചുമതലക്കാരും വളരെ വിശ്വാസ്യതയോടെ സ്വീകരിക്കുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
വാക്‌സിനേഷന്‍ ബോധവല്‍ക്കരണം
കേന്ദ്രസര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ പുറത്തിറക്കിയത് അഭിമാനത്തോടെയാണ് ലോകത്തെ അറിയിച്ചത്. നമ്മുടെ രാജ്യത്തു ചില തത്പരകക്ഷികള്‍ അത് ഉപയോഗിക്കുന്നതിനെതിരെ കുപ്രചരണങ്ങള്‍ അഴിച്ചുവിട്ടത് നാം കണ്ടതാണ്. രണ്ടാം തരംഗം വ്യാപിച്ചപ്പോള്‍ വാക്‌സിന്‍ ഫലപ്രദമായി വിതരണം ചെയ്യുന്നില്ലായെന്നും പറഞ്ഞു വിലപിച്ചവരും ഇവരാണ്. വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കാനും പരമാവധി ആളുകള്‍ക്കു അതിന്റെ ഫലം ലഭ്യമാക്കുന്നതിനുള്ള ബോധവത്ക്കരണത്തിനും സേവാഭാരതി ഹെല്‍പ് ഡെസ്‌കുകള്‍ സഹായിച്ചു.
ചികിത്സാ സംവിധാനങ്ങളുടെ ഏകോപനം
കേന്ദ്രസര്‍ക്കാരിന്റെ നയം എല്ലാ ചികിത്സാ സമ്പ്രദായങ്ങളെയും ഒരുപോലെ സ്വീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ്. ചികിത്സാ ഫലം പരമാവധി സമൂഹത്തിനു പ്രയോജനപ്പെടുത്തുക, എല്ലാ ചികിത്സാ വിധിയേയും സ്വീകരിക്കുകയും രോഗികളായവരേയും രോഗവിമുക്തരായവരേയും പൂര്‍ണ്ണ ആരോഗ്യവാന്മാരാക്കുക എന്നതാണ് സേവാഭാരതിയുടെ ലക്ഷ്യം. എല്ലാ ജില്ലകളിലും ഡോക്ടര്‍മാരുടെ കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കുകയും അത് ജനോപകാരപ്രദമാക്കി വരികയുമാണ്.
ആയുഷ് 64ഉം സേവാഭാരതിയും
ആയുഷ് വകുപ്പ് പുറത്തിറക്കിയ ആയുഷ്-64 എന്ന ആയുര്‍വ്വേദമരുന്നിന്റെ വിതരണം ദേശീയ തലത്തില്‍ സേവാഭാരതിയെ ഏല്പിക്കുകയുണ്ടായി. സേവാഭാരതിയെ സംബന്ധിച്ചിടത്തോളം ‘യാഗത്തിനു ദക്ഷിണ’ എന്ന പോലെയായി ഈ അംഗീകാരം. എല്ലാ സംസ്ഥാനങ്ങളും ഏറ്റെടുത്തപോലെ കേരളത്തിലും അതിന്റെ വിതരണച്ചുമതല സേവാഭാരതി സ്വീകരിക്കുകയും മരുന്നു അധികൃതരില്‍ നിന്നും ഏറ്റുവാങ്ങുകയുമുണ്ടായി. തിരുവനന്തപുരം, കൊല്ലം, തൃശ്ശിവപേരൂര്‍, പാലക്കാട് ജില്ലകളിലാണ് ഈ പദ്ധതി നടപ്പിലാക്കാന്‍ കേരളത്തില്‍ ആയുഷ് വകുപ്പ് തിരഞ്ഞെടുത്തത്. പഞ്ചായത്ത് തലത്തില്‍ ഒരു ഡോക്ടര്‍, ഒരു സംയോജകന്‍, മൂന്നു വോളന്റിയര്‍മാര്‍ എന്ന രീതിയില്‍ അതിന്റെ സംയോജനം സാദ്ധ്യമാക്കി. സേവാഭാരതിയുടെ ഈ പ്രവര്‍ത്തനത്തെപ്പറ്റി ആയുഷ് വകുപ്പ് കേരളത്തില്‍ നിന്നു കേന്ദ്രത്തിനു നല്‍കുന്ന ദൈനംദിന റിപ്പോര്‍ട്ടുകള്‍ വളരെ അഭിമാനകരമാണ്. ഇതെല്ലാം കൃത്യനിഷ്ഠയോടും കാര്യക്ഷമതയോടും നിര്‍വ്വഹിക്കുമ്പോള്‍ സേവാഭാരതിയെ ഈ ചുമതല ഏല്പിച്ചതിനെതിരെ കേരള സര്‍ക്കാര്‍, കേന്ദ്രത്തിനെ വിമര്‍ശിക്കുകയാണ്. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ രണ്ട് രാജ്യസഭാംഗങ്ങള്‍ സേവാഭാരതിക്കെതിരെ പ്രധാനമന്ത്രിക്കു കത്തെഴുതാനും അതുവഴി രാഷ്ട്രീയം കളിക്കാനും ശ്രമം നടത്തി.
സേവനഹസ്തവുമായി സിസ്റ്റര്‍ മനീഷ
കത്തോലിക്കാസഭയുടെ കോതമംഗലം രൂപതയുടെ ഉടമസ്ഥതയിലുള്ള സെന്റ്. ജോസഫ് ആശുപത്രിയിലെ ഡോക്ടറും സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് അംഗവുമായ ഡോ.സിസ്റ്റര്‍ മനീഷ സേവാഭാരതിയുടെ കോതമംഗലം കോവിഡ് സെന്ററില്‍ സേവനത്തിനു നേതൃത്വം നല്‍കിയത് സേവാഭാരതി പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ്.
ഡോ. സിസ്റ്റര്‍ മനീഷ കോതമംഗലം ധര്‍മഗിരി ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവിയാണ്. കഴിഞ്ഞ ഒരു മാസക്കാലമായി സേവാഭാരതി നടത്തുന്ന കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ദിവസവും ഡോ. സിസ്റ്റര്‍ മനീഷ സേവന രംഗത്ത് ഉണ്ട്. ധര്‍മഗിരി ആശുപത്രിയില്‍ സേവനം ചെയ്യുന്ന ഡോ. ആസിഫ് അലി റഹ്മാനും രോഗികളെ പരിചരിക്കുന്നു.
സേവാഭാരതി നല്‍കുന്ന സേവനത്തില്‍ രോഗികള്‍ ഏറെ തൃപ്തരാണെന്ന് ഡോ.സിസ്റ്റര്‍ മനീഷ പറയുന്നു. അടിയന്തിര ഘട്ടത്തില്‍ ലാബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സെന്റ് ജോസഫ് ഹോസ്പിറ്റല്‍ അധികൃതര്‍ സേവാഭാരതിക്ക് നല്‍കുന്നുണ്ട്. കൊവിഡ് കെയര്‍ സെന്റര്‍ നടത്തിക്കൊണ്ടു പോകുന്നതില്‍ സേവാഭാരതിക്ക് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ അഭയ ഉള്‍പ്പെടെയുള്ളവരുടെ പൂര്‍ണ പിന്തുണയും സഹായവും ലഭിക്കുന്നു.
ചിട്ടയോടെയുള്ള പരിചരണവും ഓക്‌സിജന്‍ കോണ്‍ന്‍ട്രേറ്റര്‍ അടക്കമുള്ള ആധുനിക ചികിത്സാ സൗകര്യങ്ങളും ഉള്‍പ്പെടെയുള്ളവ ഒരുക്കിയാണ് സേവാഭാരതി കൊവിഡ് കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കൂടുതല്‍ ചികിത്സയ്ക്കു വേണ്ടി കോതമംഗലം താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് തുടര്‍ ചികിത്സക്ക് വേണ്ട നടപടികളും സ്വീകരിക്കുന്നു. ഇതിനായി സേവഭാരതി ഓക്‌സിജന്‍ സൗകര്യമുള്‍പ്പെടെയുള്ള ആബുലന്‍സും തയ്യാറാക്കിയിട്ടുണ്ട്.
സേവാകിരണ്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള തങ്കളം വിവേകാനന്ദ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ 50 കിടക്കകളാണ് ഉള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം വാര്‍ഡുകളാക്കിയാണ് കിടത്തി ചികിത്സ നല്‍കുന്നത്. ഓരോ മുറിയിലും ചൂടുവെള്ളം തിളപ്പിക്കാനായി പ്രത്യേകം കെറ്റിലുകള്‍ ഉള്‍പ്പെടെ നല്‍കിയിട്ടുണ്ട്. ആവി പിടിക്കുന്നതിനായി എല്ലാവര്‍ക്കും വേപ്പറേസര്‍ സൗകര്യവും ഉണ്ട്. സാമൂഹിക അടുക്കള എന്ന നിലയില്‍ കൂടി പ്രവര്‍ത്തിക്കുന്ന കൊവിഡ് കെയര്‍ സെന്റര്‍ അടുക്കള വീടുകളില്‍ രോഗബാധിതരായും ക്വാറന്റെനിലും കഴിയുന്നവര്‍ക്ക് ആവശ്യാനുസരണം സൗജന്യമായി ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്യുന്നുണ്ട്.
കൊവിഡ് കെയര്‍ സെന്ററില്‍ സേവനം നല്‍കുന്നതിനായി പിപിഇ കിറ്റ് ധരിച്ച സേവാഭാരതി പ്രവര്‍ത്തകര്‍ ദിവസം മുഴുവനും കേന്ദ്രത്തിലുണ്ട്. കൊവിഡ് രോഗബാധ സ്ഥിരീകരിച്ച ആളുകളെ കൂട്ടിക്കൊണ്ടുവരുന്നതും അടിയന്തിര ഘട്ടത്തില്‍ മറ്റ് ആശുപത്രികളിലേക്ക് മാറ്റുന്നതും ഈ പ്രവര്‍ത്തകരാണ്. സേവാഭാരതി കൊവിഡ് കെയര്‍ സെന്ററില്‍ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായാണ് നല്‍കുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി പ്രവര്‍ത്തനത്തിലുള്ള സെന്റര്‍ സേവാഭാരതിയുടെ കീഴില്‍ കേരളത്തില്‍ തയ്യാറായ ആദ്യ കൊവിഡ് കെയര്‍ സെന്റര്‍ ആണ്.
അണ്ണാറക്കണ്ണനും തന്നാലായത്
നെയ്യാറ്റിന്‍കര കീഴമ്മാകത്തെ കൊച്ചു ബാലികമാരാണ് ശ്രീദുര്‍ഗയും ശ്രീഭവാനിയും. തങ്ങളുടെ അച്ഛന്‍ ചെങ്കല്‍ പഞ്ചായത്തില്‍ സേവാഭാരതി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നല്‍കുന്നതിലേക്ക് വേണ്ടി ഓരോ വ്യക്തികളെ ഫോണില്‍ സമ്പര്‍ക്കം ചെയ്യുന്നതു കണ്ടുനിന്ന ഈ മിടുക്കികള്‍ തങ്ങള്‍ക്ക് സൈക്കിള്‍ വാങ്ങുവാന്‍ വേണ്ടി സൂക്ഷിച്ചുവച്ച വിഷു കൈനീട്ടം 522 രൂപ ആരുടേയും പ്രേരണ ഇല്ലാതെ തങ്ങളുടെ അച്ഛന്റെ കൈകളിലേല്‍പ്പിച്ചു. രാമായണത്തില്‍ സേതുബന്ധനം നടന്നപ്പോള്‍ അണ്ണാറക്കണ്ണന്‍ തന്നാല്‍ കഴിയുന്ന സഹായം ചെയ്തതുപോലെ മഹത്തരമാണ് ഈ പ്രവൃത്തിയും….!!

ആശ്വാസത്തിന്റെ ചിതഗ്നി
മരണപ്പെട്ട കോവിഡ് രോഗികളെ സംസ്‌കരിക്കുന്നതു വലിയൊരു പ്രശ്‌നമായിരുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് സംസ്‌കരിക്കുവാന്‍ അനുവാദമുണ്ടെങ്കിലും പല ശ്മശാനങ്ങളിലും അതിനായി ഒന്നും രണ്ടും ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഇതിനുപരിഹാരമായാണ് സേവാഭാരതി ‘ചിതഗ്നി’ എന്ന സംവിധാനം ഏര്‍പ്പാടു ചെയ്തത്. സഞ്ചരിക്കുന്ന ശവസംസ്‌കരണ യൂണിറ്റാണിത്. വീട്ടില്‍ സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. മാന്യമായ രീതിയില്‍ പാരമ്പര്യ വിധിയനുസരിച്ച് തന്നെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടത്താവുന്നതിനാല്‍ ബന്ധുക്കള്‍ക്കും അതു സ്വീകാര്യമായി. ഇതോടെ ഓരോ ജില്ലയിലും പുതുതായി മൂന്നു സഞ്ചരിക്കുന്ന സംസ്‌കാര യൂണിറ്റുകള്‍ കൂടി ഏര്‍പ്പെടുത്തി.
ഓക്‌സിജന്‍ കിട്ടാതെ മരിക്കരുത്
ഓക്‌സിജന്‍ കിട്ടാതെ ഒരു രോഗിയും മരിക്കാനിടവരരുത് എന്ന കാഴ്ചപ്പാടോടെയാണ് ആധുനിക സംവിധാനങ്ങളുള്ള 20 ആംബുലന്‍സുകള്‍ സേവാഭാരതി സേവനരംഗത്തിറക്കുന്നത്. അവയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഉണ്ട്. പള്‍സ് ഓക്‌സി മീറ്ററുകള്‍ ഉണ്ട്. നഴ്‌സുമാരും മറ്റു സംവിധാനങ്ങളുമുണ്ട്. വീടുകളില്‍ ഓക്‌സിജന്‍ കിട്ടാതെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് അവ എത്തിച്ചു നല്‍കാനും കഴിയും. ഒരേസമയം രണ്ടുരോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കാനുള്ള സംവിധാനം ഇതിലുണ്ട്. ഇത്തരത്തിലുള്ള 140 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും 400 പള്‍സ് ഓക്‌സി മീറ്ററുകളുമാണ് സേവാ ഇന്റര്‍ നാഷണലും ഇന്‍ഫോസിസും സേവാഭാരതിയ്ക്കു നല്‍കിയത്. കൂടാതെ ഏതാനും വെന്റിലേറ്ററുകളും നല്‍കിയിട്ടുണ്ട്.
കോവിഡ് മഹാമാരി അതിന്റെ വ്യാപനം വിസ്തൃതപ്പെടുത്തി തരംഗങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ സര്‍ക്കാരിനും സമാജത്തിനോടൊപ്പവും സേവാഭാരതി ഉണ്ടാകുമെന്ന് ബോദ്ധ്യപ്പെടുത്തും വിധമാണ് സേവനപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഓരോ ഘട്ടത്തിലും സേവാഭാരതി ഒരു മികവാര്‍ന്ന സേവനപ്രവര്‍ത്തനങ്ങളിലൂടെ ‘ചാണയ്ക്കു വച്ച രത്‌നം പോലെ’ അധികമധികം സമാജത്തില്‍ ശോഭിക്കുകയാണ്.
(ദേശീയ സേവാഭാരതി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )