ദളിത്- ഇസ്ലാമിസ്റ്റ് വാദക്കാരുടെ കയ്യിലെ തുരുപ്പുശീട്ടാണ് ഭീമറാവു അംബേദ്കര്‍. അംബേദ്കര്‍ സാഹിത്യം വേണ്ടുവോളം അവര്‍ ഉദ്ധരിക്കും. എന്നാല്‍ അംബേദ്കര്‍ രചിച്ച, ഏറെക്കാലത്തെ പഠനഗവേഷണങ്ങള്‍ക്കുശേഷം തയ്യാറാക്കിയ, ഗാന്ധിജിയും നെഹ്‌റുവും വരെ പുകഴ്ത്തിപ്പറഞ്ഞ ‘പാകിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം’ എന്ന പുസ്തകത്തെക്കുറിച്ച് അവര്‍ ഒരക്ഷരം മിണ്ടില്ല. കാരണം അതില്‍ നിന്നുള്ള വരികള്‍ അവരുടെ ദളിത്-ഇസ്ലാമിസ്റ്റ് ആശയങ്ങളെ നിശ്ശേഷം തരിപ്പണമാക്കുന്നവയാണ് എന്നതുതന്നെ. ഈ പുസ്തകത്തെ തമസ്‌കരിക്കാനുള്ള ശ്രമം മൂലം ഇത്തരമൊരു കൃതി അംബേദ്ക്കറുടെതായി ഉണ്ടെന്നുപോലും ജനങ്ങള്‍ക്കറിയാത്ത സാഹചര്യമുണ്ടായി. വേദബുക്‌സ് ഇയ്യിടെ പുറത്തിറക്കിയ അംബേദ്കറുടെ ‘പാകിസ്ഥാന്‍ അഥവാ ഭാരതത്തിന്റെ വിഭജനം’ എന്ന പുസ്തകം ഏറെ പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.
ഭാരതം എക്കാലത്തും നേരിട്ട രാഷ്ട്രീയപ്രശ്‌നമാണ് ഹിന്ദു-മുസ്ലീം വ്യക്തിത്വം സംബന്ധിച്ചത്. ഈ വിഷയമാണ് അംബേദ്കര്‍ ഈ പുസ്തകത്തില്‍ ചര്‍ച്ചചെയ്തത്. പാകിസ്ഥാന്‍ പിറന്നത് 1947ല്‍ അല്ല, ഭാരതത്തില്‍ നിന്ന് ഒരു ഹിന്ദു മുസ്ലിമായ ആദ്യ സംഭവത്തോടെയാണ് എന്ന് പാകിസ്ഥാന്‍ സ്ഥാപകനായ മുഹമ്മദാലി ജിന്ന തന്നെ പറഞ്ഞിട്ടുണ്ട്. എ.ഡി. 711ലെ മുഹമ്മദ് കാസിമിന്റെ സിന്ധാക്രമണത്തോടെയാണ് അതിന്റെ തുടക്കം. നിര്‍ബ്ബന്ധിച്ചു മതംമാറ്റിയതിന്റെയും സ്ത്രീകളെ മാനഭംഗപ്പെടുത്തിയതിന്റെയും കുട്ടികളെ അടിമകളാക്കി വിറ്റതിന്റെയും പുരുഷന്മാരെ കൂട്ടക്കൊല നടത്തിയതിന്റെയും ചരിത്രവസ്തുതകള്‍ മുസ്ലിം ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ടാണ് അംബേദ്കര്‍ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തുന്നത്. മുഹമ്മദ് കാസിം മുതല്‍ മുഗളരാജാക്കന്മാര്‍ വരെയുള്ളവര്‍ നടത്തിയ ഹിന്ദുവംശഹത്യയുടെയും ക്ഷേത്രധ്വംസനത്തിന്റെയും വസ്തുതകള്‍ ഈ പുസ്തകത്തിലുണ്ട്.
ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ടു സംസ്‌കാരമാണ്; അവര്‍ക്കു ഒന്നിച്ചു താമസിക്കാനാവില്ല, അവര്‍ രണ്ടു രാഷ്ട്രങ്ങളാണ് എന്നതാണ് പാകിസ്ഥാന്‍ വാദത്തിന്റെ ആണിക്കല്ല്. തങ്ങള്‍ക്ക് വംശീയ മേല്‍ക്കോയ്മയുള്ള സ്ഥലത്ത് ഭരണാധിപത്യം, ന്യൂനപക്ഷമായ സ്ഥലത്ത് ന്യൂനപക്ഷാവകാശം എന്ന ആവശ്യം ലീഗ് ബ്രിട്ടീഷ് സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചു. ഇങ്ങനെ മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങള്‍ ചേര്‍ത്ത് ഒരു മുസ്ലിം സ്വര്‍ഗ്ഗഭൂമി സൃഷ്ടിച്ചെടുക്കുക എന്ന അവരുടെ ലക്ഷ്യം നേടിയെടുക്കാനായി. മതാടിസ്ഥാനത്തില്‍ പ്രവിശ്യ അനുവദിച്ചതില്‍ നിന്നാണ് ലീഗിന്റെ മറ്റു ആവശ്യങ്ങള്‍ ഒന്നൊന്നായി ഉയര്‍ന്നുവന്നത്. രണ്ടും നാലും പതിനാലുമൊക്കെയായി ആ ആവശ്യങ്ങള്‍ ഒടുവില്‍ പാകിസ്ഥാന്‍ സൃഷ്ടിവരെയെത്തി.
ഹിന്ദുനാട്ടുരാജ്യങ്ങളുടെ ദുര്‍ബ്ബലാവസ്ഥയേയും വിലപേശാനുള്ള കഴിവില്ലായ്മയേയും അംബേദ്കര്‍ വസ്തുനിഷ്ഠമായി ഈ പുസ്തകത്തില്‍ പരിശോധിക്കുന്നുണ്ട്. പാകിസ്ഥാന്‍ രൂപീകൃതമായതോടെ ഭാരതത്തിലെ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല എന്ന് അദ്ദേഹം 1947ല്‍ മുന്നറിയിപ്പു നല്‍കി. ജനസംഖ്യാ കൈമാറ്റം എന്നതായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ച പരിഹാരമാര്‍ഗ്ഗം. എന്നാല്‍ ഭാരതത്തില്‍ മുസ്ലിം ന്യൂനപക്ഷം സുരക്ഷിതരാണെന്നും അതേ സുരക്ഷിതത്വം പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്ക് കിട്ടുമെന്നും നെഹ്‌റു സ്വപ്‌നം കണ്ടു. ഭാരതം സ്വന്തം വാക്കുപാലിച്ചപ്പോള്‍ പാകിസ്ഥാനില്‍ ഹിന്ദു വംശഹത്യയും അഭയാര്‍ത്ഥി പ്രവാഹവും ഉണ്ടായി. ഇന്നും ദേശസുരക്ഷയ്ക്ക് പോലും ഭീഷണിയായി മത-വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഒടുവില്‍ ലക്ഷദ്വീപില്‍ ഗാന്ധിപ്രതിമയ്ക്കു പോലും രക്ഷയില്ല എന്ന വാര്‍ത്ത വിരല്‍ചൂണ്ടുന്നത് അംബേദ്കര്‍ ഏഴു ദശാബ്ദം മുമ്പ് ചൂണ്ടിക്കാട്ടിയ വസ്തുതകളിലേക്കാണ്.
മുസ്ലിങ്ങള്‍ക്കിടയിലെ ജാതീയത, പര്‍ദ്ദ സമ്പ്രദായം തുടങ്ങിയവയേയും അദ്ദേഹം വിലയിരുത്തുന്നു. ഹിന്ദു സമൂഹം സാമൂഹ്യപരിഷ്‌കരണത്തിനു വിധേയമാകുമ്പോള്‍ മതമൗലികവാദികളുടെ പിടിയിലകപ്പെട്ട ഇസ്ലാം സമുദായത്തില്‍ പരിഷ്‌കരണവാദികള്‍ ക്രൂശിക്കപ്പെടുന്നു എന്നതാണ് വസ്തുത. പുസ്തകത്തിന്റെ ഉപസംഹാരത്തില്‍ അംബേദ്കര്‍ ഒമ്പതു ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഭാരതത്തെ മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള രാജ്യമാക്കി മാറ്റുക എന്ന മനഃശാസ്ത്രപരമായ നീക്കങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഉത്തരങ്ങള്‍ നമ്മുടെ മനസ്സില്‍ ഉരുത്തിരിഞ്ഞുവരും ഈ പുസ്തകം വായിച്ചു കഴിയുമ്പോള്‍.
വളരെ ബൃഹത്താണ് അംബേദ്കറുടെ ഈ പുസ്തകം. അതിന്റെ ആശയം ഒട്ടും ചോരാത്തവിധം സംഗ്രഹിച്ച് പുനരാഖ്യാനം ചെയ്തിരിക്കയാണ് ജഗത് ജയപ്രകാശ്. ഈ പുസ്തകത്തിന്റെ പ്രകാശനം വഴി കോഴിക്കോട്ടെ വേദാബുക്‌സ് വായനാലോകത്തിനു സ്തുത്യര്‍ഹമായ സേവനമാണ് നല്‍കിയത്.