ആലുവ: ജ്യോതിഷാചാര്യനും ശ്രൗതപണ്ഡിതനുമായ ബ്രഹ്മശ്രീ. കൈമുക്ക് രാമന് അക്കിത്തിരിപ്പാടിന്റെ വേര്‍പാടില്‍ തന്ത്ര വിദ്യാപീഠം ഭരണ സമിതി അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത യജുര്‍വ്വേദ പണ്ഡിതന് കൂടിയായ രാമന് അക്കിത്തിരിപ്പാട് ഒരു നൂറ്റാണ്ടിനു ശേഷം ആദ്യമായി പകഴിയം സമ്പ്രദായത്തില്‍ നടത്തിയ യാഗത്തിന്റെ യജമാന സ്ഥാനം അലങ്കരിച്ചു കൊണ്ട് ശ്രൗതസംസ്കൃതിയെ പുനരുദ്ധരിക്കുന്നതില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ കര്‍മ്മയോഗിയായിരുന്നുവെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഭരണ സമിതി യോഗത്തില്‍ പ്രസിഡന്റ് അഴകത്ത് ശാസ്തൃ ശര്‍മ്മന്‍ നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി, സെക്രട്ടറി എന്‍.ബാലമുരളി എന്നിവര്‍ സംസാരിച്ചു.
കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാട് ഗുരുവായൂര്‍, ചോറ്റാനിക്കര, ശബരിമല, ചെട്ടിക്കുളങ്ങര, വര്‍ക്കല ജനാര്‍ദ്ദന ക്ഷേത്രം, കണ്ണൂര്‍ ചെറുകുന്ന് ക്ഷേത്രം, കൊട്ടാരക്കര ഗണപതി ക്ഷേത്രം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളില്‍ അഷ്ടമംഗല പ്രശ്നത്തിന് നേതൃത്വം വഹിച്ചിട്ടുണ്ട്. 2006ല്‍ സോമയാഗവും 2012ല്‍ അതിരാത്രവും നടത്തി വൈദികജ്ഞാനം പകര്‍ന്ന ജ്യോതിഷപണ്ഡിതനാണ്.
ലോകപ്രസിദ്ധ ജ്യോത്സ്യനായിരുന്ന കൈമുക്ക് മനയ്ക്കല്‍ നാരായണ്‍ നമ്പൂതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1954 ജനുവരി 11നാണ് ജനിച്ചത്. ഭാര്യ: ആര്യ പത്തനാടി. മക്കള്‍: അപര്‍ണ, സുവര്‍ണ, അരുണ, ഹരിണന്. മരുമക്കള്‍: ഹരി, ഉണ്ണി, പ്രസാദ്, സുവര്‍ണിനി.