തൃശ്ശൂര്‍: ദീര്‍ഘ വീക്ഷണത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിദ്യാഭ്യാസ മേഖലയില്‍ കാലങ്ങളായി അനുവര്‍ത്തിച്ചു വന്ന വൈകല്യങ്ങള്‍ സമൂഹത്തില്‍ അപചയത്തിന് സാഹചര്യമൊരുക്കിയെന്ന് റിട്ട.ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) 42-ാം മത് സംസ്ഥാന സമ്മേളനത്തിന്റെ വെര്‍ച്ച്വല്‍ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസ്. സംസ്ഥാന കാര്യവാഹ് പി.എന്‍.ഈശ്വരന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സങ്കീര്‍ണമായ വര്‍ത്തമാനകാല പ്രതിസന്ധി ഏറെ ബാധിച്ചത് വിദ്യാഭ്യാസ മേഖലയെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ പ്രക്രിയയുടെ അന്തഃസത്ത ചോര്‍ന്നു പോകാതെ വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുവാനുള്ള ദൗത്യം അധ്യാപക പരിഷത്ത് അംഗങ്ങള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തില്‍ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്മാന് പി.എന്‍ ഉണ്ണിരാജ ഐപിഎസ്, ഫെറ്റോ സംസ്ഥാന അധ്യക്ഷന്‍ എം.ശിവദാസ്, എന്‍ടിയു മുന്‍ സംസ്ഥാനാധ്യക്ഷന്‍ സി.സദാനന്ദന് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന സംഘടനാസഭ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘിന്റെ ദേശീയ കാര്യദര്‍ശി ശിവാനന്ദ സിന്തങ്കര ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജയപ്രസാദ് ‘ദേശവും ദേശീയതയും വിദ്യാഭ്യാസത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പുതിയ ഭാരവാഹികള്‍: സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ (കൊല്ലം), ജനറല്‍ സെക്രട്ടറി ടി.അനൂപ് കുമാര്‍ (കോഴിക്കോട്), ട്രഷറര്‍ എം.ടി. സുരേഷ് കുമാര്‍ (കണ്ണൂര്‍).