Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home നോവൽ

ജിഹാദ്……!(സത്യാന്വേഷിയും സാക്ഷിയും 8 )

പ്രശാന്ത്ബാബു കൈതപ്രം

Print Edition: 4 June 2021

മൗനം കൊണ്ട് ജാറം മൂടിയ സന്ധ്യ. സൂര്യന്‍ മറഞ്ഞശേഷം ആകാശം ഇരുട്ടിന്റെ ചേല കൊണ്ട് മൂടിയ വയല്‍പരപ്പ്. അതിന്റെ മോഹന തരംഗങ്ങളില്‍ ആണ് കൊണ്ടോട്ടിയുടെ ഇന്നത്തെ രാത്രി. ശ്രോതാക്കള്‍ ഇപ്പോള്‍ മദീനയിലേക്ക് മനസ്സുകൊണ്ട് തുഴയുകയാണ്.
കരുണയുടെ ആത്മാവായ നബിയേ, ലോകത്തെ ഹിദായത്ത് നടത്തിച്ച മെഴുകുതിരിയേ, അങ്ങയുടെ മേല്‍ ആയിരം സലാം ഉണ്ടാകട്ടെ. എല്ലാ രാജാക്കന്മാരുടെയും കിരീടത്തിന് മീതെയാണ് അങ്ങയുടെ കാല്‍പാദം.

‘ആയാഹെ ബുലാവാ…’
അയാള്‍ തന്നെ. തന്റെ കാളവണ്ടിയില്‍ ഇന്നലെ കയറിയ അവധൂതന്‍.
‘മുജേ ദര്‍ബാര്‍സെ’ എനിക്ക് വിളിവന്നിരിക്കുന്നു റസൂലിന്റെ തട്ടകത്തില്‍ നിന്ന്.
ഭാഷ ഏതെന്നറിയില്ലെങ്കിലും കേള്‍വിക്കാര്‍ മദീനയെ കണ്ണു നിറയെ കണ്ടു. ഖല്‍ബില്‍ നിറച്ചു. കൊണ്ടോട്ടി ആ രാത്രി ഉറങ്ങിയില്ല. തക്കിയാവിന്റെ വരാന്തയിലും പുറത്തും അനവധി ആളുകള്‍. ഖുബ്ബയുടെ മിനാരം ഇരുട്ടിന്റെ ചേല പൊളിച്ച് ആകാശത്തേക്ക് ഉയര്‍ന്നു. തക്കിയാവിനും ഖുബ്ബയ്ക്കും ഇടയിലുള്ള പുല്‍പ്പരപ്പില്‍ ആണ് ഗസല്‍സന്ധ്യ.
വേലായുധന്‍ എഴുന്നേറ്റു ആള്‍ക്കൂട്ടത്തില്‍ അവൂക്കറിനെ തിരഞ്ഞു. കുഞ്ഞാലിയാണ് വരാന്തയില്‍ പാട്ടില്‍ ലയിച്ചിരിക്കുന്ന അവൂക്കറിനെ കാണിച്ചുകൊടുത്തത്.

‘അവൂക്കര്‍ക്ക, നമുക്ക് പോണ്ടേ?’
നാളെയാണ് തിരൂരങ്ങാടീലെ സമ്മേളനം. കുറേ ഒരുക്കങ്ങള്‍ ചെയ്യാനുള്ളതാണ്. ഇന്നത്തെ രാത്രി അതിനു വേണ്ടി മാറ്റിവെച്ചതാണ്. പുറത്തേക്കിറങ്ങാന്‍ ഭാവിക്കുമ്പോള്‍ പിറകെ നിന്നും തങ്ങളുടെ വിളി.
‘അവൂക്കറേ, നാളെ തിരൂരങ്ങാടിയില് ഖിലാഫത്ത് സമ്മേളനം ഉണ്ട് ല്ലേ? സൂക്ഷിക്കണം കാലാവസ്ഥ നല്ലതല്ലാന്ന് സൂചനയുണ്ട്.’
‘മഴ മാറീന്നാ തോന്നുന്നത്. വന്നാലും ബാധിക്കാതിരിക്കാന്‍ മാര്‍ഗൂണ്ടാവും.’
തങ്ങള്‍ നീട്ടി ഒന്നു ചിരിച്ചു. വേലായുധന് കാര്യം പിടി കിട്ടിയിരുന്നു.
‘മഴയല്ല. ഇടിയും മിന്നലും ഉണ്ടാവാണ്ട് നോക്കണംന്ന് നേതാക്കന്മാരോട് പറയണം. പ്രസംഗിക്കുന്നതൊന്നുമല്ല അണികള് ചെവീ കേള്‍ക്കുന്നത്. ആളെ മനസ്സല്ല ആള്‍ക്കൂട്ടത്തിന്റെ മനസ്സ്. ഒരാള്‍ക്കൂട്ടത്തിന്റെ ശത്രുവല്ല ഓരോരാളുടെയും ശത്രു.’
കൊടികളും തോരണങ്ങളും കെട്ടലും ചുമരുകളെഴുതലും തകൃതിയായി നടക്കുന്നതിനിടയില്‍ വേലായുധന്‍ അപ്പുറവും ഇപ്പുറവും ഉള്ളവരോടൊക്കെ ഈ ആശങ്കകള്‍ പങ്കുവെച്ചു.

ചിലര്‍ക്ക് ശരിയാണെന്ന് അഭിപ്രായം. ചിലരതിനെ ചെവിയിലെടുത്ത് വായിലൂടെ തുപ്പലാക്കി പുറത്തേക്ക് കളഞ്ഞു.
‘എന്തായാലും ഒരു ശ്രദ്ധ നല്ലതാണ്.’ വേലായുധന്‍ ആത്മഗതത്തിലൊതുക്കി കെട്ടിയകൊടി ഉറച്ചിരിക്കുന്നു എന്ന് ഉറപ്പുവരുത്തി.
പകലുദിച്ചതോടെ പല ഭാഗങ്ങളില്‍ നിന്നായി ആള്‍ക്കാര്‍ ഒഴുകിയെത്തി. ഒന്നരമാസം മുമ്പ് ആലി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന നൂറുകണക്കിന് ഖിലാഫത്ത് ഭടന്മാരുടെ ഘോഷയാത്ര ഓര്‍ത്തെടുത്താണ് തിരൂരങ്ങാടി ഉറക്കമുണര്‍ന്നത്. മധ്യാഹ്നമായപ്പോഴേക്കും വെള്ളയണിഞ്ഞ പ്രവര്‍ത്തകര്‍ മേഘക്കീറുകള്‍ പോലെ നിറയാന്‍ തുടങ്ങി. യൂണിഫോമണിഞ്ഞ ഖിലാഫത്തുകാര്‍ കര്‍മ്മനിരതരായി ഓടിച്ചാടി നടന്നു.
മധ്യാഹ്ന അതിര്‍ത്തികടന്ന് മേഘങ്ങള്‍ക്കിടയിലൂടെ സൂര്യന്‍ പടിഞ്ഞാറോട്ട് കടക്കുമ്പോള്‍ പട്ടണം വെള്ളക്കടലായി മാറി. വേദിയൊരു കൊച്ചു കൂടായി മാത്രം കാണാവുന്നത്രയുമകലത്താണ് വേലായുധന്‍. വടക്ക് ഭാഗത്തു നിന്നും വരുന്നവര്‍ക്ക് വെള്ളം വിതരണം ആയിരുന്നു ഉത്തരവാദിത്തം. നടന്നു ക്ഷീണിച്ച, വിയര്‍ത്തൊലിച്ച ജനം. എന്തൊക്കെയോ പ്രതീക്ഷയോടെ കുറേപ്പേര്‍. മുഖത്ത് തങ്ങിനില്‍ക്കുന്ന പ്രതിഷേധം ചിലരില്‍.

സഹകരണ ത്യാഗത്തിന്റെ സദ്ഭാവനയെക്കുറിച്ച്, ഗാന്ധിയന്‍ ആശയത്തിന്റെ പുതിയ പ്രസക്തിയെക്കുറിച്ച്, അഹിംസയുടെ അര്‍ത്ഥപൂര്‍ണമായ പ്രയോഗത്തെക്കുറിച്ച് പ്രസംഗം വേദിയില്‍നിന്ന് തിമിര്‍ക്കുകയാണ്. കേളപ്പന്‍ ഉണ്ടോ? അറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ ഈ തിരക്കിനിടയിലൂടെ വേദിക്കരികില്‍ എത്താന്‍ മാര്‍ഗ്ഗം ഒട്ടുമില്ല.
കുറേപ്പേര്‍ തിരിച്ചു നടക്കുന്നത് കണ്ടു.

‘വെള്ളം കുടിക്ക്, ദാഹിക്കുന്നുണ്ടാവും’ വേലായുധന്‍ ഉപചാരം കാട്ടി.
‘ഇങ്ങളന്നെ കുടിച്ചാ മതി. ഓര് ഇതെന്തു കണ്ടോണ്ടാ?’ വേദിക്കുനേരെ ചൂണ്ടി മുന്നിലുള്ളയാള്‍ രോഷം പൂണ്ടു.

‘ആയുധമെടുത്തൂടാ, അക്രമം കാട്ടിക്കൂടാ. ഇതെന്താ നമ്മളെ മക്കാറാക്കലാ?’
വേലായുധന്‍ സംഭവിക്കുന്നതെന്ന് പിടികിട്ടാതെ തരിച്ചുനിന്നു. രണ്ടാമതൊരാള്‍ മുന്നോട്ടുവന്നു. ‘ഞങ്ങളിവിടെ കുപ്പായം കത്തിച്ചാലും ഭക്ഷണം ബെയ്ക്കാണ്ടിരുന്നാലും ബ്രിട്ടീഷുകാര് ഓടിപ്പോകുംന്നാണ് വിശ്വാസം എങ്കില് വലിയ എമ്മാന്തരായിപോയി.’
‘ഇജ്ജ് വാ. ഞമ്മക്ക് ഞമ്മേന്റെ വഴി. ഓരെന്തെങ്കിലും ആക്കട്ട്.’ ഒന്നാമന്‍ അയാളെ പിടിച്ചു വലിച്ചു.

പിന്നെയും കുറെ പേര്‍ മടങ്ങി. അവര്‍ വിളിക്കുന്ന മുദ്രാവാക്യം വേലായുധന്‍ ശ്രദ്ധിച്ചുകേട്ടു.
‘ബോലോ തക്ബീര്‍, അള്ളാഹു അക്ബര്‍.’
തിരൂരങ്ങാടി സമ്മേളനത്തില്‍ തക്ബീര്‍ വിളി മുഴങ്ങിയതിനെക്കുറിച്ച് ആയിരുന്നു പിന്നീടുള്ള ചര്‍ച്ചകള്‍. ഖിലാഫത്ത് പ്രവര്‍ത്തകരില്‍ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ് പൊന്നാനിയില്‍ നടന്ന സംഗമത്തില്‍ വിദൂരദേശങ്ങളില്‍ നിന്നുപോലും മാപ്പിളമാര്‍ എത്തി. അരീക്കോട്ടും പൂക്കോട്ടൂരും നിലമ്പൂരും മഞ്ചേരിയുമൊക്കെ ഘോഷയാത്രയായി ഒഴുകിയെത്തി. ഘോഷയാത്രകളില്‍ മുഴങ്ങിയത് ദൈവവിളികള്‍ ആയിരുന്നു. ജിഹാദിന്റെ പടനീക്കങ്ങളുടെ സൂചകങ്ങള്‍ ആയിരുന്നു. അക്രമരാഹിത്യം ലംഘിക്കപ്പെടുന്നതിന്റെ ലക്ഷണമായിരുന്നു.
ഖിലാഫത്ത് പ്രവര്‍ത്തന വഴിയിലേക്ക് വാളുകളും കത്തികളും തോക്കുകളും കടന്നെത്തുന്നത് അസ്വസ്ഥപ്പെടുത്തുന്ന വാര്‍ത്തയായി നേതാക്കള്‍ അറിഞ്ഞു.
‘ഇനി എന്ത് ചെയ്യും?’ അവൂക്കര്‍ വേലായുധനോട് ചോദിച്ചു.
‘കണ്ടറിയുക മാത്രം’ പടിഞ്ഞാറെ തീരത്തേക്ക് അപ്രത്യക്ഷമാകാന്‍ ഒരുങ്ങുന്ന സൂര്യനെ നോക്കി വേലായുധന്‍ പറഞ്ഞു.

‘മതത്തിനുവേണ്ടി മരണപ്പെട്ട സെയ്താക്കന്മാരുടെ പാട്ടുകള് അമ്മിഞ്ഞപ്പാലിനൊപ്പം നുണയുന്നവരുടെ നാടാ. സ്വര്‍ഗ്ഗത്തിലെ പരമാനന്ദത്തെക്കുറിച്ചുള്ള കൊതി, പ്രാരാബ്ധവും പരാധീനതയും പട്ടിണിയുമില്ലാത്ത പറുദീസ സ്വപ്‌നത്തില്‍ കൊണ്ടുനടക്കുന്നവര്‍. വാളെടുത്തു മരിക്കുന്നവനെ അളവറ്റ സൗന്ദര്യം തുടിക്കുന്ന ദേവസ്ത്രീകള്‍ ഉടലോടെ വരിക്കുന്ന പരലോകപ്രാപ്തി മോഹിക്കുന്നവര്‍. ദാരിദ്ര്യവും സ്വര്‍ഗ്ഗമോഹവും കൂടിച്ചേര്‍ന്നുള്ള അപകടകരമായ ധീരതയുണ്ടല്ലോ, അതാണ് ജോനകപ്പുരകളിലെങ്ങും വിങ്ങി നില്‍ക്കുന്നത്.’ അവൂക്കര്‍ പ്രതീക്ഷകള്‍ നഷ്ടപ്പെട്ട മുഖം താഴേക്ക് കുനിച്ചു.
മലപ്പുറത്തിന് ചുറ്റും സെയ്താക്കന്മാര്‍ പറന്നുനടന്നു. വേനല്‍ക്കാലത്തു നടന്ന നേര്‍ച്ചയില്‍ വയറും മനസ്സും നിറച്ചവര്‍. അവര്‍ വിണ്ണിലിരുന്ന് മണ്ണിലുള്ളവരെ വിളിച്ചു.
വരിക ഞങ്ങള്‍ക്കൊപ്പം.

ഓര്‍മ്മയില്ലേ ഞങ്ങളെങ്ങനെ നേര്‍ച്ചയ്ക്ക് അവകാശികളായെന്ന്? ഒന്നര നൂറ്റാണ്ടിന് മുന്‍പ് രക്തമൊഴുകിയ വീരകൃത്യത്തിന്റെ കഥ.
സാമൂതിരിപ്പാടിന്റെ സേനാനിയായിരുന്ന പാറനമ്പിയുടെ ആസ്ഥാനം ആയിരുന്നു മലപ്പുറം. മാപ്പിളമാര്‍ക്ക് ഉറ്റ ചങ്ങാതി. ഖജാനസൂക്ഷിപ്പും കണക്കെഴുത്തും എല്ലാം മാപ്പിളമാര്‍. ഏറനാട്ടിലേക്ക് മുഹമ്മദീയരെത്തിയതു തന്നെ പാറനമ്പിയുടെ ആശ്രിതരായിട്ടായിരുന്നു. അവര്‍ക്ക് പള്ളി കെട്ടാനും പ്രാര്‍ത്ഥിക്കാനും ഇടം നല്‍കി. ഏതോകാലത്ത് മേപ്പടി പള്ളി സംബന്ധിച്ച് പാറനമ്പിയും മാപ്പിളമാരും അഭിപ്രായത്തിന്റെ ഇരുകരകളിലുമായി. തര്‍ക്കം തുടര്‍ന്ന് പള്ളി പൊളിക്കുവാന്‍ ഒരുങ്ങിയ പാറനമ്പിയുമായി മാപ്പിളമാര്‍ ഏറ്റുമുട്ടി.
യുദ്ധം.

ഏറനാട്ടിനെ നിണമണിയിച്ച യുദ്ധം. നാല്‍പ്പത്തിയേഴ് മാപ്പിളമാരാണ് ജീവന്‍ ബലികഴിച്ചത്.
പിന്നീട് ഓരോ വര്‍ഷവും മലപ്പുറം നേര്‍ച്ചയ്ക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. മലപ്പുറം മനുഷ്യക്കടലായി. മതത്തിനുവേണ്ടി മരണംവരിച്ച നാല്‍പ്പത്തിയേഴ് സെയ്താക്കന്മാരുടെ പാട്ട് പാടി ആവേശം കൊണ്ടു. അവരില്‍ അഭിമാനം കൊണ്ടു. കവിയാവുന്നത്രയും നിറഞ്ഞിട്ടുണ്ട് ഈ അഭിമാനം. പോരാട്ടത്തിന്റെ വീരത്വം വിഴുങ്ങുന്ന ഹൃദയങ്ങള്‍ ഒരുമിച്ചു ചേരുമ്പോള്‍ അത് അപകടമായേക്കും.

കേളപ്പനേയും കേശവമേനോനെയും പോലുള്ള നേതാക്കന്മാരും വേലായുധനേയും അവൂക്കറേയും പോലുള്ള അനുയായികളും ആശങ്കപ്പെട്ട കൈവഴികളിലൂടെ ഖിലാഫത്ത് സമരം ഒഴുകി പടരുന്നതിന്റെ ആരവം കേള്‍പ്പിച്ച് ആഗസ്ത് പകുതി പിന്നിട്ടു.
അവൂക്കറെ വിട്ട് വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് വേലായുധന്റെ മുന്നില്‍ ചാത്തുനായര്‍ വന്നു നിന്നത്.

‘അറിഞ്ഞില്ലേ? മാധവന്‍നായരേം ഗോപാലമേനോനേം ജയിലീന്ന് വിട്ടു. ഇന്നലെയാണത്രേ. ഇന്നലെ കണ്ണൂര് വല്യ ഘോഷയാത്രീം മേളും നടന്നു പോലും. ഇന്ന് തലശ്ശേരീല് ഉണ്ടത്രേ. നാളെ കോഴിക്കോട്ടും’. എവിടുന്നോ പൊങ്ങിവന്ന ഒരു ആത്മാവേശത്തില്‍ വേലായുധന്‍ ഊര്‍ജ്ജസ്വലനായി. ‘ചാത്ത്വേട്ടാ ഗംഭീരായി.’ ഇതുമാത്രം പറഞ്ഞ് അതിവേഗം മുന്നോട്ടു നടന്നു. എന്തിനാണീ വേഗം എന്ന് അപ്പോഴും പിടികിട്ടിയിരുന്നില്ല. വീട്ടിലെത്തി. കാര്യമറിഞ്ഞപ്പോള്‍ അച്ഛന്‍ ഇരുന്ന ഇരിപ്പില്‍ ഞെരിപിരി കൊണ്ടു. എണീറ്റൊന്നു തുള്ളിച്ചാടാന്‍ തോന്നിയിട്ടുണ്ടാവും. പാവം ശേഷിയറ്റ കാലിലേക്ക് നോക്കി അതിനെ ശപിക്കുകയായിരിക്കണം അപ്പോള്‍ ചെയ്തത്.

പിറ്റേന്ന് നേരം പുലര്‍ന്നപ്പോള്‍ പുതിയത് എന്തോ നേടിയ പ്രതീതിയാണ് തന്റെ ഓരോ നീക്കത്തിലും വന്നിരിക്കുന്നതെന്ന് വേലായുധന്‍ മനസ്സിലാക്കി. അവൂക്കറും പച്ചക്കറിക്കാരന്‍ കുഞ്ഞുകുട്ടിയും കാളവണ്ടിയിലിരുന്ന് താളം പിടിച്ചു. ഫറോക്കില്‍ നിന്ന് മൂന്നുപേര്‍ക്കുള്ള തീവണ്ടി ടിക്കറ്റ് എടുത്തത് വേലായുധന്‍ തന്നെയായിരുന്നു.

നഗരത്തിലിറങ്ങിയപ്പോള്‍ ഉത്സവഛായ. തലങ്ങും വിലങ്ങും വലിച്ചുകെട്ടിയ തോരണങ്ങളില്‍ വിവിധ നിറങ്ങള്‍ ഇടകലര്‍ന്നു കിടന്നു. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും കൊടികള്‍ കോഴിക്കോടന്‍കാറ്റില്‍ തൊട്ടുരുമ്മിക്കളിച്ചു. കടല്‍ തിരമാലകള്‍ കൊണ്ട് തീരത്തെ അഭിവാദ്യം ചെയ്തു. കോഴിക്കോട് നഗരം ഉന്മാദം പൂണ്ടു.
ജയില്‍ മോചിതരായവരെ ആനയിച്ച് കൊണ്ട് നടന്ന ഘോഷയാത്രയുടെ ജനസാഗരത്തില്‍ വേലായുധനും അവൂക്കറും കുഞ്ഞുകുട്ടിയും തുള്ളികളായി ലയിച്ചു. ‘ഭാരത് മാതാ കീ ജയ്’ കേട്ട് നഗരം പുളകം കൊണ്ടു.

കലക്ടറുടെ ആസ്ഥാനമായ ഹജൂര്‍ കച്ചേരിക്ക് മുന്നിലെ വരാന്തയില്‍ കലക്ടര്‍ മിസ്റ്റര്‍ തോമസ് അംഗരക്ഷകര്‍ക്കിടയില്‍നിന്ന് ആത്മരോഷം കൊണ്ടു. വലിയ സാമ്രാജ്യശൃംഖലയുടെ ഇങ്ങേയറ്റത്തെ കണ്ണി ഇരകളുടെ ആവേശത്തില്‍ ഒന്നു കുലുങ്ങി. ചെറുതായൊന്നു മുരണ്ടു. നിരത്തിലൂടെ ഒഴുകുന്ന ജനക്കൂട്ടം അയാള്‍ക്ക് മുന്നില്‍ ആര്‍ത്തലച്ചു, പൊട്ടിച്ചിരിച്ചു, കൂട്ടമായി കൂവി. പരിഹാസശരങ്ങള്‍ കച്ചേരി വരാന്തയിലേക്ക് ഇടതടവില്ലാതെ പാഞ്ഞുകൊണ്ടിരുന്നു.
സായാഹ്നത്തിലേക്കെത്തവേ ജനസാഗരം ജലസാഗരത്തോടു ചേര്‍ന്നു. കടപ്പുറം ആള്‍ക്കൂട്ടം കൊണ്ട് നിറഞ്ഞു. ജയില്‍പീഡകള്‍ ഏറ്റുവാങ്ങിയവരെ വാനോളം വാഴ്ത്തിയ പ്രസംഗങ്ങള്‍. അഹിംസ എന്ന ഗാന്ധിമാര്‍ഗ്ഗത്തെ പുകഴ്ത്തുന്ന പ്രഭാഷണങ്ങള്‍.
‘അവൂക്കര്‍ക്കാ, കേളപ്പജിയെ മനസ്സിലായാ?’ വേലായുധന്‍ കാല്‍പെരുവിരലില്‍ ഊന്നി ഉപ്പൂറ്റി ഉയര്‍ത്തി ഏന്തിവലിഞ്ഞ് വേദിയിലേക്ക് നോക്കി.

‘വന്നില്ലാന്നാ തോന്നുന്നത്. പൊന്നാനീല് ഒന്നുരണ്ടു പ്രശ്‌നൂണ്ടായതായി അറിവുണ്ട് ‘.
പരിപാടി തീര്‍ന്നപ്പോള്‍ വേദിയില്‍ നിന്നും നേതാക്കള്‍ ഇറങ്ങി സദസ്സിന് മധ്യത്തിലേക്ക് വന്നു. കാര്യമറിയാതെ ആള്‍ക്കൂട്ടം അവരെ പൊതിഞ്ഞു. മനുഷ്യരുടെ ഒരു വൃത്തം സന്ധ്യയടര്‍ന്നുവീണ കടപ്പുറത്ത് രൂപപ്പെട്ടു. ആരൊക്കെയോ ചേര്‍ന്ന് കുറച്ചു വസ്ത്രങ്ങള് വൃത്തത്തിനു നടുവിലേക്കിട്ടു. കടലിലേക്കിറങ്ങാനിരിക്കുന്ന ചുവന്ന സൂര്യനെ സാക്ഷിയാക്കി ആ തുണി കൂമ്പാരത്തിന് തീയിട്ടു. ആളിക്കത്തുന്ന അഗ്‌നിയിലേക്ക് വസ്ത്രങ്ങള്‍ പറന്നു വീണു.
‘വിദേശ വസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കേണ്ടവയാണ്. ഈ മണ്ണില്‍ നാം നൂറ്റ നൂലുകൊണ്ടുള്ള വസ്ത്രങ്ങള്‍ മതി നമുക്കിനി ‘. നേതാക്കളില്‍ ആരോ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു.
തൊപ്പികള്‍, തലപ്പാവുകള്‍, ഷാളുകള്‍, ഉറുമാലുകള്‍, വേഷ്ടികള്‍, കോട്ടുകള്‍, ഷര്‍ട്ടുകള്‍, ടൈകള്‍….

ആവേശത്തോടെ പറന്നിറങ്ങിയവയെ അഗ്‌നി ആര്‍ത്തിയോടെ വിഴുങ്ങുന്നത് നോക്കി അരുണ സൂര്യന്‍ താഴ്ന്നിറങ്ങി. തുണികത്തുന്ന ഗന്ധം കാറ്റിലേക്ക് കലര്‍ന്നു. ആളിത്തിമിര്‍ക്കുന്ന തീക്കൂനയുടെ വെളിച്ചത്തില്‍ ഏകവസ്ത്രധാരികളും അര്‍ധനഗ്‌നരുമായ ആള്‍ക്കൂട്ടം സ്വന്തം ഇടങ്ങളിലേക്ക് മടങ്ങി.
തീയില്‍ നിന്ന് ഒരു തരി അധികൃതരുടെ മനസ്സിലേക്ക് പാറി. കോപാഗ്‌നി ആളിക്കത്തി. വിശാല സാമ്രാജ്യത്തിന്റെ ശക്തിയും ശേഷിയും തീക്കളികൊണ്ട് പ്രകോപിപ്പിക്കുന്നവര്‍ക്കുള്ള മറുപടിക്കായി വഴികള്‍ തിരഞ്ഞു.
ആദ്യം അടക്കേണ്ടത് അക്രമരഹിതമാര്‍ഗ്ഗം തേടുന്ന ദേശീയ സമരക്കാരെ അല്ല. മതം ആയുധമാക്കി കലാപത്തിന് ഒരുങ്ങുന്നവരുടെ ഗൂഢപദ്ധതികളെയാണെന്ന് ഉദ്യോഗസ്ഥര്‍ അറിഞ്ഞു.

കലക്ടര്‍ തോമസ്, ജില്ലാ സൂപ്രണ്ട് മിസ്റ്റര്‍ ഹിച്ച്‌കോക്ക്, ഡെപ്യൂട്ടി സൂപ്രണ്ട് മിസ്റ്റര്‍ ആമു എന്നിവര്‍ കല്‍പ്പിച്ചുറപ്പിച്ചു. പ്രത്യേകം തീവണ്ടി ഏര്‍പ്പാട് ചെയ്തു. വെള്ളപ്പട്ടാളവും റിസര്‍വ് പോലീസും തയ്യാറായി. തങ്ങള്‍ തിരൂരങ്ങാടിയില്‍ എത്തുമ്പോഴേക്കും അറുപത് പോലീസുകാരെ അവിടേക്കെത്തിക്കാന്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ക്യാമ്പിലേക്ക് അറിയിപ്പ് കൊടുത്തു.

അസാധാരണമായുള്ള രാത്രിവണ്ടിയുടെ ചൂളം വിളിയില്‍ തീരദേശം അസ്വസ്ഥപ്പെട്ടു. നേരം പുലരും മുമ്പ് ഇവര്‍ തിരൂരങ്ങാടിയില്‍ എത്തി കിഴക്കേ പള്ളി വളഞ്ഞു. ആമുവും കോണ്‍സ്റ്റബിള്‍ മൊയ്തീനും പള്ളിയ്ക്കകം കേറി ആലി മുസ്ലിയാരെ തിരഞ്ഞു. കണ്ടുകിട്ടാഞ്ഞപ്പോള്‍ അടുത്തുള്ള ഖിലാഫത് കമ്മിറ്റി ഓഫീസിലും കയറി. പോലീസുകാരെ കാവല്‍ ഏല്‍പ്പിച്ച് കോടതി വളപ്പിലേക്ക് സൈന്യം പിന്‍വലിഞ്ഞു.

പട്ടാളം വന്നതും പള്ളി വളഞ്ഞതും നാടെമ്പാടും പരന്നു. ഊഹങ്ങള്‍ കഥകളുടെ കെട്ടഴിച്ചു. അസത്യങ്ങള്‍ സത്യത്തിന്റെ രൂപം ധരിച്ചു. പട്ടാളം പള്ളി പൊളിച്ചെന്ന വാര്‍ത്ത കുന്നുകളും മലകളും കയറി. വിശ്വാസികളുടെ മാടങ്ങളില്‍ പ്രതിഷേധത്തിന്റെ പ്രകമ്പനങ്ങള്‍ മുഴങ്ങി. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ കിഴക്കേ അങ്ങാടിയില്‍ തമ്പടിച്ചു. താനൂര്കാര്‍ പടിഞ്ഞാറ് നിന്നും ഒഴുകിയെത്തി.

താനൂരുനിന്നും വന്നവരെ നേരിടാന്‍ സൈന്യം പടിഞ്ഞാറോട്ടു പോയി. താനൂരുകാരുമായി സൈന്യം ഏറ്റുമുട്ടുന്നതറിഞ്ഞു കിഴക്കുനിന്ന് എത്തിയവര്‍ കിഴക്കേ അങ്ങാടിയില്‍നിന്ന് തയ്യല്‍ മമ്മദ്കുട്ടി മുസ്‌ലിയാരുടെ സമാധാനശ്രമങ്ങളെ ഭേദിച്ചുകൊണ്ട് പടിഞ്ഞാറോട്ട് കുതിച്ചു. മുന്നിലും പിന്നിലും തക്ബീര്‍ മുഴങ്ങുന്ന ഭീകരരംഗം കണ്ട് തോമസിന്റെ സൈന്യം ആശങ്കാകുലരായി. സൂപ്രണ്ട് ജോണ്‍സണും ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീനും കൂടി സമാധാന ശ്രമത്തിനായി ഏതാനും അടികള്‍ മുന്നോട്ടു വെച്ചതേയുള്ളൂ, വീശി വന്ന വാള്‍ത്തലപ്പേറ്റ് രണ്ടുപേരും നിലംപതിച്ചു.

പട്ടാളക്കാരുടെ തോക്കുകള്‍ ഗര്‍ജിച്ചു.

ചിതറിയ ലഹളക്കാര്‍ക്കിടയില്‍ ഏറെപ്പേര്‍ മരിച്ചുവീണു. മിസ്റ്റര്‍ റൗലിയും രണ്ട് പൊലീസുകാരും ആദ്യം വെട്ടേറ്റവരെ കൂടാതെ ഗവണ്‍മെന്റ് ഭാഗത്തുനിന്നും മരണപ്പെട്ടു.
റോഡരികില്‍ ഉണ്ടായിരുന്ന പട്ടാളക്കൂടാരത്തിന്റെ ചുമരില്‍ ഇങ്ങനെ എഴുതപ്പെട്ടിരുന്നു.
‘രാവിലെ ആയാല്‍ രാത്രി പ്രതീക്ഷിക്കരുത്, രാത്രിയായാല്‍ പകലും.’
(തുടരും)

Tags: മാപ്പിള ലഹളസത്യാന്വേഷിയും സാക്ഷിയുംമാപ്പിള കലാപം
Share6TweetSendShare

Related Posts

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

രാമനെ വരണമാല്യം ചാര്‍ത്തി സീത

വര: ഗിരീഷ്‌ മൂഴിപ്പാടം

മഹാദേവന്റെ ദിവ്യധനുസ്സ് (വിശ്വാമിത്രന്‍ 48)

മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 45)

വര: ഗിരീഷ്‌ മൂഴിപ്പാടം

അഹല്യ (വിശ്വാമിത്രൻ 44)

വര: ഗിരീഷ്‌ മൂഴിപ്പാടം

കുറ്റബോധത്തോടെ വിശ്വാമിത്രൻ (വിശ്വാമിത്രൻ 43)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies