ചോരപറ്റാത്തിറച്ചി(1)
കണ്ടില്ലയെങ്ങും.
നീയെനിക്കെടോ
ബുദ്ധനെപ്പോലായല്ലൊ.(2)
ആര്‍ത്തി മാറാപ്പുരുട്ടി
ചെന്നൊറ്റ വെട്ടും
രക്തബിന്ദുവി
ന്നൊട്ടലില്ലാതില്ലല്ലൊ.
കാട്, കാട്ടാറു, മേട്
മേച്ചില്‍ പുറങ്ങള്‍
നീര്‍ത്തി വച്ചൊരാ
നോട്ടമൊറ്റത്തുള്ളി.
പുല്ലു, പുല്‍ച്ചാടി – മാറ്റി
നോക്കുന്ന നേരം
കണ്ടു കാടിയും
നീട്ടി നില്‍ക്കുന്നേ വീട്.
ഓണനാള്‍ തൊട്ട പൊട്ട്
കൊമ്പും കുലുക്കി
ഓര്‍ത്ത മാത്രയില്‍
ഓടിയെത്തുന്നേ ചായ്പ്പ്.
മാറിമാറിച്ചമഞ്ഞ
വീടും പറമ്പും
കയ്യുയര്‍ത്തുമേ
പച്ചമാംസത്തുണ്ടാകെ.
എന്തിനും ബാല്യമുണ്ട്,
മൂത്തെങ്കിലെന്താ-
ണോര്‍മ്മയില്‍ കറും
ക്ടാമിഴിച്ചാറ്റല്‍ തന്നെ.
ക്ടാവുകള്‍ തന്‍ ചിതാഗ്‌നി
കെട്ടു പൊട്ടി പോരും
നെഞ്ചെരിപ്പെടോ….
‘ഫുഡ്ഡി’, യെന്നുള്ളം ‘ശ്മശാനം’.(3)
ഞാന്‍ വരുമ്പോളെണീറ്റു
നിന്ന ഭൂമുഖം പോല്‍
കൊമ്പു സൂക്ഷിച്ചുയര്‍ത്തി
വന്നുരം ചാരുന്നോര്‍മ്മ.
എത്ര വെള്ളം കമഴ്ത്തി
തേച്ചെടുത്തു, യെന്നാല്‍
എന്‍ തലോടലും
കൊണ്ടു പൂക്കുന്നേ ചോര.
പേരിനും വേണ്ടി ഞാനി
മാംസവീഥി ചുറ്റി
പോരവേ, ഫോണില്‍
കുഞ്ഞുബുദ്ധനോടോതി:
ചോര പറ്റാത്തിറച്ചി
യിങ്ങില്ല, കുഞ്ഞേ
കണ്ണിടഞ്ഞിട-
ത്തൊക്കെയും ശോണഛവി…
കുറിപ്പുകള്‍:
1. ഇറച്ചികഴിക്കാന്‍ താത്പര്യമുണ്ടെങ്കിലും, വാങ്ങുമ്പോള്‍ അതില്‍ അല്‍പം പോലും രക്തം പറ്റിയിരിക്കരുതെന്ന തന്റെ കുട്ടിയുടെ നിബന്ധന.
2. ഒരു മരണവും നടക്കാത്ത വീട്ടില്‍ നിന്നും കടുകു കൊണ്ടുവരാന്‍ പറഞ്ഞ ബുദ്ധനെപ്പോലെ.
3. തന്റെ ശരീരം മറ്റു മൃഗങ്ങളുടെ ശവപ്പറമ്പാക്കാന്‍ താല്‍പര്യമില്ലെന്ന, ജോര്‍ജ്ജ് ബര്‍ണാഡ് ഷായുടെ വിഖ്യാതമായ നിലപാട്.