കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ തോപ്പയില്‍ വാര്‍ഡ് 67 ല്‍ കോവിഡ് മഹാമാരി ആരംഭിച്ച കാലം മുതല്‍ നിസ്വാര്‍ത്ഥമായ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ വളണ്ടിയര്‍മാരെ രാഷ്ട്രീയത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തിക്കൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പക്ഷപാതം കാണിക്കുന്നതില്‍ പ്രതിഷേധിച്ച് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ സ്വന്തം കയ്യില്‍ നിന്നും പണമെടുത്ത് സേവാഭാരതിയുടെ സഹകരണത്തോടെ സമാന്തര സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തങ്ങളുടേതല്ലാത്ത മറ്റ് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആര്‍.ആര്‍.ടി പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിര്‍ത്തി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പ്രചരണ വേദിയാക്കി മാറ്റുന്നതില്‍ പ്രതിഷേധിച്ചാണ് സമാന്തര സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ തീരുമാനിച്ചത്. പ്രസ്തുത കൂട്ടായ്മയുടെ നേതൃത്വത്തില്‍ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് വേണ്ടി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നു. സൗജന്യ ഓട്ടോ സര്‍വീസ്, വാട്ടര്‍ ബെഡ്, സാനിറ്റേഷന്‍ മെഷിന്‍, ഓക്‌സിജന്‍ സിലിണ്ടര്‍ എന്നിവ സംഘടിപ്പിച്ചു. സേവാഭാരതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ കോവിഡ് ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുകയും കനകാലയ ബാങ്ക് മുതല്‍ വെസ്റ്റ്ഹില്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള പ്രദേശത്തെ നൂറ്റി അമ്പതോളം വീടുകളിലും കാമ്പുറം ബീച്ചിലെ കോവിഡ് പോസറ്റീവ് ആയ വീടുകളിലും അണുനശീകരണം നടത്തുകയുമുണ്ടായി. വാര്‍ഡ് മുഴുവന്‍ അണു നശീകരണം നടത്തുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. വെസ്റ്റ്ഹില്‍ ബീച്ച് ശാന്തിനഗര്‍ കോളനിയിലെ അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തുകയുണ്ടായി. പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരായ ഷൈബു തോപ്പയില്‍, ഹര്‍ഷന്‍ കാമ്പുറം, അനൂപ് കുമാര്‍ പി.എം, ജ്യോതി കാമ്പുറം, വെസ്റ്റ്ഹില്‍ പൗരസമിതി പ്രസിഡന്റ് സുധീഷ് കേശവപുരി എന്നിവര്‍ നേതൃത്വം നല്‍കി.

കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ രണ്ടാം വ്യാപന സമയത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുവാന്‍ കയ്യും മെയ്യും മറന്ന് 24 മണിക്കൂറും സേവന സന്നദ്ധതയോടു കൂടി വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സജ്ജരാണ് സേവാഭാരതിയുടെ പ്രവര്‍ത്തകനും ആര്‍.എസ്.എസ്. വെളളയില്‍ നഗര്‍ കാര്യവാഹുമായ ഡോ.എ. ധീരജും അനൂപ് കേശവപുരിയും ഷൈബു തോപ്പയിലും. ഇന്നുവരെയായി കോവിഡ് ബാധിച്ച് മരിച്ച ഇരുന്നൂറിലേറെ മൃതദേഹങ്ങളാണ് വെസ്റ്റ്ഹില്‍ ശ്മശനത്തില്‍ സംസ്‌കരിക്കപ്പെട്ടത്. ശവസംസ്‌കാര കര്‍മ്മങ്ങള്‍ മാത്രമല്ല വീടുകളില്‍ അണു നശീകരണം ചെയ്യാനും ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാനും രോഗികള്‍ക്ക് മരുന്നെത്തിക്കാനും എല്ലാം ഈ വളണ്ടിയര്‍മാര്‍ സ്വന്തം ജോലികള്‍ മാറ്റി വെച്ച് സദാസന്നദ്ധരാണ്.