പ്രതിപക്ഷകക്ഷികളെ ഇല്ലായ്മ ചെയ്ത് ഏകാധിപതിയായി വാഴാനുള്ള ഇന്ദിരാഗാന്ധിയുടെ കുബുദ്ധിയായിരുന്നു ഭാരതത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ. ഭാരതത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമായ ആ കരിനിയമം പരാജയപ്പെടുക തന്നെ ചെയ്തു.
അടിയന്തരാവസ്ഥക്കെതിരെ തെരുവിലിറങ്ങിയ ആദര്‍ശധീരന്മാര്‍ കിരാതമായ പീഡനങ്ങള്‍ സഹിച്ച് അമരചരിതരായി. ജനാധിപത്യം കല്‍ത്തുറുങ്കിലടയ്ക്കപ്പെട്ട അടിയന്തരാവസ്ഥയുടെ ഭീകരതയെക്കുറിച്ച് വസ്തുനിഷ്ഠമായി വിവരിക്കുകയാണ് അന്നത്തെ സമരനായകനും ഭാരതീയജനതാപാര്‍ട്ടി മുന്‍സംസ്ഥാന അധ്യക്ഷനുമായ കെ. രാമന്‍പിള്ള രചിച്ച ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ എന്ന ഗ്രന്ഥത്തില്‍. ഇതിലെ ഓരോ പേജും അക്കാലം എന്തായിരുന്നു എന്നു സാക്ഷ്യപ്പെടുത്തുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തില്‍ പുറത്തിറങ്ങിയ ഒന്നാം പതിപ്പിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പുസ്തകമാണിത്.
1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരെ സമരം ചെയ്യാന്‍ ലോകനായക് ജയപ്രകാശ് നാരായണന്‍ രൂപീകരിച്ച ലോക്‌സംഘര്‍ഷസമിതിയുടെ സംസ്ഥാനസെക്രട്ടറിയായി പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് ലേഖകന്‍.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖും അടിയന്തരാവസ്ഥ വിരുദ്ധസമരത്തിന്റെ സൂത്രധാരന്മാരിലൊരാളുമായ ആര്‍. ഹരിയാണ് ഈ ഗ്രന്ഥത്തിന് അവതാരിക എഴുതിയിരിക്കുന്നത്. അവതാരികയില്‍ ഇങ്ങനെ സൂചിപ്പിക്കുന്നു: ”ഭാരതചരിത്രത്തിലെ ഒരു ദുരന്തകാണ്ഡത്തിന്റെ വിവരണമാണ് ശ്രീ രാമന്‍പിള്ളയുടെ അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍. അതില്‍ വന്നിരിക്കുന്ന വൈയ്യക്തിക പരാമര്‍ശങ്ങള്‍ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവന് തൃപ്തിതരുന്ന ആത്മകഥനങ്ങളല്ല, നേരേ മറിച്ച് വീറും കൂറും കൈവെടിയാത്ത പഴയ തലമുറ, അതുപോലെ വളരേണ്ട പുതിയ തലമുറയ്ക്ക് പറഞ്ഞുകൊടുക്കുന്ന ആത്മാനുഭവങ്ങളാണ്. ദേശഭക്തിയും കര്‍ത്തവ്യബോധവും സമര്‍പ്പണഭാവവുമാണ് ആ വിവരണത്തിന്റെ രാഗവും താളവും സ്വരവും.”
സ്വാര്‍ത്ഥലാഭത്തിനു വേണ്ടി ഒരു മഹാരാഷ്ട്രത്തെ കാല്‍ക്കീഴിലമര്‍ത്തിയ അടിയന്തരാവസ്ഥയുടെ പശ്ചാത്തലമാണ് പുസ്തകത്തിലെ ഒന്നാമത്തെ അധ്യായത്തില്‍ രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. 1975 ജൂണ്‍ 26 മുതല്‍ 1977 മാര്‍ച്ച് 20 വരെ നീണ്ടുനിന്ന അടിയന്തരാവസ്ഥയെക്കുറിച്ച്, ‘സമ്പൂര്‍ണ്ണ വിപ്ലവം’ എന്ന മൂന്നാമത്തെ അധ്യായത്തില്‍, ജയപ്രകാശ് നാരായണന്റെ വ്യക്തിപ്രഭാവവും അദ്ദേഹത്തിന്റെ നീക്കങ്ങളും ഇന്ദിരയ്ക്ക് എത്രമാത്രം ഭയാശങ്കകളുണ്ടാക്കിയെന്നും അധികാരമോഹിയല്ലാത്ത ജെ. പി, അധികാര ദുര്‍വിനിയോഗത്തിനെതിരെ നടന്ന ധര്‍മ്മസമരത്തില്‍ മുന്നണിപ്പോരാളിയായതും വിവരിക്കുന്നു.
രാജ്യത്തിന്റെ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അക്കാലത്തുണ്ടായി എന്നു സൂചിപ്പിക്കുകയാണ് ഭരണഘടനയുടെമേല്‍ ആക്രമണം എന്ന നാലാമത്തെ അധ്യായം. 1951 ഒക്ടോബര്‍ 21 ല്‍ ഭാരതീയ ജനസംഘത്തിന്റെ രൂപീകരണവും തൊട്ടടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ദേശീയപാര്‍ട്ടി പദവി നേടിയെടുത്തതും, കേരളത്തിലെ പ്രവര്‍ത്തനവും വിശദീകരിക്കുകയാണ് ആറാമത്തെ അധ്യായത്തില്‍.
മാരുതി കുംഭകോണത്തിന്റെ അണിയറ രഹസ്യങ്ങളിലേയ്ക്ക് ദൃഷ്ടി പായിക്കുകയാണ് സഞ്ജയനും മാരുതി കുംഭകോണവും എന്ന ലേഖനം. ഫാസിസം വന്ന വഴി, മുമ്പേ കണ്ടവര്‍ എന്നീ പത്ത്, പതിനൊന്ന് അധ്യായങ്ങളില്‍ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള പര്യാലോചനകളാണ് ഉള്ളത്. ഒളിപ്രവര്‍ത്തനത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍, വീണ്ടുമൊരു പലായനം, ബുദ്ധിജീവികളും കക്ഷികളും, നക്‌സല്‍ ബാരികളും രാജന്‍ സംഭവവും, പത്രസ്വാതന്ത്ര്യം എന്നീ അധ്യായങ്ങളിലായി അടിയന്തരാവസ്ഥയുടെ നേര്‍ച്ചിത്രങ്ങള്‍ തെളിക്കുന്നു. ഗാന്ധിയനും മദ്യനിരോധനസമിതി അധ്യക്ഷനുമായിരുന്ന എം.പി മന്മഥനായിരുന്നു ലോകസംഘര്‍ഷസമിതിയുടെ കേരളത്തിലെ അധ്യക്ഷന്‍. അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയാണ് പത്തൊന്‍പതാമത്തെ അധ്യായത്തില്‍.
സത്യഗ്രഹം, പോലീസ് സ്റ്റേഷനിലെ അനുഭവങ്ങള്‍, ജനതയുടെ ജനനം എന്നീ അധ്യായങ്ങള്‍ക്ക് പുറമെ അനുബന്ധമായി ചേര്‍ത്തിരിക്കുന്ന ജനങ്ങളുടെ അവകാശപത്രിക, ജനസന്ദേശം, ആഭ്യന്തരമന്ത്രിക്കൊരു കത്ത്, സര്‍സംഘചാലകിന്റെ കത്തുകള്‍, ജനസംഘ നേതാക്കള്‍ കേരള സര്‍ക്കാരിനു നല്‍കിയ നിവേദനങ്ങള്‍, മുദ്രാവാക്യങ്ങള്‍, കെ.സന്താനം പാര്‍ലമെന്റംഗങ്ങള്‍ക്കയച്ച കത്ത്, കേരളത്തിലെ മിസ തടവുകാര്‍ എന്നീ കുറിപ്പുകള്‍ ഗ്രന്ഥത്തിന്റെ ആധികാരികത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിലും സാമൂഹ്യ സാഹചര്യങ്ങളിലും ‘അടിയന്തരാവസ്ഥയുടെ അന്തര്‍ധാരകള്‍’ കൂടുതല്‍ വായിക്കപ്പെടും എന്നതില്‍ സംശയമില്ല.