തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷവും വിശ്രമ ജീവിതം നയിക്കാതെ സജീവമായി സംഘടനാ പ്രവര്‍ത്തനം നടത്തിയ കാര്യകര്‍ത്താവായിരുന്നു ഈയിടെ അന്തരിച്ച കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. അനില്‍കുമാര്‍ എന്ന് രാഷ്ട്രീയ സ്വയം സേവകസംഘം പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ അനുസ്മരിച്ചു. മെയ് 15ന് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി, ഓണ്‍ലൈനായി സംഘടിപ്പിച്ച ‘അനില്‍കുമാര്‍ അനുസ്മരണ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വീസിലിരിയ്‌ക്കെ അനില്‍കുമാറിന്റെ നിസ്തുല സേവനങ്ങളെ അനുസ്മരിച്ച അദ്ദേഹം, അപ്രതീക്ഷിത വേര്‍പാട് ദുഃഖകരമാണെന്നും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. ഈശ്വര്‍ റാവു അദ്ധ്യക്ഷത വഹിച്ചു. നിരവധി നേതാക്കള്‍ സംസാരിച്ചു. പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. സദാനന്ദന്‍ സ്വാഗതവും സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. ശ്രീകുമാര്‍ കൃതജ്ഞതയും പറഞ്ഞു.
അനില്‍കുമാര്‍ തിരുവനന്തപുരം ശ്രീവരാഹം ഈശ്വരി നിവാസിലായിരുന്നു താമസം. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്നു. തിരുവനന്തപുരം ജില്ലയില്‍ എന്‍.ജി.ഒ. സംഘ് പ്രവര്‍ത്തനത്തിന് അടിസ്ഥാനമിട്ടതില്‍ പ്രധാന പങ്ക് വഹിച്ചു. 2002ലെ പണിമുടക്ക് കാലത്ത് ശക്തമായ പ്രക്ഷോഭം നയിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഭാര്യ: ആര്‍.മിനി. ശ്രീവരാഹം വാര്‍ഡ് മുന്‍ ബി.ജെ.പി. കൗണ്‍സിലറാണ്. മക്കള്‍: അനൂപ് കൃഷ്ണന്‍, ഗോകുല്‍ കൃഷ്ണന്‍.