കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ അധികവും കാണാതെ പോവുന്ന പ്രദേശങ്ങളാണ് പാലക്കാട് ജില്ലയിലെ പോത്തുണ്ടി, നെല്ലിയാമ്പതി, പറമ്പിക്കുളം പ്രദേശങ്ങള്‍. ആനമല മുതല്‍ നെല്ലിയാമ്പതി മലനിരകള്‍ വരെ നീണ്ടുകിടക്കുന്ന തെന്മല താഴ്‌വാരമാണ് നെന്മാറ, എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായത്തുകള്‍. പ്രകൃതിരമണീയമായ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശങ്ങള്‍, പരിപാവനമായ ഗായത്രിപുഴയും ഇക്ഷ്വാനദിയും ചിങ്ങന്‍ചിറയും പോത്തുണ്ടി ഡാമും പാവങ്ങളുടെ ഊട്ടി എന്ന് പേരുകേട്ട നെല്ലിയാമ്പതിയും വിനോദസഞ്ചാരികളുടെ പറുദീസയാണ്. വെങ്ങുനാട് കോവിലകം രാജാവിന്റെ പ്രൗഢി വിളംബരം ചെയ്യുന്നു കൊല്ലങ്കോട് കൊട്ടാരം. ഈ രാജകുടുംബത്തിനാണ് കേരളത്തില്‍ എവിടേയും യാഗം നടത്തുന്നതിന് സോമലത കൈമാറുന്നതിനുള്ള അവകാശം.
ഐതിഹ്യം: ഒരിക്കല്‍ കേരള ബ്രാഹ്മണര്‍ മൂലസ്ഥാന മണ്ഡപത്തില്‍ സോമയാഗം ചെയ്യുവാന്‍ തുടങ്ങി. വിശ്വദേവന്മാര്‍ക്ക് ഹവില്‍ – ഭാഗം- നല്‍കിയില്ല. കുപിതനായ ദേവേന്ദ്രന്‍ വേഷപ്രച്ഛന്നനായി യാഗശാലയില്‍ വന്ന് സോമലത അപഹരിച്ചു മടങ്ങുമ്പോള്‍ കശ്യപക്ഷേത്രമായ കാച്ചാംകുറിശ്ശി ദര്‍ശിക്കുവാന്‍ ഇടയായി. തൊഴുതു നില്‍ക്കുന്ന രാജാവ് വീര രവി, ദേവേന്ദ്രനെ പല സ്‌തോത്രങ്ങളാല്‍ പ്രസാദിപ്പിച്ചു. സന്തുഷ്ടനായ ദേവേന്ദ്രന്‍ സോമലത നല്‍കി ഇപ്രകാരം പറഞ്ഞു, ”സൂര്യചന്ദ്രന്മാര്‍ നിലനില്‍ക്കുന്ന കാലം വരെ യാഗത്തിനുള്ള സോമലത യാഗം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ബ്രാഹ്മണര്‍ക്ക് കൊടുക്കുക. നിന്റെ വംശത്തിലുള്ള എല്ലാ രാജാക്കന്മാരും എനിക്ക് തുല്യരായിത്തീരും. കശ്യപക്ഷേത്രസന്നിധിയില്‍ വച്ചുമാത്രമേ സോമലത ബ്രാഹ്മണര്‍ക്കു നല്‍കാവൂ. യാഗത്തില്‍ ആറില്‍ ഒരു ഭാഗം നിങ്ങള്‍ക്ക് സിദ്ധിക്കും.” കാശിയില്‍ പകുതി കാച്ചാംകുറിശ്ശി എന്ന് പേരുകേട്ട കശ്യപ മഹര്‍ഷിയാല്‍ സ്ഥാപിക്കപ്പെട്ട വിഷ്ണുക്ഷേത്രം കൊല്ലങ്കോട്ടു നിന്ന് ഒരു വിളിപ്പാട് അകലെ പയ്യല്ലൂരിലാണ്.
ലോകത്തെ തന്നെ മികച്ച കരിമരുന്ന് പ്രയോഗത്തിന് പേരുകേട്ട പ്രസിദ്ധമായ ”നെന്മാറ-വല്ലങ്ങി വേല ആഘോഷിക്കുന്ന നെല്ലിക്കുളങ്ങര ഭഗവതിയുടെ തട്ടകമായ നന്മനിറഞ്ഞ നെന്മാറ നെല്ലിമലകളുടെ താഴ്‌വാരമാണ്. വെങ്ങുനാട്ടില്‍ ധാരാളം പൈക്കളെ വളര്‍ത്തിയിരുന്ന പ്രദേശം പയ്യല്ലൂര്‍ എന്ന് അറിയപ്പെട്ടു. പാലക്കാട് നിന്ന് കൊടുവായൂര്‍ വഴി 24 കി.മീ. തെക്കോട്ടും, തൃശ്ശൂരില്‍ നിന്ന് വടക്കഞ്ചേരി വഴി 48 കി.മീ. കിഴക്കോട്ടും സഞ്ചരിച്ചാല്‍ നെന്മാറയില്‍ എത്തിച്ചേരാം. നെന്മാറ-വല്ലങ്ങി വേല കാണുന്നതിനായി സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും ലക്ഷക്കണക്കിന് വേല പ്രേമികള്‍ നെല്ലിക്കുളങ്ങര ഭഗവതിയുടെ തിരുമുറ്റത്ത് എത്തിച്ചേരും. അടുത്തകാലത്തായി വിദേശത്തു നിന്നും ധാരാളം പേര്‍ വേലയും വെടിക്കെട്ടും കാണുന്നതിനായി എത്തിച്ചേരുന്നുണ്ട്. മലയാളമാസം മീനം 1-ാം തീയതി മുതല്‍ മീനം 21-ാം തീയതി വരെ നെന്മാറ-വല്ലങ്ങി ദേശക്കാര്‍ തട്ടകത്തില്‍ ഉത്സവത്തിന്റെ തിമിര്‍പ്പിലായിരിക്കും. മീനമാസം 20-ാം തീയതിയാണ് പ്രസിദ്ധമായ നെന്മാറ-വല്ലങ്ങി വേല. ഇരുദേശത്തിന്റേയും വെടിക്കെട്ട് ലോക പ്രസിദ്ധമാണ്. വാശിയേറിയ കരിമരുന്ന് പ്രയോഗം ആകാശത്തില്‍ അഗ്നിപുഷ്പങ്ങളുടെ വര്‍ണ്ണക്കാഴ്ച തീര്‍ക്കുന്നത് എത്ര കണ്ടാലും മതിവരാത്തതായിരിക്കും.
നെന്മാറ-വല്ലങ്ങി ദേശക്കാരുടെ ആനപ്പന്തല്‍ നിര്‍മ്മാണത്തിലും വാശിയും വീറും നമുക്ക് കാണുവാന്‍ കഴിയും. വൈദ്യുത ദീപാലങ്കാരങ്ങളുടെ മാസ്മരിക വര്‍ണ്ണക്കാഴ്ച ആരിലും ആശ്ചര്യം ജനിപ്പിക്കും. അത്രയേറെ വാശിയേറിയ കമനീയ കാഴ്ചകളാണ് ഇരുദേശവും ആനപ്പന്തലുകളില്‍ ഒരുക്കിയിരിക്കുന്നത്.
പ്രസിദ്ധികേട്ട മേളക്കാരെയാണ് ഇരുദേശങ്ങളും വേലക്ക് അണിനിരത്തുന്നത്. അതുപോലെ ഗജവീരന്മാരെ തിരഞ്ഞെടുക്കുന്നതിലും ഇരുദേശത്തിനും വാശികാണാം. നല്ല തലയെടുപ്പും അഴകും ഒത്തിണങ്ങിയ കരിവീരന്മാരെയാണ് ഇരുദേശവും വേലക്ക് അണിനിരത്തുന്നത്. നടുവില്‍ നില്‍ക്കുന്ന ആനക്കുള്ള തിടമ്പ് മറ്റേതൊരു പൂരത്തിനും കാണുവാന്‍ കഴിയാത്തത്ര ഭംഗിയോടെ അലങ്കരിച്ചതായിരിക്കും ഇരുദേശത്തിന്റെയും തിടമ്പുകള്‍. നെന്മാറ ദേശം വേല ദിവസം രാവിലെ 11 മണിക്ക് മന്ദത്തും വല്ലങ്ങിദേശം രാവിലെ 11 മണിക്ക് വല്ലങ്ങി ശിവക്ഷേത്രത്തിലും പ്രധാന ആനകള്‍ക്ക് തിടമ്പേറ്റുന്നതോടെ പകല്‍ വേല തുടങ്ങുകയായി, പിറ്റെ ദിവസം രാവിലെ 10 മണിവരെ വേല ആഘോഷമായിരിക്കും. വേലപ്പറമ്പിലേക്ക് ജനം രാപ്പകല്‍ ഭേദെമന്യേ ഒഴുകിയെത്തും.
നെന്മാറയില്‍ നിന്നും ആറ് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏഷ്യയിലെ തന്നെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ മണ്‍ചിറ (Earth Dam) ആയ പോത്തുണ്ടി ഡാമിലെത്തും. നൂറുകണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വേദപാഠശാല (ഓത്ത്) ഉണ്ടായിരുന്നതിനാലാണ് പോത്തുണ്ടി എന്ന പേര് ഉണ്ടായത്. പോത്തുണ്ടി മണ്‍ചിറക്ക് 1680 മീറ്റര്‍ നീളവും 7.3 മീറ്റര്‍ വീതിയുമുണ്ട്. ഈ ഡാം 1958 ഫെബ്രുവരി 11ന് അന്നത്തെ കേരള ഗവര്‍ണര്‍ ആയിരുന്ന ഡോ. രാമകൃഷ്ണറാവു ഉദ്ഘാടനം ചെയ്തു.
നെല്ലിമലകളിലേക്കുള്ള യാത്ര ഇവിടുന്ന് തുടങ്ങും. പത്ത് ഹെയര്‍പിന്‍ വളവുകള്‍ കടന്ന് ആള്‍ത്താമസമില്ലാത്ത മലമടക്കുകളിലൂടെ 20 കി.മീ. സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയില്‍ എത്താം. സമുദ്രനിരപ്പില്‍ നിന്ന് 1572 മീറ്റര്‍ ഉയരമുള്ള നെല്ലിമലയിലെ ചെറുവെള്ളച്ചാട്ടങ്ങളും കാട്ടുപൂക്കളും ചെങ്കുത്തായ മലമടക്കുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാണാന്‍ കഴിയും. ഇടവഴിയില്‍ കാട്ടാനയേയും കണ്ടെന്നു വരാം. പുള്ളിമാന്‍, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, ഉഗ്രവിഷമുള്ള രാജവെമ്പാല, ടൈഗര്‍ ബട്ടര്‍ ഫ്‌ളൈ, കടുവ, ചിലന്തി, കരടി, മലമുഴക്കി വേഴാമ്പല്‍ തുടങ്ങിയ ജീവികളേയും കണ്ടെന്നുവരാം.
നെല്ലിയാമ്പതി മലമുകളില്‍ കൈകാട്ടി എന്ന സ്ഥലത്തെത്തി ഇടത്തോട്ട് തിരിഞ്ഞ് അല്‍പ്പദൂരം പോയാല്‍ കൊടൈക്കനാലിലെ ആത്മഹത്യമുനമ്പിനെ അനുസ്മരിപ്പിക്കുന്ന സീതാര്‍കുണ്ട് വ്യൂ പോയന്റില്‍ എത്താം. ഇവിടെ നിന്നുള്ള ആകാശക്കാഴ്ച നയനമനോഹരമാണ്. അഞ്ച് അണക്കെട്ടുകള്‍ – മീന്‍ങ്കര, ചുള്ളിയാര്‍, പോത്തുണ്ടി, ആളിയാര്‍, മൂലത്തറ എന്നീ ഡാമുകള്‍ ഇവിടെ നിന്നു നോക്കിയാല്‍ കാണുവാന്‍ കഴിയും. പാലക്കാട് – കോയമ്പത്തൂര്‍ നഗരങ്ങള്‍, ഹരിതാഭമായ നെല്‍വയലുകള്‍, കരിമ്പനക്കൂട്ടങ്ങള്‍ അങ്ങനെ പലതും കാണാം.
ഇവിടെ ജൈവകൃഷിയിലൂടെ മാത്രം തേയിലയും കാപ്പിയും കുരുമുളകും ഓറഞ്ചും വിളയിക്കുന്ന എസ്റ്റേറ്റുകളും കാപ്പിയും ചായയും ജാമും ജെല്ലിയും ഉണ്ടാക്കുന്ന ഫാക്ടറികളും കാണാം. കൂടാതെ തേയിലയും കാപ്പിയും ഏലവും കുരുമുളകും ഓറഞ്ചും കൃഷിചെയ്യുന്ന 52 ഓളം ചെറുതും വലുതുമായ എസ്റ്റേറ്റുകളും കൂടാതെ സര്‍ക്കാര്‍ വക ഓറഞ്ച്& വെജിറ്റബിള്‍ ഫാമുകളും സന്ദര്‍ശിക്കാം.
ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിലെ തീന്‍മേശയില്‍ നെല്ലിയാമ്പതിയിലെ മധുരനാരങ്ങ പ്രത്യേകസ്ഥാനം പിടിച്ചിരുന്നു. ഇവിടുത്തെ ഓറഞ്ച് ഒരു കാലത്ത് ബ്രിട്ടനില്‍ പ്രസിദ്ധമായിരുന്നു. ഇവിടുന്ന് വിദേശരാജ്യങ്ങളിലേക്ക് കാപ്പിയും ചായയും ഏലവും കയറ്റി അയക്കുന്നുണ്ട്.
നെല്ലിയാമ്പതിയോടു ചേര്‍ന്ന് കിടക്കുന്നതാണ് പറമ്പിക്കുളം. എങ്കിലും വനത്തിലൂടെയുള്ള പാതയില്‍ സഞ്ചരിക്കുവാന്‍ വനംവകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിവേണം. വന്യമൃഗങ്ങളുടെ ആക്രമണം ഉള്ളതിനാല്‍ ആരേയും എളുപ്പം ഇതിലൂടെ കടത്തിവിടാറില്ല. നെന്മാറയില്‍ നിന്ന് കൊല്ലങ്കോട് വഴി തമിഴ്‌നാട് അതിര്‍ത്തികടന്ന് അമ്പ്രാം പാളയത്തു നിന്നു തിരിഞ്ഞുവേണം പറമ്പിക്കുളത്തേക്ക് പോകുവാന്‍. നെന്മാറയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് 80 കി.മീ. ഉണ്ട്. പാലക്കാട് നിന്ന് 120 കി.മീ ദൂരമാണ് അത്യപൂര്‍വ്വ മൃഗങ്ങളുടെ ആവാസ മേഖലയായ പറമ്പിക്കുളത്തേക്കുള്ളത്. സാഹസികയാത്രയ്ക്ക് അനുയോജ്യമാണിവിടം.
നെന്മാറയില്‍ നിന്ന് കൊല്ലങ്കോട് വഴിയാത്ര ചെയ്യുമ്പോള്‍ നെല്ലിയാമ്പതിയും പറമ്പിക്കുളവും തെന്മലയുടെ നീണ്ടുകിടക്കുന്ന നീലിമയും വയലുകളുടെ ഹരിതാഭമായ കാഴ്ചകളും കാണാം. ഇലവഞ്ചേരി പഞ്ചായത്തുമുതല്‍ കൊല്ലങ്കോട് മുതലമട പഞ്ചായത്ത് ഉള്‍പ്പെടെ 20 കി.മീ. യാത്ര ചെയ്യുന്നവര്‍ക്ക് നയനാനന്ദകരമായ കാഴ്ചകളാണ് തെന്മല താഴ്‌വാരം. തെന്മലയില്‍ നിന്നും സീതാര്‍ക്കുണ്ട്, പലകപ്പാണ്ടി, നിന്നുതൂറ്റി തുടങ്ങിയ ചെറുതും വലുതുമായ അനവധി വെള്ളച്ചാട്ടങ്ങള്‍ നെല്ലിയാമ്പതി മലനിരകളില്‍ നിന്നു കുത്തനെ പതിക്കുന്ന കാഴ്ച വര്‍ഷകാലങ്ങളില്‍ കണ്ണിന് കൗതുകമാണ്.
2010 ഫെബ്രുവരി 19ന് പറമ്പിക്കുളം ടൈഗര്‍ റിസര്‍വ്വിന്റെ ഔപചാരിക പ്രഖ്യാപനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷ് ആനപ്പാടിയില്‍ വച്ച് നടത്തി. 255 ച.കി.മീ വിസ്തൃതി ഉണ്ടായിരുന്ന പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് തൊട്ടടുത്ത വന ഡിവിഷനുകളായ നെന്മാറ, വാഴച്ചാല്‍, ചാലക്കുടി എന്നിവയില്‍ നിന്ന് കൂടുതല്‍ വനമേഖല കൂട്ടിച്ചേര്‍ത്ത പറമ്പിക്കുളം ടൈഗര്‍ റിസര്‍വിന്റെ ഇപ്പോഴത്തെ വിസ്തൃതി 643 ച.കി.മീ. ആണ്. കോര്‍സോണ്‍ 390-850 ച.കി.മീറ്ററായും ബഫര്‍സോണ്‍ 252.77 ച.കി.മീറ്ററായും. കഴിഞ്ഞ ആഗസ്റ്റ് മാസത്തെ സര്‍വ്വെയില്‍ 37 കടുവകള്‍ ഇവിടെ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 32 എണ്ണം വലുതും അഞ്ചു ചെറുതുമാണ്.
പറമ്പിക്കുളത്ത് പോയിട്ട് മൃഗങ്ങളെയൊന്നും കാണുവാന്‍ കഴിഞ്ഞില്ല എന്നാരും പറയാറില്ല. കാരണം വന്യജീവികളുടെ വിഹാര കേന്ദ്രമാണ് പറമ്പിക്കുളം വന്യജീവിസങ്കേതം. നെന്മാറയില്‍ നിന്ന് 80 കി.മീ. ദൂരമേ പറമ്പിക്കുളത്തേക്കുള്ളു. ബ്രിട്ടീഷുകാര്‍ വനവിഭവങ്ങള്‍ കടത്തിക്കൊണ്ടുപോകുവാന്‍ നെല്ലിയാമ്പതിയില്‍ നിന്ന് പറമ്പിക്കുളം അണക്കെട്ടുവരെ കൊടും കാടിനുള്ളിലുടെ നിര്‍മ്മിച്ച ട്രാംവേ ആണ് ഏറ്റവും വലിയ അത്ഭുതം.
പറമ്പിക്കുളത്തുനിന്നും 10 കി.മീ അകലെയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ തേക്കായ ‘കന്നിമാരി’ തേക്ക്. 555 വര്‍ഷത്തെ പഴക്കമുണ്ട് ഈ മഹാവൃക്ഷത്തിന്. 6.57 മീറ്റര്‍ ചുറ്റളവും 48.5 മീറ്റര്‍ ഉയരവുമുണ്ട് ഈ വമ്പന്. അഞ്ച് പേര്‍ ചേര്‍ന്ന് കൈകോര്‍ത്തുപിടിച്ചാലേ ഈ വൃക്ഷത്തെ ചുറ്റിപ്പിടിക്കുവാന്‍ കഴിയൂ. 1995ല്‍ ഭാരത സര്‍ക്കാര്‍ ‘മഹാവൃക്ഷ പുരസ്‌കാരം’നല്‍കി ഈ മരത്തെ ആദരിച്ചു.
വനനിയമം പാലിച്ചാണ് യാത്രയെങ്കില്‍ കാട്ടുപോത്തിന്‍ കൂട്ടത്തേയും കടുവയേയും കരടിയേയും കണ്ടെന്നുവരാം. വെങ്കോളിമല, കരിമല, ഗോപുരം, ഇരട്ടമല എന്നിവിടങ്ങളിലേക്ക് ട്രക്കിങ്ങിന് തയ്യാറെങ്കില്‍ കാട്ടാന കൂട്ടത്തെ കാണാം. ആളിയാര്‍ ഡാമില്‍ നിന്ന് 3 കി.മീ. പാറതുരന്ന് തമിഴ്‌നാട് വെള്ളം കൊണ്ടുപോവുന്ന എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യം നേരില്‍ കാണുവാന്‍ കഴിയും.
പറമ്പിക്കുളത്തു നിന്ന് 7 കി.മീ അകലെയാണ് കുരിയാര്‍ കുറ്റിയിലെ സലിം അലി പ്രകൃതി പഠനകേന്ദ്രം. വന്യതയെ അതിന്റെ സമസ്തഭാവങ്ങളോടെ ആസ്വദിക്കാന്‍ ഇവിടെ അവസരമുണ്ട്. ഏറുമാടത്തില്‍ രാത്രി കൊടുംകാട്ടില്‍ ഇ.ഡി.സിമാരുടെ കാവലില്‍ മരത്തലപ്പത്തിരുന്ന് വന്യജീവികള്‍ വെള്ളം കുടിക്കുവാനെത്തുന്ന കാഴ്ച വീക്ഷിക്കാം. മലമുഴക്കി വേഴാമ്പലിന്റെ ചൂളംവിളി കേള്‍ക്കാം. പിന്നെ കടുവയുടെ മുരള്‍ച്ചയും കേള്‍ക്കാം. ആനപ്പുറത്തിരുന്ന് കാട്ടിലൂടെ സവാരി ചെയ്യുവാന്‍ കഴിയുന്ന സ്ഥലമാണ് ടോപ്പ് സ്ലിപ്പ്.
ആനമടയില്‍ തമിഴ്‌നാടിന്റെ ആന പരിശീലന കേന്ദ്രമുണ്ട്. പറമ്പിക്കുളത്തെ തേക്കടിയില്‍ സലിം അലി മെമ്മോറിയല്‍ പക്ഷിനിരീക്ഷണ കേന്ദ്രവും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആദിവാസികളുടെ തനതായ ജീവിത ശൈലി ഇന്നും പിന്തുടരുന്ന പൂപ്പാറ കോളനിയും എല്ലാം തെന്മലയുടെ ആകര്‍ഷണ കേന്ദ്രമാണ്. ജന്തുശാസ്ത്രജ്ഞര്‍, പക്ഷി നിരീക്ഷകര്‍, പ്രകൃതി സ്‌നേഹികള്‍ എന്നിവരുടെ പ്രധാന പഠനകേന്ദ്രം കൂടിയാണ് തെന്മല പ്രദേശം. ഇക്കോ ടൂറിസത്തിന് വന്‍ സാദ്ധ്യതയുള്ള പ്രദേശമാണ് തെന്മല താഴ്‌വാരം.