കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം ഭാരതീയ ജനതാ പാര്‍ട്ടി മുന്നോട്ട് വെച്ചപ്പോള്‍ അതൊട്ടും പ്രായോഗികമല്ലാത്ത ഒരു ദിവാസ്വപ്‌നം മാത്രമാണെന്ന് മിക്കവരും കരുതുകയും കളിയാക്കുകയും ചെയ്തിരുന്നു. അക്കൂട്ടര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, കോണ്‍ഗ്രസ് മുക്തഭാരതം എന്ന ആശയം യാഥാര്‍ത്ഥ്യമാവുന്നു എന്ന് ഇന്ന് അവര്‍ക്ക് പോലും അംഗീകരിക്കേണ്ടിവരുന്നൂ. കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ പ്രയോഗം കടമെടുത്താല്‍ ‘അതിവേഗം ബഹുദൂരം’ അത് സംഭവിച്ചു കൊണ്ടിരിക്കുന്നു. നീണ്ട കാലത്തെ രാഷ്ട്രീയ ചരിത്രത്തിന്റെ അവകാശിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്യം നില്‍ക്കുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നൂ എന്ന വസ്തുതയിലേക്കാണ് നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
ആരോഗ്യകരമായ ജനാധിപത്യത്തിനും രാഷ്ട്രീയ ഭാരതത്തിന്റെ ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് ഇല്ലാതാവുന്നത് അഭിലഷണീയമോ എന്നത് ഒരു തര്‍ക്കവിഷയമായി തുടരവെ തന്നെ, ചരിത്രപരമായ ഒരു അനിവാര്യതയാണ് അതെന്ന സന്ദേശമാണ് കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം, പുതുശ്ശേരി എന്നിവിടങ്ങളിലെ നിയമസഭാ കക്ഷിനില നല്‍കുന്നത്. ഒന്നിന് പിറകെ ഒന്നായി സംസ്ഥാനങ്ങളിലെ ഭരണം മാത്രമല്ല ജനസ്വാധീനം പോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വത്തിന് വിശദീകരിക്കാനോ, ഒന്ന് പ്രതികരിക്കാനോ കഴിയുന്നില്ല. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതാക്കളുടെ പ്രാധാന്യവും പ്രസക്തിയും ചോദ്യം ചെയ്യപ്പെടുന്നു. ആശയക്കുഴപ്പത്തിലാണ്ട അണികള്‍ ആശയും ആശ്രയവുമറ്റ് അലയുമ്പോള്‍, പുതിയ നേതൃത്വമോ പുതിയ പ്രവര്‍ത്തന പദ്ധതിയോ പ്രദാനം ചെയ്യാന്‍ പാര്‍ട്ടി തയ്യാറാവുന്നുമില്ല.
ദക്ഷിണ ഭാരതത്തിലെ അവസാന തുരുത്തില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പുറത്താക്കിക്കൊണ്ടാണ് കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരി ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം പിടിച്ചെടുത്തത്. കഴിഞ്ഞ തവണ ആകെയുള്ള മുപ്പത് സീറ്റില്‍ പതിനഞ്ച് എണ്ണം പിടിച്ച കോണ്‍ഗ്രസ് ഇക്കുറി വെറും രണ്ട് സീറ്റില്‍ ഒതുങ്ങിക്കൂടി. കോണ്‍ഗ്രസ് മന്ത്രിമാര്‍ മിക്കവരും പരാജയപ്പെട്ടു. കഴിഞ്ഞ നിയമസഭയില്‍ ഒരു സീറ്റ് പോലും ഇല്ലാതിരുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ അംഗസംഖ്യ ഇപ്പോള്‍ ആറാണ്. സഖ്യകക്ഷിയായ എന്‍ ആര്‍ കോണ്‍ഗ്രസിന് പത്തും. അങ്ങനെ ദക്ഷിണ ഭാരതത്തില്‍ ഒരിടത്ത് കൂടി കോണ്‍ഗ്രസിനെ പുറത്താക്കി ബിജെപിക്ക് ഭരണ പങ്കാളിത്തം. വരുംനാളുകളില്‍ ബിജെപിക്ക് പുതുച്ചേരിയില്‍ ഭരണനേതൃത്വം തന്നെ കൈവരാനും സാധ്യതയുണ്ട്.
വടക്ക് കിഴക്ക് അസമില്‍ എന്‍.ഡി. എ അധികാരം നിലനിര്‍ത്തി. അവിടെയും തുടര്‍ച്ചയായി ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. ആകെയുള്ള നൂറ്റി ഇരപത്തിയാറു സീറ്റില്‍ ബിജെപി നയിക്കുന്ന സഖ്യത്തിന് എഴുപത്തി ഒമ്പത്. അതില്‍ ബിജെപി ക്ക് മാത്രമായി അമ്പത്തിയൊമ്പത് സീറ്റ്. കോണ്‍ഗ്രസിന് ഇരുപത്തി ഒമ്പത് സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രദേശ് കോണ്‍ഗ്രസ് സമിതി അധ്യക്ഷന്‍ റിപുന്‍ ബോറ, പ്രതിപക്ഷ നേതാവ് ദേവ് ബ്രത സക്കിയ എന്നിവര്‍ ഈ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിച്ച് ബിജെപിയെ തറപറ്റിക്കാമെന്ന മോഹമാണ് ബദറുദ്ദീന്‍ അജ്മലിന്റെ നേതൃത്വത്തിലുള്ള എഐയുഡിഎയുമായി സഖ്യത്തിലേര്‍പ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്. ആ മോഹമാണ് കരിഞ്ഞത്. കോണ്‍ഗ്രസ് സഖ്യത്തില്‍ അംഗമായ സിപിഎമ്മിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധവും പ്രക്ഷോഭവും ആളിക്കത്തിയ അസമില്‍ ഭരണത്തുടര്‍ച്ച ഉറപ്പ് വരുത്താനായത് ബിജെപിയെ സംബന്ധിച്ചിടത്തോളം തിളക്കമാര്‍ന്ന നേട്ടമാണ്. പൗരത്വ നിയമഭേദഗതിക്ക് അസം ജനത നല്‍കിയ അംഗീകാരം കൂടിയാണ് ഈ വിജയം.
കോണ്‍ഗ്രസ് അന്യംനിന്നുപോവുമെന്ന് ശക്തമായ സൂചന നല്‍കുന്ന ഫലങ്ങളാണ് പശ്ചിമ ബംഗാളിലേത്. അവിടെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ല. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ സിപിഎമ്മിനും ഒരു സീറ്റ് പോലും നേടാനായില്ല എന്നത് ശ്രദ്ധേയം. മൂന്ന് പതിറ്റാണ്ടിലേറെ കാലം തുടര്‍ച്ചയായി ബംഗാളില്‍ ഭരണക്കുത്തക സ്വന്തമായിരുന്നു സിപിഎമ്മിനും അതിന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസിനും. അവര്‍ കൂട്ടുകക്ഷികളായിട്ട് കൂടി ഒരൊറ്റ സീറ്റ് കിട്ടിയില്ല എന്നത് വാചാലമായ രാഷ്ട്രീയ സന്ദേശമാണ് നല്‍കുന്നത്. ഇവരാണ് കേരളത്തില്‍ ബിജെപിക്ക് അതിന്റെ ഏക സീറ്റ് കൈമോശം വന്നതിനെ ആഘോഷിക്കുന്നത് എന്നോര്‍ക്കുക. പശ്ചിമ ബംഗാള്‍ നിയമസഭയില്‍ ബിജെപിയുടെ അംഗസംഖ്യ 2016ലെ വെറും മൂന്നില്‍ നിന്ന് ഇന്ന് എഴുപത്തിയൊമ്പതായി. തൃണമൂല്‍ കോണ്‍ഗ്രസ് വളരെ വിയര്‍ത്ത് അവിടെ ഭൂരിപക്ഷം നേടിയെങ്കിലും, മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടു എന്നത് ഒരു രാഷ്ട്രീയ തിരിച്ചടി തന്നെ. തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞ മമതയാണ് വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റത്.
കേരളത്തില്‍ സിപിഎം-കോണ്‍ഗ്രസ്സ്-ജിഹാദി രഹസ്യ കൂട്ടുകെട്ടിന്റെ ഫലമായി ഒരു സീറ്റിലും വിജയിക്കാന്‍ കഴിയാത്ത ബിജെപിക്ക് തൊട്ടടുത്ത് തമിഴ്‌നാട്ടില്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും നിയമസഭയില്‍ ബിജെപി സാന്നിധ്യം ഉറപ്പ് വരുത്താനായി എന്നത് എടുത്തു പറയേണ്ടതുണ്ട്. പുതിയ പാര്‍ട്ടിയുമായി തമിഴകം പിടിക്കാനിറങ്ങിയ താരം കമലഹാസനെ ബിജെപിയിലെ വനിതാ നേതാവാണ് പരാജയപ്പെടുത്തിയത്.
സോണിയയുടെ കുടുംബം ഇത്രയേറെ പ്രചാരണരംഗത്ത് സജീവമായ മറ്റൊരു തിരഞ്ഞെടുപ്പില്ല, പ്രത്യേകിച്ച് കേരളത്തില്‍. രാഹുല്‍ ഗാന്ധി മാത്രമല്ല പ്രിയങ്ക ഗാന്ധിയും ഒത്തിരി വിയര്‍പ്പൊഴുക്കി, കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും വേണ്ടി. കേരളത്തിലെ കോണ്‍ഗ്രസിന് വേണ്ടി ബംഗാളിലെ പ്രചാരത്തില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ രാഹുല്‍ ശ്രദ്ധിച്ചു. പക്ഷേ കേരളത്തിലെ ഫലം അദ്ദേഹത്തിന് വ്യക്തിപരമായ തിരിച്ചടിയായി. രാഹുല്‍ വിരുദ്ധരായ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇത് കരുത്ത് പകരും. രാഹുലിന്റെയും അദ്ദേഹത്തെ പിന്താങ്ങുന്ന കെ.സി.വേണുഗോപാലിനെ പോലുള്ളവരുടെയും ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
അടുത്ത വര്‍ഷം ആദ്യം മറ്റ് ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുണ്ട്. അത് ബിജെപിയെ കൂടുതല്‍ ജാഗരൂകമാവാന്‍ നിര്‍ബന്ധിക്കുന്നു. ദേശീയ തലത്തില്‍ കൈക്കൊള്ളുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ സംസ്ഥാനങ്ങളില്‍ അത്രയ്ക്ക് ഫലപ്രദമാവുന്നില്ല എന്ന രാഷ്ട്രീയ സത്യത്തിന് വര്‍ധിച്ച പ്രസക്തി പകരുന്നതാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍. ആത്മാര്‍ഥമായ ആത്മപരിശോധനക്കും സ്വയം വിമര്‍ശനത്തിനും തിരുത്തലുകള്‍ക്കും അത് നിര്‍ബന്ധിക്കുന്നു. ദേശീയ തലത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി ഭീഷണിയോ വെല്ലുവിളിയോ ഉയരുന്നില്ല. എന്നാല്‍ പ്രാദേശിക കക്ഷികളെയും അവയുടെ നേതാക്കളെയും അവഗണിക്കാനാവില്ല. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും മമത ബാനര്‍ജിയും, തമിഴ് നാട്ടില്‍ ഡി എം കെയും എം.കെ.സ്റ്റാലിനും, പ്രാദേശിക പാര്‍ട്ടിയായി ചുരുങ്ങിയ കേരളത്തിലെ സിപിഎമ്മും പിണറായി വിജയനും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ട്. ഇനിയുള്ള നാളുകളില്‍ ഇവരുടെ അച്ചുതണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ സജീവമാകും, തീര്‍ച്ച.