കൊല്‍ക്കത്ത: നിര്‍ധനയായ ചന്ദന ബൗരി ബിജെപി എംഎല്‍എയായി ബംഗാള്‍ നിയമസഭയിലേക്ക്. ബങ്കുറ ജില്ലയിലെ സാല്ട്ടോര മണ്ഡലത്തില്‍ 4,145 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി സന്തോഷ് കുമാര്‍ മണ്ഡലിനെയാണ് ചന്ദന പരാജയപ്പെടുത്തിയത്. വീട്ടുജോലിക്ക് പോയാണ് ചന്ദന കുടുംബം പുലര്‍ത്തുന്നത്. ഭാരതത്തിലെ ഏറ്റവും ദരിദ്രയായ ജനപ്രതിനിധിയെന്നാണ് മാദ്ധ്യമങ്ങള്‍ ചന്ദനയെ വിശേഷിപ്പിച്ചത്. ഭര്‍ത്താവ് ശ്രബനും ദിവസവേതന തൊഴിലാളിയാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ചന്ദനക്കുവേണ്ടി നടന് മിഥുന് ചക്രവര്‍ത്തിയടക്കം പ്രചാരണത്തിനെത്തിയിരുന്നു. മുപ്പതുകാരിയായ ചന്ദനക്ക് മൂന്ന് മക്കളുണ്ട്. മണ്‍കുടിലിലാണ് താമസം. പ്രധാനമന്ത്രി ആവാസ് യോജനയില്‍ വീടു നിര്‍മ്മിക്കാന്‍ ചന്ദനയ്ക്ക് ആദ്യ ഗഡു 60,000 രൂപ ലഭിച്ചിട്ടുണ്ട്. രണ്ട് കോണ്‍ക്രീറ്റ് മുറികളുടെ നിര്‍മ്മാണം നടക്കുകയാണ്. മൂന്ന് ആടുകളും മൂന്ന് പശുക്കളും 31,985 രൂപയുമാണ് ചന്ദനയുടെ ആകെ സമ്പാദ്യം.