‘അംബിതാ, നദിതാമേ,
ദേവിതാമേ, സരസ്വതി….’
(ഋഗ്വേദം)
ഭാരതത്തിന്റെ ചേതനകളില്‍ യുഗയുഗാന്തരങ്ങളായി സമുന്നതസ്ഥാനം അലങ്കരിക്കുന്ന സരസ്വതി. ത്രിമൂര്‍ത്തികളില്‍ സൃഷ്ടിയുടെ പ്രതീകമായ ബ്രഹ്മദേവന്റെ പത്‌നിയായിട്ടാണ്, വേദോപനിഷത്തുകളിലും പുരാണേതിഹാസങ്ങളിലും വിദ്യാദേവിക്കൂടിയായ, ഈ ജഗദംബ പ്രത്യക്ഷപ്പെടുന്നത്. ലൗകികവ്യവഹാരങ്ങളിലാവട്ടെ നദികളില്‍ ശ്രേഷ്ഠയായി, ‘മഹാനദി’യായി സരസ്വതി സങ്കല്‍പിക്കപ്പെട്ടിരിക്കുന്നു.
ഹിമാലയ പര്‍വ്വതസാനുക്കളില്‍ നിന്നുല്‍ഭവിച്ച്, സിന്ധുനദിക്ക് കിഴക്ക്, സാമാന്യേന സമാന്തരമായി പ്രവഹിച്ച് ‘റാണ്‍ ഓഫ് കച്ചി’ ല്‍ വെച്ച് ഹിന്ദു മഹാസമുദ്രത്തില്‍ അവസാനിക്കുകയായിരുന്നു സരസ്വതി എന്ന് വേദങ്ങള്‍ പറയുന്നു. 1600 കിലോമീറ്റര്‍ നീളവും മൂന്നുമുതല്‍ പന്ത്രണ്ടു കിലോമീറ്റര്‍ വരെ വീതിയും ഈ മഹാനദിക്ക് ഉണ്ടായിരുന്നുവെന്നാണ്, വേദങ്ങളെ അടിസ്ഥാനമാക്കി, കണക്കാക്കപ്പെട്ടിരുന്നത്. ഇതിന്റെ കരകളില്‍ പ്രത്യേകിച്ചും നദീ-സമുദ്ര സംഗമസ്ഥലത്ത്, ലോകത്തിലെ ഏറ്റവും പ്രാചീനവും ഉന്നതവുമായി ഒരു സംസ്‌കാരം നിലനിന്നിരുന്നു എന്നും വിശ്വസിക്കപ്പെട്ടിരുന്നു. കലികാലാരംഭത്തോടെ മനുഷ്യരിലെ നന്മ ക്ഷയിച്ചു തുടങ്ങിയപ്പോള്‍ ഭൂമി മണലാരണ്യമായി മാറുകയും സരസ്വതി അതില്‍ അന്തര്‍ധാനം ചെയ്യുകയായിരുന്നുവെന്നും വേദങ്ങള്‍ പ്രസ്താവിക്കുന്നുണ്ട്. ‘വരാഹപുരാണ’ ത്തിലെയും മറ്റും സൂചനയനുസരിച്ച് കണക്കാക്കുമ്പോള്‍, ഇന്നേക്കും 1500 കൊല്ലം മുമ്പാണ് ഇതും സംഭവിക്കുന്നത്.
‘സിന്ധുമാത’, ‘ധരണീ – പക്ഷ’ തുടങ്ങിയ നാമങ്ങളും വഹിച്ചിരുന്ന സരസ്വതി ഹിന്ദുപുരാണേതിഹാസങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഐതിഹ്യം അഥവാ കെട്ടുകഥമാത്രമാണെന്നായിരുന്നു കാലാകാലങ്ങളായി കരുതപ്പെട്ടു പോന്നിരുന്നത്. എന്നാല്‍ ഈ മഹാനദീ സങ്കല്‍പം വെറും ഭാവനാകല്‍പിതമല്ലെന്ന് ഇപ്പോള്‍ ശാസ്ത്രം തെളിയിച്ചിരിക്കുന്നു.
സഹസ്രാബ്ദങ്ങളിലൂടെയുള്ള പ്രയാണത്തില്‍ മറ്റു മഹാനദികളെപോലെ സരസ്വതിയും സഞ്ചാരപഥം മാറ്റാന്‍, വ്യത്യസ്തയുഗങ്ങളില്‍, നിര്‍ബന്ധിതയായി. കാലാകാലങ്ങളില്‍ സംഭവിക്കാറുള്ള പടുകൂറ്റന്‍ ഭൂചലനങ്ങളുടെ ഫലമായിരുന്നു ഇത്. ഗഢവാഗ്ര ഹിമാലയത്തിലെ ശിവാലിക്കിലുള്ള ബന്ദേര്‍പഞ്ചായിരുന്നു നദിയുടെ ഉത്ഭവസ്ഥാനം. കവാലശിഖലം, ടോണ്‍സ് എന്നീ രണ്ടു പുഴകളാണ് ഇവിടേയ്ക്കു വെള്ളമെത്തിച്ചിരുന്നത് (ഇവ രണ്ടും ഇന്നുമുണ്ട്). പിന്നീടുള്ള യാത്രയില്‍ യമുനയും സത്‌ലജ്ജും ഇതിനോടുകൂടി ചേര്‍ന്നു.
ക്രിസ്തുവിനുമുമ്പ് 6000-4000 കാലത്ത് വൈദികസംസ്‌കാരം ഈ മഹാനദിയുടെ കരകളില്‍ പുഷ്‌കലമായി നിലനിന്നിരുന്നു. അടുത്ത സരസ്രാബ്ദത്തില്‍ നഗരവല്‍ക്കരണവും പുതിയ പട്ടണങ്ങളുടെ ആവിര്‍ഭവവുമുണ്ടായി – ഇതാണ് മഹാഭാരതകാലഘട്ടം. തുടര്‍ന്നുള്ള യുഗത്തില്‍ ഹിമാലയത്തില്‍ അതിശക്തിയായ ഭൂചലനം സംഭവിച്ചു. ഗ്രീഷ്മകാലത്ത് മഞ്ഞുരുക്കിയ വെള്ളവുമായി വന്നിരുന്ന കപാലശിഖരവും ടോണ്‍സും ബന്ദേര്‍ പഞ്ചിലെത്താതായി. (നൂറ്റാണ്ടുകള്‍ക്കുശേഷം ഇവ പൂര്‍വ്വസ്ഥാനത്ത് തിരിച്ചെത്തിയപ്പോഴേക്കും സരസ്വതി ഇല്ലാതായിക്കഴിഞ്ഞിരുന്നു). ശിവാലിക്കിലെ കൊച്ചരുവികളായിരുന്നു പിന്നെ ആശ്രയം. പക്ഷെ ഒരു മഹാനദിയെ പോഷിപ്പിക്കാനുള്ള ശേഷി അവയ്ക്കുണ്ടായിരുന്നില്ല. ഭൂചലനങ്ങളുടെ ഫലമായി ചിലപ്പോള്‍ സിന്ധുവിനോടു ചേര്‍ന്നും (പ്രയാഗയിലെ ‘ത്രിവേണി സംഗമം) ചിലപ്പോള്‍ അകന്നും (സിന്ധുവിനും സരസ്വതിക്കും ഇടയിലുണ്ടായ പ്രദേശമാണ് ഇപ്പോള്‍ പാകിസ്ഥാനിലുള്ള മൊഹഞ്ജാദാരോ) ഒഴുകിയിരുന്ന സരസ്വതിയെ സേയിപ്പാന്‍ യമുനയും സത്‌ലജ്ജും ഉണ്ടാകുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. ക്രിസ്തുവിനു മുമ്പ് 1500 നടുത്ത് സത്രാനയില്‍വെച്ച് (ഇന്ന് പഞ്ചാബിലുള്ള രോപാര്‍) ഭൂചലനം അരാവലിക്കുന്നിലുണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ ഇംഗ്ലീഷിലെ ‘യു’ (ഡ) എന്ന അക്ഷരത്തിന്റെ രൂപത്തില്‍ സത്‌ലജ്ജിന്റെ ഗതി തിരിച്ചുവിടുകയും അതിനെ പടിഞ്ഞാറോട്ട് കൊണ്ടുപോവുകയും ചെയ്തു. സത്‌ലജ്ജിന്റെ ഈ കൂടുമാറ്റത്തോടൊപ്പം യമുന പശ്ചിമാഭിമുഖമായി ഗതിമാറുകയും ചെയ്തു. അതോടെ സരസ്വതി സങ്കല്‍പത്തിലെ ഒരു മഹാനദിമാത്രമായി മാറി. (‘വേദിക് സരസ്വതി’ – ഡോ. ബി.പി. രാധാകൃഷ്ണ, ഡോ.എസ്.എസ്. മെര്‍ഹ് പ്രസാ: ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ).
സരസ്വതിയുടെ സ്രോതസ് കണ്ടെത്താനുള്ള ശ്രമം ആദ്യം നടത്തിയത് ഭാരതത്തില്‍ ജോലി നോക്കിയിരുന്ന ബ്രിട്ടീഷ് എഞ്ചിനീയറായ സി.എഫ്. ഓള്‍ധാം ആയിരുന്നു. ഇപ്പോള്‍ ഹരിയാണയിലെ ഗംഗാനഗര്‍ജില്ലയിലൂടെ ഒഴുകുന്നതും ചില കാലങ്ങളില്‍ മാത്രം ജലസമൃദ്ധവുമായ ഗാഗ്ഗര്‍ എന്ന കൊച്ചു അരുവിക്കരയിലൂടെ കുതിരപ്പുറത്തു സഞ്ചരിക്കുകയായിരുന്നു അദ്ദേഹം. വരണ്ടു കിടക്കുന്ന നദിക്ക് ചില പ്രദേശങ്ങളില്‍ മൂന്നു കിലോമീറ്റര്‍ വരെ വീതിയുള്ളതായി ഈ എഞ്ചിനീയറുടെ കണ്ണുകള്‍ കണ്ടെത്തി. ഒരു കാലത്ത് ഇതു വലിയൊരു നദിയായിരിക്കുമെന്ന് അതില്‍ നിന്ന് അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ഓള്‍ധാമിനെ പിന്തുടരുമ്പോള്‍ ആരും ഉണ്ടായില്ല.
അമേരിക്കല്‍ ഐക്യനാടുകളുടെ ആദ്യകാല ഉപഗ്രഹങ്ങളിലൊന്നായ ‘ലാന്‍ഡ് സാറ്റ്’ ഈ പ്രദേശത്തിന്റെ അത്ര വ്യക്തമല്ലാത്ത ചിത്രങ്ങള്‍ അയച്ചു. ജോധ്പൂരിലെ ‘സെന്‍ട്രല്‍ ആരിഡ് സോണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി’ലെ ഭൂഗര്‍ഭശാസ്ത്രജ്ഞനായി ബിമല്‍ ബോസ്, ഈ ചിത്രങ്ങളില്‍ കാണുന്ന നൂറുകണക്കിനു നാഴിക നീളം വരുന്ന ഭൂമിക്കടിയിലൂടെയുള്ള നീര്‍ച്ചാല്‍ ചരിത്രാതീകാലത്തേതാണെന്ന് തെളിയിക്കുകയായിരുന്നു. ഉപഗ്രഹസാങ്കേതികവിദ്യ വിപുലമായി വികസിച്ച തൊണ്ണൂറുകളില്‍ ഈ പ്രദേശത്തിന്റെ സൂക്ഷമാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വര്‍ണചിത്രങ്ങള്‍ ലഭിച്ചുതുടങ്ങി. ഹിമാലയത്തിലെ ശിവാലിക്കില്‍ നിന്നുല്‍ഭവിച്ച് കശ്മീര്‍, പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിലൂടെ ഒഴുകി രാജസ്ഥാനിലെ ഭീം മലില്‍ വെച്ച് അഞ്ചായി പിരിഞ്ഞ്, മുഖ്യധാര ഗുജറാത്തിലെ സോമാനാഥത്തിലെത്തി, സൗരാഷ്ട്ര തീരത്തുവെച്ച് കടലില്‍ വിലയം പ്രാപിക്കുന്ന ഭൂഗര്‍ഭ ജലനിര്‍ഗമപാതയുടെ ദൃശ്യങ്ങള്‍ അവയില്‍ വ്യക്തമായിരുന്നു. വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യവഹരിച്ചിരുന്ന സരസ്വതിയുടെ സഞ്ചാരപഥത്തില്‍ നിന്ന് അതിനു അണുവിടപോലും വ്യത്യാസമുണ്ടായിരുന്നില്ല.
ഇതിനോടടുത്തുകാലത്തു നടന്ന പുരാവസ്തുഖനനം അനര്‍ഘമായ ഒട്ടേറെ വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവന്നു. മാണ്ഡ (കശ്മീര്‍), കനാല്‍ (ഹരിയാണ), ധോളവീര (ഗുജറാത്ത്), കാലിഭാംഗന്‍ (രാജസ്ഥാന്‍) എന്നിവിടങ്ങളില്‍ നിന്നു സമാനമായ ഒരു പുരാതന നദീതടസംസ്‌കാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെടുകയുണ്ടായി. സരസ്വതീ നദിയുടെ സഞ്ചാരപഥത്തില്‍ നിലകൊണ്ടിരുന്ന ഈ പ്രദേശങ്ങളില്‍ ‘ഹാരപ്പ’, മൊഹഞ്ജാദരോ എന്നിവിടങ്ങളിലേതിനെക്കാള്‍ പഴക്കമുള്ള ഒരു നദീതട സംസ്‌കാരം നിലനിന്നിരുന്നതായി ഖനനങ്ങള്‍ തെളിയിച്ചു.
സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ ആയിരുന്നു സരസ്വതിയാല്‍ ഏറ്റവും അനുഗൃഹീതമായ പ്രദേശം. ഇവിടെ സിര്‍സയില്‍വെച്ചാണ് നദി മരുഭൂമിയില്‍ വിലയം പ്രാപിച്ചതെന്ന് ‘മനുസ്മൃതി’ പ്രസ്താവിക്കുന്നു. താര്‍മരുഭൂമി സ്ഥിതിചെയ്യുന്ന ഇവിടം വര്‍ഷത്തില്‍ 365 ദിവസവും വരള്‍ച്ചയുടെ പിടിയിലാണ്. എന്നാല്‍ ഇവിടെ കുഴിച്ച കിണറുകള്‍ ഒരിക്കലും വറ്റിപ്പോയിട്ടില്ലെന്ന വസ്തുത ശാസ്ത്രജ്ഞരെ അമ്പരിപ്പിച്ചു. തുടര്‍ന്നു നടത്തിയ പഠനത്തില്‍ വെറും അറുപതു മീറ്റര്‍ മാത്രം കുഴിച്ചാല്‍ ഇവിടെ ശുദ്ധജലം ലഭ്യമാണെന്നു കണ്ടെത്തി. കാലം നിര്‍ണയിക്കാനുള്ള കാര്‍ബണ്‍ 14 പരിശോധനയ്ക്കു ഈ ജലം വിധേയമാക്കിയപ്പോള്‍, 3000 വര്‍ഷത്തെ പഴക്കം അതിനുണ്ടെന്നും തെളിഞ്ഞു. സരസ്വതിയുടെ അസ്തിത്വത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയായിരുന്നു. ഇത്.
(വി.ആര്‍. ഗോവിന്ദനുണ്ണി മരണത്തിനു മുമ്പ് കേസരിയ്ക്കായി എഴുതിവെച്ച ലേഖനം)