നാഗ്പൂര്‍: കോവിഡ് ബാധിച്ച നാല്പതു വയസ്സുകാരന്റെ ജീവന് രക്ഷിക്കാന്‍ ആശുപത്രി കിടക്ക ഒഴിഞ്ഞുകൊടുത്ത 85 വയസ്സുകാരന് വീട്ടിലേക്ക് മടങ്ങിയതിനു പിന്നാലെ മരണം. നാഗ്പൂര്‍ സാവിത്രി നഗര്‍ നിവാസിയും സ്വയംസേവകനുമായ നാരായണ്‍ ഭഭാല്കറാണ് മറ്റൊരാളെ ജീവിതത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ സ്വന്തം ജീവന് സമര്‍പ്പിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോ. അജയ് ഹര്‍ദാസ് പറഞ്ഞു
കോവിഡ് ബാധിച്ചതിനു പിന്നാലെ ഓക്സിജന്റെഅളവു കുറഞ്ഞ് ഇൗ മാസം 22നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ 40 വയസ്സുള്ള കൊവിഡ് ബാധിതന് ആശുപത്രിയില്‍ കിടക്ക കിട്ടാതെ അദ്ദേഹത്തിന്റെ ഭാര്യ നെട്ടോട്ടമോടുന്നത് ശ്രദ്ധയില്‍പ്പെട്ടു. തന്റെ കിടക്ക ഒഴിഞ്ഞു കൊടുക്കാന്‍ അച്ഛന് ഉടന്‍ സന്നദ്ധ അറിയിച്ചെന്ന് ഭഭാല്കറുടെ മകള്‍ ആശാവരി പറഞ്ഞു. ഡോക്ടര്‍മാര്‍ എതിര്‍ത്തെങ്കിലും ഡിസ്ചാര്‍ജ് വേണമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
”ഞാന്‍ എന്റെ ജീവിതം ജീവിച്ചു. ഒരു ചെറുപ്പക്കാരന്റെ ജീവന് രക്ഷിക്കുക എന്നതാണ് വലിയ കാര്യം. അദ്ദേഹത്തിന്റെ മക്കള്‍ ചെറിയ കുട്ടികളാണ്. ദയവായി എന്റെ കിടക്ക അയാള്‍ക്കു നല്‍കൂ”, ഭഭാല്കര് ഡോക്ടര്‍മാരോടു പറഞ്ഞു. വീട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ ത്യാഗത്തിന്റെ പുതിയ മാതൃകയായി ഭഭാല്കര് വിടവാങ്ങി.