മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് പി.ജയരാജന് കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ സഞ്ചരിക്കാന്‍ ‘വൈപ്ലസ്’ കാറ്റഗറി സുരക്ഷ പോരത്രെ! സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടായതിനാല്‍ വിശ്വസിക്കാതെ വയ്യ. ഏതായാലും ജയരാജന്റെ സുരക്ഷയ്ക്ക് മൂന്നു ജില്ലയിലെ പോലീസ് സംവിധാനം മൊത്തത്തില്‍ അരയും തലയും മുറുക്കിയിരിക്കയാണ്. ഇത്ര വലിയ വധഭീഷണി ജയരാജന് ആരില്‍ നിന്നാണ്? ലീഗു പ്രവര്‍ത്തകന്‍ മന്‍സൂറിനെ വധിച്ചതിനുശേഷമാണ് സുരക്ഷാഭീഷണി കൂടിയത് എന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. മന്‍സൂര്‍ വധത്തില്‍ ജയരാജന് നേരിട്ടുപങ്കുള്ളതായി ആരോപണമില്ല. എന്നാല്‍ ഷുക്കൂര്‍ വധത്തില്‍ പ്രതിയാണ് ജയരാജന്‍. ഷുക്കൂറിനെ മണിക്കൂറുകളോളം പീഡിപ്പിച്ച് ചിത്രവധം ചെയ്തു കൊന്നതിന് നിര്‍ദ്ദേശം നല്‍കിയത് ജയരാജനാണെന്ന് ലീഗുകാര്‍ കട്ടായം പറയുന്നുണ്ട്. അപ്പോഴില്ലാത്ത പക മന്‍സൂര്‍ വധ സമയത്ത് ലീഗുകാര്‍ക്ക് എങ്ങനെ വന്നു? കാന്തപുരം സുന്നിക്കാരനായ മന്‍സൂറിന്റെ കൊലയ്ക്ക് പകരം വീട്ടാന്‍ പഴയ സുന്നി ടൈഗേഴ്‌സ് ദിക്കറു ചൊല്ലി രംഗത്തിറങ്ങിയോ? അതിനൊന്നും സാധ്യതയില്ലാത്തതിനാല്‍ ‘വൈപ്ലസ്സി’നേക്കാള്‍ കൂടിയ സുരക്ഷ നല്‍കാന്‍, അതും മാര്‍ക്‌സിസ്റ്റുകാര്‍ക്ക് ഭൂരിപക്ഷമുള്ള മൂന്നു വടക്കന്‍ ജില്ലകളില്‍ സഞ്ചരിക്കുമ്പോള്‍, പ്രത്യേകമായ കാരണം വേറെ വല്ലതുമാകും. അക്കാര്യം സ്‌പെഷല്‍ ബ്രാഞ്ചിനു തുറന്നു പറയാന്‍ പറ്റില്ലല്ലോ.
കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിക്കകത്ത് ജയരാജന്‍ സ്വന്തം സാമ്രാജ്യം ഉണ്ടാക്കാനും പ്രതികരിക്കാനും തുടങ്ങിയിട്ട് കാലം കുറച്ചായി. പി.ജെ.ആര്‍മി എന്ന ചാവേര്‍ സേന, ജയരാജനെ പുകഴ്ത്തിപാടാനും ബോര്‍ഡുവെക്കാനുമുള്ള പി.ആര്‍.വിഭാഗം, ജയരാജന്റെ കീഴിലുള്ള സാംസ്‌കാരിക, കലാവിഭാഗം തുടങ്ങി വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ ജയരാജപക്ഷം യുദ്ധസന്നദ്ധരായി നില്‍ക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന് അതു തീരെ പിടിച്ചിട്ടില്ല. ആദ്യം താക്കീത്, പിന്നെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു തെറിപ്പിക്കല്‍ തുടങ്ങിയ നടപടികളെടുത്തിട്ടും ജയരാജന്‍ ഒതുങ്ങിയിട്ടില്ല. ഈ തിരഞ്ഞെടുപ്പുകാലത്ത് ‘സഖാവ്’ എന്ന പാര്‍ട്ടി രീതി മാറ്റി പിണറായിയെ ‘ക്യാപ്റ്റന്‍’ എന്നു വിളിച്ചു കളിയാക്കുകയും ചെയ്തു. പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കുമീതെ വളര്‍ന്നാല്‍ വെട്ടണമെന്ന പ്രമാണം പാര്‍ട്ടി നടപ്പാക്കാന്‍ തീരുമാനിച്ചു എന്ന് സ്‌പെഷല്‍ ബ്രാഞ്ച് മണത്തറിഞ്ഞതാണോ സുരക്ഷ കൂട്ടാനുള്ള ശുപാര്‍ശയ്ക്ക് കാരണം? എന്തായാലും മന്‍സൂര്‍ വധത്തിനുള്ള പ്രതികാരം എന്ന നിലയ്ക്ക് ലീഗിന്റെ തലയില്‍ കെട്ടിവെക്കാന്‍ എളുപ്പമാണ്.