കാഞ്ഞങ്ങാട്: ഭാരതം ഫാസിസ്റ്റ് രാഷ്ട്രമാണെന്ന് പഠനക്കുറിപ്പ് നല്കിയ കേന്ദ്രസര്‍വ്വകലാശാല അധ്യാപകനെതിരെ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് സര്‍വ്വകലാശാല. കേന്ദ്രസര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കാനാണ് അക്കാദമിക് ഡീന്‍ പ്രൊഫ. കെ.പി. സുരേഷ് ചെയര്‍മാനായി മൂന്നംഗ സമിതിയെ നിയോഗിച്ചത്. കണ്ട്രോളര് ഡോ.എം. മുരളീധരന് നമ്പ്യാര്‍, ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ വിഭാഗത്തിലെ പ്രൊഫ.എം.എസ്. ജോണ്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. വിദ്യാഭ്യാസവികാസ കേന്ദ്രം ദക്ഷിണേന്ത്യ സംയോജക് എ.വിനോദ് നല്കിയ പരാതിയെ തുടര്‍ന്നാണ് സര്‍വ്വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രില്‍ 28നകം അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവിലുണ്ട്.
കേരള കേന്ദ്ര സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനാണ് ഒന്നാം വര്‍ഷ എം. എ ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്‍ഡ് പൊളിറ്റിക്സ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ ഭാരതത്തെ ഫാസിസ്റ്റ് രാഷ്ട്രമായി ചിത്രീകരിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ പഠനക്കുറിപ്പിലും ഭാരതം 2014ന് ശേഷം ഫാസിസ്റ്റ് ഭരണത്തിലാണെന്നായിരുന്നു അദ്ധ്യാപകന് വ്യക്തമാക്കിയത്.
പ്രൊഫസര്‍ക്കെതിരെ വിദ്യാഭ്യാസ സംരക്ഷണ സമിതി സര്‍വകലാശാല വി.സി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, യുജിസി അധികാരികള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എബിവിപി, ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് തുടങ്ങിയ സംഘടനകളും അദ്ധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.