രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരി തന്റെ ഐഎഫ്എസ് ഉദ്യോഗസ്ഥ കാലയളവില്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഏറെ വിവാദമായിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിന്തുണയോടെ ഉപരാഷ്ട്രപതിയായ അന്‍സാരി പിന്നീട് യുപിഎ സര്‍ക്കാരിന്റെ ഇഷ്ടനായി എന്നത് ചരിത്രമാണ്.
ആരെയും ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലാത്ത ഇന്ത്യയ്‌ക്കെന്തിനാണ് സൈന്യമെന്നായിരുന്നു സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാദം. അന്നതിനെ തിരുത്താന്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ എന്ന അതികായനുണ്ടായിരുന്നു. എന്നാല്‍ അതിന്റെ തിക്ത ഫലം ചൈനാ യുദ്ധത്തില്‍ രാജ്യം അനുഭവിച്ചപ്പോള്‍ നെഹ്‌റുവിന് അത് താങ്ങാനായില്ല. ഭായി ഭായി എന്നു വിളിച്ചിരുന്ന ചൈന നടത്തിയ കൊടുംചതി താങ്ങാനാകാതെ അദ്ദേഹം അധികകാലം കഴിയുന്നതിനു മുമ്പ് ഇഹലോകവാസം വെടിഞ്ഞു. എന്നാല്‍ തെറ്റു തിരുത്തുന്ന നടപടി പോലെയാണ് ചൈനാ യുദ്ധത്തിനു ശേഷം വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ശേഖരണത്തിനായി ഒരു ഏജന്‍സി വേണമെന്നു തീരുമാനിക്കുകയും അതേക്കുറിച്ച് പഠിക്കാന്‍ സമിതിയെ വയ്ക്കുകയും ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ നൂലാമാലകള്‍ക്ക് ശേഷം അത്തരമൊരു ഏജന്‍സി നിലവില്‍ വരുന്നത് 1968 ലാണ്. അതും നെഹ്‌റുവിന്റെ മകള്‍ ഇന്ദിര പ്രിയദര്‍ശിനി പ്രധാനമന്ത്രിയായ കാലത്ത്.
സിഐഎ, കെജിബി, മൊസാദ്, എംഐ-6 എന്നീ മാതൃകയിലാണ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് അഥവാ റോ എന്ന പേരില്‍ രഹസ്യാന്വേഷണ വിഭാഗം നിലവില്‍ വന്നത്. ഇംപീരിയല്‍ പോലീസ് സര്‍വീസ് (ബ്രിട്ടീഷ് ഭരണകാലത്തെ ഐപിഎസ്) ഉദ്യോഗസ്ഥനായിരുന്ന രാമേശ്വര്‍ നാഥ് കാവ് എന്ന അതികായനാണ് റോയെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രസിദ്ധമാക്കിയ സംവിധാനമാക്കിയത്. ആദ്യം ഐബിയുടെ കീഴിലായിരുന്ന ഈ സംവിധാനം പിന്നീട് സ്വതന്ത്രമായി ക്യാബിനറ്റ് സെക്രട്ടറിയേറ്റിലെ വിഭാഗമാക്കി. പ്രധാനമന്ത്രിക്ക് മാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്ന പ്രത്യേകതയും റോ ഡയറക്ടര്‍ക്കുണ്ട്.
ആര്‍.എന്‍.കാവ് സ്ഥാനമൊഴിഞ്ഞപ്പോള്‍ ചുമതലയേറ്റ ശങ്കരന്‍ നായരെന്ന മലയാളി ഡയറക്ടര്‍ക്ക് പ്രധാനമന്ത്രിയുമായി ഒത്തു പോകാന്‍ ബുദ്ധിമുട്ടായി. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ അതിപ്രസരം മൂലം റോ ചട്ടുകമായി മാറിയെന്ന വിമര്‍ശനവും അടിയന്തരാവസ്ഥയില്‍ പ്രതിപക്ഷ നേതാക്കന്മാരെ നിരീക്ഷിക്കാന്‍ റോയെ ദുരുപയോഗിച്ചുവെന്ന ആരോപണവും നേരിട്ടു. പിന്നീട് പ്രധാനമന്ത്രിയായ മൊറാര്‍ജി ദേശായി പ്രതികാര ബുദ്ധിയോടെ റോയെ കാണുകയും അതിന്റെ സാമ്പത്തിക സ്രോതസ്സ് ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. എന്നാല്‍ അന്ന് വിദേശകാര്യമന്ത്രിയായിരുന്ന എ.ബി.വാജ്‌പേയി ഇക്കാര്യത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ബന്ധം മൂലമാണ് കുറച്ചെങ്കിലും നിലപാട് മയപ്പെടുത്താന്‍ മൊറാര്‍ജി തയ്യാറായത്.
രാജീവ് സര്‍ക്കാര്‍ മാറിയതിനു ശേഷം വന്ന വി.പി.സിംഗ്, ചന്ദ്രശേഖര്‍ സര്‍ക്കാരുകളില്‍ വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇന്ദര്‍ കുമാര്‍ ഗുജറാളിന്റെ തലയിലാണ് രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാക്കിയ ബുദ്ധിയുദിച്ചത്. പില്‍ക്കാലത്ത് അദ്ദേഹം പ്രധാനമന്ത്രിയായപ്പോള്‍ അതിന് ‘ഗുജറാള്‍ ഡോക്ട്രിന്‍’ എന്ന പേര് നല്‍കി. ജനതദള്‍ സര്‍ക്കാരില്‍ അദ്ദേഹം മുന്നോട്ടു വച്ച ഈ നയങ്ങളുടെ നടത്തിപ്പുകാരന്‍ കൂടിയായിരുന്നു ഹമീദ് അന്‍സാരി.
ഇടതുപക്ഷ മുഖംമൂടിയണിഞ്ഞാണ് ഹമീദ് അന്‍സാരി എക്കാലവും കാണപ്പെട്ടത്. ഗുജ്‌റാളിന്റെ നയമനുസരിച്ച് സുഹൃദ് രാഷ്ട്രങ്ങളില്‍ രഹസ്യാന്വേഷണ ശേഖരം തന്നെ ആവശ്യമില്ല. നയതന്ത്ര പരിരക്ഷയുള്ള റോയുടെ ഏജന്റുമാര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിവരങ്ങളാണ് നിരന്തര ഭീഷണി നേരിടുന്ന ഇന്ത്യയ്ക്ക് എന്നും സഹായകരമായിട്ടുള്ളത്. അതില്ലാതാക്കുന്നതായിരുന്നു ഗുജ്‌റാള്‍ നയത്തിന്റെ പ്രധാന നട്ടെല്ല്. പ്രത്യേകിച്ചും ഇസ്ലാമിക രാജ്യങ്ങളിലെ ഏജന്റുമാര്‍ക്ക് ഇത് ഇരുട്ടടിയായി. പലപ്പോഴും അവരുടെ രഹസ്യവിവരങ്ങള്‍ അതത് രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ചോര്‍ന്നു കിട്ടി. അതിന്റെ വിശദാംശങ്ങളാണ് എന്‍.കെ.സൂദ് എന്ന മുന്‍ റോ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍.
ഹമീദ് അന്‍സാരിയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ റോ ഉദ്യോഗസ്ഥര്‍ 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നിവേദനം നല്‍കിയിരുന്നു. ഹമീദ് അന്‍സാരി ഇറാനിലെ സ്ഥാനപതിയായിരുന്നപ്പോള്‍ നടന്ന നാല് സംഭവങ്ങള്‍ അതില്‍ പ്രതിപാദിക്കുന്നു.
സന്ദീപ് കപൂര്‍ എന്ന ഊര്‍ജ്ജസ്വലനായ ചെറുപ്പക്കാരനെ 1991 മേയ് മാസത്തില്‍ ഇറാന്‍ രഹസ്യാന്വേഷണ ഏജന്‍സി ‘സാവക്ക്’ കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ റോ ബന്ധം അറിയാവുന്ന അന്‍സാരി സന്ദീപിനെ മോചിപ്പിക്കാന്‍ യാതൊരു ശ്രമവും നടത്തിയില്ല. കൊടിയ പീഡനത്തിനു ശേഷം ഗുരുതരാവസ്ഥയില്‍ ഇയാളെ റോഡരുകിലെ ഓടയില്‍ നിന്നാണ് കിട്ടിയത്.
കശ്മീരിലെ വിഘടനവാദികള്‍ക്ക് ടെഹ്‌റാനിലെ ചില ഇസ്ലാമിക കേന്ദ്രങ്ങളില്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ റോ ഉദ്യോഗസ്ഥന്‍ ഡി.ബി.മാഥുര്‍ സ്ഥിരമായി ഡല്‍ഹിക്കയച്ചിരുന്നു. ഹമീദ് അന്‍സാരി കണ്ടതിനു ശേഷമാണ് ഈ ഫയലുകള്‍ അയച്ചിരുന്നത്. ഈ കണ്ടെത്തലില്‍ അന്‍സാരി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഡി.ബി.മാഥുര്‍ വരും ദിവസങ്ങളില്‍ സാവക്കിന്റെ പിടിയിലായി. മാഥുറിനെ അന്‍സാരി ഒറ്റിയതാണെന്ന വിമര്‍ശം അന്നു തന്നെ സ്ഥാനപതി കാര്യാലയത്തില്‍ ഉയര്‍ന്നിരുന്നു. ഒടുവില്‍ സ്ഥാനപതി കാര്യാലയത്തിനു മുന്നില്‍ ഉദ്യോഗസ്ഥരുടെ ഭാര്യമാര്‍ ധര്‍ണ നടത്തുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. ഇവരെ കാണാന്‍ പോലും അന്‍സാരി കൂട്ടാക്കിയില്ലെന്നാണ് പരാതിയിലുള്ളത്.
പിന്നീട് എന്‍.കെ.സൂദ് എന്ന റോ ഉദ്യോഗസ്ഥന്‍ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എ.ബി.വാജ്‌പേയിയെ ഈ വിഷയം ധരിപ്പിച്ചു. അദ്ദേഹം നേരിട്ട് പ്രധാനമന്ത്രിയും സുഹൃത്തുമായിരുന്ന പി.വി.നരസിംഹറാവുവിനെ കണ്ട് കാര്യങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയം വഴി മാഥുറിനെ മോചിപ്പിച്ചത്. കസ്റ്റഡിയിലെ കൊടിയ മര്‍ദ്ദനങ്ങള്‍ അദ്ദേഹത്തെ ജീവിതകാലം മുഴുവന്‍ പിന്തുടര്‍ന്നു.
അന്‍സാരി കുടുക്കി; വാജ്‌പേയി രക്ഷിച്ചു
ഇറാനിലെ മതകേന്ദ്രമായ ക്വോം കാശ്മീരി ഭീകര വിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നതായി ‘റോ’ നിരീക്ഷിച്ചു. ഇക്കാര്യം അന്‍സാരിയെ അറിയിക്കേണ്ട എന്ന് സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചിട്ടും ചീഫ് ആയ ഡി.ബി.മാത്തൂര്‍ അന്‍സാരിക്ക് വിവരം നല്‍കി. അധികം വൈകാതെ മാത്തൂര്‍ ‘സാവക്കിന്റെ’ പിടിയിലായി. വാജ്‌പേയി ഇടപെട്ടതിനെ തുടര്‍ന്നാണ് മാത്തൂര്‍ മോചിതനായത്. ജയിലില്‍ നിന്നും ഇന്ത്യന്‍എമ്പസിയിലെത്തിയ മാത്തൂര്‍ പറഞ്ഞത് തന്നെക്കുറിച്ച് വിവരം നല്‍കിയത് അന്‍സാരിയാണെന്നാണ്.
ഇറാനിലെ സ്ഥാനപതി കാര്യാലയ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഉമറിന്റെ കാര്യത്തിലും ഹമീദ് അന്‍സാരിയുടെ നിലപാട് ഇതു തന്നെയായിരുന്നു. റോയുടെ സ്‌റ്റേഷന്‍ ചീഫ് പി.കെ.വേണുഗോപാലിനും ഇറാനില്‍ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. കൈക്കൂലി വാങ്ങി ഇറാന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കിയെന്ന ആരോപണവും മുന്‍ റോ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശകാര്യമന്ത്രാലയത്തെ അറിയിക്കാതെ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഹമീദ് അന്‍സാരി രഹസ്യ കൂടിക്കാഴ്ചകള്‍ നടത്തിയെന്നും ആരോപണമുണ്ട്.
ഹമീദ് അന്‍സാരിയുടെ സാന്നിദ്ധ്യത്തില്‍ റോയുടെ പ്രാഥമികമായ ലക്ഷ്യം നിറവേറ്റുന്നതു പോലും അസാദ്ധ്യമായിരുന്ന കാലമായിരുന്നു അത്. പിന്നീട് ഐ.കെ.ഗുജ്‌റാള്‍ പ്രധാനമന്ത്രിയായപ്പോള്‍ റോയുടെ പതനം പൂര്‍ത്തിയായി. നിരവധി രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ രഹസ്യ സംരക്ഷണം എടുത്തു കളഞ്ഞു. നിരവധി ഏജന്റുമാരും വിവരദാതാക്കളും കൊല്ലപ്പെട്ടു. ഭാഗ്യവശാല്‍ ഗുജ്‌റാള്‍ മന്ത്രിസഭയ്ക്ക് ആയുസ്സില്ലാതെയായി.
തുടര്‍ന്ന് എ.ബി.വാജ്‌പേയിയുടെ സര്‍ക്കാരാണ് ഇന്ന് കാണുന്ന വിധത്തില്‍ റോയെ പുനരുജ്ജീവിപ്പിച്ചത്. പക്ഷെ ഭ്രാന്തന്‍ നയങ്ങള്‍ കൊണ്ട് നമ്മുക്ക് നഷ്ടപ്പെട്ടത് രാഷ്ട്ര സുരക്ഷയ്ക്കുതകുന്ന അമൂല്യമായ വിവരങ്ങളാണ്. ഓരോ ഭീകരാക്രമണം ഉണ്ടാകുമ്പോഴും മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കു വയ്ക്കുന്ന പ്രധാന ആശങ്ക, 91 ന് ശേഷം ശത്രുരാജ്യത്തും, ഭീകര സംഘടനകളിലും നമ്മുടെ ചാരന്മാരില്ല എന്നുള്ളതാണ്. അതിന്റെ ഫലമാണ് 90 കള്‍ക്ക് ശേഷം ഈ രാജ്യം അനുഭവിച്ച ഭീകരവാദത്തിന്റെ കണക്കുകള്‍.
നാടിനോട് കൂറുകാട്ടിയതിന് മര്‍ദ്ദനം
ഇറാനിലെ ഇന്ത്യന്‍ എമ്പസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ മുഹമ്മദ് ഉമറിനെ സമീപിച്ച് തങ്ങള്‍ക്കുവേണ്ടി ചാരപ്പണി ചെയ്യാന്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നിര്‍ബ്ബന്ധിച്ചിരുന്നു. ഇതിനു തയ്യാറാവാതെ ഉമര്‍ ഇക്കാര്യം മേലധികാരിയെ അറിയിച്ചു. ഇക്കാര്യം മേലധികാരി അന്‍സാരിക്ക് റിപ്പോര്‍ട്ട് ചെയ്തു. ദിവസങ്ങള്‍ക്കകം ഉമറിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി വിദൂരസ്ഥലത്ത് തള്ളി. ഇറാന്‍ അധികൃതരോട് എതിര്‍പ്പ് അറിയിക്കാന്‍ അന്‍സാരി തയ്യാറായില്ല. പകരം ഉമറിനെ ഇല്ലാത്ത കുറ്റം ചുമത്തി ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ‘റോ’ ബ്യൂറോ ചീഫ് വേണുഗോപാലിനുമേല്‍ അന്‍സാരി സമ്മര്‍ദ്ദംചെലുത്തി. മറ്റ് ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെ വേണുഗോപാല്‍ ഇതിനു സമ്മതിച്ചില്ല. വേണുഗോപാലും ഇറാന്‍ ഇന്റലിജന്‍സിന്റെ മര്‍ദ്ദനത്തിനിരയായി.
ഇടതുപക്ഷ മുഖം മൂടിയണിഞ്ഞ് ഇസ്ലാമിക തീവ്രനിലപാടുകള്‍ പരസ്യമായി പറയുന്ന സംഘടനയുടെ വേദിയില്‍ കയറി ഇരവാദം പ്രസംഗിക്കുന്ന ഹമീദ് അന്‍സാരിയെപ്പോലുള്ളവര്‍ ചെയ്തു വച്ച പാതകം വൈകിയാണെങ്കിലും പുറത്തു വന്നിരിക്കുകയാണ്. ഇത്തരം ആളുകള്‍ക്ക് വളം വച്ച് കൊടുക്കുന്ന സിപിഎമ്മിന്റെ നടപടിയും തുറന്നു കാട്ടണം. സ്വന്തം രാജ്യത്തേക്കാള്‍ കൂടുതല്‍ ചൈനയെ സ്‌നേഹിക്കുന്നവരില്‍ നിന്ന് കൂടുതലെന്ത് പ്രതീക്ഷിക്കാന്‍….!!