Saturday, June 10, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home നോവൽ

സത്യാന്വേഷിയും സാക്ഷിയും

പ്രശാന്ത്ബാബു കൈതപ്രം

Print Edition: 16 April 2021

നെടിയിരിപ്പിന്റെ ചരിത്രവഴികളിലേക്ക് തലവെച്ച് കൊണ്ടോട്ടി കിടന്നു. റക്അത്തിന്റെ ദൈവീക നിമിഷത്തിലേക്ക്, അല്‍കഹഫിന്റെ ആത്മീയ പൊരുളിലേക്ക്, സംഘനമസ്‌കാര ത്തിന്റെ സംശുദ്ധിയിലേക്ക് വെള്ളിയാഴ്ച മധ്യാഹ്നങ്ങളില്‍ തിരൂരങ്ങാടി വരെ നടന്നുപോയതിന്റെ ഓര്‍മ്മ ആ കിടപ്പിനെ ആവേശംകൊള്ളിച്ചു. ജുമുഅ പ്രാര്‍ത്ഥനയ്ക്ക് തിരൂരങ്ങാടി വരെ ഏറെ നാഴിക നടക്കേണ്ടതായുള്ള ദുര്യോഗം അവസാനിപ്പിക്കാന്‍ കാട് കൊണ്ടുവെട്ടിത്തെളിച്ചു നിര്‍മ്മിച്ച പഴയങ്ങാടി ജുമാമസ്ജിദിന്റെ മിനാരം ആകാശത്തെ തുളച്ചുനില്‍ക്കുന്നത് കൊണ്ടോട്ടി തക്കിയാവിന്റെ പൂമുഖത്തിരുന്നാല്‍ വ്യക്തമായി കാണാം.

കാട് വെട്ടിത്തെളിക്കാന്‍ കാരണവന്മാര്‍ കണ്ട സൂത്രം തലയൂര് മൂസത്തിന്റെ ജന്മിത്തം ഇടതൂര്‍ന്നമര്‍ന്നു കിടന്ന കാനനഛായയിലേക്ക് കാഞ്ചനനാണയങ്ങള്‍ വലിച്ചെറിയലായിരുന്നു. അവ കണ്ടെടുക്കാനായി കാടുവെട്ടിത്തെളിക്കാന്‍ മത്സരിച്ചിറങ്ങിയ സാധുക്കള്‍ക്ക് കിട്ടിയത് സ്വര്‍ണത്തിളക്കം മാത്രമായിരുന്നില്ല. ദൈവീക വഴിയിലേക്ക് നാടിനെയെത്തിക്കാനുള്ള സ്ഥലമൊരുക്കലിന്റെ നിയോഗം കൂടിയായിരുന്നു.
തെക്കുഭാഗത്തുള്ള അയിനിമരത്തെ ഇളക്കി വന്ന ഒരു കാറ്റ് തന്നെത്തലോടി കിഴക്കേ ഭാഗത്തേക്ക് കടന്നപ്പോള്‍ തക്കിയാവിന്റെ വരാന്തയില്‍ നിന്നും അവൂക്കര്‍ ഇരുട്ടിലേക്ക് ലയിച്ചില്ലാതാവുന്ന വെളിച്ചത്തെ നോക്കി. വരാന്തയിലെ ഈ സായാഹ്ന മയക്കം ഒരു പതിവായിട്ടുണ്ട് ഇപ്പോള്‍.

മുറ്റത്തേക്കിറങ്ങുമ്പോള്‍ തങ്ങളെത്തിയോ എന്ന് നോക്കണോ എന്ന് സന്ദേഹിച്ചു. തക്കിയാവിന്നു പിന്നില്‍ തങ്ങളുടെ ഭവനം മുന്നിലെ സൂക്ഷ്മ സ്മൃതികളുടെ മഹാസൗധത്തെ നോക്കി ധ്യാനനിരതമായി. തങ്ങള്‍ എത്തിയിട്ടുണ്ടെങ്കില്‍ത്തന്നെ അന്തിനിസ്‌കാരത്തിന്റെ തയ്യാറെടുപ്പിലാവണം. തനിക്ക് മഗ്‌രിബ് സമയത്ത് പഴയങ്ങാടി പള്ളീലെത്തണം. സത്യവിശ്വാസത്തിന്റെ നേര്‍ബിന്ദുക്കളിലൂടെ താന്‍ വരച്ച ശീലത്തിന്റെ രേഖകളിലൂടെ അവൂക്കര്‍ നടന്നു. ആകാശപ്പരപ്പിലേക്ക് വിതറിക്കിടക്കുന്ന കടുംചുവപ്പ് മായും മുമ്പുള്ള നാലാം പ്രാര്‍ത്ഥനയുടെ പുണ്യ നേരത്തേക്ക് അയാള്‍ കുതിക്കുകയായിരുന്നു. ആ വേഗം എതിരെ വന്ന കുട്ട്യാലിയുടെ ചോദ്യത്തില്‍ത്തട്ടി നിലച്ചു.

‘വൈകി അല്ലേ?’
‘ഉം , ഉറങ്ങിപ്പോയി. തങ്ങളെക്കണ്ടില്ല. വന്നിരുന്നൂന്ന് ങ്ങള് പറഞ്ഞേക്കൂ’ അയാള്‍ വീണ്ടും നടന്നു.
‘പൊന്നാനിക്ക് പോയതാ. എത്തീട്ടുണ്ടാവണം. പറഞ്ഞേക്കാം. ‘ കുട്ട്യാലിയുടെ ശബ്ദം പുറകില്‍ മുഴങ്ങി.

നിസ്‌കാര ശേഷം മസ്ജിദില്‍ നിന്നിറങ്ങി അവൂക്കര്‍ വീട്ടിലേക്ക് നടന്നു. അറബി സാഗരത്തിലേക്ക് കാലുനീട്ടി ഒടിഞ്ഞ് വളഞ്ഞ് ശാന്തമായുറങ്ങുന്ന വലിയതോട് കൊണ്ടോട്ടിയിലേക്ക് ഉദരമമര്‍ത്തിക്കിടക്കുന്നു. പാലം കടന്ന് അവൂക്കര്‍ പിറകോട്ടു നോക്കി. മുശ്താഖ്ഷാ തങ്ങള്‍ മഗ്‌രിബ് കഴിഞ്ഞ് കുതിരപ്പന്തിയിലേക്ക് നടന്നിട്ടുണ്ടാകും. കുതിരക്കാരുടേയും കുതിരകളുടേയും രാത്രിഭക്ഷണക്കാര്യം തന്റേതിനും മുമ്പേ കഴിഞ്ഞിട്ടുണ്ടാകണമെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ട്. കുതിരക്കാരുടേത് മാത്രമല്ല, തക്കിയാവിന്റെ ദൈനംദിന വ്യവഹാരങ്ങള്‍ക്കൊപ്പം ചലിച്ച് ജീവിതം മുന്നോട്ടു നീക്കുന്ന ഓരോരുത്തരുടേയും കുടലും കുടിലും ഒരിക്കല്‍പോലും ഒഴിഞ്ഞുകിടക്കുന്നില്ലെന്നുറപ്പിക്കാന്‍ തങ്ങള്‍ പരമാവധി ശ്രമിക്കാറുണ്ടെന്നത് പ്രവിശ്യക്കപ്പുറത്തേക്ക് പറന്നു പോയിട്ടുള്ള അറിവാണ്.

തിരിച്ചുപോയി തങ്ങളെ ഇപ്പോത്തന്നെ കണ്ടാലോ എന്ന് തെല്ലിട സംശയിച്ചെങ്കിലും ഉമ്മയുടെ വിരല്‍ പിടിച്ച് വരാന്തയില്‍ നിന്ന് ഇരുട്ടിലേക്ക് നീളുന്ന വഴിയിലേക്ക് കണ്ണുകൂര്‍പ്പിക്കുന്ന ഖാദറിന്റെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ തിരിഞ്ഞ് നടന്നു. അങ്ങാടി ഉറക്കത്തിലേക്ക് വഴുതിക്കഴിഞ്ഞിരുന്നു. തോടിന് ഓരംപറ്റിക്കിടക്കുന്ന തെങ്ങുകളും കവുങ്ങുകളും നക്ഷത്രത്തിളക്കമുള്ള ആകാശത്തിലേക്ക് നോക്കി അനങ്ങാതെ നില്‍ക്കുന്നു. നിമ്‌നോന്നതങ്ങളുടെ മനോഹാരിത തരംഗരൂപിയായി കിടക്കുന്ന ഈ നാട്ടിലെ സ്ഥാവരജംഗമങ്ങളുടെ തലയെടുപ്പുകളിലെല്ലാം കലര്‍ന്നിരിക്കുന്ന ദിവ്യതയുടെ അംശത്തെ രാത്രിസഞ്ചാരങ്ങള്‍ അവൂക്കറിനെ അനുഭവപ്പെടുത്തിയിട്ടുണ്ട്.

താന്‍ നടക്കുന്ന വഴിക്കപ്പുറം തോടിനഭിമുഖമായി നില്‍ക്കുന്ന വീടിന്റെ കോലായില്‍ ആളനക്കമുണ്ടെന്ന് അകലെ നിന്ന് തന്നെ അവുക്കര്‍ ഉറപ്പുവരുത്തി. വേലായുധന്റേതാണ് വീട്. ഒരു തോര്‍ത്തുമുണ്ടു മാത്രമുടുത്ത് കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു വേലായുധന്‍. തോട്ടിലേക്കിറങ്ങാനായി വഴിയെമുറിക്കാന്‍ കാലെടുത്തു വച്ചപ്പോള്‍ത്തന്നെ അവൂക്കറെ കണ്ടു.
‘തങ്ങളെ കണ്ടോ അവൂക്കര്‍ക്കാ?’
‘ഇല്ല, തക്കിയാവില് പോയിരുന്നു. കാണാന്‍ പറ്റീല’
‘സാരൂല, നാളെ മതീല്ലോ. നമുക്ക് മറ്റന്നാളല്ലേ മീറ്റിംഗ്’
‘ഉം’
‘നാളെ ഞാനും വരാം തങ്ങള്‍ടെ അടുത്തേക്ക്’ വേലായുധന്‍ തോട്ടിലേക്കു നടന്നു.
‘ഇന്‍ഷാ അള്ളാ’
അവൂക്കര്‍ തോടിനു സമാന്തരമായിക്കിടക്കുന്ന വഴിയിലൂടെ മുന്നോട്ടു നടന്നു. വേലായുധന്‍ ഉറക്കത്തിലേക്ക് വഴുതിക്കഴിഞ്ഞ വലിയതോട്ടിലെ വെള്ളത്തിലേക്കിറങ്ങി അതിനെ അനക്കിയുണര്‍ത്തുന്ന ശബ്ദം പിറകില്‍. വയല്‍പ്പരപ്പിലെ വരമ്പിന്റെ രൂപത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്ന പാതയുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്ന ചീവിടുകളുടെ ശബ്ദം മുന്നില്‍.
വയലിന്റെ ഓരങ്ങളിലും അകലെ കുന്നിന്‍ ചെരുവിലും ദൂരെദൂരെയായിക്കിടക്കുന്ന വീടുകള്‍. ഒച്ചയും അനക്കവും നിലച്ച് ധ്യാനനിരതമായിക്കിടക്കുന്ന കൊച്ചുകൊച്ചു കൂടാരങ്ങള്‍. പകലധ്വാനത്തിന്റെ പരവേശത്തിന് മയക്കം കൊണ്ട് സാന്ത്വനപ്പെടുന്നവര്‍ക്ക് കവചമാകുന്ന ചേരികള്‍, പുരകള്‍, ചാളകള്‍, കുടികള്‍. മിക്കവര്‍ക്കും സ്വന്തമെന്ന് പറയാനായുള്ളത് അവ മാത്രം. ചിലപ്പോള്‍ അവ പോലും സ്വന്തമല്ലാതായേക്കാം.
ശാന്തതയുടെ ഇത്തരം കവചങ്ങളെയാവും യുദ്ധമോരോന്നും ചീന്തിയെറിയുന്നത്. മയക്കങ്ങള്‍ക്കുമേല്‍ ബോംബുകള്‍ വീണു പൊട്ടുമ്പോള്‍ പൊടുന്നനെയുണര്‍ന്ന് ഞൊടിയിട കൊണ്ട് തീജ്വാലകള്‍ക്ക് കീഴടങ്ങുന്നവ. അവയ്ക്കകത്ത് സുരക്ഷിതമെന്ന് തെറ്റിദ്ധരിച്ച് നാളേക്കുള്ള കരുതിവെപ്പുകളെക്കുറിച്ച് ആശ്വസിക്കുന്ന ഗൃഹനാഥന്മാര്‍, പൈതലിന്റെ വിശപ്പിന്റെ കരച്ചിലുകളാല്‍ മുറിഞ്ഞ നിദ്രയില്‍ അരുമയുടെ വായിലേക്ക് മുലഞെട്ടു തിരുകിക്കിടക്കുന്ന അമ്മമാര്‍, ഇണയിലൂടെ ഒഴുകി അനുഭൂതികളില്‍ മുങ്ങാങ്കുഴിയിടുന്ന മിഥുനങ്ങള്‍. ഇവരുടെ നാളെകള്‍ ഒരു നിമിഷം കൊണ്ട് തകര്‍ത്തെറിയുന്ന ഭീമന്‍ യന്ത്രപ്പക്ഷികള്‍.

എത്ര ഭീകരമായിരിക്കും ശാന്തിമന്ത്രം ചൊല്ലാനോ കലിമയോതാനോ ഉള്ള മാത്രയൊട്ടും ലഭിക്കാതെ മരണത്തിലേക്ക് ചിതറേണ്ടി വരുന്നവരുടെ അവസ്ഥയെന്നാലോചിച്ചപ്പോള്‍ അവൂക്കറിന് പേടി തോന്നി. അയാള്‍ വേഗത്തില്‍ നടന്നു.
പിറ്റേന്ന് രാവിലെ തക്കിയാവിലേക്ക് നടക്കുമ്പോഴും അവൂക്കറുടെ മനസ്സില്‍ ലോകമഹായുദ്ധത്തിന്റെ വെടിയൊച്ചകള്‍ തന്നെയായിരുന്നു. നവയൗവ്വനം നല്‍കിയ ധീരതയോ ആവേശമോ കൊണ്ടാവണം വേലായുധന് തന്റെ യുദ്ധക്കെടുതി വിവരണങ്ങള്‍ അസ്വസ്ഥപ്പെടുത്താത്തതെന്ന് ചിന്തിച്ച് അവൂക്കര്‍ പിറകില്‍ നടന്നു.
‘വരമ്പിലൂടെയുള്ള ഈ നടത്തം തന്നെയാ അവൂക്കര്‍ക്കാ ലോകത്തെ മിക്കഭാഗത്തും മനുഷ്യന്മാര്‌ടെ ജീവിതം. വഴുതിപ്പോകുമോന്നുള്ള പേടി മുന്നോട്ട് പോകുമ്പോ കൂടെത്തന്നെ ഉണ്ടാവും’

‘അഞ്ചാറു കൊല്ലായി ദുനിയാവ് മുടിക്കാന്‍ അങ്ങോട്ടും ഇങ്ങോട്ടും’
‘ലോകയുദ്ധം മാത്രല്ല ഇക്കാ. എത്രയെത്ര സമരങ്ങള്‍, വിപ്ലവങ്ങള്‍, മതസംഘര്‍ഷങ്ങള്‍. അധികാരം നിലനിര്‍ത്താനും മറിച്ചിടാനും നേടിയെടുക്കാനും ശ്രമിക്കുന്നവരുടെ ചോരക്കാഴ്ച കള്‍. ചോരകൊണ്ട് ചരിത്രമെഴുതുക എന്നത് കേള്‍ക്കാന്‍ സുഖാ. അനുഭവിച്ചവര്‍ക്കല്ലേ അതിന്റെ വേദനയറിയൂ.’ വേലായുധന്‍ ചെറിയപാലം കയറി. പിറകെ അവൂക്കറും.
‘ജീവനോടുന്ന ശരീരത്തിലല്ലേ ചോരപൊടിയൂ. ആ ശരീരങ്ങളെ അത്രത്തോളം വളര്‍ത്താന്‍ ഈ മണ്ണ്, സമൂഹം എത്രമാത്രം നല്‍കിയിട്ടുണ്ടാകും. നൊടിയിടയില്‍ അതൊക്കെ ഇല്ലാതാക്കുമ്പോള്‍ അത് ജയമാകുന്നതെങ്ങനെ?’
അകലെ തിരുവോണമലയില്‍ നിന്നും സഹസ്രാബ്ദങ്ങള്‍ കടന്നെത്തുന്ന ജൈനകഥ കേട്ടുറങ്ങുകയും ഉണരുകയും ചെയ്യുന്ന അരിമ്പ്രമല ചുരത്തുന്ന പോഷകനീര് കൊണ്ടോട്ടിയുടെ ഹൃദയത്തിലൂടെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന സിരകളെ സമൃദ്ധമാക്കി. ഊരകംമല ഉറക്കം വിട്ടുണര്‍ന്നതേയുള്ളൂ. മേപ്പറ്റക്കുന്നും കരിപ്പൂര്‍ക്കുന്നും ഇടംവലം നിന്ന് കിഴക്കുനിന്നൊഴികിയെത്തുന്ന വെളിച്ചത്തെ പതുക്കെ പടിഞ്ഞാറോട്ട് തള്ളിവിടാന്‍ തുടങ്ങിയതേയുള്ളൂ.

പാതിയിരുട്ടത്തായിരുന്നു അവൂക്കര്‍ വേലായുധന്റെ വീട്ടുമുറ്റത്ത് അവനെ കൂട്ടിക്കൊണ്ടുപോകാനെത്തിയത്. പ്രഭാതനിദ്രയെ പാതിയില്‍ മുറിച്ച് വേലായുധന്‍ എഴുന്നേല്‍ക്കുകയായിരുന്നു. വളരെപ്പെട്ടെന്ന് ഒരുങ്ങിയിറങ്ങിയ വേലായുധന്റെ ചെറുപ്പത്തിന്റെ ചടുലതയെ നോക്കി അവൂക്കര്‍ മുറ്റത്തെ തുമ്പത്തിരുന്നു. എഴുന്നേറ്റിട്ടില്ലാത്ത അച്ഛനമ്മമാരോട് മുറ്റത്തു നിന്നും വിളിച്ചു പറഞ്ഞ് വഴിയിലേക്കിറങ്ങുമ്പോഴേക്കും ചുറ്റും വ്യക്തമാകത്തക്കവിധം വെളിച്ചം പരന്നു കഴിഞ്ഞിരുന്നു.

മമ്മദിന്റെ കാളവണ്ടി രണ്ടുപേരെയും കടന്ന് തെക്കുഭാഗത്തേക്ക് പോയി.
‘എവ്ട്ക്കാ രണ്ടാളും വെള്ക്കും മുമ്പ് ?’ അയാള്‍ ഇങ്ങനെ ചോദിച്ചിരുന്നുവെങ്കിലും ‘തങ്ങളെക്കാണാന്‍’ എന്ന അവൂക്കറുടെ മറുപടി അയാള്‍ കേട്ടിരിക്കാനിടയില്ല. മോങ്ങത്തു നിന്ന് സാധനങ്ങള്‍ കയറ്റി വെയിലുമൂക്കും മുമ്പ് അയാള്‍ക്ക് കൊണ്ടോട്ടിയിലെത്തണം. എന്നും ഈ സമയത്ത് കൊണ്ടോട്ടിയില്‍ നിന്ന് പോകുന്ന മമ്മദ് മോങ്ങത്തെത്തി ഒരു ഗ്ലാസ് ചായ അകത്താക്കുമ്പോഴേക്കും ചന്ത പതുക്കെപ്പതുക്കെ ഓരോ ഇതളായി വിരിയാന്‍ തുടങ്ങും. ഔദുവിന്റെ പച്ചക്കറി നിരന്നു കഴിയുമ്പോഴേക്കും മൂസക്കയുടെ ഉണക്കമീന്‍ പെട്ടികള്‍ തുറക്കപ്പെടും. കാദറിന്റെ ഇരുമ്പായുധങ്ങള്‍, ഉണ്ണിമൂസയുടെ മണ്‍പാത്രങ്ങള്‍, ചീരുവിന്റെ ഓലക്കൊട്ടകള്‍, പായകള്‍. ഓരോന്നും നിരന്നു വരുന്നതിനനുസരിച്ച് ബഹളം പടര്‍ന്നു പടര്‍ന്നങ്ങനെ അവിടമാകെ നിറയും. വെയില്‍ മൂക്കുന്നതോടെ മോങ്ങച്ചന്ത അതിന്റെ പ്രൗഢപ്രതാപം നേടിയെടുത്തിരിക്കും.

പിന്നീടും കാളവണ്ടികള്‍ തെക്കുഭാഗത്തേക്ക് കടന്നു പോയ്‌ക്കൊണ്ടിരുന്നു. ബ്രിട്ടീഷ് പോലീസിന്റെ ഒരു വണ്ടി ചീറിപ്പാഞ്ഞ് പോയപ്പോള്‍ അവിടമാകെ പൊടികൊണ്ടു മൂടി. കാളകള്‍ വണ്ടിയുടെ ശബ്ദം കേട്ട മാത്രയില്‍ ഓരം ചേര്‍ന്നു നടന്നു. ജീവനില്ലാത്ത ചക്രങ്ങള്‍ കാളക്കുളമ്പുകളുടെ വഴിയെ നീങ്ങുന്നത് നോക്കി അവൂക്കര്‍ നടന്നു. പുതുശിലായുഗം മുതല്‍ മാനവസംസ്‌കൃതിയെ ഉരുട്ടി നീക്കിയ ചക്രങ്ങള്‍. കാലത്തിന്റെയും ദേശത്തിന്റെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മനുഷ്യനേയും വിഭവങ്ങളേയും കൈമാറ്റം ചെയ്യാന്‍ കൂട്ടുനിന്ന വൃത്തരൂപികള്‍. കളിപ്പാട്ടത്തിലായാലും ശകടത്തിലായാലും സംസ്‌കൃതിയും കാലവുമേതായാലും ചക്രത്തിന്റെ രൂപമൊന്നുതന്നെ.

‘ഒരര്‍ത്ഥത്തില്‍ നമ്മളും ഒരു വലിയ ചക്രത്തിന്റെ ഭാഗമല്ലേ അവൂക്കര്‍ക്കാ.’ തന്റെ ചിന്ത ചക്രങ്ങളെക്കുറിച്ചാണെന്നത് വേലായുധനെങ്ങനെ മനസ്സിലാക്കി എന്നതായിരുന്നു അവൂക്കറിന്റെ അതിശയം.
‘ജലം, വായു, ജീവിതം, ചരിത്രം ഒക്കെ കറങ്ങിക്കൊണ്ടേയിരിക്കുന്നു.’ അവൂക്കര്‍ തലയിലെ ചുറ്റിക്കെട്ടെടുത്ത് തോളിലേക്കിട്ടു.
തക്കിയാവിന്റെ പൂമുഖം മുന്നില്‍.

തെക്കുഭാഗത്തെ അയിനിമരത്തില്‍ നിന്ന് മുറ്റത്താകെ വീണു കിടക്കുന്ന ഉണക്കയിലകള്‍ തൂത്തുവൃത്തിയാക്കുന്ന രണ്ടു സ്ത്രീകള്‍. ചന്തയില്‍ നിന്ന് സാധനങ്ങള്‍ കൊണ്ടുവരാന്‍ ഒരുക്കി നിര്‍ത്തിയിട്ടിരിക്കുന്ന കുതിരവണ്ടിയിലേക്ക് കയറുന്ന വണ്ടിക്കാരന്‍ കുഞ്ഞാമു.
അയാള്‍ തണുപ്പുമാറാത്ത ഒരു ചിരി പുറത്തേക്കു വിട്ടപ്പോള്‍ വേലായുധന്‍ ചോദിച്ചു. ‘തങ്ങള്‍?’
‘ഖുബ്ബയിലേക്ക് പോയ്താ. വരും. കയറിയിരിക്ക്’ വാക്കുകളില്‍ ബഹുമാനത്തിന്റെ അടക്കം. അതിന്റെ അതേ പതിഞ്ഞ മട്ടോടെ വണ്ടിയില്‍ കയറി കുഞ്ഞാമു കുതിരകളെ തെളിച്ചു. കുതിരവണ്ടി പുറത്തേക്കു നീങ്ങി. രണ്ടുപേരും തക്കിയാവിന്റെ വരാന്തയിലേക്ക് കയറി അവിടെയുള്ള ബെഞ്ചിലേക്കിരുന്നു. അയിനി മരത്തിനപ്പുറത്തെ ഇലഞ്ഞിക്ക് മുകളില്‍ നിറയെ പൂക്കള്‍. താഴെയും വീണു കിടപ്പുണ്ട് ധാരാളം. രണ്ടു മരങ്ങളിലുമായി അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്ന അണ്ണാരക്കണ്ണന്‍ ഏതാനും പക്ഷികളുമായി സൗഹൃദം പങ്കിടുന്നു.


തക്കിയാവിന്റെ പിറകിലുള്ള വീട്ടില്‍ നിന്നും ആരോ വന്ന് വരാന്തയിലിരിക്കുന്നവരെ എത്തിനോക്കി മറഞ്ഞു. അല്പ സമയം കഴിഞ്ഞ് ഒരു സ്ത്രീ രണ്ടു കോപ്പകളില്‍ ചായയുമായി പ്രത്യക്ഷപ്പെട്ടു. അതു വാങ്ങിക്കൊണ്ട് അവൂക്കര്‍ ചോദിച്ചു.

‘തങ്ങള്‍?’
‘ഇപ്പോ വരും. സുബേലൊരു നടത്തുണ്ട്. ചുറ്റുവട്ടത്തായിട്ട്’
‘ഉം’
അവര്‍ പോയി. ഇത്തിരി കഴിഞ്ഞതേയുള്ളൂ. തങ്ങള്‍ രണ്ടുമരങ്ങള്‍ക്കും ഇടയിലുള്ള വഴിയില്‍ കൂടി നടന്നു വരുന്നത് കണ്ടു. കൂടെ ഒരു കാര്യക്കാരനും.
വേലായുധന്‍ വെറുതെ ചുമരിലേക്ക് കണ്ണോടിച്ചു.
അവൂക്കര്‍ വായിച്ചു കൊടുത്തു.

‘യത്‌റുകുദ്ദുന്യാ വ: യതവക്കലു ഫില്ലാ’ ലോകമേ വിട… ദൈവമേ തുണ. പടച്ചവനിലേക്കുള്ള പ്രയാണത്തിന്റെ നേര്‍രേഖയായിക്കിടന്ന പുതുവഴിയില്‍ കേട്ട ശബ്ദം. ദുന്‍യാവ് നാശപരമാണെന്നും ശാശ്വതയാത്രയില്‍ വിട്ടുകടക്കാനുള്ള ഒരിടം മാത്രമാണെന്നും ഓര്‍മ്മിപ്പിച്ചവരുടെ നാദം. ദുന്‍യാവിനെ കടലായും സല്‍ക്കര്‍മ്മങ്ങളെ കപ്പലായും സങ്കല്പിച്ചവന്റെ ഭാവന. വിഴുങ്ങാന്‍ നില്‍ക്കുന്ന തിരമാലകളേറെയുള്ള കടല്‍പ്പരപ്പില്‍ ഒരഭ്യാസിയെപ്പോലെ മുങ്ങാതെ ലക്ഷ്യം വരെ തുഴയാന്‍ പഠിപ്പിച്ചവരുടെ താളം. അനശ്വര സ്‌നേഹത്തിന്റെ ആനന്ദം പകര്‍ന്ന സൂഫിയുടെ ഈണം.

വിദൂരദേശങ്ങളിലേക്ക് വ്യാപാരത്തിനായുള്ള ദീര്‍ഘയാത്രകളില്‍ സാമൂഹ്യ പ്രാര്‍ത്ഥനകള്‍ക്കായി, മതനിയമങ്ങളുടെ ഇടംവലം ചൂണ്ടലുകള്‍ കൊണ്ട് തീര്‍പ്പുകല്പനകളുടെ അവസാന വാക്കുകള്‍ക്കായി, കടല്‍യാത്രയിലെ ആലസ്യത്തിനു മുകളിലേക്ക് ആത്മശാന്തിയുടെ ഈണങ്ങള്‍ പകരുന്നതിനായി കച്ചവടക്കാര്‍ക്കൊപ്പം ലോകം ചുറ്റിയ സൂഫിമാര്‍. വ്യാപാരികള്‍ക്കും തദ്ദേശീയര്‍ക്കുമിടയില്‍ മധ്യസ്ഥത്തിന്റെ പ്രായോഗിക നീക്കങ്ങള്‍ക്ക് നിപുണരായിരുന്ന അവധൂതര്‍.

ദൈവവും മനുഷ്യനും സംലയിക്കാനുള്ളൊരു നേര്‍വര. പ്രവാചക വചനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതും മതബോധത്തിന്റെ മുഖ്യധാരയ്ക്ക് സമാന്തരവുമായ കാലത്തിന്റെ വഴി. ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്ന ആത്മീയ ഉടമ്പടി. സര്‍വസംഗ പരിത്യാഗത്തിന്റെ നേര്‍വഴിയില്‍ പടച്ചവനെ മാത്രം അനുഭവിച്ച സന്ന്യാസം. ഗുരുവില്‍ നിന്ന് മുരീദുമാരിലേക്ക് ഒഴുകിപ്പടര്‍ന്ന വൈരാഗ്യധ്വനി.

സൂഫിമാര്‍ പിറന്നു. ദൈവത്തിനും ശിഷ്യന്മാര്‍ക്കുമിടയില്‍ ശൈഖുമാര്‍ പിറന്നു. ശൈഖുമാര്‍ ദിവ്യത്വം കൊണ്ട് ലോകത്തെ അമ്പരപ്പിച്ചു. അവരുടെ ദര്‍ഗകള്‍ക്കു ചുറ്റും അനുയായി വൃന്ദങ്ങളുടെ വൃത്തങ്ങള്‍ രൂപപ്പെട്ടു .
മറാഠയുടെ പ്രതാപ ഭൂമിയിലെ കര്‍ദാനില്‍ പിറവി കൊണ്ട ശൈഖ് ഹസ്രത്ത് മുഹമ്മദ് ഷാ ഖാദിരി. ഖാദിരിയ്യ ചിസ്തിയാ ത്വരീഖത്തിന്റെ ആത്മീയ വഴിയിലൂടെ അനുഗാമികളെ നടത്തിച്ച പഥികന്‍. പതിനെട്ടാം ശതകത്തിന്റെ മധ്യകാലത്തൊരുനാള്‍ ഔറങ്കാബാദില്‍ നിന്നെത്തിയ ഹസ്രത്ത് കറം അലി ഷായെ കണ്ടു മുട്ടുന്നു. ഗുരുവിന് നല്‍കാനുണ്ടായിരുന്നത് വെളിച്ചം മാത്രം. ആ വെളിച്ചത്തില്‍ മുഹമ്മദ് ഷാ നടന്നു. കറം അലി പകര്‍ന്ന വെട്ടത്തില്‍ മുരീദായി അയാള്‍ കാലത്തെക്കുറിച്ച് പാടി. ലോകത്തെ ആഴത്തില്‍ കണ്ടു.

മുംബാദേവിയുടെ മണ്ണില്‍ പറങ്കികള്‍ ഉള്‍ക്കടലിന്റെ ഓരം കവര്‍ന്ന കാലം. പിന്നീട് പറങ്കിരാജാവിന്റെ പുത്രി കാതറീന്‍ ബ്രിട്ടീഷ് രാജകുമാരനായ ചാള്‍സ് രാജകുമാരനെ വരിച്ചപ്പോള്‍ സ്ത്രീധനമായി നഗരം ബ്രിട്ടീഷുകാര്‍ നേടി. ബ്രിട്ടീഷുകാരുടെ തിമിര്‍പ്പില്‍ മൗര്യരും ഇറാനിയരും സാതവാഹനരും പറങ്കികള്‍ക്കു മുമ്പ് തീര്‍ത്ത ചരിത്രത്തിന്റെ ഏടുകള്‍ ചുളുങ്ങി. സില്‍ഹാര രാജവംശത്തിന്റെ കഥകള്‍ ബോംബെയുടെ കണ്ഠത്തില്‍ കുരുങ്ങിക്കിടന്നു. നിറങ്ങളുടെ പരുത്തികളും കറുപ്പിന്റെ ലഹരിയും കയറ്റിയയച്ച് നഗരം വളര്‍ന്നു.
(തുടരും)

 

Tags: സത്യാന്വേഷിയും സാക്ഷിയും
Share10TweetSendShare

Related Posts

മരം കോച്ചിഞ്ച കുളിരിലി (കാടുന മൂപ്പെ കരിന്തണ്ടെ 14)

ചമാതാന കാണി (കാടുന മൂപ്പെ കരിന്തണ്ടെ 13)

അവച്ചാനത്തുന തുടക്ക (കാടുന മൂപ്പെ കരിന്തണ്ടെ 12)

മീശ വെച്ച മൊട്ടാങ്കു മീനു കറി വോണു….( കാടുന മൂപ്പെ കരിന്തണ്ടെ 11)

തൂവരു തൂവരു മയയേ …. (കാടുന മൂപ്പെ കരിന്തണ്ടെ 10)

നിന്നെ നാനു കാട്ടിത്തരാ (കാടുന മൂപ്പെ കരിന്തണ്ടെ 9)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തീ പിടിക്കുന്ന തീവണ്ടികള്‍…

മത ചെങ്കോല്‍ വലുതാണ്;ധര്‍മ്മ ചെങ്കോല്‍ ചെറുതും

രാഷ്ട്രത്തിന്റെ സ്വാഭിമാനം സംരക്ഷിക്കണം: ഡോ. മോഹന്‍ ഭാഗവത്

വിവേകായനം 2023- രജിസ്ട്രേഷന്‍ ക്ഷണിച്ചു

ജനാധിപത്യത്തിന് ചെങ്കോല്‍ കൈമാറുമ്പോള്‍

ചെങ്കോലിനു മുന്നില്‍ പ്രധാനമന്ത്രിയുടെ സാഷ്ടാംഗ നമസ്‌കാരം

രാഷ്ട്രസ്വത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

കോണ്‍ഗ്രസ് പറഞ്ഞത് കേട്ടിരുന്നെങ്കില്‍

‘മതേതര’ കുരുടന്മാര്‍ ചെങ്കോല്‍ കണ്ടപോലെ

ലോകം ശ്രദ്ധിച്ച രക്ഷാദൗത്യം

വര്‍ത്തമാനകാല വൈഭവം ഒരു നൂറ്റാണ്ടിന്റെ തപശ്ശക്തി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies