ശരിക്കും പറഞ്ഞാല്‍ ഈ പുരാവസ്തു വകുപ്പിനെക്കൊണ്ട് തോറ്റു. കോണ്‍ഗ്രസ്സുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഇടത് ചരിത്രകാരന്മാര്ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാം തൊണ്ടയില്‍ കുടുങ്ങിയ മുള്ളാണ് പുരാവസ്തുവകുപ്പ്. അതില്ലായിരുന്നെങ്കില്‍ അയോദ്ധ്യയിലെ രാമക്ഷേത്രനിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് ബാബറുടെ പള്ളി പണിയാമായിരുന്നു. ഭാരത ചരിത്രം തന്നെ തങ്ങളുടെ വഴിയ്ക്ക് കൊണ്ടുവരാമായിരുന്നു. രാജ്യത്തിന്റെ ഭരണം തങ്ങളുടെ ഇഷ്ടക്കാര്‍ക്ക് ദാനം കിട്ടിയ സ്വത്താകുമായിരുന്നു. ഇതൊക്കെ നശിപ്പിച്ചു കളഞ്ഞത് പുരാവസ്തുവകുപ്പാണ്. നിലംപരിശായ ബാബറി കെട്ടിടത്തിനടിയില്‍ നിന്ന് പഴയ രാമക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ പര്യവേഷണം നടത്തി പുറത്തുകൊണ്ടുവന്നത് ഈ പുരാവസ്തുവകുപ്പുകാരാണ്. അവര്‍ ഖനനം ചെയ്തെടുത്ത തെളിവുകള്‍ക്കു മുമ്പില്‍ വായുംപൂട്ടിയിരിക്കാനേ ഇടതു ചരിത്രകാരന്മാര്ക്കു കഴിഞ്ഞുള്ളൂ.
പുരാവസ്തു വകുപ്പുകാരുടെ പണി അയോദ്ധ്യയില്‍ അവസാനിക്കുമെന്നു കരുതി ആശ്വസിച്ചപ്പോഴാണ് വാരണാസി സിവില്‍ കോടതി അവരോട് നിര്‍ദ്ദേശിക്കുന്നത് ജ്ഞാനപാപി പള്ളിയുടെ അടിയിലും ഒന്നു മാന്തിനോക്കാന്‍. വെറുതെ മാന്താനല്ല പറഞ്ഞത്, പള്ളിക്കടിയില്‍ തകര്‍ക്കപ്പെട്ട ആരാധനാലയം വല്ലതും ഉണ്ടോ എന്നു നോക്കണം, അതു ക്ഷേത്രമായിരുന്നോ എന്നു കണ്ടെത്തണം എന്നു തുടങ്ങി ഏറെ നിര്‍ദ്ദേശങ്ങള്‍ കോടതി നല്‍കിയിട്ടുണ്ട്. വാരണാസിയിലെ പ്രശസ്തമായ വിശ്വേശ്വര ജോതിര്ലിംഗ ക്ഷേത്രം 1664-ല്‍ തകര്‍ത്ത് തല്സ്ഥാനത്താണ് ഔറംഗസീബ് പള്ളി പണിതു എന്ന ചരിത്രം പുറത്തുവന്നാല്‍ കപട മതേതരക്കാര്‍ക്കും ഇസ്ലാമിസ്റ്റുകള്‍ക്കും ഇടതു ചരിത്രകാരന്മാര്ക്കും പ്രതിരോധിക്കാന്‍ പറ്റാത്ത സ്ഥിതിവരും. രണ്ടു ന്യൂനപക്ഷപ്രതിനിധികളെ ഉള്‍പ്പെടുത്തി വിദഗ്ദ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ ഖനനം നടത്താനാണ് കോടതി ഉത്തരവ്. ഇത്തരമൊരു വിധി വരാതിരിക്കാന്‍ പള്ളിക്കമ്മറ്റിയായ അന്‍ജുമാന്‍ ഇന്റസാമിക പരമാവധി ശ്രമിച്ചതാണ്. പുരാവസ്തു വകുപ്പ് ഇങ്ങനെ മാന്താന്‍ തുടങ്ങിയാല്‍ ഇടതു ചരിത്രകാരന്മാര്ക്കും അവരുണ്ടാക്കിയ ചരിത്രത്തിനും അറബിക്കടലില്‍ പോകേണ്ടിവരും. അതുകൊണ്ട് ഈ വിധിക്കെതിരെ അരിവാളെടുത്തിരിക്കയാണ് സി.പി.എം. പോളിറ്റ് ബ്യൂറോ.