മഴ പെയ്ത് തോര്‍ന്നൊരു സായാഹ്നത്തില്‍ ചണ്ഡീഗഢിലെ ആറുനില ഫ്‌ളാറ്റിലെ നാലാം നിലയിലെ അപ്പാര്‍ട്ടുമെന്റിന്റെ സിറ്റൗട്ടിലിരുന്ന് കുല്‍വീന്ദര്‍ സിംഗ് നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് ഒഴുകി കൊണ്ടിരിക്കുന്ന വാഹനങ്ങളെയും ആളുകളെയും നോക്കിക്കൊണ്ട് വീല്‍ചെയറിലിരുന്ന് മനോ രഥയാത്ര നടത്തുകയാണ്. സമയം ഏതാണ്ട് ആറു മണി കഴിഞ്ഞു കാണും. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ പട്ടണം ഒന്ന് തണുത്തു, ഫ്‌ളാസ്‌ക് തുറന്ന് ഗ്ലാസിലേക്ക് ചുടു ചായ പകര്‍ന്ന് കുല്‍വീന്ദര്‍ രണ്ട് ഇറക്ക് കുടിച്ചു. മന്‍പ്രീത് ഓഫീസ് വിട്ട് ഇനിയുമെത്തിയിട്ടില്ല. സാധാരണ എത്തുന്ന സമയം കഴിഞ്ഞിട്ടും അവള്‍ എത്താത്തതില്‍ അയാള്‍ അസ്വസ്ഥനായി. എന്തെങ്കിലും മീറ്റിംഗ് കാണും. അതായിരിക്കും വൈകുന്നത്; അയാള്‍ സ്വയം പറഞ്ഞു. ഗൗതം രാത്രി എട്ടുമണിയാകുമെത്താന്‍. മന്‍പ്രീതും ഗൗതമും ഓഫീസില്‍ പോയാല്‍ പകല്‍ മുഴുവന്‍ കുല്‍ദീപ് ഫ്‌ളാറ്റില്‍ തനിച്ചാണ്. ഫ്‌ളാസ്‌കില്‍ ചായയും ലഘുഭക്ഷണവുമെല്ലാം ഒരുക്കി വച്ചിട്ടാണ് മന്‍പ്രീത് ഓഫീസില്‍ പോകുന്നത്. ഉച്ചക്ക് ലാന്‍ഡ്‌ഫോണിലേക്ക് ഒന്ന് വിളിക്കും.
ചാച്ചാ തുശി പുള്‍ക്കാ ഖായാ ? പയര്‍ പേ സുജന്‍ ഹേ തോ ലാത്ത് മഞ്ചേ പേ രഹ് ലേനാ. അഗര്‍ തുസി തഗ് ഗയേ ഹോ തോ സെക്യൂരിട്ടിനു ബുലാക്കേ തോഡി ദേര്‍നു ലംബീ ഹോ ജാനാ.
(ചാച്ചാ ലഞ്ച് കഴിച്ചോ? കാലില്‍ നീര് വരുന്നുണ്ടെങ്കില്‍ അല്‍പ്പസമയം കട്ടിലില്‍ കാല്‍ ഉയര്‍ത്തി വെക്കണം, ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ സെക്യൂരിറ്റിയെ വിളിച്ച് അല്‍പനേരം കിടന്നോളു.) സ്‌നേഹത്തോടെ മന്‍പ്രീത് ഇടക്ക് ഇങ്ങനെ വിളിച്ചു ചോദിക്കും. ടിവിയില്‍ വരുന്ന പഴയ ഹിന്ദി സിനിമകള്‍ കണ്ടോണ്ട് കുല്‍വീന്ദര്‍ സമയം പോക്കുന്നത്. പ്രത്യേകിച്ച് ആഷാ പരേഖിന്റെയും രാജേഷ് ഖന്നയുടെയും സിനിമകള്‍. കുട്ടിക്കാലത്തെങ്ങോ മനസ്സില്‍ കയറിയതാണ് ആഷ പരേഖും രാജേഷ് ഖന്നയും. ഈ എഴുപതാം വയസ്സിലും കുല്‍വീന്ദറിനെ യൗവ്വനത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നവരാണ് അവര്‍.
നഗരത്തിലെ തിരക്ക് വര്‍ധിച്ചു കൊണ്ടിരുന്നു. ട്രാഫിക്ജാമില്‍ പെട്ട് വാഹനങ്ങള്‍ ഒച്ചിനെ പോലെ ഇഴയുകയാണ്. ബാല്‍ക്കണിയിലിരുന്ന് നഗര കാഴ്ചകള്‍ നോക്കിയിരിക്കെ കുല്‍വീന്ദര്‍ സിംഗിന്റെ ഓര്‍മ്മകള്‍ അട്ടാരി ഗ്രാമത്തിലേക്ക് ബസ്സ് കയറി. പിന്നിട്ട കാല്‍പ്പാദങ്ങളെ ഒരിക്കല്‍ കൂടി ചുംബിക്കണമെന്ന മോഹത്തോടെ ഓര്‍മ്മകള്‍ നിറച്ച ഭാണ്ഡവുമായി വീല്‍ചെയര്‍ മുക്തനായി വിഭജനത്തിന്റെ മുറിവുകള്‍ ഇനിയുമുണങ്ങാത്ത തന്റെ ജന്മഗ്രാമത്തിലേക്ക്…
പൊന്‍നിറത്തില്‍ വിളഞ്ഞു നില്‍ക്കുന്ന ഗോതമ്പു പാടങ്ങളിലൂടെ അട്ടാരിയിലെ തന്റെ വീട്ടിലേക്ക് അയാള്‍ നടന്നു. വിജനമായ വഴിയിലെ മണ്‍ തരികളില്‍ പോലും കണ്ണീരിന്റെ ഉപ്പും വിരഹത്തിന്റെ കയ്പ്പും സ്‌നേഹത്തിന്റെ വിശുദ്ധിയും അയാള്‍ തൊട്ടറിഞ്ഞു. ഗോതമ്പു കതിരുകളെ തഴുകി എത്തുന്ന കാറ്റിന്റെ നനുത്ത സ്പര്‍ശം കടന്നുപോയി…
തന്റെ പൂര്‍വികര്‍ പൊന്നു വിളയിച്ച പാടങ്ങള്‍ ഇന്ന് അനാഥമായി കിടക്കുന്ന കാഴ്ച അയാളെ വല്ലാതെ നൊമ്പരപ്പെടുത്തി. ഗോതമ്പ്, നെല്ല്, ചോളം, നിലക്കടല, പയറുവര്‍ഗ്ഗങ്ങള്‍ എല്ലാം യഥേഷ്ടം വിളയിച്ചെടുത്ത ജീവിതത്തിന്റെ ആ വസന്തകാലത്തിന്റെ നനവുകളോര്‍ത്ത് കുല്‍ദീപിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു.
അഞ്ച് ഏക്കര്‍ കൃഷിഭൂമിയുണ്ടായിരുന്നു, കുല്‍ദീപിന്റെ പിതാവ് രഖ്‌വീന്ദര്‍ സിംഗിന്. ഉദയം മുതല്‍ അസ്തമയം വരെ അയാള്‍ പാടത്ത് വിയര്‍പ്പൊഴുക്കി.
രഖ്‌വീന്ദറും സുഖ്‌വീന്ദറും സുഹൃത്തുക്കളായിരുന്നു. വിഭജനത്തിന് മുന്നേയുള്ള വിശാലമായ പഞ്ചാബിലെ പാടങ്ങളില്‍ അവര്‍ പരസ്പരം അറിവുകളും അനുഭവങ്ങളും പങ്കുവെച്ച് തങ്ങളുടെ പാടങ്ങളില്‍ പൊന്ന് വിളയിച്ചു. ഒപ്പം സ്വാതന്ത്ര്യ സമരത്തില്‍ ദേശീയപ്രസ്ഥാനങ്ങള്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിച്ചു. പകല്‍ കൃഷിയും രാത്രിയില്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി രഖ്‌വീന്ദറും സുഖ്‌വീന്ദറും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി കൊണ്ടിരിന്നു. സമീന്ദര്‍, ഡെയ്‌ലി ഇങ്കുലാബ് തുടങ്ങിയ പത്രങ്ങളില്‍ നിന്ന് ലഘുലേഖകള്‍ അച്ചടിച്ച് വിതരണം ചെയ്യേണ്ട ചുമതലയായിരുന്നു അവര്‍ക്ക്. അതിനിടെ ഭട്ടിണ്ടയില്‍ ചേര്‍ന്ന കോളനി വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് ആറു മാസം ലാഹോര്‍ ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ട് ഇരുവര്‍ക്കും. ഗാന്ധിജിയുടെ അഹിംസാ വാദത്തെക്കാള്‍ ആ യുവ പോരാളികള്‍ക്ക് പ്രതീക്ഷയും വിശ്വാസവും ഭഗത് സിംഗിലും സുഭാഷ് ചന്ദ്രബോസിലുമായിരുന്നു. അപ്പോഴാണ് ദ്വിരാഷ്ട്ര വാദം വരുന്നത്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഏകീകൃത ഭാരതം തങ്ങള്‍ക്ക് ഹിതകരമല്ലെന്ന് ജിന്ന അവകാശപ്പെട്ടപ്പോള്‍ രാജ്യത്തെ പതിനാറു ഭാഗമായി വിഭജിക്കണമെന്ന വിചിത്ര വാദവുമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മുന്നോട്ട് വന്നത്. കമ്മ്യൂണിസ്റ്റ്കളായ രഖ്‌വീന്ദറിനും, സുഖ് വീന്ദറിനും വിഭജനവാദത്തോട് ഏതൊരു ഭാരതീയനെയും പോലെ ഒട്ടും യോജിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഒരേ സ്വരത്തില്‍ വിയോജിച്ചു. സുഖ്‌വീന്ദറിന്റെ തോളില്‍ പിടിച്ചുകൊണ്ട് രഖ്‌വീന്ദര്‍ പറഞ്ഞു:
ഭാരത് കാ ബട്ട്വാര ഹോനെ വാലാ ഹേ, ജിന്നാ ഓര്‍ നെഹ്‌റു കി ലാലച്ച് രാജ്യ കൊ ബട്ട്വാര തക് പഹുഞ്ച്വായാ.
(ഭാരതം വിഭജിക്കാന്‍ പോകുന്നു. ജിന്നയുടെയും നെഹ്റുവിന്റേയും അധികാരമോഹം രാജ്യത്തെ വെട്ടി മുറിക്കാന്‍ പോകുന്നു.) ആ പാവം കര്‍ഷകര്‍ പരസ്പരം കണ്ണീരൊഴുക്കി, ഇന്നലെ വരെ ഏകോദര സഹോദരങ്ങളെ പോലെ കഴിഞ്ഞിരുന്നവര്‍ പരസ്പരം കൊലവിളിച്ച് രക്തപുഴ ഒഴുക്കിക്കൊണ്ടിരുന്നു. വടക്കേ ഇന്ത്യയും ബംഗാളും അക്ഷരാര്‍ത്ഥത്തില്‍ കത്തിയമര്‍ന്നു. രാജ്യം വിഭജിക്കപ്പെട്ടു. ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ട് രാജ്യങ്ങള്‍ പിറന്നു. പഞ്ചാബിന്റെ ഹൃദയത്തിലൂടെ റാഡ്ക്ലിഫ് അതിര്‍ത്തി വരച്ചപ്പോള്‍ രഖ്‌വീന്ദര്‍ സിംഗ് ഇന്ത്യയിലും സുഖ്‌വീന്ദര്‍ സിംഗ് പാകിസ്ഥാനിലുമായി.
രാജ്യമെങ്ങും കലാപം പൊട്ടിപ്പുറപ്പെട്ടു. ഹിന്ദു-സിഖ് സ്ത്രീകളെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയും മതം മാറ്റം നടത്തുകയും ചെയ്തുകൊണ്ടിരുന്നു, അപ്പോഴും മഹാത്മ വെറും കാഴ്ചക്കാരനായി മാറി. കാണാതായവരില്‍ രഖ്‌വീന്ദറിന്റെ മകള്‍ ഗുര്‍ പ്രീതും കൂട്ടുകാരി സൊനാലി കൗറുമുണ്ടായിരുന്നു. ഏതൊരു കലാപത്തിലും കൂടുതലും ഇരയാക്കപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണല്ലോ?
സ്ത്രീ ശരീരങ്ങള്‍ കാമപൂരണാനന്തരം തൂക്കിലേറ്റപ്പെട്ടു കൊണ്ടേയിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകളിലെല്ലാം രഖ്‌വീന്ദറും കൂട്ടുകാരും ഗുര്‍ പ്രീതിനെ തിരഞ്ഞു നടന്നെങ്കിലും എവിടെയും അവരെ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. രാജ്യത്തെ വെട്ടിമുറിച്ച വേദനയും മകളെ നഷ്ടപ്പെട്ട വേദനയും താങ്ങാനാവാതെ മനസ്സും ശരീരവും പിടഞ്ഞു.
ഇസ്ലാമിലെ അപരനിന്ദയും ഹിന്ദുവിന്റെ ജാതിചിന്തയും കണ്ട് മനം നൊന്താണ് രണ്ട് മതത്തിലെയും മഹത്തായ ആശയങ്ങളെ ചേര്‍ത്തിണക്കി ഗുരുനാനാക്ക് സിഖുമതം സ്ഥാപിച്ചത്. മറ്റ് മതവിശ്വാസത്തോട് ഒരിക്കലും നീരസം കാണിക്കാത്ത നാനാക്കിന്റെ പിന്‍ഗാമികളെയും മതഭ്രാന്തന്മാര്‍ ക്രൂരമായി ആക്രമിച്ചുകൊണ്ടിരുന്നു. ആകാശത്തിലെ നക്ഷത്രങ്ങളെല്ലാം കണ്ണടച്ചു. എങ്ങും തിരമാലകള്‍ പോലെ പ്രക്ഷുബ്ധത അലയടിച്ചുകൊണ്ടിരുന്നു. അട്ടാരിയിലെ തന്റെ കൃഷി ഭൂമി പകുതി പാകിസ്ഥാനിലായത് പോലെ അവിടുത്തുകാരുടെ ഭൂസ്വത്ത് ഇന്ത്യയിലുമായിട്ടുണ്ട്.
നീണ്ടു കിടക്കുന്ന പാടവരമ്പിലും
നിഴല്‍ വീഴുന്ന പാതയോരങ്ങളിലും
വിജനമായ ഗോതമ്പു വയലുകളിലുമെല്ലാം
വേരുകളറ്റു പോയൊരു ജനതയുടെ,
നിര്‍വികാരതയുടെ നിഴല്‍ മൂകസാക്ഷിയായി നിലകൊള്ളുന്നു.
കൃഷിഭൂമി അതിര്‍ത്തിക്ക് അപ്പുറമായവര്‍ക്ക് ഇരുസര്‍ക്കാരും പ്രത്യേകം പാസുകള്‍ നല്‍കിയിട്ടുണ്ട്. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ അതിര്‍ത്തി കടന്ന് തങ്ങളുടെ കൃഷിഭൂമിയില്‍ കൃഷി ഇറക്കാം. രഖ്‌വീന്ദര്‍റിനും സുഖ്‌വീന്ദറിനും അങ്ങനെ ഇടയ്ക്കിടെ പാടത്തു വച്ച് കാണാനും സംസാരിക്കാനും കഴിയുമായിരുന്നു.
അതുകൊണ്ട് തന്നെ അവരുടെ കുടുംബ സൗഹൃദവും നിലനിന്നു പോന്നു.
വിഭജനത്തിന്റെ അഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുല്‍വീന്ദര്‍ ജനിക്കുന്നത്. ബാല്യം ക്ലേശകരമായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആ കുടുംബത്തിന് വിഭജനത്തിനു ശേഷം കൃഷിയില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞു. അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് വിളവെടുപ്പ് പലപ്പോഴും അസാധ്യമായിരുന്നു. പട്ടിണിയിലും കഷ്ടപ്പാടുകളിലും അരിഷ്ടിച്ചായിരുന്നു ജീവിതം. അതിര്‍ത്തി പ്രദേശമായതിനാല്‍ ഭൂമി വില്ക്കാമെന്ന് വിചാരിച്ചാലും ആരും വാങ്ങില്ല. ഇടയ്ക്കിടെയുള്ള ഷെല്ലാക്രമണം കൂടിയാകുമ്പോള്‍ അട്ടാരി ഗ്രാമം ശരിക്കും അശാന്തമാകുന്നു.
അച്ഛന്റെ സഹായിയായി കൃഷിയും മണ്ണുമായി ചങ്ങാത്തം പ്രാപിച്ച കുല്‍വീന്ദര്‍ ഒടുവില്‍ പിതാവിന്റെ പാത തന്നെ സ്വീകരിച്ചു. ജ്യേഷ്ഠന്മാരായ ജോഗിന്ദറും മനീന്ദറും ചണ്ഡീഗഡിലെയും ഡല്‍ഹിയിലെയും കമ്പനികളില്‍ ജോലി നോക്കി പോയപ്പോള്‍ കുടുംബത്തിന്റെ ചുമതല കുല്‍വീന്ദറിന്റെ ചുമലിലായി, അമ്മ മരിച്ച് ജ്യേഷ്ഠന്‍മാര്‍ ജോലി തേടി പട്ടണത്തിലേക്ക് പോവുകയും ചെയ്തപ്പോള്‍ പ്രായമായ അച്ഛനും കുല്‍വീന്ദറും മാത്രമായി. വിഭജന സമയത്ത് കലാപകാരികള്‍ തട്ടിക്കൊണ്ടുപോയ സഹോദരി ഗുര്‍പ്രീതിനെക്കുറിച്ച് പിന്നീട് യാതൊരു അറിവുമില്ലായിരുന്നു.
അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ കൃഷിപ്പണിക്ക് പോകുന്ന വഴിയില്‍ വച്ചാണ് കുല്‍വീന്ദര്‍ അച്ഛന്റെ സുഹൃത്തായ സുഖ്‌വീന്ദരുടെ സഹോദരി പുത്രിയായ ശിവാംഗിയെ പരിചയപ്പെടുന്നത്. ഒറ്റ നോട്ടത്തില്‍ ബോളിവുഡ് നടി ആഷ പരേഖിന്റെ സാദൃശ്യമുണ്ട് ശിവാംഗിക്ക്.
ആദ്യകാഴ്ചയില്‍ തന്നെ കുല്‍വീന്ദറിന് ശിവാംഗിയില്‍ ഒരു താല്പര്യം ജനിച്ചിരുന്നു. അനുരാഗ വിവശയായ ശിവാംഗിയില്‍ സ്വയം മറന്ന് കിനാക്കളെ തലോടി മാനസം
വൃന്ദാവനമാക്കി. തങ്ങളുടെ ഹൃദയത്തിന് പരിചിതമല്ലാതിരുന്ന ഒരു രാഗം, അനുരാഗമായി ഇരു ഹൃദയങ്ങളിലും വളര്‍ന്നു കൊണ്ടിരുന്നു.
മൗനത്തിന്റെ ശ്രുതികളില്‍ ആ യുവമിഥുനങ്ങള്‍ വെള്ളിത്തിരയിലെ രാജേഷ് ഖന്നയും ആഷാ പരേഖുമായി ആടുകയും പാടുകയും ചെയ്തു. ശിവാംഗിയെ കാണുവാന്‍ വേണ്ടി മാത്രം അയാള്‍ പാകിസ്ഥാനിലേക്ക് പോയിക്കൊണ്ടിരുന്നു.
ഒരുനാള്‍ ശിവാംഗിയെ കാണാതായി. ദിവസങ്ങളും ആഴ്ചകളും അയാള്‍ പ്രാണ പ്രിയയെ പാടത്ത് കാത്തിരുന്നിട്ടും കാണാതെ വന്നപ്പോള്‍ പാകിസ്ഥാന്‍ പട്ടാളത്തിന്റെ കണ്ണു വെട്ടിച്ച് ശിവാംഗിയുടെ വീട്ടിലേക്ക് പോയി. അവിടെ ആരെയും കണ്ടില്ല, വീടിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുന്ന കാഴ്ച കണ്ട് അയാള്‍ക്ക് ആധിയായി. ആരോടെങ്കിലും അന്വേഷിക്കാമെന്ന് കരുതി മുന്നോട്ട് പോയപ്പോള്‍ പട്ടാളം അയാളെ പിടികൂടി, കൃഷി പ്പാടത്തിന് അപ്പുറം യാത്ര ചെയ്യുവാനുള്ള അനുവാദം അയാള്‍ക്കില്ലായിരുന്നു. പട്ടാളം ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി കുല്‍വീന്ദറിനെ ജയിലിലടച്ചു. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പട്ടാളവും അയാളെ മാറി മാറി ചോദ്യം ചെയ്യുകയും ചിത്രവധം ചെയ്യുകയും ചെയ്തു. നീണ്ട പത്ത് വര്‍ഷത്തെ നരകയാതനക്കൊടുവില്‍ ഇന്ത്യ നയതന്ത്ര നീക്കത്തിലൂടെ കുല്‍ദീപിനെ നാട്ടിലെക്കെത്തിച്ചു.
അപ്പോഴേക്കും ശരീരം തളര്‍ന്ന് അയാള്‍ വീല്‍ച്ചെയറിലായി.
ഇടക്കെപ്പോഴോ ആഞ്ഞടിച്ച ശീതക്കാറ്റില്‍ മനസ്സും ശരീരവും മരവിച്ചു പോയിരുന്നെങ്കിലും
ശരത്കാല നിലാവുപോലെ തന്റെ പ്രണയത്തെ ചേര്‍ത്തു പിടിച്ചു. വിരഹത്തിന്റെ പേമാരിയിലും ഒരു കുടയായി തന്റെ ആഷാ പരേഖ് കൂടെ തന്നെയെന്നുമുണ്ടായിരുന്നു.
മന്‍പ്രീത് വന്ന് ചുമലില്‍ തൊട്ടപ്പോഴാണ് കുല്‍വീന്ദര്‍ ഓര്‍മ്മകളില്‍ നിന്നുണര്‍ന്നത്. ജ്യേഷ്ഠന്‍ ജോഗിന്ദറിന്റെ മകളാണ് മന്‍ പ്രീത്. എണ്‍പത്തി ആറിലെ സിക്ക് വിരുദ്ധ കലാപത്തില്‍ മന്‍ പ്രീതിന്റെ അച്ഛനും അമ്മയുമെല്ലാം അതി ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.
യൂറിന്‍ ബാഗില്‍ നിന്നും ക്യാനിലേക്ക് മാറ്റുന്നതിനിടയില്‍ മന്‍പ്രീത് ചാച്ചായെ കളിയാക്കികൊണ്ട് ചോദിച്ചു:
”ചാച്ചാ ആജ് ടീവി വിച്ച് ആശാപരേഖ് ദാ കോയ് ഫിലിം നഹിസീ.
(ചാച്ചാ ഇന്ന് ടിവിയില്‍ ആഷാ പരേഖിന്റെ സിനിമയൊന്നുമുണ്ടായിരുന്നില്ലേ !).
അയാള്‍ ചിരിച്ചു, ഇന്ന് ഞാന്‍ അട്ടാരിയിലേക്ക് പോയി അച്ഛനെയും അമ്മയെയും ജ്യേഷ്ഠന്‍മാരെയും എല്ലാവരെയും കണ്ടു. മന്‍പ്രീതിന്റെ മുഖം മ്ലാനമായി. അവള്‍ ചാച്ചയെ കെട്ടിപ്പിടിച്ചു
കൈക്കുമ്പിളില്‍ കോരി എടുത്ത വെള്ളം പോലെയാണ് ചിലപ്പോള്‍ ജീവിതവും സ്വപ്‌നങ്ങളും സന്തോഷങ്ങളുമെല്ലാം. നന്നായി ആസ്വദിക്കും മുന്‍പേ വിരലുകള്‍ക്കിടയിലൂടെ ചോര്‍ന്നൊലിച്ച് പോകും.
മന്‍പ്രീത് ഒരു നിമിഷം തന്റെ പപ്പായെ ഓര്‍ത്തുപോയി…
ഇസ് സാല്‍ ഗുരുനാനാക് ജന്‍ ദിന്‍ പേ ഹമേനു കര്‍ത്താപ്പൂര്‍ സാഹിബ് ജാനാ ഹേ.
(ഇത്തവണത്തെ ഗുരു നാനാക്ക് ജയന്തിക്ക് നമുക്ക് കര്‍ത്താര്‍ പൂര്‍ ഗുരുദ്വാര സാഹിബില്‍ പോകണം). ഗൗതം ഓണ്‍ലൈന്‍ അപേക്ഷ കൊടുത്തിട്ടുണ്ട്. ‘പാസ് കിട്ടിയാല്‍ നമുക്ക് പോകാം ചാച്ച.’ കുട്ടിക്കാലത്ത് എപ്പോഴോ പോയതാണ്. ഇത്തവണയെങ്കിലും ഗുരു സമാധി സന്ദര്‍ശിക്കാന്‍ കഴിഞ്ഞെങ്കില്‍ അയാള്‍ ആത്മഗതം ചെയ്തു. കാണണമെന്നു ഞാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ നാഥാ നീ
കാണാമറയത്ത് ഒളിച്ചിരുന്ന് എന്നെ പരീക്ഷിക്കുകയായിരുന്നു. ഇന്നു ഞാന്‍ നിന്നെ കാണുന്നു. എന്നുള്ളിലെങ്ങും നിറഞ്ഞു നില്‍ക്കുന്ന സത്യമാം നിന്നെ മാത്രം.
ചാച്ചാ കര്‍ത്താപ്പൂര്‍ കോറിഡോര്‍ പാസ് ഹമേനു മില്‍ഗയാ.
(ചാച്ചാ കര്‍ത്താര്‍പൂര്‍ കോറിഡോര്‍ പാസ് നമുക്ക് ലഭിച്ചിരിക്കുന്നു). നവംബര്‍ 15 ന് ഗുരുദ്വാര സാഹിബില്‍ നമുക്ക് പോകാം. കാലങ്ങളായുള്ള സിക്ക് വിശ്വാസികളുടെ ഏറ്റവും വലിയ അഭിലാഷമാണ് കര്‍ത്താര്‍ പൂര്‍ കോറിഡോര്‍. വിഭജനത്തിന്റെ മുറിവും പേറി ഇരുരാജ്യങ്ങളിലുമായി കഴിയുന്ന നാനാക്കിന്റെ അനുയായികള്‍ക്ക് കാണാനും സംസാരിക്കാനും ബന്ധങ്ങള്‍ പുതുക്കാനുമെല്ലാം കഴിയുമെന്നതും കൂടാതെ ഇന്ത്യ-പാക്ക് സൗഹൃദത്തിന്റെ ഒരു പാലമാണ് കര്‍ത്താര്‍പൂര്‍ കോറിഡോര്‍. അതിര്‍ത്തിയിലെ പരിശോധനകള്‍ കഴിഞ്ഞ് കുല്‍വീന്ദറും, മന്‍പ്രീതും, ഗൗതവും ഗുരുദ്വാരയിലെത്തി ഗുരുനാനാക്കിന്റെ സമാധിയില്‍ പ്രണാമം ചെയ്തു മടങ്ങുമ്പോഴാണ് വീല്‍ച്ചെയറില്‍ എതിരെ വരുന്നൊരു സ്ത്രീയെ കണ്ടത്. കുല്‍വീന്ദറിന്റെ ഹൃദയം വല്ലാതെ പിടച്ചു. അവിടവിടെ നരകയറി മുഖത്തല്‍പ്പം ചുളിവും ക്ഷീണവും ബാധിച്ചിട്ടുണ്ടെങ്കിലും ഇത്രയും കാലം തന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച തന്റെ പ്രണയിനിയെ കുല്‍വീന്ദര്‍ തിരിച്ചറിഞ്ഞു. അയാള്‍ ഇടറിയ ശബ്ദത്തോടെ തന്റെ ശിവാംഗിയെ വിളിച്ചു. ഏറെ നാളായി കാത്തിരുന്ന ആ വിളി ശിവാംഗിയെ കോള്‍മയിര്‍ കൊള്ളിച്ചു. അവര്‍ പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി. മനസ്സിലെ നിശബ്ദമായ തേങ്ങലുകളില്‍ ഒഴുകാന്‍ വെമ്പിനിന്ന പുഴപോലെ കണ്‍തടങ്ങളില്‍ കണ്ണുനീര് തളം കെട്ടി. കുല്‍വീന്ദര്‍ പാക് പട്ടാളത്തിന്റെ പിടിയില്‍ അകപ്പെടുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇന്ത്യയുടെ ഷെല്ലാക്രമണത്തില്‍ ശിവാംഗിയുടെ വീട് തകരുകയും അച്ഛനും അമ്മയും കൊല്ലപ്പെടുകയുമായിരുന്നു. ജീവന്‍ തിരിച്ചു കിട്ടിയെങ്കിലും പാതി ശരീരം തളര്‍ന്നു വീല്‍ച്ചെയറിലായി.
ജന്മാന്തരങ്ങളായി ഹൃദയത്തില്‍ കൂടുകൂട്ടിയ ആ ഇണക്കിളികള്‍ ജീവിതത്തിന്റെ വസന്ത കാലങ്ങള്‍ കൊഴിഞ്ഞു പോയെങ്കിലും തളിരിട്ട ഓര്‍മ്മകളില്‍ ഹൃദയത്തെ ചേര്‍ത്ത് വച്ച് മറ്റൊരു വസന്തത്തിനായി കാത്തിരിക്കുകയായിരുന്നു. നാനാക്ക് സാഹിബിന്റെ തിരുസന്നിധിയില്‍ വീണ്ടുമാ പ്രണയ വസന്തം പൂത്തുലയാന്‍ വല്ലാതെ വെമ്പി.
കാലം കാത്തുവച്ച ഈ അപൂര്‍വ്വ സമാഗമത്തിന് കര്‍ത്താര്‍പൂര്‍ കോറിഡോര്‍ മൂക സാക്ഷിയായി. അധികാരത്തിന്റെയും മത മാത്സര്യത്തിന്റെയും തിമിരം ബാധിച്ച ചില ഭരണകൂട തന്ത്രങ്ങള്‍. ജനഹൃദയങ്ങളെ മുറിവേല്‍പ്പിച്ചു കൊണ്ട് ചില മത മതിലുകള്‍ ഉയരുന്നു. രാഷ്ട്രീയ പ്രേരിതമായ അതിരുകള്‍ ജനാധിപത്യ വിരുദ്ധമാകുമ്പോള്‍ പരാജിതരാകുന്നത് സാധാരണ ജനങ്ങളാണ്. മുള്ളുവേലികള്‍ക്കിടയില്‍ കുരുങ്ങി മുറിവേറ്റ കുറേ മനുഷ്യജന്മങ്ങള്‍. അത്തരക്കാര്‍ സ്വപ്‌നം കാണുന്നത് എന്റേതെന്നും തന്റേതെന്നുമുള്ള വേര്‍തിരിവുകളില്ലാത്ത ലോകത്തെയാണ് അതിരുകളറിയാതെ പറക്കാന്‍ മോഹിക്കുന്ന ആകാശത്തിലെ ഒരു പറ്റം പറവകളെ കണ്ടിട്ടില്ലേ… അങ്ങനെ അനുസ്യൂതം പാറി നടക്കാവുന്ന ഒരു പിറവിയെക്കുറിച്ച് അവരപ്പോള്‍ ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു.