വീരസവര്‍ക്കറുടെയോ മഹാത്മാ ഗാന്ധിയുടെയോ ഡോക്ടര്‍ ഹെഡ്‌ഗേവാറുടെയോ മദന്‍ മോഹന്‍ മാളവ്യയുടെയോ സ്മരണ പുതുക്കിക്കൊണ്ട് ആരെങ്കിലും നാല് നല്ല വാക്കുകള്‍ പറഞ്ഞാല്‍ അതിലാര്‍ക്കും പ്രകോപനമുണ്ടാകേണ്ട കാര്യമില്ല. ഭാരതീയ ദേശീയതയുടെ ചരിത്രപരമായ വളര്‍ച്ചയില്‍ അവര്‍ ബലപ്പെടുത്തിയ നിലപാടുതറകളിലേക്ക് കേരളത്തെയും കൈപിടിച്ചുയര്‍ത്തിയ ബഹുമുഖ പ്രതിഭയായിരുന്ന ഭാരത കേസരി മന്നത്തുപദ്മനാഭനെയും ആരെങ്കിലും ആദരപൂര്‍വ്വം സ്മരിക്കുന്നുവെങ്കില്‍ അതിലൊരു അപകടവുമില്ല. കാരണം യന്ത്രവും ശാസ്ത്രവും ശസ്ത്രവും സാങ്കേതിക വൈദഗ്ദ്ധ്യവും കാലത്തിനനുസരിച്ച് പഠിച്ചുപയോഗിച്ച് ഭാരതം വളരണമെന്ന സവര്‍ക്കറുടെ സങ്കല്പം താന്‍ ജനിച്ചു ജീവിച്ച സമുദായത്തില്‍ പ്രയോഗിച്ച് വിജയിക്കാന്‍ പ്രതിജ്ഞാബദ്ധനായി സമാജസേവനം നടത്തിയ മഹാനായിരുന്നു മന്നത്തുപദ്മനാഭന്‍. വീരസവര്‍ക്കറെന്ന ധീരദേശാഭിമാനിയുടെ സമഗ്രവ്യക്തിത്വത്തില്‍ പ്രഭാവിതനായിട്ടാണ് മന്നം അദ്ദേഹത്തെ 1940 കളുടെ ആദ്യം ചങ്ങനാശ്ശേരിയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് വിളിച്ചാദരിച്ചത്. മഹാത്മജിയുടെ ത്യാഗത്തിന്റെയും ലളിതജീവിതത്തിന്റെയും ധര്‍മ്മത്തോടുള്ള പ്രതിബദ്ധതയുടെയും തിളക്കമാര്‍ന്ന പ്രതിഫലനവും ദര്‍ശിക്കുവാന്‍ കഴിയുമായിരുന്ന ജീവിതമായിരുന്നു മന്നത്തു പദ്മനാഭന്റേത്.
ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ സ്വന്തം കുടുംബത്തിലെ ഇല്ലായ്മകള്‍ വെല്ലുവിളിക്കുമ്പോഴും വളരെയേറെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് വഴിതുറക്കുമായിരുന്ന ഡോക്ടര്‍ ജോലി ഉപേക്ഷിച്ച് സമാജ സേവനത്തിനിറങ്ങിയെങ്കില്‍ സമാനമായ സാഹചര്യത്തില്‍ അഭിഭാഷക ജോലി ഉപേക്ഷിച്ചാണ് മന്നം സമാജസേവനത്തിന് ഇറങ്ങിത്തിരിച്ചത്. ആരംഭിച്ച സംഘടനകളുടെ പേരുകളില്‍ പോലും സാമ്യം; രാഷ്ട്രീയ സ്വയംസേവക സംഘവും നായര്‍ സമാജ ഭൃത്യജന സംഘവും! ഡോക്ടര്‍ജിക്കുശേഷം സര്‍സംഘ ചാലക ചുമതലയിലെത്തിയ ഗുരുജി ഗോള്‍വല്‍ക്കറോട് ചേര്‍ന്നു നിന്നുകൊണ്ട് ഹൈന്ദവ ദേശീയതയുടെ കര്‍മ്മഭൂമിയെ സക്രിയമാക്കിയിരുന്ന മന്നത്തു പദ്മനാഭന്‍ താന്‍ ചങ്ങനാശ്ശേരിയില്‍ സ്ഥാപിച്ച സരസ്വതീ ക്ഷേത്രത്തിന് എന്‍.എസ്.എസ്. ഹിന്ദു കോളേജ് എന്ന പേരിട്ട് വിളിച്ചതിലൂടെ സര്‍വ്വീസ് സൊസൈറ്റിയുടെ വരും കാല പ്രവര്‍ത്തകര്‍ക്കുവേണ്ടി കാണിച്ചു കൊടുത്ത മാര്‍ഗവും വ്യക്തമായിരുന്നു. മന്നത്തോടൊപ്പം എന്‍.എസ്.എസ് നേതൃത്വത്തിലുണ്ടായിരുന്ന കേരള ഗാന്ധി കേളപ്പന്‍ തളിക്ഷേത്ര സമരത്തിലും എം.പി.മന്മഥന്‍ അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള പോരാട്ടത്തിലും ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം നിന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടതും ഭാരതീയ ദേശീയതയുടെ കര്‍മ്മഭൂമിയില്‍ അണിനിരക്കുകയെന്നതിന്റെ ചരിത്രപരമായ അനിവാര്യതയാണ്.
മദന മോഹന മാളവ്യയുമായുള്ള സമാനത ചര്‍ച്ചചെയ്യപ്പെടുന്നത് ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി സ്ഥാപിച്ച് അദ്ദേഹം നടത്തിയ വിദ്യാഭ്യാസരംഗത്തെ സംഭാവനയോട് സമാനമായി മന്നം സ്ഥാപിച്ച നിരവധി സരസ്വതീ ക്ഷേത്രങ്ങള്‍ കണ്ടറിയുമ്പോഴാണ്. അങ്ങനെ ഓരോ മേഖലകളില്‍ വിശേഷിച്ചും കേരള വികസനത്തിന് സമഗ്രമായും സ്വന്തം ജീവിതം സമര്‍പ്പിച്ച ഭാരതകേസരി മന്നത്തു പദ്മനാഭന്‍ നവോത്ഥാന നായകനായിരുന്നുവെന്ന തിരിച്ചറിവ് ഇന്നലെ വരെ ഇല്ലാതിരുന്നവരിലാരെങ്കിലും ഇന്ന് അങ്ങനെ പറഞ്ഞുതുടങ്ങിയെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. ആ നേരറിയുവാന്‍ നേരത്തെ കഴിയാത്തവരാണെങ്കിലും നന്നാകാനും നേരുപറയാനും അവരുടെ അവസരം നിഷേധിക്കേണ്ടതുമില്ല. പക്ഷേ കട്ടുമുടിക്കുന്നതിനുതകുന്ന കള്ള പ്രചരണവും അടവുനയങ്ങളുമായി അലഞ്ഞു തിരിയുന്ന കമ്മ്യൂണിസ്റ്റുകള്‍ അങ്ങനെയൊക്കെ പറയുന്നതിലെന്തെങ്കിലും കുരുട്ടുബുദ്ധിയുണ്ടോയെന്ന സംശയം പൊതുസമൂഹത്തിലുണ്ടായാല്‍ കള്ളം പിടിക്കപ്പെട്ടുവെന്ന് കരുതുകയും ആകാം. അങ്ങനെ വരുമ്പോള്‍ കമ്മ്യൂണിസ്റ്റുകാരോട് മന്നത്തുപദ്മനാഭന്‍ അടുത്തതിന്റെയും അറിഞ്ഞതിന്റെയും അകന്നതിന്റെയും ചരിത്രം ഒന്ന് ഓര്‍മ്മിച്ചെടുക്കുന്നത് നന്നായിരിക്കും.

കേരളത്തിന്റെ ആദ്യ സംസ്ഥാന സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റുകാരുടേതാകട്ടെയെന്ന തരത്തില്‍ മന്നത്തു പദ്മനാഭന്‍ ഇടപെട്ടതോടെയാണ് 1957ല്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുവാന്‍ സഖാക്കള്‍ക്ക് അവസരം ലഭിച്ചത്. സഹായം അപേക്ഷിച്ചുകൊണ്ട് സഖാക്കള്‍ എം.എന്‍. ഗോവിന്ദന്‍ നായരും പി.കെ. വാസുദേവന്‍ നായരും കല്ല്യാണകൃഷ്ണന്‍ നായരുമൊക്കെ മന്നത്തുപദ്മനാഭന്റെ മുന്നിലെത്തുമ്പോള്‍ നില നിന്നിരുന്ന കേരള രാഷ്ട്രീയത്തിലെ സാഹചര്യം അവരെ അനുഗ്രഹിക്കുന്നതിന് ആചാര്യന് പ്രേരണയും പ്രചോദനവും നല്‍കുന്നതായിരുന്നു. സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ചവരും ആ കാലത്ത് ബ്രിട്ടീഷുകാരോടൊപ്പം നിന്നവരും ഒക്കെ ചേര്‍ന്ന ക്രിസ്ത്യാനികളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തങ്ങളുടെ വര്‍ഗീയവാദത്തിന് ഉതകുന്ന ചില നടപടികളിലേക്ക് അതിവേഗം നീങ്ങുകയായിരുന്നു. മന്നത്തു പദ്മനാഭനെയും ആര്‍. ശങ്കറെയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ നിന്ന് പാര്‍ശ്വവത്കരിക്കാന്‍ വേണ്ടതെല്ലാം ആ പുതിയ വര്‍ഗീയ കൂട്ടായ്മ ചെയ്തു. ശബരിമല തീവെപ്പ് പോലെയുള്ള പ്രകോപനപരമായ നടപടികളും ഉണ്ടായി. ജനാധിപത്യ കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പടുക്കുമ്പോള്‍ ഹിന്ദുവിരുദ്ധ വര്‍ഗീയ ശക്തികളുടെ സ്വാധീനം തിരുവിതാംകൂറിലും കൊച്ചിയിലും കോണ്‍ഗ്രസ്സില്‍ ശക്തിയാര്‍ജ്ജിച്ചു. സഭയോട് ചോദിച്ചിട്ടേ 2021ലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താവൂയെന്ന് ഒരു മതമേലദ്ധ്യക്ഷന്‍ ഇക്കഴിഞ്ഞ ദിവസം ഒരു കോട്ടയം പത്രത്തില്‍ ലേഖനം എഴുതിയത് ഇന്ന് ചര്‍ച്ചാവിഷയമായതാണ്. തന്റെ ആവശ്യത്തിന് കീഴ്‌വഴക്കത്തിന്റെ പിന്‍ബലം ആര്‍ജ്ജിക്കാന്‍ വേണ്ടി അത്തരം നിര്‍ദ്ദേശം 1950കളുടെ ആദ്യം ജവഹര്‍ലാല്‍ നെഹ്രു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനയച്ച കത്തില്‍ നിന്നും ഉദ്ധരിക്കുന്നത് ശ്രദ്ധിക്കുന്നവര്‍ക്ക് അക്കാലത്ത് കോണ്‍ഗ്രസ് ഏത് വര്‍ഗീയതയുടെ രാഷ്ട്രീയ പാളയത്തിലായിരുന്നുവെന്ന് വ്യക്തമാകും. ചുരുക്കത്തില്‍ അന്ന് നിലവിലിരുന്ന രാഷ്ട്രീയ സാഹചര്യം ഹിന്ദുവിരുദ്ധ വര്‍ഗീയതയെ ചെറുക്കുന്നതിന് മന്നത്തു പദ്മനാഭനെ നിര്‍ബന്ധിതനാക്കി. ആ വസ്തുതയുടെ രാഷ്ട്രീയ സാദ്ധ്യത തിരിച്ചറിഞ്ഞ കമ്മ്യൂണിസ്റ്റ് സഖാക്കള്‍ സഹായം തേടി മന്നത്തിന്റെ മുമ്പിലും എത്തുകയായിരുന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും മുറിവേറ്റ ഹിന്ദുവിന്റെ വികാരം അങ്ങനെ പ്രകടമായിരുന്നു. സമാന്തരമായി മലബാറില്‍ രാമസിംഹനെ അരുംകൊല ചെയ്ത മുസ്ലീം ആക്രമണകാരികളോട് ഹിന്ദുക്കള്‍ക്ക് അതിശക്തമായ പ്രതിഷേധവും വളര്‍ന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ അക്രമകാരികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന് വീടുവീടാന്തരം കയറിയിറങ്ങി വാഗ്ദാനം ചെയ്യുകയായിരുന്നു കമ്മ്യൂണിസ്റ്റുകള്‍ അവിടെ എടുത്ത അവസരവാദപരമായ അടവു രാഷ്ട്രീയം. അങ്ങനെ വ്യത്യസ്ത കാരണങ്ങളാല്‍ കേരളമാകെ പടര്‍ന്ന ഹിന്ദുവിന്റെ ഹൃദയമുറിവുകളെ വോട്ടാക്കി മാറ്റുവാന്‍ ഹിന്ദുകാര്‍ഡ് തന്ത്രപൂര്‍വ്വം ഉപയോഗിക്കുകയും കൂടി ചെയ്താണ് 1957ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തിലെത്തിയത്. അതിനുവേണ്ട സഹായം ചെയ്ത മന്നം ഉള്‍പ്പടെയുള്ളവര്‍ മുഖ്യമന്ത്രിയായി എം.എന്‍.ഗോവിന്ദന്‍ നായര്‍ വരുമെന്ന് കരുതിയിരുന്നപ്പോഴാണ് അപ്രതീക്ഷിതമായി ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാട് ചന്ദനക്കുറിയും തൊട്ട് മുഖ്യമന്ത്രിപദം ഏല്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്. സത്യപ്രതിജ്ഞയ്ക്ക് തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് ഒരുങ്ങിയിറങ്ങിയ ഏലങ്കുളത്തെ നമ്പൂതിരിപ്പാടിന്റെ നെറ്റിയില്‍ തിളങ്ങിയ ചന്ദനക്കുറി ന്യായീകരിക്കാന്‍ ഒരു ചലച്ചിത്ര തിരക്കഥാകൃത്ത് യൂട്യൂബില്‍ വളരെ ഭംഗിയായി പറഞ്ഞ് പരത്തുന്ന വളച്ചൊടിച്ച പിന്നാമ്പുറക്കഥ എന്തുതന്നെയാകട്ടെ, ഗതികെട്ടൊരു ചരിത്രസന്ധിയില്‍ കോണ്‍ഗ്രസ്സിനോട് പിണങ്ങിയിടഞ്ഞ ഹിന്ദു അറിഞ്ഞ് കുത്തിയ സമ്മതിദാന മുദ്രകളോടുള്ള നന്ദി പ്രതീകാത്മകമായെങ്കിലും പ്രകടിപ്പിക്കുകയായിരുന്നു നമ്പൂതിരിപ്പാടിന്റെ നെറ്റിയിലെ ആചന്ദനക്കുറിയെന്ന് വായിച്ചെടുക്കുന്നതില്‍ ഒരു തെറ്റുമില്ല.

റഷ്യയിലും ചൈനയിലുമടക്കം അധികാരത്തിലെത്തിയ ഇടങ്ങളിലൊക്കെ കൂടെ നിന്നവരെ കാലുവാരുകയും കൊന്നൊടുക്കുകയും ചെയ്യുന്നത് പതിവാക്കിയ കമ്മ്യൂണിസ്റ്റ് ഭരണകൂടം കേരളത്തിലും വഞ്ചനയുടെ ചരിത്രം ആവര്‍ത്തിച്ചു. ശബരിമല തീവെപ്പു കേസു മറന്നു; രാമസിംഹന്റെ കൊലപാതകികളോട് ചങ്ങാത്തം കൂടി അന്വേഷണം പ്രഹസനമാക്കി. വിദ്യാഭ്യാസ നയത്തിന്റെയും ഭൂപരിഷ്‌കരണത്തിന്റെയും നടപടികളിലേക്ക് കടന്നുവെങ്കിലും ന്യൂനപക്ഷത്തെ പ്രീണിപ്പിച്ച് കൂടെ കൂട്ടുവാനുള്ള വ്യഗ്രതയില്‍ ഹിന്ദുവിനെ അവഗണിക്കുവാനും പാര്‍ശ്വവത്കരിക്കുവാനുമുള്ള കുതന്ത്രങ്ങള്‍ മെനഞ്ഞു. കമ്മ്യൂണിസ്റ്റ് സെല്‍ ഭരണവും പാര്‍ട്ടി സഖാക്കളും പോലീസും ചേര്‍ന്നുള്ള ഗുണ്ടായിസവും ചേര്‍ന്നൊരുക്കിയ അരാജകത്വം സംസ്ഥാനത്തിനു പൊറുക്കാവുന്നതിലധികമാവുകയും കൂടി ചെയ്തപ്പോള്‍ മന്നത്തു പദ്മനാഭനിലെ യോദ്ധാവുണരുകയും വിമോചന സമരത്തിലൂടെ ഏലങ്കുളത്ത് മനയ്ക്കലെ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന് അറുതി വരുത്തുകയും ചെയ്തു. മന്നത്തുപദ്മനാഭന്‍ അറിഞ്ഞാദരിച്ച ദേശീയ പുരുഷന്മാരായ വീര വിനായക ദാമോദര്‍ സവര്‍ക്കരും ഗുരുജി ഗോള്‍വാല്‍ക്കറും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിനെ സമരത്തിലൂടെ പുറത്താക്കുന്നതിനെ വിമര്‍ശിച്ചിട്ടുപോലും അദ്ദേഹം സമരമുഖത്ത് അടിയുറച്ച് നിന്നുവെന്നത് ഇവിടെ സവിശേഷ ശ്രദ്ധയുണ്ടാകേണ്ട വസ്തുതയാണ്. ആ വിമോചന സമരത്തിനുള്ള അംഗീകാരമാണ് കേരള ജനത അതിനുശേഷം ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒറ്റയ്ക്ക് കേരളം ഭരിക്കുന്നതിന് അവസരം നല്‍കാതിരുന്നതിലൂടെ തെളിഞ്ഞു നില്‍ക്കുന്നത്. മാത്രമല്ല, അങ്ങനെ ആ സര്‍ക്കാരിനെ പുറത്താക്കിയതുകൊണ്ട് 1962ല്‍ ചൈന ഭാരതത്തെ ആക്രമിച്ച കാലത്ത് ചൈനയുടെ ചാരന്മാര്‍ ഒരു സംസ്ഥാനം ഭരിക്കുന്ന അപകടകരമായ അവസ്ഥ ഒഴിവാക്കിയെടുത്തതും ഭാരത കേസരി നേടിയ പോരാട്ടവിജയത്തിന്റെ അനന്തര ഫലമായിരുന്നു.
അങ്ങനെ കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിലെ അപകടം പരീക്ഷിച്ച് തിരിച്ചറിഞ്ഞ മന്നത്തുപദ്മനാഭന്‍ കേരളത്തിലെ വിവിധ വിഭാഗങ്ങളിലാരൊക്കെയാണ് കമ്മ്യൂണിസ്റ്റാകുക എന്നതിന് നല്‍കിയ വിശദീകരണം ഇന്നും പ്രസക്തമായി തുടരുന്നു. കയ്യിലിരുപ്പുകൊണ്ടും ഗതികേടുകൊണ്ടും കമ്മ്യൂണിസ്റ്റായവരെ കൃത്യമായി തിരിച്ചറിഞ്ഞതാണ് മന്നത്തിന്റെ നിരീക്ഷണത്തിന്റെ സവിശേഷത. പിഴച്ച നായരും നശിച്ച നസ്രാണിയും മുടിഞ്ഞ മുസ്ലീമും അവരവരുടെ കയ്യിലിരിപ്പുകൊണ്ട് കമ്മ്യൂണിസ്റ്റായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍നിന്ന് വായിച്ചെടുക്കേണ്ടത് നേരുള്ള നായരും സത്യമുള്ള ക്രിസ്ത്യാനിയും നിസ്‌കാരത്തഴമ്പും സഹോദരഭാവവുമുള്ള മുസ്ലിമും കൊന്നുതള്ളുന്നതില്‍ രാഷ്ട്രീയവഴി കാണുന്ന കമ്മ്യൂണിസ്റ്റ് അരാജകത്വത്തില്‍ നിന്ന് അകന്നു നില്‍ക്കുമെന്നതാണ്. ഒപ്പം തന്നെ ജാതിവ്യവസ്ഥയാല്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹം മോചനത്തിന്റെ പോരാട്ടത്തിനു വഴി തേടി ‘ജനിച്ച’ കമ്മ്യൂണിസ്റ്റായി മാറുന്നതും മന്നം ചൂണ്ടിക്കാട്ടി. അക്കാലത്ത് നിലനിന്നിരുന്ന പ്രബല രാഷ്ട്രീയ ശക്തികളുടെ അവഗണന അധഃസ്ഥിത ജനവിഭാഗത്തെ കമ്മ്യൂണിസ്റ്റ് പാളയത്തിലേക്ക് എത്തിച്ചു. പക്ഷേ കമ്മ്യൂണിസ്റ്റു പക്ഷവും അവരെ ചതിക്കുകയായിരുന്നെന്ന സത്യവും ചരിത്രം കണ്ടുകഴിഞ്ഞു. ഇവിടെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഗതികെട്ട് കമ്മ്യൂണിസ്റ്റുകള്‍ക്ക് പിന്തുണ നല്‍കുന്ന അവസ്ഥയിലേക്ക് 1957 ആയപ്പോഴേക്കും മന്നത്തു പദ്മനാഭനും ചെന്നുപെട്ടുവെന്നതാണ്. പക്ഷേ ‘പട പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തോം കൊളുത്തി പട ഇങ്ങോട്ട്’ എന്നു പറയും പോലെയുള്ള അനുഭവമാണ് മന്നത്തിനുണ്ടായത്! 1950കളിലെ ഹിന്ദുവിരുദ്ധ വര്‍ഗീയതയെ ചെറുക്കാന്‍ കമ്മ്യൂണിസ്റ്റുകാരോട് ചേര്‍ന്നത് രുദ്രന്‍ പദ്മാസുരന് ചൂണ്ടു വരം കൊടുത്ത അനുഭവത്തിനിട വരുത്തുമെന്ന് കണ്ടപ്പോള്‍ ചരിത്രപരമായ തിരുത്തലിന് മന്നം സ്വയം വഴി കണ്ടെത്തുകയും ചെയ്തു.
അങ്ങനെ ചരിത്രത്തിലൂടെ കമ്മ്യൂണിസ്റ്റ് കാപട്യം തിരിച്ചറിഞ്ഞ ജനാധിപത്യ കേരളത്തിലാണ് വൈരുദ്ധ്യാത്മക ഭൌതികവാദം ഭാരതത്തില്‍ എടുക്കാച്ചരക്കായി മാറിയെന്നംഗീകരിച്ച് പ്രഭാഷണം നടത്തിയ എം.വി.ഗോവിന്ദനു പിന്നാലെ, നായരോട് ജാതിപറഞ്ഞ് വോട്ടു ചോദിക്കുവാന്‍ വീടുകളിലേക്ക് സഖാക്കളുടെ സ്‌ക്വാഡുകളെ അയക്കുന്നതിന് മൂന്നോടിയായി മന്നത്തില്‍ മഹത്വം കണ്ടെത്തുന്ന ലേഖനം ശിവദാസന്‍ ദേശാഭിമാനിയിലെഴുതിയത്. ശരിയാണ്, മന്നത്തുപദ്മനാഭനെയും ആര്‍.ശങ്കറെയും രാഷ്ട്രീയമായി ഒതുക്കി ഹിന്ദുവിരുദ്ധ രാഷ്ട്രീയം തുടങ്ങിയ കോണ്‍ഗ്രസ് സോണിയയുടെ കൈകളിലെത്തിയപ്പോള്‍ രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവരെ ഒതുക്കി ഉമ്മന്‍ ചാണ്ടിയേയും കുഞ്ഞാലിക്കുട്ടിയേയും താക്കോല്‍ സ്ഥാനത്തെത്തിച്ചതില്‍ ഹൈന്ദവ സമൂഹം അപകടം കാണുന്നുണ്ട്. പക്ഷേ അതുകൊണ്ട് ചൈനാ-പാക് കൂട്ടുകെട്ടിന്റെ താത്പര്യം സംരക്ഷിക്കാന്‍ അതിതീവ്ര ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയ പക്ഷത്തു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റുകളുടെ ചതിക്കുഴിയില്‍ കേരളത്തിലെ ഹിന്ദു വീഴില്ല. നിലയ്ക്കല്‍ പ്രക്ഷോഭ വിജയത്തിനു ശേഷം ഹിന്ദുവിന്റെ വോട്ട് കൗശലപൂര്‍വ്വം നേടി അധികാരത്തിലെത്തിയ മാര്‍ക്‌സിസ്റ്റുകളുടേത് അവസരവാദത്തിന്റെ അടവുനയമാണെന്നത് പകല്‍പോലെ വ്യക്തമാണിന്ന്. അതുകൊണ്ട് 1957ലെയോ 1987ലെയോ കേരളമല്ല 2021ലെ കേരളമെന്ന് മാര്‍ക്‌സിസ്റ്റു പക്ഷവും തിരിച്ചറിയണം. ഭാരതീയ ദേശീയതയോട് പ്രതിബദ്ധതയുള്ള, എല്ലാവരുടെയും വിശ്വാസങ്ങളെ സംരക്ഷിച്ചു കൊണ്ട് എല്ലാവരുടെയും വികസനത്തിന് കളമൊരുക്കുന്ന, നരേന്ദ്രമോദിയുടെ പ്രഭാവം കേരളത്തിലും നിര്‍ണ്ണായകമായിക്കഴിഞ്ഞിരിക്കുന്നു. സോണിയാ കോണ്‍ഗ്രസ് മുന്നണിയുടെ വര്‍ഗീയതയുടെ നേര്‍പോരും കമ്മ്യൂണിസ്റ്റ് പക്ഷത്തിന്റെ തീവ്രവര്‍ഗീയതയുടെ പക്ഷം ചേര്‍ന്നുള്ള ഒളിപ്പോരും ഇരകളായ ഹൈന്ദവ സമൂഹം ധീരമായി പൊരുതിച്ചെറുക്കും. കേരളഭരണം നേടാന്‍ കഴിഞ്ഞാല്‍ ഭരണകൂടത്തെയും സകാരാത്മക സര്‍വ്വധര്‍മ്മസമഭാവനയുടെ ഭാഗമാക്കും. അതല്ലാ, ശക്തമായ പ്രതിപക്ഷത്തിന്റെ ഇടത്തില്‍ ഇരിക്കാനാണ് ജന വിധിയെങ്കില്‍ ഹിന്ദുവിരുദ്ധ വര്‍ഗീയതയുടെ രാഷ്ട്രീയശക്തിയും ഭരണകൂടബലവും കൂടിച്ചേര്‍ന്നൊരുക്കാനിടയുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കുവാനും ജനങ്ങളെ അണിനിരത്തി ജനാധിപത്യം സംരക്ഷിക്കുവാനും പുതിയ കേരളത്തിന് കെല്പുണ്ട്. എന്തായാലും ഭാരതകേസരി മന്നത്തുപദ്മനാഭന്റെ പിന്‍ഗാമികളെ ഇനിയും കുരുക്കാന്‍ കമ്മ്യൂണിസ്റ്റ് ചൂണ്ടയ്ക്ക് കരുത്തു പോരാ.