പ്രൊഫ. മേലത്ത് ചന്ദ്രശേഖരനെക്കുറിച്ച് കല്ലറ അജയന്‍ കേസരിയില്‍ എഴുതിയ ‘മേലത്ത് – കവിതയുടെ കുണ്ഡലിനിവൃത്തി’ എന്ന ലേഖനം (കേസരി 2021 മാര്‍ച്ച് 12) മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. ഞാന്‍ മേലത്ത് മാഷുടെ ഒരു ശിഷ്യനായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുകാരനും കൂടിയാണ്. പയ്യന്നൂര്‍ കോളേജില്‍ രണ്ട് വര്‍ഷം അദ്ദേഹത്തിന്റെ ക്ലാസില്‍ ഇരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. മേലത്ത് മാഷുമായും അദ്ദേഹത്തിന്റെ കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്താന്‍ അവസരം കൈവന്നിട്ടുണ്ട്. അറിവിന്റെ മഹാസാഗരമായിരുന്നു മേലത്ത് ചന്ദ്രശേഖരന്‍മാഷ്. അടിമുതല്‍ മുടിവരെ കവിയായ വ്യക്തിത്വം. അദ്ദേഹത്തിന്റെ ക്ലാസുകള്‍ സാഹിത്യമഥനം തന്നെയായിരുന്നു. വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന പ്രസംഗ ശൈലിയായിരുന്നു മാഷിന്റേത്. വാഗീശ്വരിയുടെ കടാക്ഷം നിര്‍ല്ലോഭമായി അദ്ദേഹത്തിന് ലഭിച്ചിരുന്നു. ‘കലിയുഗത്തിന്റെ ഭാവഗായകന്‍’ എന്നാണ് പ്രൊഫ. എം.കെ. സാനു മേലത്ത് ചന്ദ്രശേഖരനെക്കുറിച്ച് പറഞ്ഞുവെച്ചിരിക്കുന്നത്. ഇത്രമാത്രം പ്രതിഭാശാലിയായ ഒരു കവിക്ക് കിട്ടേണ്ടതിന്റെ നൂറിലൊരംശം പോലും അംഗീകാരം കിട്ടിയില്ല എന്നത് വേദനിപ്പിക്കുന്നതാണ്. അതിന് ഒരേയൊരു കാരണമായി എനിക്ക് കണ്ടെത്താന്‍ സാധിച്ചത് അദ്ദേഹം ഭാരതീയതയോട് ചേര്‍ന്ന് സഞ്ചരിച്ചു എന്നുള്ളതാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് പയ്യന്നൂര്‍. മറ്റെവിടെയും പോലെ ഇതര ആശയഗതിക്കാരോട് അസഹിഷ്ണുതയും അക്രമ മനോഭാവവും കൊണ്ടുനടക്കുന്നവരാണ് അവിടുത്തെ സിപിഎമ്മുകാര്‍. അത് പയ്യന്നൂര്‍ കോളേജിലും പടര്‍ന്നിരുന്നു. തപസ്യയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന മേലത്ത് മാഷിനെ അപമാനിക്കാനും അവഗണിക്കാനും ഒറ്റപ്പെടുത്താനും അവിടുത്തെ ഇടതുപക്ഷ അധ്യാപക-വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ മുന്നിലായിരുന്നു. ഇടതുപക്ഷക്കാരായ സ്വന്തം സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ ഒറ്റപ്പെടുത്തുന്നതില്‍ പിന്നോട്ടു പോയില്ല. ഒരിക്കല്‍ സിപിഎമ്മുകാര്‍ അദ്ദേഹത്തിന്റെ വീട് അക്രമിച്ച സംഭവംവരെ ഉണ്ടായിരുന്നു. എന്നിട്ടും തന്റെ കാഴ്ചപ്പാടിലും നിലപാടിലും മാറ്റം വരുത്താന്‍ മേലത്ത് മാഷ് തയ്യാറായില്ല.
”എന്റെ കവിതകള്‍ എന്റെ മരണശേഷമായിരിക്കും കൂടുതല്‍ അംഗീകാരം നേടുക എന്നും അന്നേ എന്നെ മനസ്സിലാക്കാന്‍ സമൂഹത്തിന് സാധിക്കുകയുള്ളൂ” എന്നും ഈ ലേഖകനോട് മാഷ് പറഞ്ഞിട്ടുണ്ട്. കല്ലറ അജയന്റെ ലേഖനം വായിച്ചപ്പോള്‍ ഈ വാക്കുകളാണ് എന്റെ മനസ്സില്‍ ഓടിയെത്തിയത്. ശരിയാണ് മാഷെ ലോകം മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ.