കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളുടെ രാഷ്ട്രീയശബ്ദതാരാവലിയില്‍ ശ്രദ്ധേയമായ ഒരു വാക്കാണ് അടവുനയം. എന്താണ് അടവുനയം എന്ന വാക്കുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളെ കബളിപ്പിച്ച് തങ്ങളുടെ കാര്യം നേടുക എന്നതില്‍ കുറഞ്ഞൊന്നുമല്ല അടവുനയം എന്ന വാക്കുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ അര്‍ത്ഥമാക്കുന്നത്. തങ്ങളുടെ നയവും നിലപാടും സംരക്ഷിക്കാന്‍വേണ്ടി എടുക്കുന്ന കുതന്ത്രത്തെയാണ് അടവുനയം എന്നതുകൊണ്ട് അവര്‍ വിവക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ നിയമസഭാതിരഞ്ഞെടുപ്പില്‍ ശബരിമല വിഷയത്തില്‍ തങ്ങള്‍ക്കെതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാനും ജനങ്ങളുടെ വോട്ടുകള്‍ തട്ടിയെടുക്കാനും അവര്‍ സ്വീകരിച്ച തന്ത്രം മാത്രമാണ് മുഖ്യമന്ത്രി വിജയന്റെയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ശബരിമല പ്രസ്താവനകള്‍.
ശബരിമല ആചാരസംരക്ഷണ വിഷയത്തില്‍ ഭക്തജനകോടികളുടെ വികാരം തരിമ്പുപോലും മാനിക്കാതെ ശബരിമലയ്ക്കും ഹിന്ദുക്കള്‍ക്കുംഎതിരെ യുദ്ധം പ്രഖ്യാപിച്ച കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് കോടതിയുടെ അന്തിമ ഉത്തരവ് വന്നാല്‍ വിശ്വാസികളുമായി ചര്‍ച്ചചെയ്ത് കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പറയുന്നത്. അതിന്റെ അര്‍ത്ഥം കോടതി ഉത്തരവിന്റെ മറവില്‍ ശബരിമലയില്‍ മുമ്പ് കാട്ടിക്കൂട്ടിയതൊക്കെ തെറ്റായിരുന്നു എന്നല്ലേ? അങ്ങനെ പറ്റിയ തെറ്റുകള്‍ സമ്മതിച്ചുകൊടുക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകള്‍. ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും കമ്മ്യൂണിസ്റ്റ് പ്രതീകമായ വിജയന്‍ മുഖ്യമന്ത്രിയുടെ ശബ്ദത്തില്‍ സമവായത്തിന്റെ അക്ഷര സുഗന്ധം ഇപ്പോഴെങ്ങനെ വന്നു? അത് കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഒരു സീറ്റിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ ഒതുക്കിക്കളഞ്ഞതിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മയില്‍ നിന്നുണ്ടാകുന്ന കപട വിനയമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വമ്പന്‍വിജയം നേടിയതിന്റെ അര്‍ത്ഥം ശബരിമല ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയ വിജയന്‍ മുഖ്യമന്ത്രിയോടും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയോടും വിശ്വാസികള്‍ ക്ഷമിച്ചു എന്നാണ് ചിലര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക്‌തെറ്റുപറ്റിയെന്ന് ഈ നിയമസഭാതിരഞ്ഞെടുപ്പ് തെളിയിക്കാന്‍ പോകുകയാണ്. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങളെ രാഷ്ട്രീയത്തിന് അതീതമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ഏതെങ്കിലും പഞ്ചായത്ത് മെമ്പറോ പ്രസിഡന്റോ അല്ല ശബരിമലയിലെ ആചാര ലംഘനത്തിന് നേതൃത്വം നല്‍കിയതെന്ന് ജനങ്ങള്‍ക്കറിയാം. ആത്മാഭിമാനം വ്രണപ്പെട്ട ഒരു ജനത പ്രതികാര ബുദ്ധിയോടെ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാധ്യത ഏറെയാണെന്ന ബോധ്യം മറ്റാരെക്കാളും വിജയന്‍ മുഖ്യമന്ത്രിക്കുണ്ട്. ആ ഭയത്തില്‍നിന്നുമാണ് സമവായത്തിന്റെ മൃദുഭാഷയുമായി മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഈ മൃദുഭാഷയൊക്കെ ഈ നിയമസഭാതിരഞ്ഞെടുപ്പ് കടക്കുവോളംവരെയുള്ള സൗജന്യഓഫറാണ്.
അയ്യപ്പ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും വീണ്ടും ജനവിധിതേടുന്ന കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ശബരിമല സന്നിധാനത്ത് ഇരുട്ടിന്റെ മറവില്‍ ആചാരലംഘനം നടത്തിയത്. അയ്യപ്പഭക്തരുടെ വികാരം തന്റെ മേലെ അശനിപാതമാകാന്‍ പോകുന്നുവെന്ന് മനസ്സിലാക്കിയ കടകംപള്ളി ഒന്നു കടകംമറിഞ്ഞതാണ് അദ്ദേഹത്തിന്റെ പേരില്‍ വന്ന പ്രസ്താവന. എന്തു വിലകൊടുത്തും ശബരിമലയില്‍ അവിശ്വാസികളായ യുവതികളെ കയറ്റുമെന്ന് പ്രഖ്യാപിക്കുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്ത ദേവസ്വംമന്ത്രി ഇപ്പോള്‍ പറയുന്നത് അന്നത്തെ നടപടി തെറ്റായിപ്പോയെന്നാണ്. തിരഞ്ഞെടുപ്പ് കടക്കാനായി മുഖ്യമന്ത്രിയുമായി ആലോചിച്ചെടുത്ത തീരുമാനത്തിന്റെ ഭാഗമായുള്ള ഒരു പ്രസ്താവന മാത്രമായി ഇതിനെ കണ്ടാല്‍ മതി. ദേവസ്വംമന്ത്രിയുടെ പ്രസ്താവനയെ സി.പി.എം. ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിക്കളഞ്ഞതില്‍നിന്നു തന്നെ ശബരിമലയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ച് ശബരിമലയിലും ഗുരുവായൂരിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും പൂര്‍ണ്ണത്രയീശനിലും വടക്കുംനാഥനിലും ഉള്ള വിശ്വാസം നശിപ്പിക്കേണ്ടതും അത്തരം ആരാധനാകേന്ദ്രങ്ങള്‍ തകര്‍ക്കേണ്ടതും അനിവാര്യമായ കര്‍മ്മമാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലെങ്കില്‍ പിന്നെ ക്ഷേത്രമെന്ന സംവിധാനത്തിനു തന്നെ നിലനില്‍പ്പുണ്ടാവില്ല. എല്ലാമതങ്ങള്‍ക്കും അവരുടേതായ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ട്. ഹൈന്ദവേതര മതങ്ങളുടെ ആചാരവിശ്വാസങ്ങളെ ചോദ്യംചെയ്യാനോ അത്തരം ആരാധനാലയങ്ങളുടെ ഭരണകാര്യങ്ങളില്‍ ഇടപെടാനോ തയ്യാറാകാത്ത കമ്മ്യൂണിസ്റ്റുകള്‍ ഹിന്ദു സമൂഹത്തിനെതിരെമാത്രം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ട്.
ആഗോള മതപരിവര്‍ത്തന ശക്തികള്‍ക്ക് ഹിന്ദു സമൂഹത്തെ വലിച്ചെറിഞ്ഞു കൊടുക്കാമെന്ന കരാറെടുത്തവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. മതപരിവര്‍ത്തന ശക്തികള്‍ക്ക് ഹിന്ദു സമൂഹത്തിന്റെ കടുത്ത ക്ഷേത്രവിശ്വാസം മാത്രമാണ് ഇന്നൊരു തടസ്സമായി നില്‍ക്കുന്നത്. ആ വിശ്വാസം തകര്‍ക്കുന്നതിന് സംഘടിത സെമിറ്റിക് മതങ്ങളില്‍നിന്നും പ്രവര്‍ത്തനമൂലധനം നേടുന്നവരാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശ്രീമതി ടീച്ചറും എം.എം.മണിയും സുധാകരനും സ്വരാജും എല്ലാം ശബരിമല പ്രശ്‌നത്തിന്റെ മറവില്‍ മത്സരിച്ച് ഹിന്ദു അവഹേളനം നടത്തിയത് കൃത്യമായ ഒരു അജണ്ടയുടെ ഭാഗമായിട്ടായിരുന്നു.
ഈ തിരഞ്ഞെടുപ്പ് കടക്കുവോളം ഇത്തരക്കാര്‍ സൗമ്യസ്വരങ്ങളായി വര്‍ത്തിച്ചേക്കാമെങ്കിലും ശേഷം ഹിന്ദു സമൂഹത്തിനുമേല്‍ വായിലൂടെ വിസര്‍ജ്ജിക്കുന്ന മുന്‍സ്വഭാവം തുടരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മുറിവേറ്റ അയ്യപ്പഭക്തരുടെ വികാരവിചാരങ്ങളെ തണുപ്പിച്ച് ഒരിക്കല്‍ കൂടി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നത്തില്‍ വേട്ട് ചെയ്യിച്ച് അവരെ കബളിപ്പിക്കുക എന്നതില്‍ കുറഞ്ഞ ഒരു ലക്ഷ്യവുമില്ല പോളിറ്റ്ബ്യൂറോ അംഗം എം. .ബേബിയുടെ പ്രസ്താവനയിലും. ‘പാര്‍ട്ടിക്ക് ഒരു നിലപാടുണ്ടെന്നു കരുതി അത് ഭരണത്തില്‍ നടപ്പിലാക്കണമെന്നില്ല’ എന്ന ബേബിയുടെ പ്രസ്താവനയിലും ഒളിഞ്ഞിരിക്കുന്നത് കമ്മ്യൂണിസ്റ്റ് അടവുനയം മാത്രമാണ്. എന്തായാലും അയ്യപ്പ സ്വാമിയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടവുനയത്തിന് ആയുസ്സുണ്ടാവില്ല എന്നു മാത്രം പറയട്ടെ.