നന്ദിഗ്രാമില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചതോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയ്ക്ക് അപശകുനം തന്നെ! നന്ദിഗ്രാമായിരുന്നു മമതയുടെ രാഷ്ട്രീയവിജയത്തിന്റെ തുടക്കം കുറിച്ച സ്ഥലം. ഇടതു സര്‍ക്കാരിന്റെ കര്‍ഷകദ്രോഹത്തിനെതിരെ നന്ദിഗ്രാമത്തില്‍ നിന്നു മമത തുടക്കമിട്ട രാഷ്ട്രീയ തേരോട്ടം കൊല്‍ക്കട്ടയിലെ സെക്രട്ടറിയേറ്റു മന്ദിരത്തില്‍ മുഖ്യമന്ത്രിക്കസേര വരെയെത്തി. ഇവിടെ നിന്നുള്ള തിരിച്ചുപോക്കിന്റെ തുടക്കവും നന്ദിഗ്രാമില്‍ നിന്നു തന്നെയാവണം എന്നാണാവോ ഈശ്വര നിശ്ചയം? അതിന്റെ ലക്ഷണങ്ങളൊക്കെയാണ് വംഗദേശത്തു കണ്ടുകൊണ്ടിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച് തിരിച്ചു വരവേ, അണികളെ ആവേശം കൊള്ളിക്കാന്‍ ദീദി കാറില്‍ നിന്ന് ചില അഭ്യാസങ്ങള്‍ കാട്ടാന്‍ ശ്രമിച്ചപ്പോള്‍ വഴുതി വീണ് കാലിന് പരിക്കേറ്റ് കിടപ്പിലായതുതന്നെ ഒരു ലക്ഷണം. ചിലര്‍ തന്നെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും കാറിനുനേരെയുണ്ടായ അക്രമത്തിലാണു കാലിനു പരിക്കേറ്റതെന്നുമുള്ള ദീദിയുടെ പ്രസ്താവന വെള്ളം കൂടാതെ വിഴുങ്ങേണ്ടി വന്നത് രണ്ടാമത്തെ ലക്ഷണം. ബി.ജെ.പി.ക്കാരോട് മത്സരിച്ച് നന്ദിഗ്രാമിലെ ക്ഷേത്രങ്ങള്‍ തോറും കയറിയിറങ്ങി നാണം കെട്ടത് മൂന്നാമത്തെ ലക്ഷണം.
മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ നന്ദിഗ്രാമിനെ കോര്‍പ്പറേറ്റുകള്‍ക്കു വിറ്റതിനെ ആ ഗ്രാമത്തിലെ ഹിന്ദു-മുസ്ലിം സമുദായക്കാര്‍ ഒറ്റക്കെട്ടായി നിന്നാണ് തോല്‍പിച്ചത്. മതമൈത്രിയുടെ സദ്മാതൃകയായി ഇതിനെ എല്ലാവരും വീക്ഷിച്ചു. അതേ ഗ്രാമത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് വോട്ടു നേടാനാണ് മമതയുടെ ഇപ്പോഴത്തെ ശ്രമം. ജയ്ശ്രീരാം എന്നു കേട്ടാല്‍ ചുകപ്പു കണ്ട കാളയെപ്പോലെ വിറളിപിടിച്ചിരുന്ന അതേ മമതയാണ് ഇപ്പോള്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലത്ത് ‘ചണ്ഡിപഥ്’ ചൊല്ലുന്നത്. രണ്ടുനാള്‍കൊണ്ട് (മാര്‍ച്ച് 9, 10) അരഡസന്‍ ക്ഷേത്രങ്ങളിലാണ് മമത ദര്‍ശനം നടത്തിയത്. നന്ദിഗ്രാം മമതയുടെ വാട്ടര്‍ലൂ എന്ന് ഈ തിരഞ്ഞെടുപ്പു വിധിയെഴുതുന്ന ലക്ഷണമാണ് കാണുന്നത്.