ചേര്‍ത്തല: എസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്.എസ്.എസ്. പ്രവര്ത്തകന് നന്ദു കൃഷ്ണയ്ക്ക് ജന്മനാട് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരും നാട്ടുകാരും ശ്രദ്ധാഞ്ജലി ചടങ്ങില്‍ പങ്കാളികളായി. പലരും ഗദ്ഗദകണ്ഠരായി.
മുസ്ലിങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാണെന്ന് പ്രചരിപ്പിച്ച് സാധാരണക്കാരായ മുസ്ലിങ്ങളെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി അവരെ ദേശവിരുദ്ധമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളായ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ ചെയ്യുന്നതെന്ന് ആര്.എസ്.എസ്. സംസ്ഥാന സഹകാര്യവാഹ് എം.രാധാകൃഷ്ണന് ശ്രദ്ധാഞ്ജലി ചടങ്ങില്‍ പറഞ്ഞു. ഈ കാപട്യം മുസ്ലിം സമൂഹം തിരിച്ചറിയണം. രാഷ്ട്രത്തിന്റെ അഖണ്ഡതയും പരമാധികാരവും ഒരിക്കലും അംഗീകരിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകാര്‍. തങ്ങള്‍ക്ക് സ്വാധീനമുള്ളിടത്തെല്ലാം നാടിനെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. വൈദേശിക ശക്തികളുടെ ആയുധവും പണവും പരിശീലനവും ലഭിച്ചവര്‍ക്ക് പിന്തുണ നല്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേത്. അക്രമത്തിലൂടെ ആര്.എസ്.എസ്സിനെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെട്ടിട്ടേയുള്ളൂ – എം. രാധാകൃഷ്ണന് പറഞ്ഞു.
എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന് അധ്യക്ഷനായി. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ കുടുംബസഹായനിധി ഏറ്റുവാങ്ങി.
നന്ദുവിന്റെ അമ്മ രാജേശ്വരി, ആര്.എസ്.എസ്. ജില്ലാ സംഘചാലക് കേണല്‍ എന്‍.എസ്.രാം മോഹന്‍, പ്രാന്തസേവാപ്രമുഖ് എം.സി.വത്സന്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വി.ഉണ്ണികൃഷ്ണന്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.