1996 ~ഒക്‌ടോബര്‍ മാസം 17-ാം തീയതി ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എനിക്കിടയായി. ഞാന്‍ സുപ്രിംകോടതി ജഡ്ജി ആയിക്കഴിഞ്ഞ് ചില സംസ്ഥാനങ്ങളില്‍ അവിടങ്ങളിലെ ഗവണ്‍മെന്റിന്റെ അതിഥിയായി പോകാന്‍ എനിക്കു സൗകര്യം ലഭിച്ചിട്ടുണ്ട്. അക്കൂട്ടത്തിലാണ് ഗുജറാത്ത് സന്ദര്‍ശിക്കുവാന്‍ ഞാനും ഭാര്യയും പരിപാടി ഇട്ടത്. ഗുജറാത്തിലെ ചരിത്ര പ്രസിദ്ധമായ പല സ്ഥലങ്ങളും വളരെയധികം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നുണ്ട്. സുപ്രീംകോടതി മുന്‍ ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ഫാത്തിമ ബീവി ഞങ്ങളോടൊപ്പം ഗുജറാത്ത് സന്ദര്‍ശിക്കുന്നതിനു തയ്യാറായി. ആ കാലങ്ങളില്‍ അവര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അംഗമായിരുന്നു. അതുകൊണ്ട് ഔദ്യോഗികമായ ചില ചുമതലകള്‍ കൂടി നിര്‍വ്വഹിക്കുവാന്‍ ഗുജറാത്ത് സന്ദര്‍ശനം അവര്‍ക്കു സഹായകരമായി. അവര്‍ അവിവാഹിത ആയതുകൊണ്ട് ഒറ്റക്ക് ഇത്രദൂരം സന്ദര്‍ശിക്കുന്നതിലുള്ള വിരസത കണക്കിലെടുത്തുകൊണ്ടാവണം ഞങ്ങളോടൊപ്പം ഗുജറാത്ത് സന്ദര്‍ശിക്കുന്നതിനുള്ള പരിപാടി ക്രമീകരിച്ചത്. മാത്രമല്ല, എന്നോടും ഭാര്യയോടും അവര്‍ക്കു വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്നു. കോട്ടയത്ത് അവര്‍ ജഡ്ജി ആയിരുന്ന കാലത്ത് അവര്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന വീട് ഞാന്‍ താമസിച്ചിരുന്ന വീടിന് സമീപമായിരുന്നു. അവരുടെ അമ്മയും എന്റെ ഭാര്യയും ആ കാലങ്ങളില്‍ വളരെ അടുത്ത് ഇടപഴകിയിരുന്നവരായിരുന്നു. പിന്നീട് അവര്‍ ഹൈക്കോടതി ജഡ്ജ് ആയിരുന്നപ്പോഴും ഞങ്ങളുടെ സുഹൃദ്ബന്ധം തുടര്‍ന്നിരുന്നു. ഈ കാരണങ്ങളെല്ലാം കണക്കിലെടുത്തു കൊണ്ടാവണം അവര്‍ ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നതിന് തയ്യാറായത്.
ഗുജറാത്ത് സന്ദര്‍ശനത്തിനു ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് പോര്‍ബന്തറില്‍ മഹാത്മാഗാന്ധിക്ക് ജന്മം നല്‍കിയ വീട്, രാജ്‌കോട്ടില്‍ മഹാത്മാഗാന്ധി പഠിച്ച ആല്‍ഫ്രട്ട് ഹൈസ്‌ക്കൂള്‍, ജൂനാഘാദിലെ ഗീര്‍വനങ്ങള്‍ എന്നിവയായിരുന്നു. ഇവയെല്ലാം തമ്മില്‍ വളരെ ദൂരത്തായിരുന്നു. മഹാത്മാഗാന്ധി തന്റെ ആത്മകഥയില്‍ ആല്‍ഫ്രട്ട് ഹൈസ്‌ക്കൂളില്‍ ഉണ്ടായ ഒരു സംഭവം വിശദമായി വിവരിച്ചിട്ടുണ്ട്. ഗുജറാത്തുകാരനായ ഒരു സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷാസമയം തന്റെ സ്‌കൂളില്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ തന്റെ സ്‌കൂളിലെ ഒരു അദ്ധ്യാപകന്‍ ചെയ്ത അപരാധമാണ് സംഭവത്തിന്റെ പ്രധാനഭാഗം. സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ കുട്ടികളോട് അഞ്ച് ഇംഗ്ലീഷ് വാക്കുകള്‍ എഴുതുവാന്‍ ആവശ്യപ്പെട്ടു. അതില്‍ കെറ്റില്‍ എന്ന വാക്കും ഉണ്ടായിരുന്നു. ആ ക്ലാസ്സിലെ ഓരോ കുട്ടിക്കും അദ്ധ്യാപകന്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ കാണാതെ വിദ്യാര്‍ത്ഥികള്‍ക്കു ആ വാക്ക് എഴുതി കാണിച്ചുകൊടുത്തു. അത് മോഹന്‍ദാസ് ഗാന്ധി ഒഴികെയുള്ള വിദ്യാര്‍ത്ഥികള്‍ എല്ലാവരും എഴുതി. മോഹന്‍ദാസ് ഗാന്ധിക്ക് ആ വാക്ക് അറിയാന്‍ മേലാതെ വന്നതില്‍ (മറ്റെല്ലാ കുട്ടികള്‍ക്കും അറിയാമായിരുന്ന ആ വാക്ക് ഒരു കുട്ടിക്കു മാത്രം അറിയില്ല) ഇന്‍സ്‌പെക്ടര്‍ വിസ്മയം പ്രകടിപ്പിച്ചു. അപ്പോള്‍ അദ്ദേഹത്തോട് മോഹന്‍ദാസ് ഗാന്ധിക്ക് ഉണ്ടായ സംഭവം പറയേണ്ടി വന്നതാണ് ആത്മകഥയില്‍ മഹാത്മാഗാന്ധി വിവരിച്ചിരിക്കുന്നത്. ഞാന്‍ മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പോലും ഈ സംഭവത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പഠിക്കേണ്ടിവന്നിരുന്നതുകൊണ്ട് എന്റെ ഗുജറാത്ത് സന്ദര്‍ശന വേളയില്‍ ആ സ്‌കൂള്‍ കാണാനുള്ള ആഗ്രഹം എന്നില്‍ ഉടലെടുത്തു. ഞാന്‍ കാണുമ്പോള്‍ ആ സ്‌കൂളിന് മഹാത്മാഗാന്ധി മെമ്മോറിയല്‍ സ്‌കൂള്‍ എന്ന പേരുമാറ്റം ഉണ്ടായിരുന്നു. രാജ്‌കോട്ടിനു സമീപമാണ് ജൂനാഘാദ് സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ജൂനാഘാദ് ഒരു നവാബ് ഭരിച്ചിരുന്ന സംസ്ഥാനമായിരുന്നു. പട്ടികളെ വളര്‍ത്തുന്നതില്‍ ഭ്രാന്തനായ ആ നവാബ് തന്റെ ബോബ് എന്ന നായയുടെ വിവാഹം നടത്തിയത് ആ കാലത്ത് ലോകവാര്‍ത്തയില്‍ സ്ഥാനം പിടിച്ചിരുന്നു. ആ നവാബിന്റെ കൊട്ടാരം ഇപ്പോള്‍ ഒരു അതിഥി മന്ദിരമാണ്. അവിടെയാണ് ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്.
ജൂനാഘാദില്‍ വിരാവല്‍ എന്ന തുറമുഖ പട്ടണത്തിനടുത്തായി സമുദ്രതീരത്തു സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ഹൈന്ദവ ക്ഷേത്രമാണ് സോമനാഥ ക്ഷേത്രം. ഇന്നു കാണുന്ന ക്ഷേത്രം ഇന്ത്യയുടെ സ്വാതന്ത്ര്യസമ്പാദനത്തിനുശേഷം പുനരുദ്ധരിക്കപ്പെട്ട അതിമനോഹരമായ ഒരു സൗധമാണ്. പുരാതനകാലത്ത് ആ ക്ഷേത്രത്തില്‍ വമ്പിച്ച ധനശേഖരം ഉണ്ടായിരുന്നതിനാല്‍ (കൂടുതലും സ്വര്‍ണ്ണമായിരുന്നു) പല പ്രാവശ്യം ആ ക്ഷേത്രം ആക്രമിക്കപ്പെട്ടിട്ടുണ്ട്. ആക്രമകാരികളില്‍ ഏറ്റവും പ്രധാനിയായി ഇപ്പോഴും അറിയപ്പെടുന്നത് മുഹമ്മദ് ഗസ്‌നി എന്ന അഫ്ഗാന്‍ ഭരണാധികാരിയായിരുന്നു. അദ്ദേഹം പതിനേഴ് പ്രാവശ്യം ഇന്ത്യയെ ആക്രമിച്ച് കൂടുതല്‍ പട്ടണങ്ങളിലും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു കൊള്ള നടത്തി തിരികെ പോകുമായിരുന്നു. ഏറ്റവും ഒടുവില്‍ അദ്ദേഹം സോമനാഥ ക്ഷേത്രം അക്രമിച്ചത് 1025 ലായിരുന്നു. ആക്രമത്തില്‍ അദ്ദേഹം ക്ഷേത്രം നശിപ്പിക്കുകയും അതില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം മുഴുവനും കൊള്ളയടിച്ചു കൊണ്ടുപോവുകയും ചെയ്തു. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് സമുദ്രതീരത്തുള്ള ഉയര്‍ന്ന സ്ഥാനത്തായതുകൊണ്ട് അക്രമികള്‍ക്കു സമുദ്രത്തിലൂടെ വന്നു കൊള്ളയടിക്കുന്നത് വളരെ സൗകര്യപ്രദമായിരുന്നു.
സോമനാഥ ക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യം ഇങ്ങനെയാണ്. പുരാണ പാരമ്പര്യമനുസരിച്ച് ചന്ദ്രന്റെ വെളിച്ചവും ഊര്‍ജ്ജവും ഇല്ലാതായ ഏതോ കാലത്ത് ഭഗവാന്‍ ശിവന്‍ അനുഗ്രഹിച്ചതിന്റെ ഫലമായി ചന്ദ്രന് മനോഹരമായ ശോഭയും രൂപവും കൈവന്നു. അതിന്റെ നന്ദിസൂചകമായി ചന്ദ്രന്‍ (അഥവാ സോമനാഥന്‍) സ്വര്‍ണ്ണം കൊണ്ടൊരു ശിവക്ഷേത്രം നിര്‍മ്മിച്ചു. അതിനു രാവണന്‍ രൂപഭേദം വരുത്തിയപ്പോള്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ചന്ദനമരങ്ങള്‍കൊണ്ട് പണിതീര്‍ത്തതാണ് സോമനാഥക്ഷേത്രം. ഭഗവാന്‍ ശിവന്‍ പന്ത്രണ്ടു ഭാവങ്ങളിലായി ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാമത്തേതാണത്രെ സോമനാഥ ക്ഷേത്രം. നിര്‍ഭാഗ്യവശാല്‍ ഈ ക്ഷേത്രം 18-ാം നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലുമായി പല പ്രാവശ്യം കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. സ്വാതന്ത്ര്യ സമ്പാദനത്തിനുശേഷം ക്ഷേത്രപരിസരമുള്‍പ്പെടുന്ന ജൂനാഘാദ് ഇന്ത്യാ-പാകിസ്ഥാന്‍ വിഭജനാനന്തരം ഇന്ത്യയോടു ചേര്‍ക്കപ്പെടുന്നതിന് ആദ്യത്തെ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റര്‍ ആയിരുന്ന സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ വൈകാരികമായ കാരണങ്ങളും ഉണ്ടായിരുന്നു. ജൂനാഘാദ് അദ്ദേഹത്തിന്റെ ജന്മസ്ഥലമായിരുന്നു. ഒരുപക്ഷെ തന്റെ പൂര്‍വ്വപിതാക്കന്മാര്‍ സോമനാഥ ക്ഷേത്രത്തില്‍ ആരാധന നടത്തിയിരിക്കാം. അദ്ദേഹത്തിന്റെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഫലമായാണ് ജൂനാഘാദ് ഇന്ത്യയോടു ചേര്‍ക്കപ്പെട്ടത്. അദ്ദേഹം 1947 നവംബര്‍ 13-ാം തീയതി സോമനാഥ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഭാരതത്തിന്റെ വിലയേറിയ പൈതൃകസ്വത്തായ ഈ ക്ഷേത്രം ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചു. ആ ട്രസ്റ്റ് ശേഖരിച്ച പണം കൊണ്ടാണ് ഇപ്പോഴത്തെ സോമനാഥ ക്ഷേത്രം പണി തീര്‍ത്തിരിക്കുന്നത്.
നവീന ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുന്നതിന് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി ആയിരുന്ന ബാബു രാജേന്ദ്രപ്രസാദിനെ തന്നെ സര്‍ദാര്‍ പട്ടേല്‍ ക്ഷണിച്ചു. എന്നാല്‍ സെക്യുലര്‍ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ രാഷ്ട്രപതി ഒരു മതാധിഷ്ഠിത ചടങ്ങില്‍ സംബന്ധിക്കുന്നതിനെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു എതിര്‍ത്തു. പക്ഷെ, സര്‍ദാര്‍ പട്ടേലിന്റെ നിര്‍ബന്ധപൂര്‍വ്വമായ ഇടപെടലിനെ തുടര്‍ന്ന് രാഷ്ട്രപതി ബാബു രാജേന്ദ്ര പ്രസാദ് അതിനു സമ്മതിച്ചു. 1951 മെയ് മാസം 11നു ആധുനിക സോമനാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ആ ക്ഷേത്രമാണ് 1996ല്‍ ഞങ്ങള്‍ സന്ദര്‍ശിച്ചത്.
സോമനാഥ ക്ഷേത്രം പുറമെ നിന്നു നോക്കുമ്പോള്‍ അത്യന്തം മനോഹരമായി കാണപ്പെട്ടു. അതിനകത്തു കടക്കുന്നതിനു അനുവാദം ലഭിച്ചതുകൊണ്ട് ഞാനും ഭാര്യയും ഫാത്തിമാ ബീവിയും അതിനകത്തു കടന്നു. വിശാലമായ അകത്തളവും ഒരു അറ്റത്തായി ശ്രീകോവിലും സ്ഥിതി ചെയ്യുന്നുണ്ട്. ഞങ്ങള്‍ ചെന്നത് ഒരു വൈകുന്നേരമായിരുന്നു. സൂര്യാസ്തമനത്തോടു കൂടി അവിടെ നടത്തപ്പെട്ട ആരാധനയില്‍ ഞങ്ങളും പങ്കുകൊണ്ടു. ക്ഷേത്രത്തില്‍ നടക്കുന്ന ആരാധനയും ഈശ്വരസന്നിധിയില്‍ എത്തുമെന്നു വിശ്വസിക്കുന്ന ഒരാളാണു ഞാന്‍. ഭാഗ്യത്തിന് അതേ നിലപാട് തന്നെ എന്റെ ഭാര്യക്കും ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഏതു ആരാധനയിലും പങ്കുകൊള്ളുന്നതിന് എനിക്ക് യാതൊരു തടസ്സവും ഇല്ലായിരുന്നു. പക്ഷെ ഫാത്തിമാ ബീവിയെ സംബന്ധിച്ചിടത്തോളം അക്കാര്യത്തില്‍ ഉറപ്പു പറയാനാകില്ലെന്നായിരുന്നു ഞാന്‍ അതുവരെയും ധരിച്ചിരുന്നത്. എന്നാല്‍ യാതൊരു പ്രയാസവുമില്ലാതെ അവര്‍ ആ ക്ഷേത്രാരാധനയില്‍ പങ്കെടുക്കുകയും പൂജാരി നിവേദിച്ചുകൊണ്ടുവന്ന പ്രസാദം വാങ്ങുകയും എല്ലാ ആരാധകരും ചെയ്തതുപോലെ പ്രസാദം നല്‍കിയ പൂജാരിക്ക് ദക്ഷിണ കൊടുക്കുകയും ചെയ്തു. ക്ഷേത്രത്തിനു പുറത്തു വന്നപ്പോള്‍ നിങ്ങളുടെ സമൂഹത്തിലുള്ളവര്‍ ഇതു സമ്മതിക്കുമോ എന്നു ഞാന്‍ അവരോടു ചോദിച്ചു. അതിനു അവര്‍ പറഞ്ഞ മറുപടി ഒരു വലിയ സെക്യുലര്‍ ചിന്തയുടെ ദര്‍ശനമായിരുന്നു. ഏതു സമുദായത്തില്‍പ്പെട്ടാലും ഈശ്വരനോടല്ലേ പ്രാര്‍ത്ഥിക്കുന്നത്. ഏതു ഭാഷയിലും ഏതു വാക്കിലും പ്രാര്‍ത്ഥിച്ചാലും അതു കേള്‍ക്കുന്നതും ഉത്തരം നല്‍കുന്നതും ഒരേ ഈശ്വരന്‍ തന്നെയല്ലെ? അതുകൊണ്ട് എന്റെ സമുദായത്തില്‍പ്പെട്ട ആള്‍ക്കാര്‍ ആരും എന്നെ വിമര്‍ശിക്കുമെന്നു ഞാന്‍ കരുതുന്നില്ല.
സോമനാഥ ക്ഷേത്രത്തില്‍ നിന്നും വളരെ അകലമല്ലാത്ത ദൂരത്തിലാണ് ഗീര്‍ വനപ്രദേശം സ്ഥിതി ചെയ്യുന്നത്. ഞങ്ങള്‍ അവിടെ പോയി. സിംഹങ്ങളുടെ സ്വാഭാവിക വാസസ്ഥലമായ ഗീര്‍ വനം വളരെ വിസ്തൃതമാണ്. വനപാലകര്‍ ഞങ്ങളെ അത്യന്തം സുരക്ഷിതമായ ജീപ്പുകളിലാണ് അതിനുള്ളിലേക്കു കൊണ്ടുപോയത്. സിംഹങ്ങളെ അടുത്തുകാണാന്‍ സാധിച്ചില്ലെങ്കിലും ദൂരെ കിടന്ന രണ്ടു സിംഹങ്ങളെ ഇരട്ടക്കുഴല്‍ ദൂരദര്‍ശിനിയില്‍ കൂടി ഞങ്ങള്‍ക്കു കാണാന്‍ സാധിച്ചു. ഭാഗ്യമുണ്ടെങ്കില്‍ പറ്റമായി നടക്കുന്ന സിംഹങ്ങളെ കാണാന്‍ സാധിക്കുമെന്നു വനപാലകര്‍ പറഞ്ഞെങ്കിലും അതിലേക്കു കൂടുതല്‍ സമയം ചെലവഴിക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുമായിരുന്നില്ല. സോമനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള പ്രധാന സൗധങ്ങള്‍ കാണാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെയാണ് ഞങ്ങള്‍ ഗുജറാത്തില്‍ നിന്നും മടങ്ങിയത്.
(കടപ്പാട്: ന്യൂ വിഷന്‍ ഫോര്‍ എ ചെയിഞ്ചിങ് വേള്‍ഡ്)